ബോംബേയ്..ബോംബ്‌!!

ഇതൊരു ന്യൂ ജനറേഷന്‍ കാലമാണ്. എന്ന് വെച്ചാല്‍ മരുമോനിയ്ക്കായി അപ്പങ്ങളെമ്പാടും ചുട്ടുകൂട്ടുന്ന പൊന്നമ്മായിമാരുടെ കാലം. വളിച്ചതും പുളിച്ചതുമായ അപ്പങ്ങള്‍ പല അമ്മായിമാരും ലാവിഷായി ചുട്ടെടുക്കുന്നുണ്ട്. ഏത് വളിച്ചത് തിന്നാലും അടിപൊളി എന്ന് പറയണം. അല്ലേല്‍ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകും. വളിച്ചത് തിന്നാനും വയ്യ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകാനും വയ്യ, അതിനെന്ത് വഴിയുണ്ട് എന്ന് ചിന്തിക്കുന്ന പതിനായിരങ്ങളുടെ ഇടയിലേക്കാണ് 'നേറ്റീവ് ബാപ്പ' കടന്നു വരുന്നത്. 'കൊട് കൈ' എന്ന് പറയാന്‍ തോന്നുന്ന ഒരു ന്യൂ ജനറേഷന്‍ ഐറ്റം!!  ബോംബേയ്...ബോംബ്‌!!. നമ്മുടെ ചുറ്റുപാടുകളിലെ ചില കറുത്ത സത്യങ്ങള്‍ക്ക് നേരെ ഏതാനും ചെറുപ്പക്കാര്‍ കലഹിച്ചു വലിച്ചെറിയുന്ന ബോംബ്. "പൂരത്തിന് ബലൂണ്‍ വാങ്ങാനാന്നും പറഞ്ഞു കൂട്ടിക്കൊണ്ടോയിട്ട് വെടി കേട്ട് പേടിച്ച് മണ്ടി, മുണ്ടിന്റെ മുന്നും പിന്നും എരപ്പാക്കിയോനാ, എന്നിട്ടിപ്പം ബോംബേയ്.. ഏത്..? ബോംബ്‌!!".

രാജ്യസ്നേഹിയായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്ന ഒരു നാടന്‍ ബാപ്പ. ഉത്സവപ്പറമ്പിലെ വെടിയൊച്ച കേട്ട് പേടിച്ച് ഉടുമുണ്ടില്‍ മൂത്രമൊഴിച്ച മകന്‍.. രാജ്യദ്രോഹിയാണേല്‍ എനിക്കവന്റെ മയ്യത്ത് കാണേണ്ട എന്ന് പറയുന്ന ഒരുമ്മ. നാലര മിനുട്ടുള്ള ഒരു സംഗീത വീഡിയോക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ നേറ്റീവ് ബാപ്പ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ തീവ്രവാദികളുണ്ട്. പല മതത്തിലും പല ജാതിയിലും. തീവ്രവാദമെന്നത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം 'കുത്തക'യല്ല. എല്ലാ മതവിഭാഗങ്ങളിലും ഏറിയും കുറഞ്ഞും അവരുണ്ട്. ഇസ്ലാം മതത്തിന്റെ പേര് പറഞ്ഞു യുവാക്കളെ സംഘടിപ്പിക്കാന്‍ നടക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നമുക്കിടയിലുണ്ട് എന്നത് സത്യമാണ്. അവര്‍ രാജ്യത്തിന്റെ മാത്രമല്ല, ഇസ്ലാമിന്റെ തന്നെ ശത്രുക്കളാണ്.  എന്നാല്‍ തീവ്രവാദത്തിന്റെ വഴിയില്‍ നിന്ന് ഏറെ അകലത്തില്‍ ജീവിക്കുന്ന മഹാഭൂരിപക്ഷമാണ് എല്ലാ മത വിഭാഗങ്ങളിലുമെന്ന പോലെ മുസ്‌ലിംകള്‍ക്കിടയിലുമുള്ളത്. പക്ഷെ സമൂഹത്തില്‍ അവര്‍ക്കൊരു അധിക ബാധ്യതയുണ്ട്. തങ്ങള്‍ തീവ്രവാദികളല്ല എന്ന് പേര്‍ത്തും പേര്‍ത്തും തെളിയിക്കേണ്ട ബാധ്യത. നേറ്റീവ് ബാപ്പ ആ 'ബാധ്യത'യുടെ നേര്‍ക്കാണ് ഹിപ് ഹോപ്പ് സംഗീതത്തിന്റെ ബോംബ്‌ എറിയുന്നത്.

