January 6, 2014

FB Poll: കേജരിവാളിന് തകർപ്പൻ ലീഡ്. മോദി മൂന്നാം സ്ഥാനത്ത്

അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്രം ആര് ഭരിക്കണം എന്ന വിഷയത്തിൽ ഫേസ്ബുക്ക്‌ സുഹൃത്തുക്കളുടെ ഹിതം അറിയുന്നതിന് വേണ്ടി ഒരു കൊച്ചു അഭിപ്രായ സർവേ ഞാൻ നടത്തിയിരുന്നു. എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ വഴി നടത്തിയ ആ സർവേയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനകം ഏതാണ്ട് എണ്ണൂറിലധികം പേർ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, അരവിന്ദ് കേജരിവാൾ എന്നീ മൂന്ന് പേരുടെ ഫോട്ടോകൾ കൊടുത്ത ശേഷം താഴെ  ഇങ്ങനെ എഴുതി "രാഹുലോ മോദിയോ അതോ കേജരിവാളോ?.. അടുത്ത പ്രധാനമന്ത്രി ആരാകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. പാർട്ടി ചിന്തകൾക്കതീതമായി എന്റെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളുടെ മനസ്സറിയാൻ വേണ്ടി മാത്രം ഒരു ചുമ്മാ പോസ്റ്റ്‌. പേര് മാത്രം മതി. മറ്റു ചർച്ചകളും കമന്റുകളും ഈ പോസ്റ്റിൽ വേണ്ടതില്ല. അവ ഡിലീറ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. Just type RG or NM or AK?". ഇതായിരുന്നു പോസ്റ്റ്‌. രാഷ്ട്രീയ കാര്യങ്ങളിൽ പൊതുവേ ആളുകൾക്ക് താത്പര്യം കുറഞ്ഞു വരുന്ന കാലമാണ്, ഏറി വന്നാൽ പത്തോ അമ്പതോ പേർ അഭിപ്രായം രേഖപ്പെടുത്തിയേക്കാനിടയുണ്ട് എന്നതായിരുന്നു എന്റെ ധാരണ. ആ ധാരണ തെറ്റായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ നൂറ് കണക്കിന് സുഹൃത്തുക്കൾ വോട്ട് ചെയ്തു.

ആളുകൾ അഭിപ്രായം രേഖപ്പെടുത്തിത്തുടങ്ങിയപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അത്ഭുതത്തോടെ മിഴിച്ചു നോക്കി. AK, AK, AK, AK.... ഓരോ നിമിഷത്തിലും ചാടി വീഴുന്ന കമന്റുകളിൽ AK എന്ന രണ്ടക്ഷരമല്ലാതെ മറ്റൊന്നും കാണുന്നില്ല. കേജരിവാളിനു ഇത്രയേറെ ആരാധകരോ?. അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാൻ കേരളത്തിൽ ഇന്നേ വരെ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്താൻ കേരളത്തിൽ ഇന്നേ വരെ ഒരു സംഘടിത പ്രസ്ഥാനം ഉണ്ടായിട്ടില്ല. അദ്ദേഹത്തെ പുകഴ്ത്തിപ്പറയാൻ മാധ്യമങ്ങളിൽ കൂലിയെഴുത്തുകാരോ പ്രതികരണ തൊഴിലാളികളോ ഉണ്ടായിട്ടില്ല. എന്തിനധികം കേജരിവാളിനു വേണ്ടി ഒരു ഹർത്താലോ ബന്ദോ കേരളത്തിൽ ഉണ്ടായിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇത്രയധികം ആളുകളുടെ വിശ്വാസം അദ്ദേഹം നേടിയെടുത്തത്.

വോട്ടിംഗ് നടക്കുന്നതിനിടയിൽ എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനും സോഷ്യൽ മീഡിയ നിരീക്ഷകനുമായ വി കെ ആദർശ് പറഞ്ഞു. "കേജരിവാളിനു അനുകൂലമായ ഒരു ട്രെൻഡ് ഉണ്ട്. അത് സമ്മതിച്ചേ തീരൂ. പക്ഷേ നിങ്ങൾ നടത്തിയ സർവേ പൂർണമായും ശരിയായിക്കൊള്ളണമെന്നില്ല. നിങ്ങളുടെ എഴുത്തും ഇടപെടലുകളുമൊക്കെ വോട്ടിങ്ങിനെ സ്വാധീനിക്കും. ഇതേ സർവേ ഒരു പക്ഷേ രാഹുൽ ഈശ്വർ നടത്തിയാൽ അതിന്റെ റിസൾട്ട് മറ്റൊന്നാകാം". അപ്പോൾ സൂപ്പർ ബ്ലോഗർ മനോജ്‌ രവീന്ദ്രൻ (നിരക്ഷരൻ) പറഞ്ഞു "അതെങ്ങിനെ? ബഷീറിന്റെ പേജിൽ ആർക്കും വന്ന് വോട്ട് ചെയ്യാമല്ലോ. സുഹൃത്തുക്കളിൽ മാത്രം ഷെയർ ചെയ്ത ഒരു പോസ്റ്റല്ല അത്, പബ്ലിക് പോസ്റ്റാണ്.  സംഘമായി വന്ന് സംഘികൾക്ക് വോട്ട് ചെയ്തു കൂടെ?. ഏതായാലും ബഷീർ തന്നെ ലഭിച്ച വോട്ടുകളെ അനലൈസ് ചെയ്യട്ടെ".


ആദർശ് പറഞ്ഞതിൽ കാര്യമുണ്ട്. ഓരോരുത്തരുടെയും സൗഹൃദ വലയത്തിലെ ആളുകളുടെ അഭിരുചികൾ അനുസരിച്ചുള്ള മാറ്റം മറിച്ചിലുകൾ ഇത്തരം അഭിപ്രായ സർവേകളിൽ ഉണ്ടാകാം. വിവിധ ഏജൻസികൾ നടത്തുന്ന സർവേകളിലും അവർ എടുക്കുന്ന സാമ്പിളിന്റെ 'ഗുണനിലവാരം' അനുസരിച്ചുള്ള വ്യതിയാനങ്ങൾ കണ്ടേക്കാം. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഫേസ്ബുക്കിലെ എന്റെ സൗഹൃദ വലയത്തിൽ എല്ലാ മത ജാതി രാഷ്ട്രീയ വിഭാഗക്കാരും ഉണ്ട്. വോട്ട് ചെയ്തവരുടെ പേരുകളിലൂടെ ഓടിച്ചു പോകുന്നവർക്ക് അതറിയാൻ പറ്റും. അവരിൽ ഇത്രയധികം പേർ കേജരിവാളിന്റെ പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെങ്കിൽ അത് വ്യക്തമായ ഒരു ട്രെന്റിനെ കാണിക്കുന്നു എന്നതിൽ സംശയമില്ല. രാഹുൽ ഈശ്വറല്ല സാക്ഷാൽ പിണറായി തന്നെ ഫേസ്ബുക്കിൽ ഒരഭിപ്രായ സർവേ നടത്തിയാലും (പിണറായിയും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്) റിസൾട്ട് മറ്റൊന്നാകില്ല. അത്രമാത്രം തരംഗം കേജരിവാൾ ഇതിനകം ഉണ്ടാക്കിക്കഴിഞ്ഞു. നിലവിലെ കാര്യമാണ് ഞാൻ പറയുന്നത്. ട്രെൻഡ് മാറി മറിയാൻ അധിക സമയമൊന്നും വേണ്ടതില്ല. കേജരിവാൾ ഒരു ബെൻസ് കാറിൽ സിഗററ്റ് വലിച്ചിരിക്കുന്ന ഒറ്റ ഫോട്ടോ നെറ്റിൽ വന്നാൽ മതി ഇപ്പറഞ്ഞ വോട്ടർമാരൊക്കെ വഞ്ചി മാറിക്കയറിക്കൂടായ്കയില്ല. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്.

മാത്രവുമല്ല, കേജരിവാൾ ആളെങ്ങിനെ എന്ന് ശരിക്കും നമ്മളറിയാൻ തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തിൽ വലിയ തോതിലുള്ള പ്രതീക്ഷയുണ്ട് എന്നത് നേരാണ്. ആ പ്രതീക്ഷയുടെ ലിറ്റ്മസ് ടെസ്റ്റ്‌ കാലമാണ്. ഇത് പറയാൻ കാരണമുണ്ട്. പ്രതീക്ഷയുടെ ചക്രവാളത്തിൽ നിന്നും സ്വന്തം പ്രതിമയുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്ന അല്പത്തരത്തിലേക്ക് കൂപ്പുകുത്തിയ അണ്ണാ ഹസാരയെ നാം കണ്ടു. അഴിമതിയും സമരവുമല്ല, ഒരു പ്രതിമ സ്ഥാപിച്ചു കിട്ടുക എന്നതാണ് ജീവിത ലക്ഷ്യമെന്ന് കരുതുന്ന ഇതുപോലൊരു അവതാരത്തിന് വേണ്ടി മുമ്പ് പോസ്റ്റ്‌ എഴുതിപ്പോയല്ലോ എന്ന സങ്കടവും എനിക്കുണ്ട്. അതുകൊണ്ടാണ് വളരെ ശ്രദ്ധിച്ച് വരികൾ കുറിക്കുന്നത്. ഇന്ത്യയിലെ ആം ആദ്മികൾ തന്നിൽ വെച്ച് പുലർത്തുന്ന പ്രതീക്ഷകളെ സമ്പൂർണമായി തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും അവയെ തട്ടിത്തെറിപ്പിക്കാതിരിക്കാനുള്ള സാമാന്യ ബോധം കേജരിവാൾ പ്രകടിപ്പിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആശ നശിച്ച ജനം പ്രതീക്ഷയുടെ ഒരു തിരിനാളത്തിനു വേണ്ടി ഓടുകയാണ്. ഡൽഹിയിൽ നാമത് കണ്ടതാണ്. അത്തരമൊരു തരംഗം ഇന്ത്യയുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പകരപ്പെട്ടു കഴിഞ്ഞാൽ പരമ്പരാഗത രാഷ്ട്രീയ ഗോപുരങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരും.

എന്റെ ഫേസ്ബുക്ക് പേജിൽ ഇരുപത്തിനാലു മണിക്കൂർ സമയപരിധിക്കുള്ളിൽ വോട്ടു ചെയ്ത 800 പേരിൽ കേജരിവാൾ പ്രധാനമന്ത്രിയായിക്കാണണമെന്ന് ആഗ്രഹിക്കുന്നത് 565 പേരാണ്. അതായത് അഭിപ്രായം രേഖപ്പെടുത്തിയവരിൽ 71 ശതമാനം. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിക്കാണണമെന്ന് ആഗ്രഹിക്കുന്നത് 153 പേരാണ്. 19 ശതമാനം. മോദിക്ക്‌ ലഭിച്ചതാകട്ടെ 42 വോട്ടുകൾ. 5 ശതമാനം മാത്രം!!. ബാക്കി 5 ശതമാനം NOTA യുടെയും അസാധുവിന്റെയും കണക്കിലാണ്. ഏറെ സമയമെടുത്ത് വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷവും (അനുവദിച്ച സമയ പരിധി കഴിഞ്ഞ ശേഷം) നിരവധി പേർ വോട്ട് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌. അവ പരിഗണിച്ചിട്ടില്ല എന്ന് കൂടി അറിയിക്കട്ടെ.   

