ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും

'മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമോ' എന്ന തലക്കെട്ടിൽ അഖിലേന്ത്യാ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി  ഡോ. ഹുസൈൻ മടവൂർ ചന്ദ്രിക പത്രത്തിൽ എഴുതിയ ലേഖനം കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിൽ ആശാവഹമായ ചില ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ മത വിദ്യാഭ്യാസ നവോത്ഥാനത്തിന് വേണ്ടി രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനത്തിൽ ഒരു പതിറ്റാണ്ടിന് മുമ്പുണ്ടായ പിളർപ്പ് സൃഷ്‌ടിച്ച ദുരന്തം വളരെ വലുതായിരുന്നു. ഒരു സമൂഹത്തിന്റെ മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും വിത്തുപാകി മുന്നിൽ നടക്കേണ്ട നവോത്ഥാന പ്രസ്ഥാനം അതിന്റെ ആന്തരിക ശൈഥില്യങ്ങളിൽ കെട്ടുപിണഞ്ഞ് ദുരന്ത പൂർണമായ ഒരു ചരിത്ര പഥത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ആശയുടെ ഒരു പൊൻകിരണം പോലെ ഐക്യത്തെക്കുറിച്ചുള്ള ഉള്ളുതുറന്ന ഒരു ചർച്ചക്ക് ഡോ. മടവൂർ തുടക്കം കുറിച്ചിരിക്കുന്നത്.

(കേരള മുസ്‌ലിം സമൂഹത്തിലെ ആന്തരിക ഗ്രൂപ്പുകളുടെ പേരുകളും നയങ്ങളും അറിയാത്ത ഏറെപ്പേർ ഈ ബ്ലോഗിന്റെ വായനക്കാരായി ഉണ്ടാവാൻ ഇടയുണ്ട്. അവരുടെ അറിവിലേക്കായി മാത്രം പറയട്ടെ. മുജാഹിദ് എന്ന് കേൾക്കുമ്പോൾ മുസ്‌ലിം തീവ്രവാദ 'ജിഹാദി' ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിക്കരുത്. വക്കം മൗലവി, കെ. എം മൗലവി, കെ എം സീതി സാഹിബ് തുടങ്ങിയ മുഖ്യധാരാ സാമൂഹ്യ പ്രവർത്തകരും അവരോടൊപ്പം പുരോഗമന കാഴ്ചപ്പാടുള്ള മതപണ്ഡിതന്മാരും മുസ്‌ലിം സമൂഹത്തിലെ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദിക്കുവാനും വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലെ അവരുടെ പിന്നാക്കാവസ്ഥയെ മറികടക്കുവാനും വേണ്ടി വളർത്തിക്കൊണ്ടുവന്ന ഒരു നവോത്ഥാന പ്രസ്ഥാനമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. 'ജിഹാദി'  ആശയധാരയുമായി അതിന് ബന്ധമൊന്നുമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ആ വഹാബികളല്ല ഈ വഹാബികൾ' എന്ന തലക്കെട്ടിൽ എം എൻ കാരശ്ശേരി എഴുതിയ ഒരു ലേഖനത്തിൽ (2010 ഫെബ്രുവരി 21) ആ 'മുജാഹിദു'കളല്ല ഈ 'മുജാഹിദുകൾ' എന്നത് രസകരമായി അവതരിപ്പിക്കുന്നുണ്ട്. 'മലയാളം' വാരികയിൽ  എ വി ഫിർദൗസ് എഴുതിയ 'പിളർന്നു തീരുന്ന മുജാഹിദ് പ്രസ്ഥാനം' എന്ന ലേഖനം - 22 മാര്‍ച്ച്‌ 2013 - ആ സംഘടനയുടെ ചരിത്രവും ഈയടുത്ത കാലത്തുണ്ടായ പിളർപ്പും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് വായിക്കാവുന്നതാണ്)

