ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം

ഇന്ത്യാവിഷനിലെ ഫൗസിയ മുസ്തഫക്ക് അടുത്ത് തന്നെ ഒരു അവാർഡ് കിട്ടാൻ സാധ്യതയുണ്ട്. ഒരു മഹാ കണ്ടുപിടുത്തം നടത്തിയതിനാണത്. മലപ്പുറത്തെ മുസ്ലിം സ്ത്രീകളും അവർ ധരിക്കുന്ന വസ്ത്രവും തികച്ചും പ്രാകൃതമാണ് എന്ന എമണ്ടൻ കണ്ടുപിടുത്തമാണ് ഫൗസിയ നടത്തിയിരിക്കുന്നത്. ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാർ തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു എന്ന ചരിത്ര പ്രാധാന്യമുള്ള നിരീക്ഷണവും ഫൗസിയ നടത്തിയിട്ടുണ്ട്. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ലോകചരിത്രത്തിൽ ഇത്രത്തോളം പ്രാധാന്യമുള്ള ഒരു തിയറി നാളിതുവരെ ഉണ്ടായിട്ടില്ല. (സോക്രട്ടീസ്,  ചാൾസ് ഡാർവിൻ, ഫൗസിയ മുസ്തഫ, സർ ഐസക്ക് ന്യൂട്ടൻ..പ്രോട്ടോകാൾ പ്രകാരം ഇനി ഇങ്ങനെയാണ് പറയേണ്ടത്) ഫൗസിയ്ക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല. വെച്ചടി വെച്ചടി കേറ്റമായിരിക്കും. ഇന്ത്യാവിഷനും നാല് പ്രേക്ഷകരെ കിട്ടാനുള്ള സാധ്യതയുണ്ട്. ഡോക്ടർ എം കെ മുനീറിനും ഇച്ചിരി സോഷ്യൽ സ്റ്റാറ്റസ് കൂടാനുള്ള വകുപ്പായി.

എന്റെയൊരു ഏകദേശ കണക്കു പ്രകാരം ലോകത്ത് മുപ്പത്തി രണ്ടായിരത്തി മുപ്പത്തി രണ്ട് വസ്ത്ര ധാരണ രീതികളുണ്ട്. (ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല)  ഫ്രോക്കും സാരിയും ചുരിദാറും ബികിനിയുമെല്ലാം അതിൽ പെടും. ഇത്രയും വസ്ത്ര ധാരണ രീതികളിൽ മുപ്പത്തി രണ്ടായിരത്തി മുപ്പത്തിയൊന്നെണ്ണത്തിനെ പരിഷ്കൃതമെന്നും ഒരെണ്ണത്തിനെ മാത്രം പ്രാകൃതമെന്നും വിളിക്കുന്നതിലെ ലോജിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ശ്രീമതി ഫൗസിയ അതൊന്ന് പറഞ്ഞ് തന്നാൽ നന്നായിരുന്നു. മാറ് മറക്കാതെയും ഉടുതുണിയില്ലാതെയും നടക്കുന്നതിനെയാണ് മുമ്പൊക്കെ നാം പ്രാകൃതമെന്ന് വിളിച്ചിരുന്നത്‌. മാന്യമായ വസ്ത്രം ധരിച്ചു ജീവിക്കുന്നതിനെ സംസ്കാരത്തിന്റെ അടയാളമായും കണ്ടിരുന്നു. എന്നാൽ ഫൗസിയ മുസ്തഫയുടെ നരവംശ സിദ്ധാന്തപ്രകാരം കാര്യങ്ങൾ നേരെ തല തിരിഞ്ഞാണ് കിടക്കുന്നത്.

ഇത് പർദ്ദക്ക് വേണ്ടി വാദിക്കാനുള്ള ഒരു പോസ്റ്റല്ല. പർദ്ദയാണ് സ്ത്രീകൾക്ക് ധരിക്കാൻ പറ്റിയ ഏറ്റവും നല്ല വസ്ത്രമെന്ന വിശ്വാസവും എനിക്കില്ല. പക്ഷേ പർദ്ദ ധരിക്കുന്നു എന്നതിന്റെ പേരിൽ ഒരു വിഭാഗം സ്ത്രീകളെ പ്രാകൃതരെന്നു വിളിക്കുന്ന സംസ്കാര ശൂന്യതയെ ഒരു ശതമാനം പോലും അംഗീകരിക്കാൻ നിർവാഹമില്ല. ബികിനി ധരിച്ച് പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം പോലെ പ്രധാനമാണ് പർദ്ദ ധരിച്ച് നടക്കാനുള്ള സ്വാതന്ത്ര്യവും. അതിലൊന്ന് പരിഷ്കൃതവും മറ്റൊന്ന് പ്രാകൃതവുമാക്കി സർട്ടിഫിക്കറ്റ് നല്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തല്ലുകൊള്ളിത്തരമാണ്.

