സിന്ധു ജോയ് എന്ന ന്യൂസ് റീഡര്‍

വാർത്താവായനക്കാരുടെ കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി കടന്നു വരികയാണ്. സിന്ധു ജോയ്. സൂര്യ ടി വിയിൽ ഇന്ന് വൈകുന്നേരത്തെ ആറു മണി വാർത്ത വായിച്ചു കൊണ്ടാണ് സിന്ധു അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സംഭവം വരാൻ പോകുന്നുണ്ടെന്ന് സിന്ധു പ്രഖ്യാപിച്ചിരുന്നു. ഉള്ളത് പറയാമല്ലോ, വാർത്തകൾ കാണാൻ വേണ്ടി ജീവിതത്തിലൊരിക്കലും ഞാൻ സൂര്യ ടി വി തുറന്നിട്ടില്ല. പക്ഷേ ഇന്ന് തുറന്നു. സിന്ധുവിന്റെ പെർഫോമൻസ് കാണുകയും ചെയ്തു. ഒറ്റവാക്കിൽ പറഞ്ഞാൽ കൊള്ളാം. കുളമാക്കിയില്ല. ഏതൊരു കാര്യവും ഒരാൾ ആദ്യമായി ചെയ്യുമ്പോൾ ഒന്ന് പ്രോത്സാഹിപ്പിച്ചു കൊടുക്കണം. അതൊരു നാട്ടുനടപ്പും സാമാന്യ മര്യാദയുമാണ്‌. ആ ഗണത്തിൽ കൂട്ടിയാൽ മതി ഈ പോസ്റ്റിനെ.

മലയാളി ഹൗസിൽ പങ്കെടുത്ത പതിനാറ് പേരിൽ പതിനഞ്ച് പേരും വളരെ ശ്രദ്ധിച്ചു വേണം ഇനി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ. അത്രമാത്രം ചീത്തപ്പേര് ഇതിനകം കിട്ടിയിട്ടുണ്ട്. സന്തോഷ്‌ പണ്ഡിറ്റ്‌ മാത്രമാണ് ആ പരിപാടി കൊണ്ട് രക്ഷപ്പെട്ടത്. പുള്ളിയുടെ ഇമേജ് ഇപ്പോൾ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഏതാണ്ട് അടുത്തായി വരും. ഇനി പുതിയ പടമൊന്നും എടുക്കാതിരുന്നാൽ ആ ഇമേജ് നിലനില്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ബാക്കിയുള്ള പതിനഞ്ച് പേരുടെ കാര്യമതല്ല.ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ് ആളുകൾ. കടിച്ചു കീറാൻ. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു വേണം അവർ എന്തെങ്കിലുമൊക്കെ ചെയ്യാനും പറയാനും.

ജി എസ് പ്രദീപിന്റെ ഉദാഹരണം തന്നെയെടുക്കാം. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ ഒരു ചെറിയ അബദ്ധം പ്രദീപിന് പറ്റി. പക്ഷേ അത് ഇത്രമാത്രം വിമർശന വിധേയമായത് മലയാളി ഹൗസ് ഇമേജ് അതിന്റെ പിറകിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഞാനടക്കമുള്ളവർ പോസ്റ്റ്‌ എഴുതിയതും അതുകൊണ്ട് തന്നെയാണ്. അതല്ലെങ്കിൽ വെറുതേ വിട്ടുകളയാവുന്ന കാര്യമേയുള്ളൂ. ഇതിനേക്കാൾ വലിയ വങ്കത്തങ്ങൾ നമ്മുടെ രാഷ്ട്രീയക്കാർ ഇത്തരം വേദികളിൽ ദിവസവും വിളിച്ചു പറയാറുണ്ട്‌. ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ നമ്മളത് പുറത്ത് വിടും. അപ്പോൾ പറഞ്ഞു വന്നത് മലയാളി ഹൗസ് ഇമേജ് ഒരു പ്രേതമായി പിറകെ കൂടാതിരിക്കാൻ ഇത്തിരി ശ്രദ്ധ കൂടുതൽ വേണമെന്നാണ്.  


കോണ്‍ഗ്രസ്‌ വിട്ട് വീണ്ടും സി പി എമ്മിലേക്ക് പോകാനാണ് തന്റെ പരിപാടിയെന്ന് സിന്ധു പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനുള്ള സ്കോപ്പ് പിണറായി സഖാവ് നല്കുമോ എന്നത് തീർത്തും സംശയമാണ്. സി പി എമ്മിൽ ഫയർ ബ്രാൻഡ് ഫിഗറായി കത്തിനിന്ന സമയത്താണ് ഒരുൾവിളി തോന്നി സിന്ധു കോണ്‍ഗ്രസ്സിൽ ചേർന്നത്. അത് പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഉമ്മൻചാണ്ടിയെ തന്റെ പിതാവിന്റെ സ്ഥാനത്താണ്‌ കാണുന്നതെന്നൊക്കെ വെച്ച് കാച്ചുകയും ചെയ്തു. ചാണ്ടിസാറിനെ മാറ്റി ഇനി പിണറായി സാറിനെ പിതാവിന്റെ സ്ഥാനത്ത് ഇരുത്തണമെങ്കിൽ ഇച്ചിരി പ്രയാസം ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ആ പൂതി മാറ്റിവെച്ച് ഈ പുതിയ ജോലിയിൽ കോണ്‍സൻട്രേറ്റ് ചെയ്യൂ എന്നാണ് സിന്ധുവിനോട് പറയാനുള്ളത്.

ഒരു വിനോദ ചാനൽ എന്ന നിലക്ക് വാർത്തകൾക്ക് സൂര്യയിൽ ഏറെ സ്കോപ്പൊന്നും ഇല്ലായെങ്കിലും സൂര്യയിലിരുന്നു കൊണ്ട് സ്വന്തം സ്കോപ്പിനെ ഒന്ന് മിനുക്കിയെടുക്കാൻ ജേർണലിസത്തിൽ പി ജി ഡിപ്ലോമയുള്ള സിന്ധുവിന് കഴിയും. കരണം മറിയുന്ന ഒരു രാഷ്ട്രീയക്കാരിയുടെ റോളിനെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ഒരു വാർത്താ വായനക്കാരിയുടെ റോൾ.. ദൃശ്യ മാധ്യമങ്ങളുടെ സുവർണ കാലത്തിലൂടെയാണ്‌ കേരളം കടന്ന് പോകുന്നത്. മാധ്യമ പ്രവർത്തകരുടെയും സുവർണ കാലമാണിത്. പരസ്പരം മത്സരിക്കുന്ന നിരവധി ചാനലുകൾ. അവയിലൊക്കെ വേണ്ടത്ര ചാൻസുകൾ..അതിന് പുറമേ രംഗപ്രവേശം കാത്ത് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അനവധി ചാനലുകൾ വേറെയും. കഴിവ് തെളിയിച്ചാൽ അതിന്റെ ഗുണം ഭാവിയിൽ ലഭിക്കുമെന്നുറപ്പ്.


ഒറ്റ ദിവസത്തെ പെർഫോമൻസ് വെച്ച് മാർക്കിടുന്നത്‌ ശരിയല്ല. വായനക്കിടയിൽ അല്പം പുഞ്ചിരിയൊക്കെ മുഖത്ത് വരുത്താൻ സിന്ധു ശ്രമിച്ചിട്ടുണ്ട്. ഉച്ചാരണവും വലിയ മോശം പറഞ്ഞു കൂട. പിന്നെ വസ്ത്രവും ഗെറ്റപ്പുമൊക്കെ എങ്ങിനെയെന്ന് ഞങ്ങൾ ആണുങ്ങൾ വിലയിരുത്തുന്നത് ശരിയല്ല. അതുകൊണ്ട് അതെക്കുറിച്ച് നോ കമന്റ്സ്. സിന്ധുവിന് ഭാവുകങ്ങൾ. ഈ ബ്ലോഗിലെ ചില ലിങ്കുകൾ സിന്ധുവിന് ഞാൻ ഡെഡിക്കേറ്റ് ചെയ്യുകയാണ്. (ലിങ്ക് കച്ചവടമാണല്ലോ ഞങ്ങൾ ബ്ലോഗർമാരുടെ പ്രധാന പണി). ഉപകാരപ്പെട്ടേക്കും

വാർത്തവായനക്കിടയിൽ ഓടിയെത്തിയ മകൾ. പതറാതെയമ്മ
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?  

അതോടൊപ്പം സൂര്യ ടി വിയോട് ഒരഭ്യർത്ഥനയുള്ളത് നമ്മുടെ പണ്ഡിറ്റിനും എന്തെങ്കിലുമൊരു ജോലി ഉണ്ടെങ്കിൽ കൊടുക്കണമെന്നാണ്. അങ്ങിനെ ചെയ്യുന്ന പക്ഷം കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ ഇപ്പോൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നത് പോലെ കേരളത്തിലെ സിനിമാ പ്രേക്ഷകരും എക്കാലവും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.

Related Posts
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
സിന്ധു ജോയി സി പി എമ്മിലേക്ക്. ഹി.. ഹി..