ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും

ആൾദൈവങ്ങൾക്ക് മതമില്ല. അവരുടെ മതം അവരുടെ സ്വന്തം താത്പര്യങ്ങളും ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കെട്ടുകഥകളുടെ കൂമ്പാരങ്ങളുമാണ്. അത്തരം ദൈവങ്ങളിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം കാണും. അവരൊരുക്കുന്ന കപട ആത്മീയ വലയത്തിൽ അകപ്പെടുന്ന പാവം പിടിച്ച അനുയായികളെ സംബന്ധിച്ചിടത്തോളം പ്രചരിക്കപ്പെടുന്ന മിത്തുകളും കെട്ടുകഥകളും വെള്ളം തൊടാതെ വിഴുങ്ങാനുള്ള ഉരുപ്പടികളാണ്. അവിടെ ചിന്തകളോ ചോദ്യങ്ങളോ ഇല്ല. വിധേയത്വവും കീഴ്പ്പെടലും മാത്രം. ബുദ്ധിയോ വിചാരമോ ഇല്ല, വികാരങ്ങളും വിഭ്രാന്തികളും മാത്രം. മാതാ അമൃതാനന്ദമയിയെന്ന അമ്മയുടെ കൂടെ വർഷങ്ങൾ ചിലവഴിച്ച ഓസ്ട്രേലിയക്കാരിയായ ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ 'വിശുദ്ധ നരകം' (Holy Hell - A memoir of Faith, Devotion and Pure Madness) എന്ന പുസ്തകമാണ് ആൾദൈവ പരമ്പരയിലെ ഒടുവിലത്തെ (അവസാനത്തേതല്ല) വെടിക്കെട്ട്‌ ഉതിർത്തിരിക്കുന്നത്. 229 പേജുള്ള പുസ്തകത്തിന്റെ പി ഡി എഫ് കോപ്പി കയ്യിൽ കിട്ടിയപ്പോൾ വെറുതെ ഒന്ന് രണ്ടു അദ്ധ്യായങ്ങൾ വായിച്ചു നോക്കി. തല തിരിഞ്ഞ വിഷയമായത് കൊണ്ട് തല തിരിച്ചാണ് വായനയും തുടങ്ങിയത്. അവസാനത്തിൽ നിന്ന് മുകളിലോട്ട്!!.

അവസാനത്തെ രണ്ടു അദ്ധ്യായങ്ങൾ വായിച്ച് കഴിഞ്ഞപ്പോൾ തന്നെ സംഗതിയുടെ കിടപ്പ് മനസ്സിലായി. കൂടുതൽ വായിക്കേണ്ട ആവശ്യം വന്നില്ല. ഇത്തരം ആത്മീയ കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളിൽ എന്താണ് ഉണ്ടാവുക എന്ന് നമ്മുടെ ഒരു മിനിമം ബുദ്ധി വെച്ച് കണക്കു കൂട്ടിയാൽ കിട്ടുന്നതെന്തോ അതൊക്കെത്തന്നെയാണ് അവയിലുള്ളത്. രണ്ട് ദിവസമായി പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് നടക്കുന്നതിനാൽ അതിനുള്ളിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാൻ വായനക്കാർക്ക് സ്വാഭാവികമായ ഒരു കൗതുകം ഉണ്ടാകും. ഞാൻ മറിച്ചു നോക്കിയ പേജുകളിൽ കണ്ട (ഒട്ടും കൂട്ടിച്ചേർക്കാതെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നും) രസകരമായ ചില തമാശകൾ പങ്കു വെക്കാം. ദൈവിക സ്പർശം ഉണ്ടായ കാലം മുതൽ അമ്മക്ക് ആർത്തവം ഉണ്ടാവാറില്ലത്രെ. 'അശുദ്ധി'കൾ തീണ്ടാത്ത പരിപൂർണ പരിശുദ്ധയെന്നാണ് ജീവചരിത്രത്തിലും പ്രഭാഷണങ്ങളിലും പറയുന്നത്. പക്ഷെ ഗായത്രിയെന്ന ഗെയിൽ പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് എന്നാണ്. അതിന് തെളിവായി പല സംഭവങ്ങളും പറയുന്ന കൂട്ടത്തിൽ ചിരിച്ച് മണ്ണ് കപ്പുന്ന ചിലതുമുണ്ട്. ആർത്തവമുള്ള നാളുകളിൽ ദർശനം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ  തൊട്ട് പിറകിൽ തന്നെ നില്ക്കുവാൻ തന്നോട് അമ്മ പറയാറുണ്ട്‌. അബദ്ധത്തിൽ രക്തത്തിന്റെ പാടുകളോ കറയോ തൂവെള്ള വസ്ത്രത്തിൽ കണ്ടാൽ ആളുകളിൽ നിന്ന് മറച്ച് പിടിക്കാനാണ് അത്. ഇനി അഥവാ ആരെങ്കിലും വല്ലതും കണ്ടാൽ മൂലക്കുരുവിന്റെ (Hemorrhoids) അസുഖമുണ്ടെന്ന് പറഞ്ഞാൽ മതിയെന്ന നിർദേശവും.. ചിരിച്ച് മണ്ണ് കപ്പുകയല്ലാതെ മറ്റെന്ത് ചെയ്യും.

സത്യങ്ങൾ തുറന്ന് പറഞ്ഞ് ആശ്രമത്തെ നാറ്റിക്കാത്തിരിക്കാൻ വിദേശത്ത്‌ ഗെയിലിന് സ്വന്തമായി ഒരാശ്രമം പണിത് തരാമെന്ന അഭ്യർത്ഥനയും ദൂതന്മാരിലൂടെ അമ്മ വെച്ചുവെന്ന് പുസ്തകം പറയുന്നുണ്ട്. വിദേശ രാജ്യങ്ങളിലുളള ശതകോടികളുടെ ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങളും വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അമ്മയുടെ അമാനുഷിക സിദ്ധികൾ നിറം പിടിപ്പിച്ച് പറയേണ്ടത് ഗെയിലിന്റെ ചുമതലയായിരുന്നുവത്രേ. അതിന് വേണ്ട കഥകൾ പറഞ്ഞു കൊടുത്തിരുന്നത് മറ്റാരുമല്ല, അമ്മ തന്നെ. സത്യവുമായി ഒരു ബന്ധവുമില്ലാത്ത അത്തരം കഥകളുടെ ഉദാഹരണങ്ങളും അവർ പറയുന്നുണ്ട്. പോലീസ് റെയിഡ് ഉണ്ടാകുമെന്ന ഒരഭ്യൂഹത്തെ തുടർന്ന് കിടക്ക മുറിയിൽ സൂക്ഷിച്ചു വെച്ച സ്വർണ കൂമ്പാരങ്ങളും പണവും ഒളിപ്പിക്കുവാൻ അമ്മ ഓർഡർ കൊടുക്കുന്നത് തുടങ്ങി ഇവിടെ എഴുതാൻ പറ്റാത്ത പല 'സംഗതി'കളും പുസ്തകത്തിലുണ്ട്. അടുത്ത അനുയായികളുമായുള്ള അമ്മയുടെ ലൈംഗിക ബന്ധങ്ങൾ മുതൽ അവരിൽ നിന്ന് ലൈംഗിക രോഗം പിടിപെട്ടതായി ഒരാൾ പറയുന്ന രംഗങ്ങൾ വരെ അതിലുൾപ്പെടും. വെള്ളക്കാർ അതൊക്കെ കൂളായി എഴുതും എന്ന് വെച്ച് നമുക്കത് പറ്റില്ലല്ലോ. ആശ്രമത്തിലെ സന്യാസിമാരിൽ പലരും തന്നെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ സംഭവങ്ങൾ പുസ്തകത്തിന്റെ മറ്റ് അദ്ധ്യായങ്ങളിൽ ഗെയിൽ വിവരിക്കുന്നുമുണ്ട്. സ്ഥിരമായി ടി വി യിൽ ആത്മീയ പ്രഭാഷണം നടത്തുന്ന വിദ്വാനാണ് കൂടുതൽ 'പണിയൊപ്പിച്ച'തെന്നും ആ വരികൾ വായിച്ചാൽ വ്യക്തമാവും. പുള്ളിയുടെ ഭോഗരീതികൾ വരെ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. (അയാളുടെ ഫോട്ടോ ഇവിടെയിട്ട് നാറ്റിക്കുന്നില്ല). ചുരുക്കത്തിൽ ആകെ മൊത്തം പുറത്ത് പറയാൻ കൊള്ളാത്ത സംഭവ പരമ്പരകളുടെ ഒരു കുത്തൊഴുക്ക് തന്നെ. ഇതൊക്കെ അവർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്ന നുണകളാണോ അല്ലയോ എന്നത് കണ്ടെത്തേണ്ടത്‌ സർക്കാരും അതിന്റെ അന്വേഷണ ഏജൻസികളുമാണ്. പക്ഷേ അതൊക്കെ അന്വേഷിക്കാനും ഇത്തരം ആത്മീയ കേന്ദ്രങ്ങളെ തൊട്ടു കളിക്കാനും കെല്പുള്ള ഭരണകർത്താക്കൾ ഈ ഭൂമിയിൽ ഇനി ജനിച്ചിട്ട്‌ വേണം എന്ന് മാത്രം.

ദു:ഖകരമായ മറ്റൊരു വസ്തുത ഇത്തരം ആത്മീയ തട്ടിപ്പുകാർക്കാണ് സമൂഹത്തിൽ നിലയും വിലയുമുള്ളത് എന്നതാണ്. എതിർക്കുന്നവരൊക്കെ ഇസ്പേആഡ് ഏഴാം കൂലികളായി വിലയിരുത്തപ്പെടും. എ കെ ആന്റണി മുതൽ ആര്യാടൻ മുഹമ്മദ്‌ വരെ ഈ അമ്മയുടെ ആശ്രിതരാണ്. ഇതിനേക്കാൾ വലിയ ധ്യാന ആത്മീയ തട്ടിപ്പ് നടത്തുന്ന ഒരു ആൾദൈവമാണ് കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ചത്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടാനും കെട്ടിപ്പിടിക്കാനും പോയത് പാണക്കട്ടെ ഒരു തങ്ങളാണ്. അറിയാതെ ചെന്ന് പെട്ടതല്ല, അങ്ങനെയൊരാൾ മുഖ്യകാർമികനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പരിപാടിയെ ആശിർവദിക്കാൻ പോയതാണ്. അതാണ്‌ ഞാൻ പറഞ്ഞത് ഇത്തരം തട്ടിപ്പുകാർക്ക് സോഷ്യൽ സ്റ്റാറ്റസും സാമൂഹിക അംഗീകാരവും നല്കാൻ  രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതന്മാരും അവരുടെതായ പങ്ക് വഹിക്കുന്നു എന്ന്. ആ വിഷയം കഴിഞ്ഞ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. അതിന് എനിക്ക് കിട്ടേണ്ടത് കിട്ടിയിട്ടുമുണ്ട് :)  അതിനാൽ വീണ്ടും വിശദീകരിക്കുന്നില്ല.

ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്നമാണെന്ന് കരുതരുത്. എല്ലാ മത വിഭാഗങ്ങളിലും ആത്മീയ തട്ടിപ്പുകൾ എമ്പാടും കാണാം. 'നബിയുടെ മുടിയും നബി ഉപയോഗിച്ച പാത്രങ്ങളും' കച്ചവടം ചെയ്താണ് കേരളത്തിലെ ഒരു പ്രമുഖ ഇസ്ലാം മതപണ്ഡിതൻ മതം പ്രചരിപ്പിക്കുന്നത്. എന്തും വിശ്വസിക്കാൻ തയ്യാറായി നില്ക്കുന്ന ബുദ്ധി മാന്ദ്യം വന്ന ഒരനുയായി വൃന്ദം ഉള്ളിടത്തോളം കാലം നബിയുടെ ചെരുപ്പും വടിയും കലവും ചട്ടിയുമെല്ലാം കേരളത്തിലെത്തും. അതൊക്കെ വിറ്റ് ബുദ്ധിശാലികളായ ശൈഖുമാർ ബി എം ഡബ്ലിയു കാറുകളിൽ ജീവിതം അടിച്ചു പൊളിക്കും. പൊട്ടന്മാരായ അനുയായികൾ തക്ബീർ വിളിച്ച് അവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. പ്രശ്നം മതത്തിന്റെതല്ല, ഹിന്ദു മതമോ ഇസ്ലാം മതമോ അല്ല കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്‌. മതത്തെ വിറ്റു കാശാക്കുന്ന കപട സന്യാസിമാരും ശൈഖുമാരും സുവിശേഷകരുമാണ്. അവരുടെ വലയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചാൽ മതം മാത്രമല്ല മത വിശ്വാസികളും രക്ഷപ്പെടും. എന്നാൽ ബുദ്ധിയും ചിന്തയും പണയം വെച്ച് അവരുടെ വലയിൽ വീണു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല.

വിദേശ മാധ്യമങ്ങളിലടക്കം വൻ വാർത്തയായ ഈ പുസ്തകവും അതുയർത്തിയ ഗൗരവതരമായ ആരോപണങ്ങളും കേരളത്തിലെ മുഖ്യധാര (മുക്കിയ ധാര) നപുംസക മാധ്യമങ്ങൾ ഒന്നടങ്കം പൂഴ്ത്തിക്കളഞ്ഞു എന്നതാണ് ഈ വിഷയത്തിന്റെ മറ്റൊരു പ്രത്യേകത. ഇത്തരം ആത്മീയ തട്ടിപ്പുകൾക്കെതിരെ ജനങ്ങളിൽ ശക്തമായ ബോധവത്കരണം നടത്തുവാൻ കഴിയുക അവർക്കായിരുന്നു. ഗുണപരവും ക്രിയാത്മകവുമായ ഇടപെടൽ നടത്താവുന്ന സന്ദർഭം. പക്ഷേ അവരൊക്കെയും ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളുടെയും അവയെ ചുറ്റിപ്പറ്റിയുള്ള സ്ഥാപന സമുച്ചയങ്ങളുടെയും എച്ചിലുകൾ നക്കുന്നവരാകയാൽ വാർത്ത‍ കണ്ടില്ലെന്ന് നടിച്ചു. അന്തിച്ചർച്ചയിലെ പ്രതികരണത്തൊഴിലാളികളും കോളമെഴുത്തുകാരും വാലു മടക്കി മുങ്ങി. സോഷ്യൽ മീഡിയയിലെ സാധാരണക്കാരും ചില വെബ്‌ പോർട്ടലുകളും മാത്രമാണ് സജീവമായി ഈ വിഷയം ചർച്ചക്കെടുത്തത്. മുഖ്യധാര മാധ്യമങ്ങൾ വാർത്തകൾ മുക്കുമ്പോൾ അവ ജ്വലിപ്പിച്ചു നിർത്താൻ സാധാരണക്കാരന് ഇന്നൊരു മാധ്യമമുണ്ട്. അതുകൊണ്ട് തന്നെ ഒരു വാർത്തയും പാടെ മുക്കിക്കളയാൻ അവർക്കാവില്ല. സോഷ്യൽ മീഡിയ നല്കുന്ന ആശ്വാസമതാണ്. (Note: 20.2.2014 ഇന്ത്യാവിഷനും റിപ്പോർട്ടർ ടി വി യും മീഡിയ വണ്ണും ഇന്നലെ പ്രൈം ടൈമിൽ ഈ വിഷയം ചർച്ച ചെയ്തു. അവർക്ക് അഭിനന്ദനങൾ.. വിഷയം പതിയെ സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തേക്ക് കടക്കുകയാണ്).

ഈ വിഷയത്തിലെ Latest stories !!!
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ? 
ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
ബാബ രാംദേവും സാദിഖലി തങ്ങളും