സ്ത്രീകളുടെ വസ്ത്രധാരണ രീതികളുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ഈ ബ്ലോഗിൽ ഇതിന് മുമ്പ് നടന്നിട്ടുണ്ട്. ഈ വിഷയകമായി പ്രസക്തമെന്നു തോന്നിയ പല കാര്യങ്ങളും ആ പോസ്റ്റുകളിൽ എഴുതിയിട്ടുണ്ട്. അവയെല്ലാം ഇവിടെയും ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. 'എന്നെയൊന്ന് റേപ്പ് ചെയ്യൂ' എന്ന തലക്കെട്ടിൽ വന്ന പോസ്റ്റിൽ എഴുതിയ ചില വരികൾ മാത്രം ഉദ്ധരിക്കട്ടെ. "മാന്യമായ വസ്ത്രധാരണമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. അതൊരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഉടുതുണി അഴിച്ചിട്ടു നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഇരുന്നു കുരയ്ക്കുന്ന വേതാളങ്ങള്‍ പോലും സ്വന്തം വീട്ടില്‍ അത് പ്രാവര്‍ത്തികമാക്കാത്തത്. സ്വന്തം ഭാര്യക്കും മക്കള്‍ക്കും ആ സ്വാതന്ത്ര്യം വേണ്ട!!.  പക്ഷെ ആരാന്റെ അമ്മയും പെങ്ങളും ഉടുതുണി അഴിച്ചിട്ടു നടന്നാല്‍ കാണാന്‍ നല്ല ചേലാണ്!! . നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്. കുതിരവട്ടത്ത് ഒഴിവുണ്ടെങ്കില്‍ അവര്‍ക്കൊരു റൂം ബുക്ക്‌ ചെയ്ത് അങ്ങോട്ടെത്തിക്കുന്നതാവും കൂടുതല്‍ നല്ലത്".

അതേ പോസ്റ്റിൽ പർദ്ദയുമായി ബന്ധപ്പെട്ട് എഴുതിയ വരികൾ കൂടി ഇവിടെ ചേർക്കാം. "കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല. അങ്ങനെ ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ ആളുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതവരുടെ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ഞാന്‍ മനസ്സിലാക്കിയിടത്തോളം പര്‍ദ്ദ എന്ന ഒരു വസ്ത്ര ധാരണ രീതിയെക്കുറിച്ച് തന്നെ വിശുദ്ധ ഖുര്‍ആനോ പ്രവാചകനോ പറഞ്ഞിട്ടില്ല. സ്ത്രീ അവളുടെ നഗ്നത പരസ്യമായി പ്രദര്‍ശിപ്പിക്കരുത്, ഭര്‍ത്താവിന്റെ മുന്നില്‍ മാത്രമാണ് അവള്‍ക്കതിന് സ്വാതന്ത്ര്യമുള്ളത്. മറ്റിടങ്ങളില്‍ നഗ്നത പൂര്‍ണമായി മറക്കുന്ന എന്ത് വസ്ത്രവും ധരിക്കാം. അത് സാരിയോ ചുരിദാറോ മറ്റെന്തെങ്കിലുമോ ആകട്ടെ. പുരുഷനും അവന്റെ നഗ്നത പങ്കു വെക്കേണ്ടത് അവന്റെ ഇണയുമായി മാത്രമാണ്. വളരെ ലളിതമായ ഈ സമീപന രീതിയെ അവഗണിച്ച് സ്ത്രീകള്‍ക്ക് മേല്‍ ഏതെങ്കിലും ഡ്രസ്സ്‌ കോഡ് അടിച്ചേല്‍പ്പിക്കുന്ന രീതിയോട് യോജിപ്പില്ല. പര്‍ദ്ദ ധരിക്കുന്നതാണ് ഒരു സ്ത്രീക്ക് താത്പര്യമെങ്കില്‍ അതിനുള്ള അവകാശം അവള്‍ക്ക് അനുവദിച്ചു കൊടുക്കണം എന്ന് മാത്രം. അതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്".

ഏത് വാർത്താ ചാനലാണെങ്കിലും അതിന്റെ തലപ്പത്ത് സുബോധമുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കണം. ഇതുപോലുള്ള പക്കാ തല്ലുക്കൊള്ളിത്തരങ്ങൾ വിളിച്ചു കൂവി ഏതെങ്കിലും ഫൗസിയമാർ റിപ്പോർട്ടുകൾ അയച്ചു കൊടുത്താൽ 'മോളേ ഇത് അസംബന്ധമാണ്. ഞമ്മക്ക് പറ്റൂലട്ടോ' എന്ന് പറയാൻ വകതിരിവുള്ള ഒരാൾ.. അങ്ങനെയൊരാൾ ഇന്ത്യാവിഷനിൽ ഇല്ല എന്നതാണ് ഈ സ്റ്റോറിയുടെ ബോട്ടം ലൈൻ. വിഷനിൽ നിന്ന് വിഷത്തിലേക്ക് വലിയ ദൂരമില്ല.  Latest story : ഇന്ത്യാവിഷന്റെ മാപ്പ്, ഫൗസിയയുടെ കേസ്!

Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!

Recent Posts
ഗുല്‍മാര്‍ഗിലെ മഞ്ഞുമലയില്‍