ബാബ രാംദേവും സാദിഖലി തങ്ങളും

കോഴിക്കോട്ടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ സോമയാഗ വേദിയില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തതായ വാർത്ത കണ്ടു. സന്യാസി വര്യന്മാരും സാദിഖലി തങ്ങളും ചേർന്ന് യാഗ സദസ്സ് ഗംഭീരമാക്കിയ വാർത്ത വായിച്ചപ്പോൾ കേരളത്തിന്റെ മത സൗഹാര്‍ദ്ദവും സാമുദായിക സഹവർത്തിത്വവും ഓർത്ത്‌ അല്പം അഭിമാനവും തോന്നി. ഓരോ മത വിഭാഗത്തിലെ നേതാക്കളും മറ്റു മതവിഭാഗങ്ങളുടെ പൊതുപരിപാടികളിൽ സൗഹാർദ്ധ പ്രതിനിധികളായി പങ്കെടുക്കുന്നതും സംസാരിക്കുന്നതും ഇന്ത്യയെപ്പോലുള്ള ഒരു ബഹുമത ബഹുസ്വര സമൂഹത്തിൽ തീർത്തും ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. മലബാറിലെ മുസ്ലിം സമൂഹത്തിൽ ഏറെ സ്വാധീനമുള്ള പാണക്കാട് കുടുംബത്തിലെ ആരെങ്കിലും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്താൻ ആ ചടങ്ങുകളുടെയും അതിൽ പങ്കെടുത്തവരുടെയും മിഴിവ് അല്പം കൂടുകയല്ലാതെ കുറയുകയില്ല.

എന്നാൽ ഈ സോമയാഗ വേദിയിലെ മുഖ്യ താരം വിവാദ സന്യാസി ബാബ രാംദേവ് ആയിരുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ആൾദൈവ വ്യവസായ ശൃംഖലയിലെ അംബാനിയെന്ന് വിളിക്കാവുന്ന വിവാദ വ്യക്തിത്വം. ബി ജെ പി യുടെയും നരേന്ദ്ര മോദിയുടെയും ശക്തനായ വക്താവും പ്രചാരകനും. സംഘ പരിവാരം നേതൃത്വം നല്കുന്ന തീവ്ര ഹിന്ദുത്വ ജാഗരണത്തിന് എല്ലാവിധ ആശയ പിന്തുണയും ആൾബലവും കൊടുക്കുന്നയാൾ. വൻതോതിൽ സാമ്പത്തിക ക്രമക്കേടുകകൾ നടത്തിയതിന്റെയും അനധികൃത സ്വത്തുകൾ സമ്പാദിച്ചതിന്റെയും പേരിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തി. നരേന്ദ്ര മോഡിക്ക് ഈ വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മുന്നൂറു സീറ്റുകൾ നേടിക്കൊടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച   ആൾ ദൈവം. ആ ദൗത്യത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാംദേവ് കോഴിക്കോട്ടെത്തിയത്. ഇങ്ങനെയൊരാൾ വൻ പ്രചാരണത്തോടെ മുഖ്യ അതിഥിയും കാർമികനുമായി എത്തിയ ഒരു ചടങ്ങിലാണ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തത്.  ബഹുഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും തള്ളിപ്പറയുന്ന ഇത്തരം വിവാദ സന്യാസിമാർക്കും ആൾ ദൈവങ്ങൾക്കും സാമൂഹിക അംഗീകാരവും സ്റ്റാറ്റസും നേടിയെടുക്കാൻ ഉപകാരപ്പെടും വിധം സമൂഹത്തിലെ സമാദരണീയരായ വ്യക്തികൾ ഇതുപോലുള്ള  ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന പ്രസക്തമായ ചോദ്യമാണ് ചില കോണുകളിൽ നിന്ന് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.  