My Name is Khan and I am not a terrorist എന്നത് ഒരു സിനിമയിലെ മാത്രം ഡയലോഗല്ല. ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനോ മാത്രം പറയേണ്ടി വന്ന ഒരു പ്രസ്താവവുമല്ല, ഇന്ത്യന്‍ പ്രസിഡന്റ്‌ അബുല്‍ കലാമിന് വരെ പാന്റും ഷൂവും അഴിച്ചിട്ട്  തെളിയിക്കേണ്ടി വന്ന ദുരവസ്ഥയാണ്!. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്ഥിതിഗതികള്‍ അങ്ങനെയൊക്കെയായി ഭവിച്ചു എന്ന് മാത്രം. മതത്തിന്റെ പേരില്‍ കൊല്ലും കൊലയും നടത്താനിറങ്ങിയ ഒരു ന്യൂനപക്ഷത്തിന് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടതില്‍ അവരുടെതായ ഒരു പങ്കുണ്ടായിരിക്കാം. എന്നാലും അതിന്റെ ദുരന്തം ഏറ്റുവാങ്ങുന്നത് സമാധാനപ്രിയരായ ഭൂരിപക്ഷമാണ്. ഈ അവസ്ഥയില്‍ നിന്ന് ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ എന്നറിയില്ല. അതുകൊണ്ട് തന്നെയാണ് ഹിപ് ഹോപ്പിനപ്പുറത്തേക്ക് നേറ്റീവ് ബാപ്പ തിരി കൊളുത്തി വിടുന്ന വിക്ഷുബ്ധ ചിന്തകളെ നമുക്ക് കണ്ടില്ലെന്നു നടിക്കാനാവാത്തത്, അല്ല, തിരിച്ചറിയേണ്ടി വരുന്നത് !

മാപ്പിള ലഹള എന്ന് പേരിട്ടിരിക്കുന്ന കോഴിക്കോടന്‍ മ്യൂസിക്ക് ട്രൂപ്പിന്റെ ആദ്യ സംരംഭമാണ് നേറ്റീവ് ബാപ്പ. ഡിസംബര്‍ മുപ്പത്തിയൊന്നിന് ഇറങ്ങിയ ഈ വീഡിയോക്ക് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം ഹിറ്റുകള്‍ ലഭിച്ചു കഴിഞ്ഞു. മുഹ്സിന്‍ പരാരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം റോയ് ജോര്‍ജ്. സക്കറിയ, ഹാരിസ്, ജിജോ എബ്രഹാം, നൗഷാദ് അബ്ദു, അഖില്‍ കോമാച്ചി, ജയശങ്കര്‍ എന്നിവരടങ്ങുന്ന ഒരു ടീമാണ് ഈ ഹിപ് ഹോപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 

കാണാത്തവരുണ്ടെങ്കില്‍  നേറ്റീവ് ബാപ്പയെ ഇവിടെ കാണാം.

