ലൈക്കരുത്, സൈബര്‍ പോലീസ് വരുന്നുണ്ട്!

'എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ' എന്നത് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട തിയറിയാണ്. ഗുണമായാലും ദോഷമായാലും വരാനുള്ളത് വരേണ്ട സമയത്ത് വരും. ഫേസ്ബുക്കില്‍ കമന്റ് എഴുതുന്നവര്‍ക്കും ലൈക്കടിക്കുന്നവര്‍ക്കും സൈബര്‍ സെല്ലില്‍ നിന്നും നോട്ടീസ് വരാനുള്ള സമയമായാല്‍ അത് വരിക തന്നെ ചെയ്യും. ഈ ഭൂമിയില്‍ ആര്‍ക്കും അതിനെ തടുത്തു നിര്‍ത്താന്‍ കഴിയില്ല. ദേശാഭിമാനി റിപ്പോര്‍ട്ട്‌ പ്രകാരം ഫേസ്ബുക്കിലെ ഒരു പോസ്റ്റിനു ലൈക്കടിച്ച വകയില്‍ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്കെതിരെയാണ് സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. ഇരുനൂറ്റമ്പത് പേര്‍ക്കെതിരെയെന്നു മറ്റു പത്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഏതായിരുന്നാലും വെറുമൊരു  പൂജ്യത്തിന്റെ പേരില്‍ തര്‍ക്കിക്കേണ്ട ആവശ്യമില്ല. കേസെടുത്തിരിക്കുന്നു എന്നത് സത്യമാണ്.

 മഹിളാ കോണ്‍ഗ്രസ്‌ നേതാവ് ബിന്ദു കൃഷ്ണയെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു ലൈക്ക് അടിച്ചവരെയാണ് ഒന്നാം ഘട്ടത്തില്‍ പൂജപ്പുരയില്‍ എത്തിക്കുക. പി സി ജോര്‍ജ്, കെ സുധാകരന്‍, ജസ്റ്റിസ് ബസന്ത് തുടങ്ങിയവരെക്കുറിച്ചുള്ള പോസ്റ്റുകളില്‍ ലൈക്ക് അടിച്ചവരെ രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും അടക്കാനാണ് തീരുമാനമെന്നറിയുന്നു. ഏതായിരുന്നാലും നമ്മുടെ സര്‍ക്കാരും ആഭ്യന്തര വകുപ്പും വളരെ സ്ട്രോങ്ങാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ബിന്ദു കൃഷ്ണയെക്കുറിച്ചുള്ള വിവാദ പോസ്റ്റ്‌ കണ്ടതായി ഞാനോര്‍ക്കുന്നില്ല. പറന്ന് നടന്ന് ലൈക്ക് അടിക്കുന്നതിനിടയില്‍ കഷ്ടകാലത്തിനെങ്ങാനും അതില്‍ ലൈക്കടിച്ചിട്ടുണ്ടോ എന്നൊരു ശങ്കയും ഇല്ലാതില്ല.  'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന തിയറിയില്‍ വിശ്വസിച്ചു കൊണ്ട് നെഞ്ചിടിപ്പകറ്റുന്നു എന്ന് മാത്രം.

ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് ആളുകളുടെ പേരില്‍ കേരള പോലീസ് കേസെടുക്കുന്നു എന്ന പത്ര റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ സത്യം പറയാമല്ലോ ഞാനത് വിശ്വസിച്ചിരുന്നില്ല. നിജസ്ഥിതി അറിയുന്നതിന് വേണ്ടി റിപ്പോര്‍ട്ടുകളില്‍ പ്രധാന പ്രതിയായി സൂചിപ്പിക്കുന്ന ഒരു പാവത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ഞാന്‍ തേടിപ്പിടിച്ചു. അതില്‍ കണ്ട സ്റ്റാറ്റസ് മെസ്സേജ് വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. "ആരോ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോ ലൈക്‌ ചെയ്തതിന്റെ പേരില്‍ എന്നെ ഒന്നാം പ്രതി ആക്കി കേസെടുത്തിരിക്കുകയാണ്. സാധാരണ പോസ്റ്റ്‌ ഇടുന്നവര്‍ ആണ് ഒന്നാം പ്രതി ആകേണ്ടത്...എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ എന്നെ വ്യക്തിപരമായി ചതിക്കുക ആണ് ഉണ്ടായിരിക്കുന്നത്.. മാധ്യമങ്ങള്‍ മുഴുവന്‍ ഞാന്‍ ഒന്നാം പ്രതി ആണ് എന്ന വാര്‍ത്ത‍ നല്‍കി കൊണ്ടിരിക്കുന്നു .എന്നെ നേരിട്ടും അല്ലാതെയും കുറച്ചു നാളായി അറിയാവുന്നവര്‍ ആണല്ലോ നിങ്ങള്‍. ആരെയെങ്കിലും വേദനിപ്പിക്കുന്ന ഏതെങ്കിലും പോസ്റ്റുകള്‍ ഞാന്‍ ഇട്ടിട്ടുണ്ടോ?". വളരെ ദയനീയമായ ഒരു ചോദ്യമാണ് ദിലീപ് ദാസ് ഉയര്‍ത്തുന്നത്. ഒരു തീവ്രവാദിയെ തേടിയെത്തുന്ന പോലെയാണ് പോലീസ് ദിലീപിന്റെ വീട്ടിലെത്തിയത് എന്നും പറയപ്പെടുന്നു.

സൈബര്‍ പോലീസ് ചെയ്യേണ്ടിയിരുന്നത് ആ പോസ്റ്റിട്ട വ്യക്തിയെ കണ്ടെത്തി ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അതിനു കഴിയാതെ വരുമ്പോള്‍ കണ്ടവനെപ്പിടിക്കുക എന്ന നിലപാട് പരിഹാസ്യമാണ്. ഫേസ്ബുക്കിലെ ലൈക്കുകളുടെ രീതിശാസ്ത്രം അറിയുന്ന ആര്‍ക്കും അതിനെ അംഗീകരിക്കാന്‍ കഴിയില്ല. പഴയ ബാര്‍ട്ടര്‍ സമ്പ്രദായം പോലെ പരസ്പര ധാരണയോടെയുള്ള ഒരു കൊടുക്കല്‍ വാങ്ങലിലാണ് പല ലൈക്കുകളും മുന്നോട്ടു പോകുന്നത്. നീ എന്നെ ഒരു തവണ 'ലൈക്കി'യാല്‍ നിന്നെ ഞാന്‍ പത്തു തവണ ലൈക്കും എന്ന പോളിസി. തന്നെ സ്ഥിരമായി ലൈക്കുന്നവന്റെ ഏതു പോസ്റ്റ്‌ കണ്ടാലും ഒരു നിമിഷം വൈകിക്കാതെ ചാടിക്കേറി തിരിച്ചങ്ങോട്ടും ഒരു ലൈക്‌ കൊടുക്കും. ആദ്യം ലൈക്ക്. പിന്നീടാണ് വായന. അതിനു സമയവും ക്ഷമയും ഇല്ലെങ്കില്‍ ലൈക്ക് കൊടുത്ത് സ്ഥലം വിടും. (വേണ്ടത്ര ക്ഷമയും ശ്രദ്ധയുമില്ലാത്തത് കൊണ്ട് ഒരു പതിനാറുകാരിക്കുണ്ടായ പുകില്‍ മുമ്പ് എഴുതിയത് ഓര്‍ക്കുന്നുണ്ടാവുമല്ലോ)