ചൂല് കൊണ്ട് വൃത്തിയാക്കേണ്ടത് ചൂല് കൊണ്ട് തന്നെ വൃത്തിയാക്കണം. അതിന് ജെ സി ബി കൊണ്ട് വന്നിട്ട് കാര്യമില്ല. നമ്മുടെ രാജ്യത്ത് വ്യക്തമായ ഒരു നിയമ വ്യവസ്ഥയുണ്ട്. ജനാധിപത്യ സംവിധാനമുണ്ട്. ലോകത്ത് മറ്റെവിടെയും കിട്ടാത്ത അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്‌. സ്വന്തം മതവും ആശയ ദർശനങ്ങളും പിന്തുടരാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്‌. എല്ലാത്തിനുമുപരി ലോകത്തിനു മുന്നിൽ അഭിമാനപൂർവം ഉയർത്തിക്കാണിക്കാവുന്ന ഒരു ഭരണഘടനയുണ്ട്. വേണ്ടത് ഒരു ചെറിയ ചൂൽ മാത്രമാണ്. പൊടിപിടിച്ച് കിടക്കുന്ന ഭരണ സംവിധാനത്തെയും മാറാലകൾ വരിഞ്ഞ് മുറുക്കിയ നടപടിക്രമങ്ങളെയും തൂത്തുവാരി വൃത്തിയാക്കണം. അതിന് ഒരു ആം ആദ്മി ജനിച്ചേ തീരൂ. കേരളത്തിന്റെ മണ്ണിലും ഡൽഹിയിൽ കണ്ടത് പോലുള്ള ഒരു തരംഗം വന്നു കൂടായ്കയില്ല. വിശ്വാസവും പ്രതീക്ഷയും, അതാണല്ലോ എല്ലാം.

Recent Posts
തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!
തല്ല് കൊള്ളാന്‍ നേരം മുത്തപ്പനും വന്നു
സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
രമ്യ നമ്പീശൻ കുളിക്കുന്നു. എല്ലാവരും ഓടി വരൂ!!

54 comments:

 1. നിങ്ങളുടെ വോട്ട് ആർക്കാണ്. വോട്ടിങ്ങിനിടെ പലരും ചോദിച്ചു. അവരോട് എനിക്ക് പറയാനുള്ളത് ഇലക്ഷൻ കമ്മീഷണർ നിഷ്പക്ഷനായിരിക്കണം എന്ന് നിയമ വ്യവസ്ഥ അനുശാസിക്കുന്നുണ്ട് എന്ന് മാത്രമാണ്.

  ReplyDelete
  Replies
  1. അത് കലക്കി ബഷീര്‍ക്കാ. മാറ്റമില്ലാത്തത് മാറ്റങ്ങളാണ്. കഷ്ടകാലത്തിനു നമ്മുടെ നാട്ടില്‍ അങ്ങിനെ അല്ല നിലവില്‍. മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.

   Delete
  2. സ്പീക്കർക്ക് കാസ്റ്റിങ്ങ് വോട്ട് ഉണ്ടെന്ന് മറക്കരുത് ബഷീർ :)

   Delete
  3. This comment has been removed by the author.

   Delete
 2. വേണ്ടത് ഒരു ചെറിയ ചൂൽ മാത്രമാണ്. പൊടിപിടിച്ച് കിടക്കുന്ന ഭരണ സംവിധാനത്തെയും മാറാലകൾ വരിഞ്ഞ് മുറുക്കിയ നടപടിക്രമങ്ങളെയും തൂത്തുവാരി വൃത്തിയാക്കണം. അതിന് ഒരു ആം ആദ്മി ജനിച്ചേ തീരൂ. (Y)

  ReplyDelete
 3. കോണ്‍ഗ്രസ്സ് ബി.ജെ.പി മുന്നണികള്‍ക്ക് എന്തായാലും കേവലഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ ആപ്പിനും, മറ്റു ദേശീയ-പ്രാദേശിക കക്ഷികള്‍ക്ക് എല്ലാം കൂടി ഇരുനൂറ്റിയന്‍പതില്‍ കൂടുതല്‍ സീറ്റ് ലഭിച്ചേക്കും. ഇതില്‍ തന്നെ ഏറ്റവും കുറച്ചു അന്‍പത് സീറ്റുകള്‍ എങ്കിലും കിട്ടുന്നവര്‍ക്കേ പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ പോലും സാധിക്കൂ. പ്രത്യേകിച്ച് ബി.എസ്.പി, ജെ.ഡി.യു, എസ്.പി തുടങ്ങിയ കക്ഷികള്‍ കൂടുതല്‍ സീറ്റ് നേടാന്‍ ഉള്ള സാധ്യത ഉള്ളപ്പോള്‍. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് പാര്‍ലമെന്റ് സീറ്റുകള്‍ ആപ്പിന് ലഭിച്ചാലും ഡല്‍ഹിക്ക് പുറത്തുനിന്നും കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് ഇന്നത്തെ സാഹചര്യത്തില്‍ തോന്നുന്നില്ല. പ്രതീക്ഷകള്‍ നല്ലത് തന്നെയാണ്. പക്ഷെ എഴില്‍ നിന്നും അന്‍പതിലേക്ക് ദൂരം കുറച്ചുണ്ടല്ലോ. അരവിന്ദ് കേജ്രിവാളിന് പത്ത് ശതമാനം സാധ്യതപോലും ഇന്നത്തെ സാഹര്യത്തില്‍ ഞാന്‍ കാണുന്നില്ല.

  ReplyDelete
  Replies
  1. ശ്രീജിത്ത്‌ പറയുന്നത് ശരിയായിരിക്കാം. ഇന്ത്യയുടെ മൊത്തം ചിത്രത്തെ നമ്മുടെ പരിമിതമായ ഫേസ്ബുക്ക്‌ വൃത്തത്തിൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. ഒരു അഖിലേന്ത്യാ സർവേ ഫലമല്ലല്ലോ ഇവിടെ നല്കിയത്. എന്റെ ഫേസ്ബുക്ക്‌ വായനക്കാർക്കിടയിൽ നടത്തിയ വളരെ ലളിതമായ അഭിപ്രായം ആരായാൽ മാത്രം. പക്ഷേ അത് കാണിക്കുന്ന ഒന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്കിടയിൽ ആം ആദ്മി പാർട്ടിക്ക് അനുകൂലമായ ഒരു ട്രെൻഡ് ഉണ്ട് എന്നതാണ്. ശ്രീജിത്ത് നടത്തിയാലും ഒരു വേള ഇതേ റിസൾട്ട് തന്നെ ലഭിച്ചെന്നിരിക്കും. അല്പം പണിയെടുത്താൽ ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ സാധ്യതകളുണ്ട് എന്നാണ് തോന്നുന്നത്.

