ഇന്ത്യാവിഷന്റെ മാപ്പ്, ഫൗസിയയുടെ കേസ്!

സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന വ്യാപകമായ പ്രതിഷേധം ഫലം കണ്ടു. പർദ്ദയെ പ്രാകൃത വേഷമാക്കിയ ഇന്ത്യാവിഷൻ അവസാനം മാപ്പ് പറഞ്ഞു. എക്സിക്യൂട്ടീവ് എഡിറ്റർ എം പി ബഷീർ വെബ്‌ സൈറ്റിൽ പരസ്യമായി ഖേദപ്രകടനം നടത്തി. വിവാദ വിഷയമായ ക്ലിപ്പിംഗ് ഇന്റർനെറ്റ്‌ ആർക്കൈവിൽ നിന്ന് പിൻവലിച്ചു. ഇത്രയും ചെയ്യാൻ തയ്യാറായ അവരെ ആദ്യമായി അഭിനന്ദിക്കുന്നു. വമ്പൻ വങ്കത്തമാണ്‌ തങ്ങളുടെ സ്പെഷ്യൽ കറസ്പോണ്ടന്റ് വിളിച്ചു കൂവിയത് എന്ന് ബോധ്യപ്പെട്ടപ്പോൾ അതിനെ ന്യായീകരിക്കാൻ നില്ക്കാതെ മാപ്പ് പറയാൻ തയ്യാറായത് നല്ല ലക്ഷണമാണ്. പക്ഷെ മാപ്പിനോടൊപ്പം ഒരു ഭീഷണിയും ഇന്ത്യാവിഷൻ ഉയർത്തിയിട്ടുണ്ട്. പ്രതിഷേധിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്ന് !!.. ഫൗസിയ സ്വന്തം നിലക്ക് കേസ് കൊടുക്കും. ഇന്ത്യാവിഷൻ വേറെയും കൊടുക്കും!! അരിയും തിന്നു ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടി കോടതി വരാന്തയിൽ മുറുമുറുക്കുന്നു!.

ഫൗസിയക്ക് എന്ത് തോന്ന്യാസവും വിളിച്ചു കൂവാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്കേങ്കില് നാട്ടുകാരാരും ഒരക്ഷരം പ്രതികരിക്കാൻ പാടില്ല. പ്രതികരിച്ചാൽ കേസ് കൊടുത്ത് അകത്താക്കും!  ഇന്ത്യാവിഷന്റെ തിട്ടൂരം കൊള്ളാം. ബലേ ഭേഷ്! ചാനൽ സംപ്രേഷണം ചെയ്ത പരിപാടിയെ വിമർശിക്കുന്നതിനിടയിൽ സോഷ്യൽ മീഡിയയിൽ ഫൗസിയക്കെതിരെ ചിലർ നടത്തിയ അശ്ലീല പരാമർശങ്ങളോട് ഒട്ടും യോജിക്കുന്നില്ല. വിമർശനങ്ങളിൽ മാന്യതയുടെ ഭാഷ സ്വീകരിക്കണം എന്നത് അവിതർക്കിതമാണ്. അത്തരം പരാമർശങ്ങൾ നടത്തിയവർ അവ പിൻവലിക്കണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ഒരു വിഭാഗത്തിനെതിരെ അങ്ങേയറ്റം പ്രകോപനമായ ഒരു പ്രസ്താവന നടത്തിയിട്ട് ജനങ്ങളൊന്നും വികാരപരമായി പ്രതികരിക്കരുത് എന്ന് പറയുന്നന്നതിന് എന്ത് മാത്രം ഔചിത്യമുണ്ട്?.

പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷമാണ് സോഷ്യൽ മീഡിയ വഴി ഇത് ചിലർ വിവാദമാക്കിയത് എന്നാണ് ബഷീർ പറയുന്നത്. ഇന്ത്യാവിഷന്റെ തലപ്പത്തിരിക്കുന്ന ബഷീർ സ്വയം ഞെട്ടേണ്ട ഒരു അവസ്ഥാ വിശേഷമാണിത്. ഇന്ത്യാവിഷൻ പഴയ പോലെ ആളുകൾ കാണുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് നാട്ടുകാർ ഇങ്ങനെയൊരു പരിപാടി സംപ്രേഷണം ചെയ്ത വിവരം അറിയുന്നത് എന്നതും സ്വയം തിരിച്ചറിഞ്ഞ് ഞെട്ടേണ്ട ഒന്ന് തന്നെയാണ്. സൗദി തൊഴിൽ നിയമമായ നിതാഖാത്തും പ്രവാസികളുടെ തിരിച്ചു വരവും ചർച്ച ചെയ്യുന്നിടത്ത് പർദ്ദയെ കടിച്ചു കീറി പാവം പ്രവാസി ഭാര്യമാരുടെ മേക്കിട്ടു കയറാൻ ഫൗസിയയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് കൂടി ബഷീർ വിശദീകരിക്കണം. നിതാഖാത്തും പർദ്ദയും തമ്മിലുള്ള ബന്ധമെന്താണ്?. ഒരു വനിതാ റിപ്പോർട്ടർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ചിലർ നടത്തിയതിനാണത്രെ ബഷീറും ഫൗസിയയും കേസ് കൊടുക്കാൻ പോകുന്നത്. മലപ്പുറത്തെ സ്ത്രീകളെക്കുറിച്ച് അത്യന്തം അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ഫൗസിയക്കും ബഷീറിനുമെതിരെ കേസിന് പോകാൻ ആ പാവം സ്ത്രീകൾക്ക് അവകാശമുണ്ടോ ആവോ?.

മാധ്യമ പ്രവർത്തകർ കുറച്ചു കൂടി മെച്യൂറിറ്റി കാണിക്കണം. തങ്ങൾക്കു ആരെക്കുറിച്ചും എന്തും വിളിച്ചു കൂവാമെന്ന് വിശ്വസിക്കുകയും തങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടിപ്പോകരുതെന്നു വാശി പിടിക്കുകയും ചെയ്യുന്നത് ഫാസിസമാണ്. മറ്റുള്ളവരെ അപമാനിക്കാൻ ആയിരം നാക്ക് പുറത്തെടുക്കുന്നവർ തങ്ങളെക്കുറിച്ച് ഏതെങ്കിലും പരാമർശം കാണുമ്പോഴേക്കു 'എന്നെ അപമാനിച്ചേ' എന്ന് നിലവിളിക്കുന്നത് എന്തുമാത്രം അപഹാസ്യമാണ്.  

പർദ്ദക്കെതിരെയുള്ള പരാമർശം മാത്രമല്ല ആ പ്രോഗ്രാം മൊത്തത്തിൽ വിവരക്കേടുകളുടെ  ഘോഷയാത്രയായിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മലപ്പുറത്തെ പെണ്‍കുട്ടികളിൽ പത്ത് ശതമാനവും വിവാഹിതരാണ് എന്നാണ് ഫൗസിയ കണ്ടെത്തിയത്!. എവിടുന്നു കിട്ടി ഫൗസിയക്കു ഈ കണക്കുകൾ?. പത്താം ക്ലാസല്ലേ, കിടക്കട്ടെ പത്തു ശതമാനം എന്നങ്ങ് തീരുമാനിച്ചതാണോ? ഏത് ആധികാരിക പഠനമാണ് ഇങ്ങനെയൊരു റിപ്പോർട്ട്‌ പുറത്തു വിട്ടിട്ടുള്ളത്. എരിവും പുളിയും വേണ്ടത്ര മസാലകളും ചേർത്ത് മൈസൂർ കല്യാണം ഹിറ്റാക്കിയത് പോലെ മറ്റൊരു മലപ്പുറം ആട്ടക്കഥയുണ്ടാക്കാനുള്ള പുറപ്പാടിലാണോ ശ്രീമതിയുള്ളത്?.

ഗൾഫ് പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ഗുണവും ചെയ്തിട്ടില്ല എന്നാണ് ഫൗസിയയുടെ മറ്റൊരു കണ്ടെത്തൽ!!. (ഗൾഫ് നഗരങ്ങളിൽ ഓടി നടന്നു പിരിവെടുത്ത് പ്രവാസികളുടെ കാശ് കൊണ്ട് തുടങ്ങിയ ചാനലിലിരുന്നാണ് ഈ അസംബന്ധം പറഞ്ഞത് എന്നത് മറ്റൊരു തമാശ). ഗൾഫ് പണം കേരളത്തിന് ഒരു ഗുണവും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് നാവെടുത്ത ഫൗസിയ അടുത്ത വാചകത്തിൽ പറയുന്നത് കേരളത്തിന്റെ വരുമാനത്തിന്റെ മുപ്പതു ശതമാനവും പ്രവാസികളുടെ വിഹിതമാണെന്നാണ്!!. മുഴുത്ത വട്ടാണല്ലേ എന്ന് ആരും ചോദിച്ചു പോകുന്ന അവതരണം!!.

ആറു മിനിട്ടിനുള്ളിൽ ഇത്രയും പൊട്ടത്തരങ്ങൾ 'സ്പെഷ്യൽ കറസ്പോണ്ടന്റ്' ഒന്നിന് പിറകെ ഒന്നായി വിളമ്പിനല്കിയപ്പോൾ അത് ഉളുപ്പില്ലാതെ സംപ്രേഷണം ചെയ്തയാളാണ് ഇപ്പോൾ മാപ്പും ഭീഷണിയും ഒരുമിച്ചു നല്കി രംഗത്ത് വന്നിരിക്കുന്നത്!!. അതാണ്‌ ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് 'ഏത് വാർത്താ ചാനലാണെങ്കിലും അതിന്റെ തലപ്പത്ത് സുബോധമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കണം' എന്ന്. ഇതുപോലുള്ള പക്കാ തല്ലുക്കൊള്ളിത്തരങ്ങൾ വിളിച്ചു കൂവി ഏതെങ്കിലും ഫൗസിയമാർ റിപ്പോർട്ടുകൾ അയച്ചു കൊടുത്താൽ 'മോളേ ഇത് അസംബന്ധമാണ്' എന്ന് പറയാൻ വകതിരിവുള്ള ഒരാൾ. ബഷീറിനെ ആ പണിക്കു കൊള്ളുമോ ഇല്ലയോ എന്ന് വിലയിരുത്തേണ്ടത് ബഷീറും ബഷീറിനെ ഈ പണിയേല്പിച്ച ചാനൽ മുതലാളിമാരുമാണ്.  Latest! പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും

Related Posts
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം 
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്‌