ഉമ്മച്ചിപ്പെണ്ണിന്റെ തട്ടം കാണുമ്പോഴേക്കു ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റാതാവുന്ന ന്യൂ ജനറേഷന്‍ അ(ല്പ)പ്പത്തരങ്ങള്‍ക്ക് ക്രിയേറ്റിവിറ്റിയുടെ ഒരു ബദല്‍ രചിക്കുകയാണ്  ഈ ചെറുപ്പക്കാര്‍ ചെയ്തിരിക്കുന്നത്. കേരളീയ പാശ്ചാത്തലത്തിലുള്ള ഒരു പ്രാദേശിക ആല്‍ബമായി ഈ ബാപ്പയെ വായിക്കാതിരിക്കുകയാവും നല്ലത്. (അങ്ങനെയൊരു വായനയിലേക്ക് ഇതിനെ പരിമിതപ്പെടുത്താവുന്ന ചില സൂചകങ്ങള്‍ സംവിധായകന്‍ തിരുകിക്കയറ്റിയിട്ടുണ്ടെങ്കിലും) പലപ്പോഴും ന്യൂസ് റൂമുകലിലാണ് തീവ്രവാദികള്‍ ജനിക്കുന്നതും മരിക്കുന്നതും. അവയ്ക്ക് ഗ്രൗണ്ട് റിയാലിറ്റിയുമായി പുലബന്ധം പോലും ഉണ്ടായിക്കൊള്ളണമെന്നില്ല. 'റേറ്റിംഗ് ഭാവന'യുടെ ബലിയാടുകളായി മാറപ്പെടുന്നവരാണ് പലരും. ബോംബുകളുടെ രാഷ്ട്രീയത്തിന് അതിരുകളില്ല. ചിതറിത്തെറിക്കുന്ന കബന്ധങ്ങള്‍ക്കു പ്രത്യയ ശാസ്ത്രങ്ങളുടെ ഭാഷയുമറിയില്ല. കൊല കൊല തന്നെയാണ്. അത് അല്‍ഖായിദ ചെയ്താലും അമേരിക്കന്‍ പ്രസിഡന്റ്‌ ചെയ്താലും. നേറ്റീവ് ബാപ്പയിലെ ചില വരികള്‍ സംഗീതത്തെ തീയായി പടര്‍ത്തുന്നുണ്ട്.

Bombing innocents, I'll call you a terrorist
I don't care if you are an Al Qaeda Militant
or if the world call you the US President

ലളിതമാണ് വരികള്‍. നിരപരാധികളെ കൊല്ലുന്നവനാണ് ഭീകരവാദി. അവനെയാളുകള്‍ അല്‍ഖാഇദയെന്നാണോ അമേരിക്കന്‍ പ്രസിഡണ്ടെന്നാണോ വിളിക്കുന്നതെന്നത് ഒരു വിഷയമേയല്ല. 


മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ഒരു ഗങ്നം സ്റ്റൈലാണ് ഈ നാലര മിനുട്ട് വീഡിയോ. ഒരു 'തീവ്രവാദി'ക്ക് ജന്മം നല്‍കിയ ബാപ്പയുടെ കണ്ണില്‍ നിഴലിക്കുന്ന ഭീതിയുടെ ചിത്രം ഏതാനും ഷോട്ടുകളിലും അതിന്റെ വോക്കല്‍ തീവ്രത കോഴിക്കോടന്‍ സ്ലാങ്ങുള്ള കുറച്ച്  വാചകങ്ങളിലും അവതരിപ്പിക്കുവാന്‍ മാമുക്കോയക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു മുഴുനീള സിനിമയിലെ 'ഗഫൂര്‍ കാ ദോസ്ത്' നാലര മിനുട്ടിന്റെ ന്യൂക്ലിയസ്സിലേക്ക് വളര്‍ന്നു വലുതായി എന്ന് നിസ്സംശയം പറയാം. ഈ ആല്‍ബം ഉയര്‍ത്തുന്ന ആശയതലത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. പക്ഷേ ആഭാസകരമായ നൃത്തച്ചുവടുകള്‍ക്കുള്ളില്‍ സംഗീതത്തെ തളച്ചിട്ടിരിക്കുന്ന ഒരു ജനറേഷനില്‍ നിന്നും ഇങ്ങനെയും ചിലതൊക്കെ വരുന്നുണ്ട് എന്നത് കാണാതിരുന്നു കൂട. തെറി വര്‍ത്തമാനങ്ങളും പരിഹാസവും അല്പം ബോള്‍ഡ്നെസ്സും കൂട്ടിക്കുഴച്ച്‌ വിളമ്പുന്ന അലമ്പ് മസാലകളുടെ കൂട്ടത്തില്‍ ഇത്തിരി വ്യത്യസ്തത.

Related Posts
ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം  
മലാല തിരിച്ചു വരുമ്പോള്‍
മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?