   Delete
 4. വള്ളിക്കുന്നു കലക്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ, വള്ളിക്കുന്നിന്റെ സുഹ്രുത്ശ്രേണിയിലുള്ളവരുടെതാണ് ഏറിയകൂറും.. This is a very biased sample. Conclusions obtained from this analysis are probably wrong.

  ReplyDelete
  Replies
  1. എന്റെ ഫേസ്ബുക്ക്‌ പേജിൽ എന്റെ സുഹൃദ് ശ്രേണിയിലുള്ളവരല്ലാതെ പിന്നെ ഉഗാണ്ടയിൽ നിന്ന് ആളുകളെത്തി വോട്ട് ചെയ്യുമോ ചങ്ങായീ :)

   Delete
  2. Ugandayil thangalkku friends undengil , avar facebookil thente ee post kandengil, avarkishtam undengil , vote cheyuum..

   Delete
 5. വി കെ ആദര്‍ശിനോട് യോജിക്കാതെ തരമില്ല. സര്‍വേയുടെ സാമ്പിളിന്റെ ഗുണമേന്മ, അതിന്റെ ഫലത്തെ സ്വാധീനിക്കും. താങ്കളുടെ സുഹൃദ്വലയത്തില്‍ എല്ലാ ജാതി മത സ്ഥരും ഉണ്ടാവും. എല്ലാത്തരം രാഷ്ട്രീയ ചിന്തകളും വച്ച് പുലര്‍ത്തുന്നവരും ഉണ്ടാകാം. പക്ഷെ അവരുടെ എണ്ണം മൊത്തത്തിലുള്ള എണ്ണത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നുണ്ടോ എന്നിടത്താണ് പ്രശ്നം.

  പിന്നെ മറ്റൊന്ന് ഈ കേജ്രിവാളിനു വോട്ട് ചെയ്തവരൊക്കെ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. കേജ്രിവാളിന്റെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായ കുറെപ്പേരെങ്കിലും കാണും.(അങ്ങനെയല്ലാതെ ആം ആദ്മിക്ക് വോട്ട് ചെയ്യുന്നവരും ഉണ്ടാകാം..)

  ഞാന്‍ None of the above എന്നാണ് കമന്റിയത്... :)

  ReplyDelete
 6. nothing more to say

  "ചൂല് കൊണ്ട് വൃത്തിയാക്കേണ്ടത് ചൂല് കൊണ്ട് തന്നെ വൃത്തിയാക്കണം. അതിന് ജെ സി ബി കൊണ്ട് വന്നിട്ട് കാര്യമില്ല. നമ്മുടെ രാജ്യത്ത് വ്യക്തമായ ഒരു നിയമ വ്യവസ്ഥയുണ്ട്. ജനാധിപത്യ സംവിധാനമുണ്ട്. ലോകത്ത് മറ്റെവിടെയും കിട്ടാത്ത അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്‌. സ്വന്തം മതവും ആശയ ദർശനങ്ങളും പിന്തുടരാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്‌. എല്ലാത്തിനുമുപരി ലോകത്തിനു മുന്നിൽ അഭിമാനപൂർവം ഉയർത്തിക്കാണിക്കാവുന്ന ഒരു ഭരണഘടനയുണ്ട്. വേണ്ടത് ഒരു ചെറിയ ചൂൽ മാത്രമാണ്. പൊടിപിടിച്ച് കിടക്കുന്ന ഭരണ സംവിധാനത്തെയും മാറാലകൾ വരിഞ്ഞ് മുറുക്കിയ നടപടിക്രമങ്ങളെയും തൂത്തുവാരി വൃത്തിയാക്കണം. അതിന് ഒരു ആം ആദ്മി ജനിച്ചേ തീരൂ. കേരളത്തിന്റെ മണ്ണിലും ഡൽഹിയിൽ കണ്ടത് പോലുള്ള ഒരു തരംഗം വന്നു കൂടായ്കയില്ല. വിശ്വാസവും പ്രതീക്ഷയും, അതാണല്ലോ എല്ലാം"

  ReplyDelete
 7. അരവിന്ദ് കേജരിവലിന്റെ ജയം എല്ലാ രാഷ്ട്രീയ പാർടികൾക്കും ഒരു തിരിച്ചടിയാണ്. ഇതൊരു പുതിയ ചരിത്രം ആണ്. അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചു തുടങ്ങി. AAP യെ ഒരു മീഡിയ പോലും സപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും ഇത്ര വലിയ വിജയം.... സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഉള്ള രണ്ടാം സ്വതിന്ത്ര്യ സമരമാണ് കേജരിവളിന്റെത്...നിങ്ങൾ വേണം ഞങ്ങളെ നയിക്കാൻ..നിങ്ങൾ പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ല. ഞങ്ങൾ കൂടെയുണ്ട്

  ReplyDelete
 8. സന്തോഷം നല്കുന്ന റിസല്റ്റ്. ആം ആദ്മി കേരളത്തിൽ വേര് പിടിക്കട്ടെ.

  ReplyDelete
 9. ആ സന്തോഷ്‌ panditine പ്രധാന മന്ത്രി ആകുന്നതല്ലേ നല്ലത് . ചിലവു കുറയ്ക്കാം എല്ലാ വകുപ്പും ആ മഹാന്‍ ഒറ്റക്കു ചെയ്തോളും...........

  ReplyDelete
 10. കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പണ്ഡിറ്റണ്ണനെയും വച്ചൊരു സര്‍വേ നടത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ !!!!!

  ReplyDelete
  Replies
  1. ഹ..ഹ.. അതിഷ്ടപ്പെട്ടു.. പത്രക്കാരനാണെങ്കിലും ബുദ്ധിയുണ്ട് :)

   Delete
 11. ഞാന്‍ ഇപ്പോളാണ് ഈ പോസ്റ്റ്‌ കാണുന്നത് ... വള്ളിക്കുന്നില്‍ അഭിപ്രായം പോസ്റ്റാന്‍ നല്ലവണ്ണം ആലോചിക്കണം കാരണം ഇത്രയും കൂടുതല്‍ പേര്‍ കമെന്റ്സും ഇടുന്നതും വിപുലമായി ചര്‍ച്ച ചെയ്യുന്നതും ആയ ഏക ബ്ലോഗ്ഗാണ് ..അതിനുമപ്പുറം കമന്റുകള്‍ക്ക് ചുട്ട മറുപടിയും കിട്ടും ...താല്‍ക്കാലിക പ്രതിഭാസങ്ങളോടും കാവിവല്ക്കരനത്തോടും പ്രകടമായി വിയോചിക്കുന്ന ഞാന്‍ RG എന്നെ വോട്ടിടൂ ....

  ReplyDelete
  Replies
  1. 'ചുട്ട' മറുപടി കൊടുക്കാൻ ഇതെന്താ തട്ടുകടയാണോ?

   Delete
 12. എന്റെ വോട്ട് വൃഥാവില്‍ ആയില്ല... AK

  ReplyDelete
 13. ഞാൻ കുഞ്ഞാലിക്കുട്ടി എന്നാണു എഴുതിയത്. നിങ്ങൾ അത് ഡലിറ്റ് ചെയ്തു.

  ReplyDelete
  Replies
  1. ബാപ്പയുടെ പേരോ അതോ ഉപ്പാപ്പയുടെ പേരോ എഴുതിയത്?..

   Delete
  2. മറുപടി ഇഷ്ടപ്പെട്ടു ബഷീര്ക

   Delete
 14. Close to whopping 900 comments! Incredible!

  The question as well as the answer looked a thriller and may have evoked some goose bumps to a few at least.

  Let's not be very haste and conclusive so quickly. In my view, the anti-incumbency factor played timely coincided with anti-corruption movement rendered throne AK. Very enviable victory for a debutante.

  Nonetheless, it's too early to judge AK. RG is inexperienced to chair the Cabinet. Modi is a dangerous trumpcard and can set an extremely lethal and highly volati social precedence, alongside, his claims seem to be all hollow.

  Person like Pranab Mukharji would have been a better pick in my view. You agree it or not, Sonia is capable of running the show too. I just don't like the way Cong run it though.

  ReplyDelete
 15. ആരോകെ എന്തോകെ പറഞ്ഞാലും ഡൽഹിയിലെ വിദ്യ സമ്പന്നരായ ജനതക് അരവിദ് കേജരിവൽ എന്ന കുറിയ മനുഷിനെ ഭരണം നല്ഗിയത് പോലെ. കേരളത്തിലെ ഇടതു വലതു ദുര്ബരണം കൊണ്ട് മടുത്ത ഒരു ജനത മാറി ചിന്തികണ്ണ്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ അറിയപെടുന്ന നേതാക്കൾ എ. എ. പി യിൽ ഇല്ലെങ്കിലും ...സാമുഹിക പ്രതിബന്ധ്തയുള്ളവര മുന്നോട്ടു വരിഗ തന്നെ ചെയ്യും. കാലം സാക്ഷി ...ചരിത്രം സാക്ഷി..


  ReplyDelete
 16. മോദി മൂന്നാം സ്ഥാനത്തോ? ഹമ്മോ... കുഞ്ഞാലിക്കുട്ടി മറ്റൊരു ചോയ്സ്‌ ആയി നല്‍കിയിരുന്നെങ്കില്‍, പ്രകാശ്കാരാട്ട് ഒരു ചോയ്സ്‌ ആയി നല്‍കിയിരുന്നെങ്കില്‍ വള്ളിക്കുന്നിന്‍റെ ചങ്ങായ്മാരുടെ അനുപാതം വെച്ച് യഥാക്രമം അവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുമായിരുന്നു. മൂന്നാം സ്ഥാനം മുരളീധരനും കിട്ടും. ആ വഴിക്ക് ഒരു പോള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

  ReplyDelete
  Replies
  1. ഈ അഭിപ്രായ വോട്ടെടുപ്പില്‍ കമന്റിട്ട തൊള്ളായിരത്തോളം ആളുകളെ കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞ് അപമാനിക്കരുത് ഭായ് :). ഞാനിട്ട പോസ്റ്റ്‌ പബ്ലിക്‌ ആയതിനാല്‍ എന്റെ സുഹൃത്തുക്കളും സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ലിങ്ക് പാറി നടന്ന ഇടങ്ങളിലെ ആളുകളുമെല്ലാം വോട്ട് ചെയ്തവരില്‍ പെടും. (അവരില്‍ എല്ലാ മത ജാതി വിഭാഗക്കാരുമുണ്ട്‌. മതവും ജാതിയും നോക്കി ഫേസ്ബുക്കില്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ പെടുകയില്ല എന്നാണ് എന്റെ വിശ്വാസം) ഇനി ഇനി അങ്ങനെ കരുതിയാല്‍ തന്നെ അവരില്‍ ഇത്രയധികം പേരുടെ പിന്തുണ കേജരിവാളിന് ഉണ്ട് എന്നതിന് ഇത്രമാത്രം പരിഹാസം ആവശ്യമുണ്ടോ?. ഒരു വര്ഷം മുമ്പ് ഇങ്ങനെ ഒരു അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്‌ ഒരു വോട്ട് കിട്ടുമായിരുന്നോ?. ഇല്ല. അത് കാണിക്കുന്നത് ഈ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അദ്ദേഹം നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളില്‍ പ്രതീക്ഷയറ്റ ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട് എന്നതാണ്. ഇനി ഈ വോട്ട് ചെയ്തവരൊക്കെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്കരാണെന്ന് കരുതുക. എങ്കില്‍ അതും വലിയൊരു മാറ്റമല്ലേ. നിലവിലെ മുന്നണി സംവിധാനമനുസരിച്ചും പാണക്കാട് തങ്ങളുടെ നിര്‍ദേശം അനുസരിച്ചും അവര്‍ രാഹുല്‍ ഗാന്ധിക്കല്ലേ ജയ്‌ വിളിക്കേണ്ടത്.. പോസിറ്റീവായ മാറ്റങ്ങളെ ഇങ്ങനെ പരിഹസിക്കുന്നത് ശരിയല്ല.

   Delete
  2. Eni exit poll venda..Basheerikkante Facebook post nokkiyal mathy..:)

   Delete
 17. എന്തിനധികം കേജരിവാളിനു വേണ്ടി ഒരു ഹർത്താലോ ബന്ദോ കേരളത്തിൽ ഉണ്ടായിട്ടില്ല.... ഹ ഹ .അത് മാത്രമാണ് കാര്യം :)

  ReplyDelete
 18. ഒരു പ്രധാനപ്പെട്ട അറിയിപ്പ്:
  തിരഞ്ഞെടുപ്പിന് മുൻപ് ഡൽഹി മുഖ്യ മന്ത്രി, ഷീല ദീക്ഷിത്തിനെതിരെ ഞങ്ങൾ സമാഹരിച്ചിരുന്ന 370 പേജുള്ള തെളിവുകൾ അടങ്ങിയ ഒരു ബ്രീഫ് കേസ് രാം ലീലാ മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം നഷ്ടം വന്നിരിക്കുന്നു. കിട്ടുന്നവർ അത് ഉടനെ നശിപ്പിക്കേണ്ടതും, യാതൊരു കാരണവശാലും കൈവശം വയ്ക്കുകയോ തിരിച്ചുതരികയൊ ചെയ്യരുതാത്തതാണെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു-
  അരവിന്ദ് കേജ്രിവാൾ, ഡൽഹി മുഖ്യമന്ത്രി.
  (കടപ്പാട്)

  ReplyDelete
 19. ചൂല് കൊണ്ട് വൃത്തിയാക്കേണ്ടത് ചൂല് കൊണ്ട് തന്നെ വൃത്തിയാക്കണം. അതിന് ജെ സി ബി കൊണ്ട് വന്നിട്ട് കാര്യമില്ല. നമ്മുടെ രാജ്യത്ത് വ്യക്തമായ ഒരു നിയമ വ്യവസ്ഥയുണ്ട്. ജനാധിപത്യ സംവിധാനമുണ്ട്. ലോകത്ത് മറ്റെവിടെയും കിട്ടാത്ത അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്‌. സ്വന്തം മതവും ആശയ ദർശനങ്ങളും പിന്തുടരാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്‌. എല്ലാത്തിനുമുപരി ലോകത്തിനു മുന്നിൽ അഭിമാനപൂർവം ഉയർത്തിക്കാണിക്കാവുന്ന ഒരു ഭരണഘടനയുണ്ട്. വേണ്ടത് ഒരു ചെറിയ ചൂൽ മാത്രമാണ്. പൊടിപിടിച്ച് കിടക്കുന്ന ഭരണ സംവിധാനത്തെയും മാറാലകൾ വരിഞ്ഞ് മുറുക്കിയ നടപടിക്രമങ്ങളെയും തൂത്തുവാരി വൃത്തിയാക്കണം. അതിന് ഒരു ആം ആദ്മി ജനിച്ചേ തീരൂ. കേരളത്തിന്റെ മണ്ണിലും ഡൽഹിയിൽ കണ്ടത് പോലുള്ള ഒരു തരംഗം വന്നു കൂടായ്കയില്ല. വിശ്വാസവും പ്രതീക്ഷയും, അതാണല്ലോ എല്ലാം

  ReplyDelete
 20. ചൂല് കൊണ്ട് വൃത്തിയാക്കേണ്ടത് ചൂല് കൊണ്ട് തന്നെ വൃത്തിയാക്കണം. അതിന് ജെ സി ബി കൊണ്ട് വന്നിട്ട് കാര്യമില്ല. LIKE

  ReplyDelete
 21. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജനപക്ഷത്തിന് പുറത്തായി. ക്രൂരമായ വംശാധിപത്യത്തിന്റേയും അതിനേക്കാള്‍ ക്രൂരമായ കുടുംബാധിപത്യത്തിന്റേയും ഇതിനെയൊക്കെ വിഴുങ്ങുന്ന കാപാലികമായ വംശീയ ഫാഷിസത്തിന്റേയും തായ്‌വേരുകള്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു.
  അത്തരം വല്ലാത്തൊരു കാലത്താണ് ആം ആദ്മി പാര്‍ട്ടിയുണ്ടാവുന്നത്. ഇത്തരം അവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് അഴിമതി മുക്തവും സുതാര്യവും ജനകീയവുമായ ഒരു പുതിയ ഭരണക്രമത്തിനായി ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ പ്രസ്ഥാനത്തേയും അത് പരിപാലിക്കാന്‍ പോവുന്ന ഭരണവ്യവസ്ഥയേയും നോക്കിക്കാണുന്നത്.
  ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയമായ നിലനില്‍പ്പിനെ കുറിച്ച് ഞങ്ങളിപ്പോള്‍ ഒന്നും പ്രവചിക്കുന്നില്ല. ഈ ചതുരംഗക്കളത്തില്‍ കാലിടറാതെ അവരുടെ കാലാളുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. എല്ലാ പ്രശ്‌നങ്ങളും ഈ പ്രസ്ഥാനം പരിഹരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല. എന്നാല്‍ എന്നും കാലം പഴയതുപോലെയാവില്ലെന്ന് ലോകത്തേയും അതുവഴി ഭരണാധികാരികളേയും സാമാന്യ ജനങ്ങളേയും വിളിച്ചറിയിക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിയാതിരിക്കില്ല.
  ആകയാല്‍ ആം ആദ്മി പാര്‍ട്ടിയുടെ നായകനെ, അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യന്‍ ദേശീയതയുടേയും ജനാധിപത്യത്തിന്റേയും മാനവികതയുടേയും ഇച്ഛാശക്തിയുടേയും പ്രതീകമായി ഞങ്ങള്‍ കാണുന്നു... Dool News..

