കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ

കൊലയാളികൾക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതരുത്. അവരുടെ ക്ഷേമം അന്വേഷിക്കാനും അവർക്കൊരു പോറലേറ്റാൽ ഓടിയെത്തി ആശ്വസിപ്പിക്കാനും വേണ്ടി വന്നാൽ ഒരു തീപ്പന്തം കണക്കെ കത്തിജ്വലിക്കാനും അവർക്കൊരു പോളിറ്റ് ബ്യൂറോയുണ്ട്. സ്വന്തം പോളിറ്റ് ബ്യൂറോ.. കേരളത്തിലെ ജയിലുകളിൽ നിരവധി കൊലക്കേസ് പ്രതികളുണ്ട്. കഠിന തടവും ജീവപര്യന്തവും അനുഭവിക്കുന്ന നിരവധി പേർ. പക്ഷേ ഈ പോളിറ്റ് ബ്യൂറോയുടെ പ്രത്യേകത ഒരു പ്രത്യേക കൊലക്കേസിലെ പ്രതികളെക്കുറിച്ച് മാത്രമാണ് അവർക്ക് ആധിയും വ്യാധിയുമുള്ളത് എന്നതാണ്. സഖാവ് ടി പി യെ അമ്പത്തൊന്ന് വെട്ട് വെട്ടി മൃഗീയമായി കൊന്ന ഈ പ്രതികൾ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയിട്ട് കൃത്യം നാല് ദിവസം തികഞ്ഞിട്ടില്ല. അതിനിടയിലാണ് പോളിറ്റ് ബ്യൂറോ മെമ്പർ കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എം എൽ എ മാരുടെ ഒരു സംഘം കൊലപ്പുള്ളികളെ സന്ദർശിച്ചു അവർ ജയിലിൽ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വലിയ വായിൽ നിലവിളിക്കുന്നത്. എന്തൊരു സങ്കടം. എന്തൊരു വേവലാതി. പെറ്റ തള്ളക്ക് പോലും ഇത്രയും വിഷമവും സങ്കടവും കാണുമോ എന്നത് സംശയമാണ്.

എന്താണ് ഈ പാർട്ടിക്ക് പറ്റിയത്?. കേരളീയ പൊതുസമൂഹത്തെക്കുറിച്ചും അവരുടെ ബോധമനസ്സിനെക്കുറിച്ചും ഇവന്മാർക്കുള്ള ധാരണകൾ എന്താണ്. ഇത്ര പരസ്യമായി ഒരു കൊലക്കേസ് പ്രതികൾക്ക് വേണ്ടി ശബ്ദിക്കാനും വാദിക്കാനും ഇന്ത്യയിലെ ഒരു ദേശീയ പാർട്ടി അതിന്റെ  പരമോന്നത സമിതിയിലെ അംഗത്തെത്തന്നെ നിയോഗിക്കണമെങ്കിൽ നിയമ വ്യവസ്ഥയോടും സാമൂഹ്യ വ്യവസ്ഥകളോടും ഇവർ വെച്ചു പുലർത്തുന്ന ദാർഷ്ട്യവും ധിക്കാരവും ഏത് അളവുകോൽ വെച്ചാണ് കണക്കാക്കിയെടുക്കാൻ പറ്റുക. സ്വാന്തന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായവരെ സന്ദർശിച്ചു മടങ്ങുന്നത് പോലെ നെഞ്ചും വിരിച്ചാണ് നേതാക്കൾ പത്രക്കാരെ കാണാൻ എത്തിയത്. ടി പി വധത്തിലെ പ്രതികളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പേർത്തും പേർത്തും പറയുക. അത് പറയുന്നതോടൊപ്പം തന്നെ ആ പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിക്കാനും കോടതിക്ക് പുറത്ത് പോരാടാനും ആളും അർത്ഥവും  ഒരുക്കിക്കൊടുക്കുക. എല്ലാം സഹിക്കാം. കോടതിയുടെ വിധി വരുന്നത് വരെ ആരെയും കുറ്റവാളികളായി പ്രഖ്യാപിക്കരുത് എന്ന യുക്തിയുടെ പിൻബലത്തിൽ അത്തരം നിലപാടുകളെ ചില മന്ദബുദ്ധികൾക്കെങ്കിലും ന്യായീകരിച്ചു പിടിച്ചു നില്ക്കാൻ പറ്റും. എന്നാൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്നു കഴിഞ്ഞ ശേഷവും ആ പ്രതികളുടെ സ്പോൻസർമാരായി പരസ്യമായി രംഗത്ത് വരുമ്പോൾ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്.  ഇത് മാർക്സിസമാണോ അതല്ല ഫാസിസമാണോ എന്ന് ?

കൊലയാളികളുടെ ക്ഷേമമന്വേഷിച്ചു കൊണ്ടുള്ള പാർട്ടി നേതാക്കളുടെ ജയിൽ സന്ദർശനത്തക്കുറിച്ചും ആ പ്രതികളുടെ ജയിൽ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണ്ടിക്കൊണ്ടുള്ള അവരുടെ പരസ്യ പ്രസ്താവനയെക്കുറിച്ചും സഖാവ്  ടി പി യുടെ വിധവ രമയുടെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ജയിലിൽ പ്രയാസങ്ങളുണ്ടായാൽ പ്രതികൾ തങ്ങളെ ഈ കൊല നടത്താൻ എല്പിച്ചവരുടെ പേരുകൾ വിളിച്ചു പറയുമെന്ന ഭയമാണ് അവരുടെ ക്ഷേമവും സുഖവും ഉറപ്പു വരുത്താൻ പാർട്ടി നേതാക്കൾ തിടുക്കം കാണിക്കുന്നതിന്റെ പിന്നിലുള്ളത്. ഈ ഗുണ്ടകൾ സത്യം തുറന്ന് പറഞ്ഞാൽ പ്രതികളുടെ പട്ടിക പോളിറ്റ് ബ്യൂറോ വരെ നീളുമെന്നും രമ പറഞ്ഞു. രമയുടെ ഈ പ്രസ്താവനയെക്കുറിച്ച് സി പി എമ്മിന്റെ കണ്ണൂർ പടത്തലവനായ കേന്ദ്ര കമ്മറ്റി അംഗം സഖാവ് ഇ പി ജയരാജനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു. "രമ, രമ, രമ ... ആരാണീ രമ.. ഏതാണീ രമ.."

സഖാവിനറിയില്ലേ ആരാണീ രമയെന്ന്. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവാ കാറും വേണ്ടത്ര വെട്ടുകത്തികളും നല്കി ചന്ദ്രശേഖരന്റെ കുടലെടുക്കാൻ പാർട്ടി ഗുണ്ടകളെ പറഞ്ഞയക്കുമ്പോൾ ഒരു പക്ഷേ രമയാരാണെന്ന് പാർട്ടിക്ക് അറിയില്ലായിരുന്നിരിക്കാം. സംഘടിത രാഷ്ട്രീയ ശക്തികളോട് എതിരിടാൻ കെല്പില്ലാതെ ഭർത്താക്കന്മാർ കൊലചെയ്യപ്പെട്ട എണ്ണമറ്റ ഭാര്യമാർ കണ്ണീരും വിധിയുമായി കഴിഞ്ഞു കൂടുമ്പോൾ തന്റെ ഭർത്താവിന്റെ ആദർശത്തെയും ഓർമകളെയും ജ്വലിപ്പിച്ചു നിർത്തി പോരിനിറങ്ങാൻ ഒരു രമയുണ്ടാകുമെന്നു അന്ന് പാർട്ടി നേതൃത്വം കരുതിക്കാണില്ല. സഖാവ് ടി പി കൊല്ലപ്പെട്ട ശേഷം കേരളീയ പൊതുസമൂഹത്തിൽ ടി പി ക്ക് വേണ്ടി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം അദ്ദേഹത്തിന്റെ പത്നി രമയുടേതാണ്. പൊതുവേദികളിലും മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ഒരൊറ്റയാൾ പട്ടാളം കണക്കേ നിറഞ്ഞ് നിന്നത് രമയാണ്. ഇരുത്തം വന്ന മാധ്യമ പ്രവർത്തകരോടും  ചാനൽ അവതാരകരോടും ഞൊണ്ടി ന്യായങ്ങൾ പറഞ്ഞ് തട്ടിക്കയറിയ സി പി എം നേതാക്കളോടും ഒറ്റയ്ക്ക് നിന്ന് പൊരുതുകയായിരുന്നു അവർ. ചുണ്ടിൽ ഇത്തിരി ലിപ്സ്റ്റിക്കും കയ്യിൽ ഒരു പട്ടിക്കുട്ടിയും ഉണ്ടാവുക എന്നതല്ല സ്ത്രീശാക്തീകരണത്തിന്റെ അടയാളങ്ങൾ..രമയുടെ പോരാട്ടം സ്ത്രീശക്തിയുടെ കരുത്തിനെക്കുറിച്ച് കേരളീയ സമൂഹത്തെ ഓർമപ്പെടുത്തുന്നുണ്ട്. ആ ഓർമപ്പെടുത്തലിന്റെ ഭീതിയാണ് "ആരാണീ രമ.. ഏതാണീ രമ" എന്ന ചോദ്യമായി രൂപാന്തരപ്പെട്ടത്.

ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മലയാളം ന്യൂസ് (2 Feb), കേരള ഭൂഷണം (4 Feb) പത്രങ്ങൾക്ക് നന്ദി.

കണ്ണൂർ കോഴിക്കോട് ജയിലുകളിൽ പാർട്ടി ഗുണ്ടകൾക്ക് വി ഐ പി പരിഗണനയും സുഖവാസവും ലഭിച്ചപ്പോൾ പാർട്ടി നേതൃത്വം പറഞ്ഞിരുന്നത് അതൊക്കെ ജയിൽ അധികൃതരും സർക്കാരും നോക്കേണ്ട കാര്യങ്ങളാണ് എന്നാണ്. അത്തരമൊരു ഒഴുക്കൻ പ്രസ്താവനക്കപ്പുറം പേരിന് പോലും ഒരു പ്രതിഷേധ സ്വരം അവർ ഉയർത്തിയിരുന്നില്ല.  മറിച്ച് അത്തരം സുഖവാസങ്ങൾ ഉറപ്പ് വരുത്തുന്നതിന് പാർട്ടിയുടെ സ്വാധീനവും ഭീഷണിയും ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ തടവുകാർക്ക് ഇതുവരെ കിട്ടിപ്പോന്ന സുഖ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന് വന്നപ്പോൾ ഒരാഴ്ച പോലും കാത്തുനില്ക്കാനുള്ള ക്ഷമയില്ലാതെ പാർട്ടി നേതാക്കളുടെ ഒരു പട തന്നെ ജയിലിലേക്ക് മാർച്ച്‌ ചെയ്യുന്നതാണ് ഇന്നലെ നാം കണ്ടത്. ഒരു പച്ച മനുഷ്യനെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്ന മൃഗങ്ങളുടെ ശരീരത്തില്‍ ഒരു പോറലേല്‍ക്കുമ്പോഴേക്ക് വാവിട്ട് കരയുന്നതിനെയല്ല മനുഷ്യാവകാശം എന്ന് വിളിക്കേണ്ടത്. മനുഷ്യാവകാശം എന്ന പദം ഇത്തരം ഗുണ്ടായിസങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല. ടി പി യെ കൊന്നവരുമായി പാർട്ടിക്ക് ബന്ധമൊന്നുമില്ല എന്ന് ഇനിയും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അവരുടെ തലച്ചോറിൽ ദേശാഭിമാനി പ്രസ്സ് ഉരുക്കിയൊഴിക്കേണ്ടിവരും.

കേരളത്തിന്റെ പൊതുബോധത്തെയും സമൂഹമനസ്സാക്ഷിയെയും പുല്ലു വില കല്പിക്കാതെ സി പി എം ഫാസിസ്റ്റ് പാതയിൽ നീങ്ങുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയുടെ നേതൃത്വത്തിൽ ഒരു സംഘ പരിവാര ജാഗരണം തുടങ്ങിക്കഴിഞ്ഞു. അത് സൃഷ്ടിക്കുന്ന ഓളങ്ങൾ ചെറിയ രൂപത്തിലാണെങ്കിലും കേരളത്തിലേക്കും നീങ്ങിത്തുടങ്ങുന്നുണ്ട് എന്നത് അവിതർക്കിതമാണ്. സി പി എം പോലുള്ള ഒരു മതനിരപേക്ഷ ഇടതുപക്ഷത്തിന്റെ നിലനില്പ്പും വളർച്ചയും മറ്റെന്നെത്തേക്കാളുമുപരി ആവശ്യമായിട്ടുള്ള ഒരു ചരിത്ര സന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. അഴിമതിയും ഭരണരംഗത്തെ പിടിപ്പുകേടും കൊണ്ട് കോണ്‍ഗ്രസ്‌ സർക്കാറുകൾ നിലം പതിക്കുമ്പോൾ പകരം വെക്കാൻ ഒരു മതനിരപേക്ഷ മുന്നണി ഇടതുപക്ഷമല്ലാതെ മറ്റൊന്നില്ല. അത്തരമൊരു ജനപക്ഷം ഗുണ്ടാരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് രീതിയിലേക്ക് രൂപ പരിണാമം പ്രാപിച്ച് ജനങ്ങളിൽ നിന്നകലുമ്പോൾ ഭയപ്പെടേണ്ടത് കേരളത്തിന്റെ മതനിരപേക്ഷ സൗഹൃദ മുഖം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുമാണ്.

Recent Posts
മെഹർ തരാർ ഹീ ഹോ ഹൂം.. മാധ്യമ പ്രവർത്തകർക്ക് പണി കിട്ടുന്ന വിധം.
അൽ മൊയ്തുവിന്റെ കള്ള് ജിഹാദ്
ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