കൊള്ള, കൊലപാതകം, സ്ത്രീ പീഡനം, അഴിമതി എന്നിവയിലൊക്കെ കേരളം ഓള്‍മോസ്റ്റ്‌ ഡീസന്റ് സംസ്ഥാനമായി മാറിക്കഴിഞ്ഞതിനാല്‍ ഇനി പോലീസിന്റെ പ്രധാന ശ്രദ്ധ ഫേസ്ബുക്കിലെ ലൈക്കുകളാണ്. അത് കൊണ്ട് ഇത്രകാലവും ലൈക്കിയത് ലൈക്കി. ഇനി ലൈക്കുന്നത് സൂക്ഷിച്ചു വേണം. ഐ പി സി യില്‍ കാക്കത്തൊള്ളായിരം വകുപ്പുകളുണ്ട്. ഒരു പോസ്റ്റ്‌ ലൈക്കുന്നതിനു മുമ്പ് ആ വകുപ്പുകളൊക്കെ പഠിക്കുക. അതിലേതെങ്കിലുമൊരു വകുപ്പിന്റെ പരിധിയില്‍ ഈ പോസ്റ്റ്‌ വരുന്നുണ്ടോ എന്ന് നോക്കിയ ശേഷം മാത്രം മൌസില്‍ കൈ തൊടുക. സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലെ ആരും ചോദിക്കാനും പറയാനും വരില്ല എന്നുറപ്പുള്ളവരെക്കുറിച്ചുള്ള പോസ്റ്റുകളില്‍ എന്ത് തോന്ന്യാസവും പറയാം, എഴുതാം, ലൈക്കാം. ഒരു കുഴപ്പവുമില്ല. അവിടെ ഒരു നിയമവും ചോദിക്കാന്‍ വരില്ല. മഹിളാ കോണ്‍ഗ്രസ്‌ നേതാക്കള്‍, സോണിയാ ഗാന്ധി, പി സി ജോര്‍ജ് തുടങ്ങി ചോദിക്കാനും പറയാനും ആളുള്ളവരെക്കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടാല്‍ ഒളിമ്പിക്സിലെ നൂറു മീറ്റര്‍ ഓട്ടത്തിന്റെ സ്പീഡില്‍ സ്ഥലം വിടണം. ലൈക്കിയില്ലെങ്കില്‍ സുഹൃത്ത് പിണങ്ങും, ലൈക്കിയാല്‍ സൈബര്‍ പോലീസ് പിടിക്കും എന്നൊരവസ്ഥ വന്നാല്‍ ഒരു വഴിയുണ്ട്. സുഹൃത്തിന് മെസ്സേജ് അയക്കുക, അല്ലെങ്കില്‍ ചാറ്റില്‍ പിടിച്ചു കാച്ചുക. "ഡാ...പോസ്റ്റ്‌ കണ്ടു.. കിടു.. കിടു.." സുഹൃത്തിനും സന്തോഷം, സൈബര്‍ പോലീസിനും സന്തോഷം. നമ്മുടെ തടി സുരക്ഷിതം.

പറയുമ്പോള്‍ ഒരു വിഷയത്തിന്റെ എല്ലാ വശവും പറയണം. നാണയത്തിന് രണ്ടു വശം ഉണ്ടാക്കിയത് തന്നെ അതിനാണല്ലോ. ഫേസ്ബുക്ക്‌ ഒരു പബ്ലിക് സ്പേസ് ആണ്. അവിടെ ഉപയോഗിക്കുന്ന പരാമര്‍ശങ്ങള്‍ക്കും വാക്കുകള്‍ക്കും ഒരു അക്കൌണ്ടബിലിറ്റിയുണ്ട്. ആരെക്കുറിച്ചും വായില്‍ വരുന്നതെല്ലാം എഴുതിവെക്കുവാനുള്ള ഒരു സ്ഥലമല്ല അത്. പ്രത്യേകിച്ചും സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പോസ്റ്റുകളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാകരുത്. ബിന്ദു കൃഷ്ണയെക്കുറിച്ചുള്ള പോസ്റ്റ്‌ ഒരു പക്ഷെ വ്യക്തിഹത്യയുടെ ഗണത്തില്‍ പെടുമായിരിക്കാം. പരാതികള്‍ ലഭിച്ചാല്‍ സൈബര്‍ പോലീസിന് നടപടി എടുക്കേണ്ടി വരും. ഈയടുത്ത കാലത്ത് ഒട്ടേറെ വ്യക്തിഹത്യകള്‍ ഫേസ്ബുക്കില്‍ കണ്ടിട്ടുണ്ട്. ആശയ തലത്തില്‍ വിയോജിപ്പുള്ളവരെയും രാഷ്ട്രീയ പ്രതിയോഗികളെയും എത്ര ശക്തമായ ഭാഷയിലും ശൈലിയിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത്. പക്ഷെ ആ വിമര്‍ശങ്ങനങ്ങള്‍ക്ക് സഭ്യതയുടെ ഒരു ശൈലി വേണം. അശ്ലീല പദപ്രയോഗങ്ങളും തെറി വാക്കുകളും കൂട്ടിക്കുഴച്ചു വിളമ്പുന്നതിനെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് വിളിക്കാനാവില്ല.


കാര്‍ട്ടൂണ്‍ - നൗഷാദ് അകമ്പാടം

അതോടൊപ്പം സൈബര്‍ പോലീസ് കുറേക്കൂടി പ്രായോഗിക നിലപാടുകളിലേക്ക്‌ വരേണ്ടതുമുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാക്ക് റെക്കോര്‍ഡ് കേരളത്തില്‍ അവര്‍ക്കുണ്ട്. അത് കളഞ്ഞു കുളിക്കരുത്. സൈബര്‍ ലോകത്ത് നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളും നടക്കുന്നുണ്ട്. വ്യാജ പരസ്യങ്ങള്‍, തട്ടിപ്പ് പണമിടപാടുകള്‍, ഹാക്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് ഫ്രോഡുകള്‍, മോര്‍ഫിങ്ങ്‌ ചിത്രങ്ങള്‍, അവ വെച്ചുള്ള ബ്ലാക്ക് മെയിലുകള്‍, സ്കൂള്‍ കോളേജ് രേഖകളില്‍ നിന്നും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഒപ്പിച്ചെടുത്തു വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി ക്രൈമുകള്‍.. ഗൗരവ പൂര്‍ണമായ അത്തരം കുറ്റകൃത്യങ്ങളെ  ഫലപ്രദമായി നേരിടുവാനാണ് സൈബര്‍ സെല്‍ അവരുടെ പ്രയത്നവും സാങ്കേതികതയും പ്രയോഗിക്കേണ്ടത്. ആറ്റം ബോംബ്‌ ഉണ്ടാക്കുന്നവനെ വെറുതെ വിട്ട് സൈക്കിളില്‍ ഡബളടിച്ചു പോകുന്നവനെ പിടിക്കുന്ന പോലെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണടച്ച്  നിരുപദ്രവകരമായ 'ലൈക്കു'കളുടെ പിറകെയോടുന്ന കോമാളികളാകാതിരിക്കാന്‍ അവര്‍ ശ്രമിക്കേണ്ടതുണ്ട്‌. ദിലീപ് ദാസിന്റെ പേരിലും വിവാദ പോസ്റ്റിനു ലൈക്കുകള്‍ ചെയ്ത മറ്റുള്ളവരുടെ പേരിലുമുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Disclaimer : ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഞാന്‍ നടത്തിയിട്ടുള്ള എല്ലാ ലൈക്കുകളും പിന്‍വലിക്കുന്നു. കുറച്ചു ദിവസം എന്റെ കമ്പ്യൂട്ടറില്‍ വൈറസ് കേറിയിരുന്നതിനാല്‍ ഞാനറിയാതെ ചില പോസ്റ്റുകളില്‍ എന്റെ ലൈക്കുകള്‍ വന്നിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ടുള്ളവരുടെ പോസ്റ്റുകളില്‍ കാണുന്ന എന്റെ ലൈക്കുകള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.

Related Posts
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?