മുജാഹിദ് പ്രസ്ഥാനത്തിലെ ഇരുവിഭാത്തെയും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകുവാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. കെ എൻ എമ്മിന്റെ സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുള്ളക്കോയ മദനി എന്റെ അമ്മാവനാണ്. മറുപക്ഷത്തിന്റെ പ്രധാന നേതാവ് ഡോ. ഹുസൈൻ മടവൂർ എന്റെ അധ്യാപകനുമാണ്. ഇരുവരുടെയും മനസ്സ് വായിക്കുവാൻ പല സന്ദർഭങ്ങളിലും അവസരമുണ്ടായിട്ടുണ്ട്. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിലുള്ള അബ്ദുള്ളക്കോയ മദനിയുടെ സംസാരങ്ങളും പ്രഭാഷണങ്ങളും കേട്ടുകൊണ്ടാണ് കുട്ടിക്കാലത്ത് വളർന്നത്‌ തന്നെ. ആ സ്വാധീന വലയത്തിലൂടെ തന്നെയാണ് ഈ പ്രസ്ഥാനത്തെ അറിയുന്നതും പരിചയപ്പെടുന്നതും. എന്റെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും ഇസ്ലാഹി പ്രസ്ഥാനം വളർന്നതിലും വികസിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ വലുതാണ്‌. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനം നെടുകെ പിളർന്നപ്പോൾ കുടുംബത്തിലും സമൂഹത്തിലും ഏറെ മന:പ്രയാസം അനുഭവിക്കേണ്ടി വന്ന ഒരു തലമുറയുടെ പ്രതിനിധി തന്നെയാണ് ഞാനും.

ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും ഹുസൈൻ മടവൂരുമായി ചില ആശയവിനിമയങ്ങൾ നടത്തുവാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇസ്ലാഹി പണ്ഡിതനായ അഹമ്മദലി മദനിയുടെ മരണ വാർത്ത അറിഞ്ഞ ദിവസം തന്നെ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്ന കാര്യം അദ്ദേഹം എന്നോട് സൂചിപ്പിച്ചിരുന്നു. സൗദിയിൽ വരുമ്പോൾ അദ്ദേഹത്തിന്റെ  മീഡിയ കോർഡിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തിടപഴകാൻ അവസരമുണ്ടാവുന്നതിനാൽ ആ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ ഞാൻ കാണുകയുണ്ടായി. വായിച്ച ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇത്തരമൊരു ലേഖനം താങ്കളുടെ പക്ഷത്തും മറുപക്ഷത്തും ഉയർത്താവുന്ന പ്രതികരണങ്ങൾ വളരെ വലുതല്ലേ, ശരിക്കും പ്രസിദ്ധീകരിക്കാൻ തന്നെയാണോ തീരുമാനം?. (വികാരനിർഭരമായ ആ ലേഖനം വായിച്ചപ്പോൾ എന്റെ മനസ്സിലുണ്ടായ ആശയും ആവേശവും ഒട്ടും പുറത്ത് കാണിക്കാതെയാണ് ഞാനത് ചോദിച്ചത്). "അതെ" എന്ന മറുപടി. താങ്കൾ ഐക്യം ആവശ്യപ്പെടുമ്പോൾ താങ്കളുടെ പക്ഷത്തിന്റെ ദുർബലതയായി അത് വ്യഖ്യാനിക്കപ്പെടില്ലേ എന്ന് ഞാൻ വീണ്ടും ചോദിച്ചു. 'അതിനെക്കുറിച്ച് ഞാൻ വ്യാകുലപ്പെടുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിലും ഈ സമുദായത്തിനും ഇതുകൊണ്ടൊരു ദോഷമുണ്ടാകില്ല". വളരെ കൃത്യമായ വാക്കുകൾ.. പതറാത്ത ശബ്ദം. സത്യം പറയാമല്ലോ, ആ മറുപടിയിൽ എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ കേൾക്കാൻ കൊതിച്ചതും ആഗ്രഹിച്ചതുമായ വാക്കുകൾ ..

മലയാളം ന്യൂസ് 16 June 2013

തന്റെ പക്ഷം ഏറെ വ്യവസ്ഥാപിതമായും ശക്തമായും മുന്നോട്ടു പോകുമ്പോഴും ഐക്യത്തിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്നതും ശിരസ്സ്‌ കുനിക്കുന്നതും ബലഹീനതയല്ല എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നതായി തുടർന്നുള്ള ഭാഷണങ്ങളിൽ എനിക്ക് ബോധ്യമായി. മറുപക്ഷത്തെ നയിക്കുന്ന അബ്ദുല്ലക്കോയ മദനിയും എ പി അബ്ദുൽ ഖാദർ മൗലവിയും സമാന മനസ്സുകൾ സൂക്ഷിക്കുന്നവരാണ് എന്നെനിക്കുറപ്പുണ്ട്. പല വേളകളിലായി എനിക്കത് തിരിച്ചറിയാനും പറ്റിയിട്ടുണ്ട്. പക്ഷേ ഇരുപക്ഷത്തെയും നേതാക്കളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ചെറിയ ഉപജാപക വൃന്ദം ഇത്തരം ഐക്യ ശ്രമങ്ങളെ തകർക്കാൻ നിരന്തരം ശ്രമിക്കുന്നവരാണ്. ഹുസൈൻ മടവൂർ അത്തരം ശ്രമങ്ങളെ ഒരളവ് വരെ അതിജയിച്ചിരിക്കുന്നു എന്നാണ് ഈ കുറിപ്പ് സൂചിപ്പിക്കുന്നത്.

ചന്ദ്രിക പത്രത്തിൽ ആ ലേഖനത്തിന്റെ പൂർണ രൂപം വന്നിട്ടില്ല. പൂർണ രൂപത്തിലുള്ള കുറിപ്പ് എന്റെ കൈവശമുണ്ട്. അതിലൊരിടത്ത് അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്‌. "ഞാ മക്കയി വെച്ചാണ് ഇതെഴുതുന്നത്. എന്നെ ഉപദ്രവിച്ചവരും അഭിമാനത്തിന് ക്ഷതമേപ്പിച്ചവരും യാത്ര മുടക്കിയവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. ഞാ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങ എന്റെ മേ ആരോപിച്ചവരുണ്ട്. അവക്കെല്ലാം അല്ലാഹുവി നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഞാ മാപ്പ് നല്കിയിരിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കി അതിന്റെ പേരി ബന്ധപ്പെട്ടവരോട് മാപ്പിരക്കുന്നു. ഈ പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ട് പോവുകാ എന്തൊക്കെ വിട്ടുവീഴ്ചക ചെയ്യണമോ അവയൊക്കെയും വ്യക്തിപരമായി ചെയ്യുവാ ഞാ സന്നദ്ധനുമാണ്". (ലേഖനത്തിന്റെ പൂർണരൂപം വർത്തമാനം പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്). വിശുദ്ധ മക്കയിൽ വെച്ച് എല്ലാവരോടും ക്ഷമിക്കകയും പൊറുക്കുകയും ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ചതോടൊപ്പം തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിന് മാപ്പിരക്കുകയും ചെയ്യുന്നു എന്ന് പറയുക വഴി മടവൂരിന്റെ വ്യക്തിത്വത്തിന് ഒട്ടും ഇടിവ് പറ്റിയിട്ടില്ല. മറിച്ച് അത് കൂടുതൽ പ്രശോഭിക്കുകയാണ് ചെയ്യുന്നത്.

ഇനി പ്രതികരിക്കേണ്ടത് ഏ പി യും ടി പി യുമാണ്‌. അവരുടെ പ്രതികരണങ്ങൾക്കായി കേരളം കാത്തിരിക്കുന്നുണ്ട്. ഐക്യ ശ്രമത്തിന് എതിരു നിൽക്കുന്ന ചുരുക്കം ചിലരുടെ താത്പര്യങ്ങളെ അവഗണിച്ച് ഇരുവരും അവരുടെ ഹൃദയ വികാരങ്ങളെ സാക്ഷാത്കരിക്കുവാൻ മുന്നോട്ട് വന്നാൽ കേരളത്തിന്റെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിൽ അതൊരു നാഴികക്കല്ലാവും. അതല്ല, ഗ്രൂപ്പും വഴക്കും പൊതുപ്രഭാഷണങ്ങളും സാമൂഹ്യ മലിനീകരണം വരുത്തുന്ന വിഴുപ്പലക്കലുകളുമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകട്ടെ എന്നാണ് തീരുമാനിക്കുന്നതെങ്കിൽ മറ്റൊന്നും പറയാനില്ല. ഡോ. മടവൂർ സൂചിപ്പിച്ച പോലെ മരണം ഏതു നിമിഷവും കടന്ന് വരാം. ആർക്കും എപ്പോഴും അരികെലെത്താം. മരിക്കുന്നതിന് മുമ്പ് ഈ പ്രസ്ഥാനത്തിന്റെ ഐക്യത്തിന് വേണ്ടി അല്പം ചില വിട്ടുവീഴ്ചകൾക്ക് നേതൃനിര സന്നദ്ധമായാൽ ഇസ്ലാഹി ചരിത്രത്തിലെ തങ്ക ലിപികളിൽ അവരുടെ പേരുകൾ ചേർക്കപ്പെടും, ഓർക്കപ്പെടും. അതല്ല എങ്കിൽ ഈ പ്രസ്ഥാനം നെടുകെ പിളർന്നു പോരടിക്കുന്നത് കണ്ട് കണ്ണടക്കേണ്ട ദുരവസ്ഥയും പ്രസ്ഥാന നേതാക്കൾക്ക് വന്ന് ചേരും. 'ദൈവത്തിന്റെ പാശത്തെ  നിങ്ങൾ മുറുകെ പിടിക്കുക, ഭിന്നിച്ചു പോകരുത്' എന്ന വിശുദ്ധ ഖുർആനിന്റെ അധ്യാപനം അപ്പോഴും ഒരശരീരി കണക്കെ അന്തരീക്ഷത്തിൽ  അലയടിക്കുമെന്നു മാത്രം.

മുസ്‌ലിം സംഘടനകളിൽ പിളർപ്പുകൾ ഒരു ദുരന്തമായിട്ടു ഏറെക്കാലമായി. കേരളത്തിലെ മുസ്ലിംകളിൽ ഭൂരിപക്ഷമുള്ള സുന്നി വിഭാഗവും രണ്ടു ചേരികളിലായി പോരടിക്കുകയാണ്‌. ഒരു മാറ്റം അവിടെയും ആവശ്യമുണ്ട്. ഒരേ വിശ്വാസധാരയിൽ ചലിക്കുന്നവർ ഒരുമിച്ചു പ്രവർത്തിച്ചാൽ ഈ സമൂഹത്തിന്റെ പൊതു ഉന്നമനത്തിനായി പലതും ചെയ്യാൻ പറ്റും. അതോടൊപ്പം കേരളത്തിന്റെ ബഹുമത സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കുന്ന ഉച്ചഭാഷിണി വിഴുപ്പലക്കലുകളും മാദ്ധ്യമങ്ങളിലൂടെയുള്ള വാക്ക്പോരുകളും ഇല്ലാതാവും. പല ഗ്രൂപ്പുകളിലുമായി അകന്നു കഴിയുന്ന നിരവധി കുടുംബങ്ങളിൽ സ്നേഹവും സൗഹാർദ്ധവും തിരിച്ചെത്തും. മാറ്റമുണ്ടാകേണ്ടത് അണികളിളല്ല, മതം പ്രസംഗിച്ചു നടക്കുന്ന നേതൃനിരയിലാണ്.

ഹുസൈൻ മടവൂരിന്റെ ലേഖനം മുജാഹിദ് പ്രസ്ഥാനത്തിൽ ഒരു പുതുയുഗപ്പിറവിക്കുള്ള നാന്ദി കുറിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു.

Recent Posts
കണ്ണീരും സാരിയും വില്പനക്കുണ്ട് !!
മാധവിക്കുട്ടിയുടെ മതം: ജുഡീഷ്യൽ അന്വേഷണം വേണം!!
ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും