എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!

ദബാങ്ങ് 1 ഹിറ്റായപ്പോള്‍ സല്‍മാന്‍ ഖാന്‍ ദബാങ്ങ് 2 ഇറക്കി. റിലീസായ ഒരാഴ്ചക്കുള്ളില്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി അത് കുതിച്ചു മുന്നോട്ട് പോവുകയാണ്. മിക്കവാറും ദബാങ്ങ് 3 യും അടുത്തിറങ്ങിയേക്കും. സൊനാക്ഷിയോ അതോ കരീനയോ എന്നതില്‍ മാത്രമാണ് ഇത്തിരി കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നത്. സല്‍മാന്‍ ഖാന്‍ ചെയ്യുന്ന പോലെ ഹിറ്റ് നോക്കിയുള്ള ഒരു പരിപാടിയാണ് ഈ രണ്ടാം ഭാഗം എന്ന് കരുതരുത്.  വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് എഴുതുകയാണ്. ഞാന്‍ നേരത്തെ എഴുതിയ പോസ്റ്റ്‌ അതിന്റെ കോണ്‍ടെക്സ്റ്റില്‍ നിന്ന് ബഹുദൂരം വിട്ടുപോയ ചര്‍ച്ചകളിലേക്കാണ് എത്തിപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാറുകളെ  മാത്രം പഴിപറയാതെ സാമൂഹ്യ സാംസ്കാരിക തലങ്ങളില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ചോദ്യമുയര്‍ത്തുകയായിരുന്നു പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചര്‍ച്ച എത്തിപ്പെട്ടത് പര്‍ദ്ദയിലാണ്. പിന്നെ അത് പാക്കിസ്ഥാനിലേക്കും താലിബാനിലേക്കും വരെ പോയി!!!

നിങ്ങളുടെ പോസ്റ്റല്ല തലക്കെട്ടാണ് കുഴപ്പം ഉണ്ടാക്കിയത് എന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. ഒന്നാം ഭാഗത്തിന് ആ തലക്കെട്ട്‌ കൊടുത്തു പോയ സ്ഥിതിക്ക് രണ്ടാം ഭാഗത്തിനിനി മാറ്റാന്‍ കഴിയില്ല. ദബാങ്ങ് 2 ന് പകരം കൊബാങ്ങ് 2 എന്ന് പറയാന്‍ പറ്റില്ലല്ലോ. അത് പോട്ടെ. തലക്കെട്ടല്ല നമ്മുടെ വിഷയം. പറഞ്ഞവന്റെ മതവും ജാതിയുമെല്ലാം നോക്കിയാണ് ചിലരെങ്കിലും പ്രതികരണത്തിന്റെ Modus Operandi നിശ്ചയിക്കുന്നത്. ഒരു ബ്ലോഗര്‍ കൂടിയായ അജിത്‌ നീര്‍വിളാകന്‍ അഭിപ്രായപ്പെട്ടത് പോലെ 'ബഷീര്‍ എഴുതിയാല്‍ പര്‍ദ്ദ, ഗോപാലന്‍ എഴുതിയാല്‍ കാഷായം, ജോസഫ്‌ എഴുതിയാല്‍ ളോഹ' എന്ന ഒരു ലൈന്‍..  നമുക്ക് വിഷയത്തിന്റെ മര്‍മത്തിലേക്ക് വരാം.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നത് സത്യമാണ്. ഒരു ക്രിയാത്മക സമൂഹം ചെയ്യേണ്ടത് എന്താണ്?. തെരുവില്‍ പ്രകടനം മാത്രം നടത്തിയാല്‍ മതിയോ? ഏതാനും പ്ലക്കാര്‍ഡുകള്‍ക്ക് ഈ അതിക്രമങ്ങളെ ഇല്ലാതാക്കുവാന്‍ സാധിക്കുമോ?. സര്‍ക്കാരുകളുടെ നിയമ സംവിധാനങ്ങള്‍ക്ക് മാത്രമാണോ കുഴപ്പമുള്ളത്?. ഇന്ത്യന്‍ മനസ്സാക്ഷിയെ ആഴത്തില്‍ മുറിവേല്പിച്ച ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പടിയിറങ്ങില്ലേ? പിന്നെയും പിന്നെയും പീഡന വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കണമെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും? ചോദ്യങ്ങള്‍ നിരവധിയുണ്ട്. ഉത്തരങ്ങള്‍ക്കാണ് പഞ്ഞമുള്ളത്.

സ്ത്രീകളെ പീഡിപ്പിക്കുന്നവന്‍ മൃഗമാണ്‌. ഒരു മനുഷ്യന്‍ മൃഗമായി മാറുന്നത് ഒറ്റ രാത്രി കൊണ്ടല്ല. അവന്‍ ജീവിക്കുന്ന പരിസരത്തിനും കണ്ടു വളരുന്ന ജീവിത ചുറ്റുപാടുകള്‍ക്കും അതിലൊരു പങ്കുണ്ട്. വിപ്ലവം പറയുന്ന ഏതു പൊട്ടനും ഇക്കാര്യത്തില്‍ തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. സെക്സും വയലന്‍സും മാറിമാറിക്കാണിക്കുന്ന സിനിമകള്‍, വിരല്‍തുമ്പില്‍ ലഭ്യമായ ലൈംഗിക സി ഡി കളും അനുബന്ധ ഉരുപ്പടികളും, സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളാക്കി മാത്രം അവതരിപ്പിക്കുന്ന മാധ്യമങ്ങളും പരസ്യങ്ങളും,  വേഷത്തിലും സംസ്കാരത്തിലും സ്വയം പ്രദര്‍ശന വസ്തുക്കളായി  തരംതാഴുന്ന സ്ത്രീ ന്യൂനപക്ഷം, ന്യൂ ജനറേഷന്‍ ലൈഫ് സ്റ്റൈല്‍ എന്ന് വിളിക്കപ്പെടുന്ന അധാര്‍മിക ജീവിത രീതികള്‍, മദ്യവും മയക്കുമരുന്നുകളും സുലഭമായ സ്കൂള്‍ കോളേജ് കാമ്പസുകള്‍ .. കുറഞ്ഞ ശതമാനം ആളുകളെയെങ്കിലും പതിയെപ്പതിയെ ഒരു മൃഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ ഇവയ്ക്കൊക്കെയും അതിന്റേതായ പങ്കുണ്ട്. നിഷേധിച്ചിട്ട് കാര്യമില്ല.

ഇത്തരം സാഹചര്യങ്ങളിലൂടെ ഒരാള്‍ ഞരമ്പ്‌ രോഗിയായ മൃഗമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ ആരെയാണ് കയറിപ്പിടിക്കുക എന്ന് പറയാന്‍ പറ്റില്ല. തുണിയുടത്തവളെയും ഉടുക്കാത്തവളെയും, കൊച്ചു കുഞ്ഞിനേയും മുത്തശ്ശിയെയും, പര്‍ദ്ദയിട്ടവരെയും ഇടാത്തവരെയും എന്ന് വേണ്ട ആരെയാണോ സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് കിട്ടുന്നത് അവരെയെല്ലാം കയറിപ്പിടിക്കും. ഒരു ഞരമ്പ്‌ രോഗിയെ അല്ല, സമൂഹത്തിലെ നിരവധി ചെറുപ്പക്കാരെ ഞരമ്പ്‌ രോഗികളാക്കുന്ന കാരണങ്ങളെയാണ് ചികിത്സിക്കേണ്ടത് എന്നര്‍ത്ഥം. it is that simple. ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകാത്ത മന്ദബുദ്ധികള്‍ പിഞ്ചു കുഞ്ഞു പീഡിപ്പിക്കപ്പെട്ടില്ലേ, മുത്തശ്ശി പീഡിപ്പിക്കപ്പെട്ടില്ലേ, പര്‍ദ്ദയിട്ട സ്ത്രീ പീഡിപ്പിക്കപ്പെട്ടില്ലേ? അവരൊക്കെ വസ്ത്രം ധരിക്കാത്തത് കൊണ്ടാണോ പീഡിപ്പിക്കപ്പെട്ടത്‌? തുടങ്ങിയ അസംബന്ധങ്ങള്‍ പുലമ്പിക്കൊണ്ടേയിരിക്കും. അവരുടെ രോഗം വേറെയാണ്. 'പൊട്ടന്‍ഷ്യല്‍ ഞരമ്പോ മാനിയ' എന്ന് പറയാം.

മാന്യമായ വസ്ത്രധാരണമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. അതൊരു സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. നഗ്നത പുറത്തു കാണിച്ചു നടക്കുന്നതാണ് മാന്യമായ വസ്ത്രം ധരിച്ചു നടക്കുന്നതിനേക്കാള്‍ സ്ത്രീകള്‍ക്ക് നല്ലത് എന്ന് കരുതുന്നവരോട് വാദിച്ച് സമയം കളയുന്നത് വെറുതെയാണ്.

സ്ത്രീകള്‍ സെക്സിയായ വസ്ത്രം ധരിച്ചു എന്ന കാരണത്താല്‍ അവളെ റേപ്പ് ചെയ്യാനുള്ള സ്വാതന്ത്ര്യം പുരുഷനുണ്ടോ എന്നതാണ് പോസ്റ്റുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പ്രധാന ചോദ്യം. ആര് പറഞ്ഞു പുരുഷനതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്?. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ അത്തരം ഞരമ്പ്‌ രോഗികളുടെ 'തുപ്പാക്കി' മുറിച്ചു കളയണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. നമ്മുടെ സാംസ്കാരിക പരിസരത്തെ കഴിയുന്നത്ര വൃത്തിയാക്കാന്‍ ശ്രമിക്കുക. അതോടൊപ്പം ശക്തമായ ശിക്ഷാനടപടികളിലൂടെ കുറ്റകൃത്യങ്ങളുടെ അനുപാതം കുറച്ചു കൊണ്ട് വരിക. രണ്ടിനും അതര്‍ഹിക്കുന്ന  പ്രാധാന്യം കൊടുക്കണം. രോഗത്തിന് ചികിത്സിക്കാതെ വെറുതെ തെരുവില്‍ കോപ്രായം കളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

കഴിഞ്ഞ പോസ്റ്റിനെക്കുറിച്ച വിവാദങ്ങള്‍ക്കിടയില്‍ സ്വവര്‍ഗഭോഗിയായ ഒരുത്തന്‍ എന്റെ ജി പ്ലസ്സില്‍ ഒരു ഫയങ്കര കമന്റ് എഴുതി. താങ്കളുടെ ടീ ഷര്‍ട്ടിട്ട ഫോട്ടോ കണ്ടിട്ട് എനിക്ക് വല്ലാത്ത വികാരം വരുന്നു എന്ന്. കൂടെ ഇവിടെ എഴുതാന്‍ കൊള്ളാത്ത മറ്റ് ചിലതും. നേരത്തെ പറഞ്ഞ പോലെ തുപ്പാക്കി മുറിച്ചു കളയേണ്ട ഒരു ഞരമ്പ്‌ രോഗം തന്നെയാണ് അവന്റെതും. ആ കമന്റ് ഞാന്‍ ഉടനെ ഡിലീറ്റ് ചെയ്തു. ഫേസ്ബുക്കും ഗൂഗിളും ഡിലീറ്റ് ഓപ്ഷന്‍ വെച്ചിട്ടുള്ളത് വയറിളക്കം വരുമ്പോള്‍ കലക്കിക്കുടിക്കാനല്ല, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനാണ്. അപ്പോഴേക്കും 'കോണക സംസ്കാര'ത്തിന്റെ (സ്ത്രീകള്‍ കോണകം മാത്രം ഉടുത്താല്‍ മതിയെന്ന സംസ്കാരം)  മുഴുവന്‍ വക്താക്കളും ഇളകിപ്പുറപ്പെട്ടു. കമന്റ് ഡിലീറ്റ് ചെയ്തതിനെതിരെ ഭയങ്കര പ്രതിഷേധം. ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് (ഡിലീറ്റ് ചെയ്യുമെന്നു ഉറപ്പുള്ളതിനാല്‍ സ്വവര്‍ഗ ഞരമ്പ്‌ അത് അപ്പോള്‍ തന്നെ സ്ക്രീന്‍ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട്!!) എനിക്കെതിരെയുള്ള ഭരണിപ്പാട്ടോടെ  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഒരു പ്രശസ്ത മാധ്യമ പ്രവര്‍ത്തക അത് ഫേസ്ബുക്കില്‍ ഷെയറി. ഒരു 'ടാ തടിയാ' കാര്‍ട്ടൂണിസ്റ്റ്  ആ വിഷയം കാര്‍ട്ടൂണാക്കി. ഞാന്‍ ഫ്ലാറ്റായി!!. (കഴിഞ്ഞ പോസ്റ്റുമായി ബന്ധപ്പെട്ട 'വള്ളിക്കുന്ന് വധ'ത്തിന്റെ പൂര്‍ണ ചിത്രം ഇവിടെ നിന്ന് കിട്ടും

പര്‍ദ്ദ ഈ ചര്‍ച്ചകളില്‍ വല്ലാതെ കടന്നു വന്നത് കൊണ്ട് രണ്ടു വാക്ക് അതിനെക്കുറിച്ചും പറയട്ടെ. കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖപടം ധരിച്ച് സ്ത്രീകള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് നടക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ല. അങ്ങനെ ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ ആളുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതവരുടെ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ഞാന്‍ മനസ്സിലാക്കിയിടത്തോളം പര്‍ദ്ദ എന്ന ഒരു വസ്ത്ര ധാരണ രീതിയെക്കുറിച്ച് തന്നെ വിശുദ്ധ ഖുര്‍ആനോ പ്രവാചകനോ പറഞ്ഞിട്ടില്ല. സ്ത്രീ അവളുടെ നഗ്നത പരസ്യമായി പ്രദര്‍ശിപ്പിക്കരുത്, ഭര്‍ത്താവിന്റെ മുന്നില്‍ മാത്രമാണ് അവള്‍ക്കതിന് സ്വാതന്ത്ര്യമുള്ളത്. മറ്റിടങ്ങളില്‍ നഗ്നത പൂര്‍ണമായി മറക്കുന്ന എന്ത് വസ്ത്രവും ധരിക്കാം. അത് സാരിയോ ചുരിദാറോ മറ്റെന്തെങ്കിലുമോ ആകട്ടെ. പുരുഷനും അവന്റെ നഗ്നത പങ്കു വെക്കേണ്ടത് അവന്റെ ഇണയുമായി മാത്രമാണ്. വളരെ ലളിതമായ ഈ സമീപന രീതിയെ അവഗണിച്ച് സ്ത്രീകള്‍ക്ക് മേല്‍ ഏതെങ്കിലും ഡ്രസ്സ്‌ കോഡ് അടിച്ചേല്‍പ്പിക്കുന്ന രീതിയോട് യോജിപ്പില്ല. പര്‍ദ്ദ ധരിക്കുന്നതാണ് ഒരു സ്ത്രീക്ക് താത്പര്യമെങ്കില്‍ അതിനുള്ള അവകാശം അവള്‍ക്ക് അനുവദിച്ചു കൊടുക്കണം എന്ന് മാത്രം. അതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

വീണ്ടും പറയുകയാണ്‌, സ്ത്രീകള്‍ ഒരു പ്രദര്‍ശന വസ്തുവല്ല എന്ന് സമൂഹത്തില്‍ ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുവാന്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും ബാധ്യതയുണ്ട്. പാര്‍ട്ടികളിലും ചടങ്ങുകളിലും കോട്ടും സൂട്ടുമിട്ട് അന്തസ്സായി വരുന്ന പുരുഷന്മാരോടൊപ്പം പുറമ്പോക്കും പത്തു സെന്റും പുറത്തിട്ട് നടക്കാനുള്ള അവകാശത്തെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കേണ്ടത്. അതിന് പേര് വേറെയാണ്. കേരളത്തിലെ കോളേജുകളില്‍ പയ്യന്മാരുടെ ജീന്‍സിനിടയില്‍ കൂടി അണ്ടര്‍വെയര്‍ പുറത്തു കണ്ടപ്പോള്‍ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ട്രീക്കിംഗ് നടത്തിയ പയ്യനെ പോലീസ് ഓടിച്ചിട്ട്‌ പിടിച്ചു അറസ്റ്റ് ചെയ്തു. എന്താ പുരുഷന്മാര്‍ക്ക് ഇതൊന്നും പറ്റില്ലേ?. അവര്‍ക്കും ഇച്ചിരി സ്വാതന്ത്ര്യം വേണ്ടേ? അവരുടെ അണ്ടര്‍വെയര്‍ പുറത്തു കണ്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?..അവര്‍ തുണിയുടുക്കാതെ അരക്കിലോമീറ്റര്‍ ഓടിയാല്‍ ഇന്ത്യയെ കാക്ക കൊത്തിക്കൊണ്ടു പോകുമോ? ഇല്ലല്ലോ. അപ്പോള്‍ സ്വാതന്ത്ര്യവും മണ്ണാങ്കട്ടയുമൊന്നുമല്ല പ്രശ്നം. നമ്മുടെ സംസ്കാരമാണ്. അതിനെ ഇത്തിരി ബഹുമാനിച്ചു എന്ന് വെച്ചു ഒരു സ്ത്രീയുടെയും ഉടല്‍ ആവിയായിപ്പോവില്ല.

ഇത്രയും പറഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത ചില മന്ദശ്രീകള്‍ ഉണ്ടാകാം. അവര്‍ക്ക് ഇതുവരെ പറഞ്ഞതിന്റെ രത്നച്ചുരുക്കം വായുഗുളിക രൂപത്തില്‍ നല്‍കാം. ദിവസം മൂന്നു നേരം ചവച്ചിറക്കുന്നത് നല്ലതാണ് :-

വാ.ഗു 1) മാന്യമായ വസ്ത്രം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് പര്‍ദ്ദ എന്നല്ല. വസ്ത്രത്തിനു ജാതിയും മതവുമില്ല.
വാ.ഗു 2) സ്ത്രീകള്‍ തുണിയുടുക്കാതെ നടന്നാലും അവളെ കയറിപ്പിടിക്കാന്‍ ഒരു മനുഷ്യ മൃഗത്തിനും അവകാശമില്ല.
വാ.ഗു 3) ആരും ഞരമ്പനായി ജനിക്കുന്നില്ല, സമൂഹത്തിലെ വിവിധ തരം ജീര്‍ണതകളാണ് ഒരാളെ ഞരമ്പനാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ആ ജീര്‍ണതകളെയാണ് ചികിത്സിക്കേണ്ടത്. 
വാ.ഗു 4) സ്വയം പ്രദര്‍ശന വസ്തുവാകാതിരിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. അവര്‍ മാന്യമായ വസ്ത്രം ധരിക്കണം.
വാ.ഗു 5) റേപ്പിനെതിരെയുള്ള ശിക്ഷാ നടപടികള്‍ ശക്തമാക്കുക. വധശിക്ഷയെക്കുറിച്ചും ആലോചിക്കാം.   
വാ.ഗു 6) കോണക സംസ്കാരത്തിന് വേണ്ടി വാദിക്കുന്നവര്‍ ആദ്യം അത് സ്വന്തം വീട്ടുകാരത്തികളില്‍ നിന്ന് തുടങ്ങുക, ശേഷം വായിട്ടലയ്ക്കുക.
വാ.ഗു 7) 'റേപ്പ് മി പ്ലീസ് 3' എന്നെക്കൊണ്ട് എഴുതിപ്പിക്കരുത് :).

Recent Posts
ബോംബേയ്..ബോംബ്‌!!
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം  

Related Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.