  ReplyDelete
 22. ബ്രേക്കിംഗ് ന്യൂസ്‌ : " അരവിന്ദ് കേജ്രിവാള്‍ പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു !! " സാധാരണക്കാരന്‍റെ ഭക്ഷണമായ കഞ്ഞിയും പയറും പാടെ അവഗണിച്ച കേജ്രിവാള്‍ മുതലാളിമാരുടെ ആഡംബര ഭക്ഷണമായ പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ച സംഭവം വന്‍ വിവാദത്തിലേക്ക് ! അധികാരത്തിലെത്തിയാല്‍ തികച്ചും ലളിത ജീവിതം നയിക്കുമെന്ന് വീമ്പിളക്കിയ കേജ്രിവാള്‍ വ്യക്തമായ തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.... തികച്ചും കോര്‍പ്പറേറ്റ് സംസ്കാരത്തിന്‍റെ ഭാഗമായ ചിക്കന്‍ കറി കഴിച്ചതിലൂടെ കേജ്രിവാളിന് കോര്‍പ്പറേറ്റ് മാഫിയാ സംഘങ്ങളുമായിട്ടുള്ള ബന്ധം പുറത്തുവന്നെന്നും അവര്‍ ആരോപിച്ചു....! സംഭവം വിവാദമായതിനെത്തുടര്‍ന്ന് കേജ്രിവാള്‍ കഴിച്ച പൊറോട്ടയും ചിക്കന്‍ കറിയും ശര്‍ദ്ദിച്ച് സാധാരണക്കാരന്‍റെ ഭക്ഷണമായ കഞ്ഞിയും പയറും കഴിച്ച് മാതൃക കാട്ടി !! തന്‍റെ അനുയായികളും ഫാന്സുകാരും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തെറ്റു തിരുത്തിയതെന്നും , ഇനി ഭക്ഷണം കഴിക്കും മുന്നേ ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.... ________________________________________ ഇനി ഇന്നത്തെ എസ്.എം.എസ് ചോദ്യം..... താഴെ പറയുന്നവയില്‍ നിന്നും ഏതു ഭക്ഷണമാണ് നാളെ കേജ്രിവാള്‍ കഴിക്കേണ്ടതെന്ന്നിങ്ങള്‍ക്കു തീരുമാനിക്കാം.... A ) പഴങ്കഞ്ഞിയും അച്ചാറും B ) പുട്ടും കടലക്കറിയും C ) ഉപ്പുമാവ് നിങ്ങളുടെ ഉത്തരം " AK സ്പേസ് ശരിയുത്തരം " എന്ന ഫോര്‍മാറ്റില്‍ 80025678 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യാവുന്നതാണ്.....! ----------------------------------------------- ഇനി വിലകൂടിയ സോപ്പ് ഉപയോഗിച്ച് കുളിച്ച കേജ്രിവാളിന്‍റെ ആഡംബര ജീവിതത്തെക്കുറിചുള്ള എക്സ്ക്ലൂസീവ് വാര്‍ത്തയുമായി നാളെ കാണാം.... നന്ദി....നമസ്കാരം

  ReplyDelete
 23. എന്തൊക്കെ പറഞ്ഞാലും,ആരൊക്കെ എഴുതിയാലും.പൊതുജനം കഴുതകൾ തന്നെയാണ്..ഇനി ഇലക്ഷൻ കഴിഞ്ഞു കാണാം............................

  ReplyDelete
  Replies
  1. എന്തെങ്കിലും പറഞ്ഞോ......

   Delete
 24. ഭരണത്തിന്റെ മധുരം മനസ്സിലാക്കിയ A K അതിനിടയില്‍ ഫ്ലാറ്റ് കണ്ടു അന്തം വിട്ടത് അത്ര വലിയ വാര്‍ത്ത അല്ലാതെ പോയത് കണ്ടാവാം

  ReplyDelete
 25. Good poll and good result basheer. Ak should come to kerala to clean our dirty politics.

  ReplyDelete
 26. കേരളം മാറി മാറി ഭരിച്ച് അഴിമതി നടത്തി പൊതുഖജനാവ് കൊള്ളയടിച്ചുണ്ടാക്കിയ കാശുകൊണ്ട് പാർട്ടി ഫണ്ടും ചാനലുകളും നിർമ്മിച്ച് കേരളത്തെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും കൊണ്ടുപോയി പാവം പൊതു ജനത്തേ ഇനിയും വിഢികളാക്കി തെരഞ്ഞെടുപ്പിനെ നേരിടിനിറങ്ങുന്ന കോൺഗ്രസ്സുകാരനും പിണറായിയേ അനുകൂലിക്കുന്ന സി.പി.എം കാരനും ഒന്ന് മനസ്സിലാക്കുക....

  അഴിമതിക്കെതിരെ ഡൽഹിയിൽ നിന്നും ആരംഭിച്ച ** ആം ആദ്മി ** എന്ന സുനാമി എല്ലാ പ്രദേശത്തേക്കും ആഞ്ഞടിച്ചു തുടങ്ങിയിരിക്കുന്നു....

  ഇനിയെങ്കിലും വെല്ലുവിളികളും ഭീഷണികളും അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങളെന്തെന്ന് മനസ്സിലാക്കി ആം ആദ്മി പാർട്ടിയുടെ പിന്നിൽ അണിനിരന്ന് രാജ്യത്തിന്റേയും ജനങ്ങളുടേയും ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക....

  ReplyDelete
 27. avasanam basheerikkayude opnion polilenkilum modi munnam sthanathai. aswasom!!!!

