ജോസഫിനെക്കൂടി ആത്മഹത്യ ചെയ്യിക്കരുത് !

സംഭവിച്ചു പോയ ഒരു കാര്യത്തെയും നമുക്ക് തിരിച്ചു വിളിക്കാനാവില്ല. ന്യൂമാൻ കോളേജിലെ പ്രൊഫസർ ജോസഫ് ചോദ്യപേപ്പർ തയ്യാറാക്കിയതും അതിലെ ചില ഭാഗങ്ങൾ വിവാദമായതും ഇനി തിരിച്ചെടുക്കാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം തുന്നിച്ചേർത്ത് ജോസഫിന്റെ വലത് കൈപ്പത്തി ചില മനുഷ്യമൃഗങ്ങൾ അറുത്തെടുത്തതും ആർക്കും ഡിലീറ്റ് ചെയ്ത് മാറ്റാൻ കഴിയില്ല. കേരളീയ പൊതുസമൂഹത്തെ മൊത്തം ഞെട്ടിച്ചു കൊണ്ടുള്ള സലോമയുടെ ആത്മഹത്യയും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ചു പോയി. കഴിഞ്ഞതെല്ലാം കഴിഞ്ഞു. സമയസൂചിക ഒരു നിമിഷം പോലും പിറകോട്ട് ചലിക്കുകയില്ല. ഒന്നിനെയും തിരിച്ചു വിളിക്കാനാവില്ല, തിരിച്ചു പിടിക്കാനുമാവില്ല. അസ്വസ്ഥപ്പെടുത്തുന്ന ഓർമകളായി അവ പെയ്ത് തീരട്ടെ..പക്ഷേ ഇനിയെന്ത് ചെയ്യാൻ കഴിയും എന്നതാണ് ഈ സന്ദർഭത്തിൽ നാം ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടത്. ഇനിയൊരു ആത്മഹത്യകൂടി ആ കുടുംബത്തിൽ ഉണ്ടായിക്കൂട. സർക്കാരിനും സഭകൾക്കും ന്യൂമാൻ കോളേജ് അധികാരികൾക്കും സർവോപരി കേരളീയ സമൂഹത്തിനും ഈ വിഷയത്തിൽ എന്ത് ചെയ്യാൻ പറ്റും?.

ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറും അതിന്റെ ശരിതെറ്റുകളും ചർച്ച ചെയ്യേണ്ട ഒരു സമയമല്ല ഇത്. വേണ്ടത്ര ചർച്ചകളും സംവാദങ്ങളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ആവശ്യത്തിലേറെ ബഹളങ്ങൾ കേരളക്കരയിൽ ഉണ്ടായിട്ടുണ്ട്. അതുവഴി സാമുദായിക ധ്രുവീകരണത്തിന്റെ ചലനങ്ങൾ കാണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം ചർച്ചകളും വിവാദങ്ങളും ഇനിയും തുടരുന്നതിൽ  അർത്ഥമില്ല. പക്ഷേ മുറിവുകൾ ഉണങ്ങണം. ഉണക്കണം. അത് ഒരു ബഹുമത ബഹുസ്വര സമൂഹത്തിന്റെ സമ്യക്കായ നിലനില്പിന് അനിവാര്യമാണ്, അത്യന്താപേക്ഷിതമാണ്.

ഉടനെ ചെയ്യേണ്ടത് ജോസഫിനെ സർവീസിൽ തിരിച്ചെടുക്കുക എന്നതാണ്. നിയമത്തിന്റെയും ചട്ടവട്ടങ്ങളുടെയും കുരുക്കുകളിൽ ഒരാഴ്ച കൂടി കടന്നു പോയാൽ പിന്നീട് അത് ചെയ്യാൻ കഴിയില്ല. കാരണം ഈ മാർച്ച്‌ മുപ്പത്തൊന്നിനു ജോസഫിന്റെ സർവീസ് അവസാനിക്കുകയാണ്. അദ്ദേഹത്തെക്കൂടി ഒരാത്മഹത്യയിലേക്ക് വലിച്ചിഴക്കാതെ നോക്കേണ്ടത് സമൂഹ മനസ്സാക്ഷിയുടെ ഉത്തരവാദിത്വമാണ്. ദുരന്തങ്ങൾ സംഭവിച്ചു കഴിഞ്ഞ ശേഷം അലമുറയിട്ട്‌ കരഞ്ഞത് കൊണ്ട് കാര്യമില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തിരിക്കണം. കോടതി കുറ്റവിമുക്തനാക്കിയ ഉടനെ തന്നെ ജോസഫിനെ സർവീസിൽ തിരിച്ചെടുത്തിരുന്നുവെങ്കിൽ ആ വീട്ടമ്മയുടെ കയറിൽ തൂങ്ങിയ മൃതദേഹം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. കത്തോലിക്കാ സഭാ നേതൃത്വത്തിനും ന്യൂമാൻ കോളേജ് അധികൃതർക്കും കേരളീയ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ തലതാഴ്ത്തി നില്കേണ്ടി വരികയുമില്ലായിരുന്നു.  ജോസഫിനെ സർവീസിൽ തിരിച്ചെടുക്കാനും മാന്യമായ ഒരു റിട്ടയർമെന്റ് അദ്ദേഹത്തിന് അനുവദിക്കാനും അവർ വേണ്ടത് ചെയ്യുമെന്നു നമുക്ക് പ്രതീക്ഷിക്കാം. സാങ്കേതികമായ എന്തെങ്കിലും തടസ്സങ്ങൾ അതിനിനിയും ബാക്കിയുണ്ടെങ്കിൽ അവ നീക്കിക്കൊടുക്കേണ്ടത് സർക്കാറാണ്. ആ ഉത്തരവാദിത്വം അവരും നിർവഹിക്കട്ടെ.


മറ്റൊന്ന് ചെയ്യാനുള്ളത് മതവിശ്വാസികൾക്കും അതിന്റെ പ്രബോധകർക്കും പ്രചാരകർക്കുമാണ്. മതത്തെ വികാരപരതയുടെ ചട്ടക്കൂട്ടിൽ നിന്ന് വിചാരപരതയുടെ ചട്ടക്കൂട്ടിലേക്ക് വഴി നടത്താൻ ശ്രമിക്കണം. അവയിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യാനിയെന്നോ ഭേദമില്ല. സ്വാമിയോ മൗലവിയോ പാതിരിയോ എന്ന വ്യത്യാസമില്ല. പ്രഭാഷണങ്ങളിൽ, പഠന സദസ്സുകളിൽ, ക്ഷേത്രങ്ങളിൽ, പള്ളികളിൽ എന്ന് വേണ്ട ആശയ സംവേദനം സാധ്യമാകുന്ന എല്ലായിടത്തും മനുഷ്യ രക്തത്തിന്റെ വിലയെക്കുറിച്ച്, ജാതിയുടെയും മതത്തിന്റെയും അതിരുകൾക്കപ്പുറത്തെ മനുഷ്യ സാഹോദര്യത്തെക്കുറിച്ച്  പഠിപ്പിക്കാൻ കഴിയണം. പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ വെള്ളവും വളവും നല്കി നട്ടു വളർത്തുന്ന തീവ്ര സംഘങ്ങൾക്കെതിരെ - അതേത് മതത്തിന്റെ പേരിലായിരുന്നാലും - ജാഗ്രതയോടെ നിലകൊള്ളുവാനും നമ്മുടെ കൊച്ചു കുട്ടികളെയെങ്കിലും അത്തരം നശീകരണ ശക്തികളുടെ വലയത്തിൽ പെടാതെ നോക്കാനും കഴിയണം. തീവ്രവാദം ഒരു മാരക രോഗമാണ്. അതിന്റെ വൈറസുകൾ ആർക്കും എവിടെയും പെട്ടെന്ന് കുത്തിവെക്കാൻ കഴിയും. പള്ളികളിലും അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും ആ വൈറസുകളുടെ വിതരണക്കാരും ഡീലർമാരും കടന്നു വരാനിടയുണ്ട്. ഒരിക്കൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീടൊരു മടക്കമില്ലാത്ത വിധം ആ വൈറസ് നമ്മെയും നമ്മുടെ സമൂഹത്തേയും കൊന്ന് തിന്ന് കളയും. സൂക്ഷിക്കേണ്ടത് നാമോരുത്തരുമാണ്.

ജോസഫിന്റെ കൈപ്പത്തി മുറിച്ച് മാറ്റപ്പെട്ട ദിവസം അസ്വസ്ഥതയോടെ ഈ ബ്ലോഗിൽ കുറിച്ചിട്ട പോസ്റ്റിൽ നിന്നുള്ള ഏതാനും വരികൾ വീണ്ടും എടുത്തെഴുതട്ടെ. കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും  ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.

ജോസഫിനെക്കൂടി നാം ആത്മഹത്യ ചെയ്യിപ്പിക്കരുത്. സംഭവിച്ചു പോയ ദുരന്തങ്ങളുടെ കണ്ണികളെ നമുക്കിവിടെ മുറിച്ചിടാൻ ശ്രമിക്കാം. ആ കണ്ണികൾ പുതിയ ദുരന്തങ്ങളിലേക്ക് കണ്ണികോർക്കാതിരിക്കാൻ ശ്രമിക്കാം. 

Related Posts
കൈ വെട്ടിയവരോട് രണ്ട് വാക്ക് 
പ്രവാചകനോ അതോ സിനിമയോ വലുത്?
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