എന്റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്. മോഡി അജണ്ട വ്യക്തമായി നടപ്പിലാക്കുന്ന ഇത്തരമൊരു വിവാദവ്യക്തിയുമായി ചേർന്ന് വേദി പങ്കിട്ടത് നമ്മുടെ പാവം പി സി ജോർജെങ്ങാനും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. കോണ്‍ഗ്രസുകാരും ലീഗുകാരും പുരപ്പുറത്ത് കയറി ബഹളം വെക്കില്ലേ. ടെലിവിഷൻ അവതാരകരും അന്തിചർച്ചകളിലെ പ്രതികരണ തൊഴിലാളികളും ചേർന്ന് ആ പാവത്തെ ഇടിച്ചു പരത്തി ചമ്മന്തിയാക്കി കയ്യിൽ കൊടുക്കില്ലേ.. ചെയ്തത് സാദിഖലി തങ്ങളായപ്പോൾ ലീഗുകാർക്കു മിണ്ടാട്ടമില്ല. കോണ്‍ഗ്രസ്‌കാർക്ക് അത്രയുമില്ല. പാണക്കാട് തങ്ങൾമാർക്കെതിരെ മിണ്ടിയാൽ യു ഡി എഫ് ഇടിഞ്ഞു പൊളിഞ്ഞു വീണാലോ?

ഈ സോമയാഗ ചടങ്ങിൽ പങ്കെടുത്തത് മുസ്ലിം സമൂഹത്തിലെ ഏതെങ്കിലും മത ഗ്രൂപ്പുകളുടെ നേതാക്കളിൽ ആരെങ്കിലും ആയിരുന്നെങ്കിലും എന്താകുമായിരുന്നു സ്ഥിതി. സാദിഖലി തങ്ങൾക്കു പകരം കാന്തപുരം അബൂബക്കർ മുസ്ലിയാരായിരുന്നു ഈ ചടങ്ങിൽ പങ്കെടുത്തത് എങ്കിൽ ലീഗുകാരുടെ  പ്രതികരണം എന്താകുമായിരുന്നു. അവർ നാടാകെ ഇളക്കി മറിക്കുമായിരുന്നില്ലേ. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും കാന്തപുരത്തിന്റെയും രാംദേവിന്റെയും ഫോട്ടോകൾ വെച്ച് പൂരപ്പാട്ട് നടക്കില്ലേ.  മുജാഹിദ് നേതാവ് ഹുസൈൻ മടവൂരോ ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലിയോ ആയിരുന്നുവെങ്കിലും പ്രതികരണം രൂക്ഷമായി ഉയരുമായിരുന്നില്ലേ. മോഡിയുടെ മുഖ്യ പ്രചാരകന്റെ കൂടെ വേദി അലങ്കരിച്ചത് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ഒരാളായപ്പോൾ ലീഗുകാരുടെ നാക്ക് അണ്ണാക്കിലേക്ക് ഇറങ്ങിപ്പോയോ?       

സന്യാസി സമൂഹത്തിന് തന്നെ അപമാനമായ ബാബാ രാംദേവിനൊപ്പം വേദി പങ്കിട്ട സാദിഖലി തങ്ങളുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഈ വേദി പങ്കിടൽ ഉത്തരേന്ത്യയിലുള്‍പ്പെടെ മോഡി പ്രചാരണായുധമാക്കുമെന്നും കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞത് ശ്രദ്ധേയമാണ്. പല മൊല്ലാക്കമാരും മൗലവിമാരും മോഡിയോടൊപ്പം നില്ക്കുന്ന ഫോട്ടോകൾ കാണിച്ചാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി വോട്ട് പിടിക്കാറുള്ളത്. തലയിൽ വലിയ തൊപ്പിയും കമഴ്ത്തി ബാബ രാംദേവിനൊപ്പം സാദിഖലി ശിഹാബ് തങ്ങൾ നില്ക്കുന്നത് നാളെ ബി ജി പിയുടെ പോസ്റ്ററുകളിൽ വന്നു കൂടെന്നില്ല.

മത വേദികളിലും അനുബന്ധ പൊതുപരിപാടികളിലും പരസ്പരം സഹകരിക്കുന്നതും ആശംസകൾ കൈമാറുന്നതും നമ്മുടെ മണ്ണിന്റെ മത സൗഹാർദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ നല്ലതാണ്. പക്ഷേ മത വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആൾ ദൈവങ്ങൾക്ക്  (അത് സ്വാമിയായാലും സൂഫിയായാലും) സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്ന രൂപത്തിൽ പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും മിതമായ ഭാഷയിൽ പറഞ്ഞാൽ സാമൂഹ്യ ദ്രോഹമാണ്. New post ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും

Recent Posts
ജസീറാ, ബെറുപ്പിക്കല്ലേ!!
കൊലയാളികളുടെ സ്വന്തം പോളിറ്റ് ബ്യൂറോ
മെഹര്‍ തരാര്‍ ഹീ ഹോ ഹൂം..