  ReplyDelete
 28. ബഷീര്‍ ഭായ് , പാക്കിസ്ഥാനില്‍ നടത്തിയ സര്‍ വ്വേയാണോ ഇത് ? അതോ താങ്കളെ വായിക്കുന്നവര്‍
  ഈ നിലവാരം മാത്രം ഉള്ളവരാണോ ? കമന്റുകളുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടീടെ
  പേരുണ്ടായിരുന്നെങ്കില്‍ മുന്നിലെത്തിയേനെ . മോദിയെ മൂന്നാമതാക്കാന്‍ ഇങ്ങനെ ഒരു കടും കൈ ചെയ്യണമായിരുന്നോ .
  ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നെ കേജ്രിവാളിനെ വിലയിരുത്താറായില്ല ..പിന്നല്ലേ പ്രധാനമന്ത്രി ..
  ഒരുപാടു സറ്വ്വേകള്‍ നടക്കുന്നുണ്ട് . മിക്കവാറും എല്ലാത്തിലും മുന്നില്‍ നില്‍ ക്കുന്നയാളെ ഏറ്റവും പിന്നിലാക്കാന്‍
  താങ്കള്‍ ക്കു സാധിച്ചിരിക്കുന്നു ! അതുപോലെ ചിത്രത്തിലില്ലാത്ത ഒരാളെ മുന്നിലെത്തിക്കാനും പറ്റി ! അഭിനന്ദനങ്ങള്‍ ..
  അഭിപ്രായ സര്‍ വ്വേകള്‍ വീട്ടിലോ സുഹൃത്തുക്കള്ക്കിടയിലോ നടത്താനുള്ളതല്ല .. പുറത്തു വിശാലമായ ചിന്തിക്കുന്ന
  ജനസമൂഹത്തില്‍ നടത്താനുള്ളതാണ്. ഇതിനെ ഒരു ആഗ്രഹ പ്രകടനമായി കണ്ട് അം ഗീകരിക്കുന്നു . :)

  ReplyDelete
  Replies
  1. വിവരം വേണ്ടേ ഉണ്ണ്യേട്ടാ. പാക്കിസ്താനിലെ റാവല്‍‌ണ്ടിയില്‍ ഏതോ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച ഒരു വിദ്വാനുവേണ്ടി ഇവിടെ ഭാരതത്തില്‍ സര്‍‌വ്വേ നടത്തി നമ്മുടെ സം‌പൂജ്യ നേതാവിനെ കരി വാരിത്തേക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ ശുംഭന്‍ (ജയരാജ സഖാവ് ഉപയോഗിച്ച അര്‍ത്ഥത്തിലല്ല കേട്ടോ, ഇത് സാക്ഷാല്‍ ശുംഭാര്‍ത്ഥത്തില്‍ തന്നെ.) എനിക്ക് അരിശം വന്നിട്ട് വയ്യേ...
   salimpm@gmail.com

   Delete
  2. അനിയന്‌ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കണം .. ഇനി ആവര്‍ ത്തിക്കില്ല ..

   Delete
 29. വെറും രണ്ടു സീറ്റില്‍ നിന്ന് ബി ജെ പി എന്ന പാര്‍ട്ടിയെ ഇത്രയും എത്തിച്ചത് കൊണ്ഗ്രസ്സിനോട് ഉള്ള ജനങ്ങളുടെ മടുപ്പാണ്..പക്ഷെ ഇപ്പോള്‍ ഇവ രണ്ടിനോടും ഉള്ള വിയോജിപ്പ്‌ ആം ആദ്മിയിലൂടെ ജനങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍..അമ്പത് സീറ്റ് എങ്കിലും ആം ആദ്മിക്ക് കിട്ടനെ എന്നാണു എന്റെ പ്രാര്‍ത്ഥന...

  ReplyDelete
 30. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ മറന്ന് , അവരുടെ മാത്രം നേട്ടത്തിന് മാത്രം പ്രവർത്തിക്കുന്നു ..ജനങ്ങളെ ഓരോ ദിവസം എങ്ങനെയൊക്കെ ദ്രോഹിക്കണം എന്ന് മാത്രം ചിന്തിക്കുന്ന ഒരു ഭരണകൂടം ... ആ ഭരണകൂടത്തിന് എതിരെ ജനാധിപത്യപരമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ആളാണ് അദ്ദേഹം ...ജനങ്ങൾ അവര്ക്ക് വോട്ട് ചെയ്തതിൽ അത്ഭുതം ഇല്ല ..ഇത്തവണ അയാള് പ്രധാന മന്ത്രി ആകും എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല ... എന്നാൽ ഡൽഹി യിലേതു ഒരു തുടക്കം മാത്രം ആയിരിക്കും .. മാറാൻ സർക്കാരുകൾ തയ്യാറല്ലെങ്കിൽ ഇനിയം ഇതുപോലെ ഇനിയും സംഭവിക്കും ....ജനാധിപത്യത്തിലെ മുല്ലപ്പൂ വിപ്ലവങ്ങൾ തുടരട്ടെ ....

  ReplyDelete
 31. please read todays times of India (Mumbai edition)

  manoj

  ReplyDelete
 32. പഴയ കാലത്ത് (ന്നു വച്ചാ ടീവീം ചാനെലുമൊക്കെ വരണേ നൊക്കെ മുന്നേ ) കേട്ട ഒരു തമാശ ഓര്‍ത്തു പോയി

  ചന്ദ്രിക പത്രത്തിലെ ചരമ കോളം വായിചോന്ടിരുന്ന മൊല്ലാക്കാടെ ആത്മഗതം.....ഇദെന്തരു മറിമായം മയ്യത്താവണതെല്ലാം ഞമ്മന്റെ ആളോള് തന്നെല്ലോ !!!

  ReplyDelete
 33. എനി കെജ്രിവാൾ യുഗം വർഗ്ഗീയതയും അഴിമതിയും തുല്ലയട്റ്റെ

  ReplyDelete
 34. They formed the party for fight against corruption in Politics,babudom, Civil society. After gaining 2nd position in Delhi election, they choose to ally with the most corrupt party in the world - CONgress- for forming the government. It's like using rats for fight against plague. Bunch of anarchists and anti nationals.

  ReplyDelete