ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ

ഒരു വ്യക്തിക്ക് വട്ടായാൽ കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ട് ചെന്നാക്കാം. പക്ഷെ ഒരു പാർട്ടിക്ക് വട്ട് പിടിച്ചാൽ അത് പറ്റില്ല. കൊച്ചിയിലെ ലുലു മാളിന് അനുമതി നല്കിയതും ഭൂമി നല്കിയതും ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ്. എല്ലാ പേപ്പറുകളിലും കാശ് വാങ്ങാതെയും വാങ്ങിച്ചും ഒപ്പിട്ടു കൊടുത്തത് ഇടത് നേതാക്കളും മന്ത്രിമാരുമാണ്‌. അതിന്റെ പണി നടക്കുമ്പോൾ പല്ലിളിച്ച് തെക്ക് വടക്ക് നടന്നതും സഖാക്കളാണ്. മാത്രമല്ല, മാളിന്റെ ഉദ്ഘാടനത്തിന് എം എ യൂസഫലിയെ കെട്ടിപ്പിടിച്ച് ലാവിഷായി പ്രസംഗിച്ച് ചായയും കുടിച്ച് പിരിഞ്ഞു പോയത് പ്രതിപക്ഷ നേതാവ് സഖാവ് വി എസ്സാണ്. എന്നിട്ടിപ്പോൾ അതേ പാർട്ടിക്കാർ പറയുന്നു ലുലു മാൾ അനധികൃതമായി നിർമിച്ചതാണെന്ന്. അതിനു പിന്നിൽ വഞ്ചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന്!. ചോര തിളക്കും തീപ്പന്തങ്ങൾ വെറുതെ വിടില്ലെന്ന്!!. അതാണ്‌ ഞാൻ പറഞ്ഞത് ഇത് കുതിരവട്ടം കൊണ്ടും അവസാനിക്കുന്ന കേസല്ലെന്നത്.
 
ഒരു സംരംഭത്തിന് എല്ലാ അനുമതിയും നൽകി പിറകെ കൂടിയവർ തന്നെ ആ സംരംഭം പ്രവർത്തനമാരംഭിക്കുമ്പോൾ കൊടി പിടിച്ച് വന്നാൽ ഒരുമാതിരിപ്പെട്ടവർക്കൊക്കെ കണ്ട്രോള് പോകും. യൂസഫലിയെന്നല്ല എന്റെ നാട്ടിൽ പെട്ടിക്കട നടത്തുന്ന ഇന്നോളം ആരോടും മുഖം കറുപ്പിച്ചിട്ടില്ലാത്ത വാസുവേട്ടൻ വരെ ചൂടാവും. കൊച്ചിയിൽ ആരംഭിക്കാനിരിക്കുന്ന എണ്ണൂറു കോടിയുടെ ബോൾഗാട്ടി കണ്‍വെൻഷൻ സെന്ററിന്റെ പദ്ധതി നിർത്തിവെക്കുന്നതായി യൂസഫലി പ്രഖ്യാപിച്ചതിൽ അതുകൊണ്ട് തന്നെ ഒട്ടും അത്ഭുതമില്ല.

കൊച്ചി തുറമുഖ അതോറിറ്റിയുടെ കീഴിലുള്ള കണ്ണായ ഇരുപത്തിയാറു ഏക്കർ ഭൂമി ഒരു സ്വകാര്യ മുതലാളിക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനം ശരിയോ എന്ന വിഷയത്തിൽ രണ്ടഭിപ്രായം ഉണ്ടാവും. തികച്ചും സ്വാഭാവികമാണത്. വളരെ ശ്രദ്ധിച്ചും പഠിച്ചും ചെയ്യേണ്ട സംഗതിയുമാണത്. പക്ഷേ സർക്കാർ അത് പാട്ടത്തിന് കൊടുക്കാൻ വേണ്ടി ടെണ്ടർ വിളിക്കുകയും നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി കൂടുതൽ തുക ടെണ്ടർ നല്കിയ ഒരു നിക്ഷേപകന് അത് ലഭിക്കുകയും ചെയ്‌താൽ അതിൽ ആ നിക്ഷേപകനെ തെറി പറയേണ്ട എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. അയാളിൽ നിന്ന് ടെണ്ടർ തുകക്കുള്ള കാശ് വാങ്ങി കീശയിലിട്ട് മൂന്ന് വർഷം കഴിഞ്ഞ ശേഷം ഇത് മുതലാളിത്ത ചൂഷണമാണ്, ബൂർഷ്വാസിയുടെ തേങ്ങാക്കുലയാണ് എന്നൊക്കെ പറയുന്നത് മിതമായ ഭാഷയിൽ തെണ്ടിത്തരമല്ലേ. ഇത്തരമൊരു ഭരണ രാഷ്ട്രീയ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളതെന്നു വന്നാൽ തലയ്ക്കു വെളിവുള്ള ഏതെങ്കിലും നിക്ഷേപകൻ നമ്മുടെ മണ്ണിലേക്ക് വരുമോ?

യൂസഫലിയെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ മാളു കൊണ്ട് കഞ്ഞി കുടിച്ചു പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇതുപോലുള്ള നൂറിലധികം മാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിനുണ്ട്. ഓരോ മാസവും ഓരോ മാൾ വീതം അദ്ദേഹം തുറക്കുന്നുമുണ്ട്. അതിലൊക്കെ മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് യുവതീ യുവാക്കൾ തൊഴിലെടുക്കുന്നുണ്ട്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം നടത്തി കാശുണ്ടാക്കുന്ന ഒരു വ്യവസായിയാണ് അദ്ദേഹം. കേരളത്തെ ഉദ്ധരിക്കാനാണ് അദ്ദേഹം ഇവിടെ വന്നത് എന്ന് പറയുന്നത് ഒരു തമാശയായിട്ട് മാത്രം കൂട്ടിയാൽ മതി. ഏത് വ്യവസായിയും ഒരു സംരംഭം തുടങ്ങുന്നത് തറവാട് വിറ്റ് നാട്ടുകാരെ നന്നാക്കാനല്ല. അവര് കാശുണ്ടാക്കും. അതോടൊപ്പം അതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന നിരവധി പേർ ജീവിച്ചു പോവുകയും ചെയ്യും. ഇതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ഏത് പോളിറ്റ് കൂറോ വിചാരിച്ചാലും ലോകത്ത് മൊത്തം നടക്കുന്ന ഈ പ്രതിഭാസത്തെ ഇല്ലായ്മ ചെയ്യാനുമാവില്ല.   

സി പി എമ്മിനകത്തെ പടലപ്പിണക്കങ്ങളോ എം എം ലോറൻസും വി എസ്സും തമ്മിലുള്ള തുറന്ന യുദ്ധമോ കേരളത്തിൽ പണം മുടക്കാൻ തയ്യാറാവുന്ന ഒരു നിക്ഷേപകനെ കുരങ്ങ് കളിപ്പിക്കാനുള്ള ന്യായീകരണമല്ല. നമുക്ക് വേണ്ടത് തൊഴിൽ സംരംഭങ്ങളും നിക്ഷേപവും നമ്മുടെ നാട്ടിൽ വരികയെന്നതാണ്. ഇത്തരം സംരംഭങ്ങൾക്ക്‌ നല്കാവുന്ന ഭൂമിയേത്‌, നല്കാൻ പറ്റാത്ത ഭൂമിയേത്‌ എന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടും സമീപനവും ഭരണ രംഗത്തുള്ളവർക്ക് ആദ്യമുണ്ടാവണം. ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ നിക്ഷേപകരെ വട്ടം കറക്കാതിരിക്കാനുള്ള സന്മനസ്സും വേണം. വൻകിട സംരംഭങ്ങൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നതു അവിതർക്കിതമാണ്. അത്തരം സംരംഭങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ആട്ടിയോടിക്കുക വഴി നാം ചെയ്യുന്നത് വളരുന്ന തലമുറയോടുള്ള കൊടും പാതകമാണ്. കട്ടൻ ചായയും പരിപ്പുവടയും തിന്നു പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന മന്ദബുദ്ധികളാക്കി കേരളത്തിലെ ചെറുപ്പക്കാരെ മാറ്റിയെടുത്താൽ മാത്രമേ തങ്ങളുടെ പാർട്ടിക്ക് കൊടി പിടിക്കാൻ ആളെക്കിട്ടൂ എന്ന് കരുതുന്ന പ്രത്യയശാസ്ത്ര അസംബന്ധത്തെ ഇനിയെത്ര കാലം നമുക്ക് കൊണ്ട് നടക്കാനാവും?

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ അടിയന്തിരമായ ഒരു പ്രത്യയശാസ്ത്ര ചികിത്സ ആവശ്യമുണ്ട്. ഈ സ്വതന്ത്ര കമ്പോള ആഗോളവത്കരണ കാലത്ത് തങ്ങളുടെ നിലപാട് എന്ത് എന്ന് സ്വയം തിരിച്ചറിയുന്ന ഒരു പ്രത്യയ ശാസ്ത്ര ചികിത്സ. കൊയ്ത്തു യന്ത്രത്തെയും ട്രാക്റ്ററിനെയും കമ്പ്യൂട്ടറിനെയും എതിർത്ത പഴയ കാല വരട്ടു വാദമാണോ അതോ മാറിയ കാലത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങുന്ന പ്രായോഗിക നിലപാടുകളാണോ വേണ്ടത് എന്ന് ഒരു തീർപ്പിലെത്തുക. ഇതിനു രണ്ടിനുമിടയിലുള്ള ആണും പെണ്ണും കെട്ട ഒരു സമീപനമല്ല വേണ്ടത്. ഭരണത്തിലെത്തുമ്പോൾ പ്രായോഗിക നിലപാടുകളും ഭരണത്തിൽ നിന്ന് ഇറങ്ങിയാൽ വരട്ടു വാദവും എന്ന സമീപനം ഒരു തലമുറയെ കൊലക്കു കൊടുക്കുന്നതിനു സമാനമാണ്. ഇതൊരു നിക്ഷേപകന്റെ പിന്മാറ്റത്തിന്റെ മാത്രം പ്രശ്നമല്ല, ഒരു സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിന്റെയും ഭാവിയുടെയും പ്രശ്നമാണ്.

ചുരുങ്ങിയത് പതിനായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന ഒരു സംരംഭത്തെ കേരളത്തിന്റെ അതിർത്തി കടത്തി ഓടിച്ചതിൽ സഖാക്കൾക്ക് അഭിമാനിക്കാം. മറ്റൊരു ചരിത്ര ദൗത്യവും കൂടി നിറവേറ്റപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള ചരിത്ര ദൗത്യങ്ങൾ തുടർന്നുകൊണ്ടു കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരോട് പാർട്ടി ഇനിയും 'കരുണ' കാട്ടേണ്ടതുണ്ട്. ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ.

update 28.05.2013
ഒരു വിവാദം ഉണ്ടായപ്പോഴേക്ക് യൂസഫലി എന്ത് കൊണ്ട് ബോൾഗാട്ടി പദ്ധതി ഉപേക്ഷിച്ച് ഓടിപ്പോകുന്നു? അതിൽ ചില നിഗൂഢതകൾ ഇല്ലേ എന്നാണ് ചില ബുദ്ധിരാക്ഷസന്മാർ ചോദിക്കുന്നത്. നീതിയും ന്യായവും തന്റെ പക്ഷത്താണെങ്കിൽ ഫൈറ്റ് ചെയ്ത് നിന്ന് കൂടെ എന്ന്. ഓടിപ്പോകുന്നത് ന്യായം തന്റെ പക്കലല്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ എന്ന്. തള്ളേ, ഫയങ്കര ചോദ്യങ്ങൾ തന്നെ!!.. തന്റെ സ്വത്തും പറമ്പുമെല്ലാം വിറ്റാണ് യൂസഫലി ബോൾഗാട്ടി ഭൂമി വാങ്ങിച്ചതെങ്കിൽ ഇപ്പറഞ്ഞതിൽ ഇത്തിരി ലോജിക്ക് ഉണ്ടാകുമായിരുന്നു. ജീവിക്കാൻ വേണ്ടി ഫൈറ്റ് ചെയ്തേനെ. ഇതിപ്പോൾ അദ്ദേഹത്തിന് ഒരു വിവാദവുമില്ലാതെ സുഖമായി കാശ് കിട്ടിപ്പോരുന്ന നൂറു കണക്കിന് പ്രോജക്റ്റുകൾ വിദേശങ്ങളിലുണ്ട്. ഇനിയും നൂറു കണക്കിന് പുതിയ പ്രോജക്റ്റുകൾ ഒരു വിവാദവുമില്ലാതെ അദ്ദേഹത്തിന് തുടങ്ങുകയും ചെയ്യാം. ഉള്ള സമയത്തിൽ കുറച്ച് അവയ്ക്ക് വേണ്ടിയും ബാക്കി സമയം പേരക്കുട്ടികളെ കളിപ്പിച്ചും കഴിയാം. വെറുതെ എന്തിനാണ് കേരളത്തിലെ ഒരു പ്രോജക്റ്റിന്റെ പിറകെ പോയി വിവാദവും കേസും അപമാനവും ഉറക്കം നഷ്ടപ്പെടലും വരുത്തിവെക്കുന്നത്. ഇന്നത്തെ അവസ്ഥയിൽ ഈ പ്രോജക്റ്റുമായി മുന്നോട്ട് പോയാലുള്ള അവസ്ഥ എന്താവും?. കൊടി പിടിക്കലായി, വഴി തടയലായി, വീടിന് കല്ലെറിയലായി, എയർപോർട്ടിൽ ഇറങ്ങുമ്പോൾ പിക്കറ്റിംഗായി... ഇത് 'സാച്ചര' കേരളമല്ലേ.. ഇത്തരം വയ്യാവേലികളൊക്കെ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ തടിയൂരിയതിനെ ബുദ്ധിപരമെന്നേ ഞാൻ വിശേഷിപ്പിക്കൂ. 'ബുദ്ധിരാക്ഷസന്മാരായ' പൊട്ടന്മാർക്കു എന്തും പറയാം. 

Recent Posts
ശ്രീശാന്തും രഞ്ജിനിയും പിന്നെ കലാഭവന്‍ മണിയും
പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം