ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?

ഫേസ്ബുക്ക് പാവമാണ്!. പൊതുവേ ആരെയും ഉപദ്രവിക്കാറില്ല, പ്രത്യേകിച്ച് നമ്മുടെ മലയാള പത്രങ്ങളെ. പക്ഷെ അവര്‍ക്കൊക്കെ ഇഷ്ടം പോലെ വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാറുണ്ട്. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും ഫോട്ടോകളുമൊക്കെ ഷെയറി ഷെയറി ഹിറ്റാക്കുന്നതും അവരുടെ സൈറ്റുകളിലേക്ക് ലിങ്കിലൂടെ ആളുകളെ പാര്‍സലയക്കുന്നതും ഫേസ്ബുക്കാണ്. എന്നിരുന്നാലും 'ഇട്ടിക്ക്  പട്ടരിഷ്ടം പട്ടര്‍ക്കിട്ടി ചേട്ട' എന്ന് പറഞ്ഞ പോലെയാണ് പത്രങ്ങളുടെ കാര്യം. അവര്‍ക്ക് ഫേസ്ബുക്കിനെ കണ്ടുകൂടാ. ഫേസ്ബുക്കിന്റെ കരണത്തടിച്ചു മാസത്തില്‍ നാല് ലേഖനം എഴുതിയാലേ തൃപ്തി വരൂ. ഈ മാസത്തെ കസര്‍ത്ത് മനോരമയുടെയും മാധ്യമത്തിന്റെയും വകയാണ്.

"ഫേസ്ബുക്കോ, വേറെ പണിയില്ലേ?" എന്നാണു പി കിഷോര്‍ എഴുതിയ മനോരമയുടെ ലേഖനത്തിന്റെ തലക്കെട്ട്‌. അത് കണ്ടപ്പോള്‍ തന്നെ വയറു നിറഞ്ഞു, ഉള്ളിലെന്തായിരിക്കുമെന്നു ഒരു ഐഡിയയും കിട്ടി. എന്നാലും ഒന്ന് വായിച്ചു നോക്കി. കണക്കുകൂട്ടല്‍ തെറ്റിയില്ല. അതിഭയങ്കര കണ്ടെത്തലുകളാണ് അതിനുള്ളിലുള്ളത്. ഫേസ്ബുക്ക് പൊളിയാന്‍ പോവുകയാണ്, അത് ജനത്തിനു മടുത്തു തുടങ്ങി. അവര്‍ അടുത്തു തന്നെ പൂട്ടും. (പൂട്ടിപ്പോവുമ്പോള്‍ താക്കോല്‍ മനോരമക്ക് കൊടുക്കണേ സക്കര്‍ബര്‍ഗേ). മ. ലേഖകന്‍ പറയുന്നതിനെ ഒന്ന് തലതിരിച്ചിട്ടു വായിച്ചാല്‍ അതിനു മറ്റൊരു അര്‍ത്ഥതലം കൂടി കിട്ടും. അതേതാണ്ട് ഇങ്ങനെയാണ്. മനോരമ ഒരിക്കലും പൊളിയുകയില്ല, അത് ജനത്തിനു മടുത്തിട്ടില്ല. സര്‍ക്കുലേഷന്‍ കൂടിക്കൊണ്ടേയിരിക്കുന്നു!!.

മാധ്യമത്തിന്റെ ലേഖനം ഓണ്‍ലൈനില്‍ കിട്ടാത്തതിനാല്‍ വായിച്ചിട്ടില്ല. ലേഖകന്‍ കെ എ സൈഫുദീന്‍ തന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്ത പേജില്‍ കാണുന്ന തലക്കെട്ട്‌ 'ഇ മുറിയില്‍ മലയാളി നഗ്നനാണ്' എന്നാണ്. മലയാളികളുടെ സോഷ്യല്‍ മീഡിയ ആക്ടിവിസം എന്ന് വെച്ചാല്‍ 'ഒരു മൗസ് ക്ലിക്ക് അകലത്തില്‍ എല്ലാവരും നഗ്നരായിത്തീരുന്ന' അവസ്ഥയാണെന്ന് ബ്ലര്‍ബില്‍ പറയുന്നുണ്ട്. ഫേസ്ബുക്കില്‍ എത്തിയാല്‍ മലയാളികള്‍ കൂട്ടത്തോടെ ട്രൌസറും ജട്ടിയും  അഴിച്ചിട്ടു നഗ്നനൃത്തം ആടുകയാണെന്നാണോ ലേഖകന്‍ ഉദ്ദേശിച്ചതെന്നറിയില്ല. പെണ്ണും രതിയും ലൈനടിയും മാത്രമേ ഫേസ്ബുക്കില്‍ ഉള്ളൂ  എന്ന് ലേഖകന് തോന്നിയിട്ടുണ്ടോ എന്ന സംശയവും ആദ്യ പേജ് ജനിപ്പിക്കുന്നുണ്ട്. ഏതായാലും ലേഖനം ഫേസ്ബുക്കിനെയും അതുപയോഗിക്കുന്ന മലയാളികളുടെയും തലതിരിഞ്ഞ പോക്കിനെതിരെയാണ് എന്ന് ഉറപ്പിക്കാം.  (സിനിമ പോസ്റ്റര്‍ കണ്ടു റിവ്യൂ എഴുതുന്ന പോലെ തലക്കെട്ട്‌ കണ്ടാണ്‌ ഞാന്‍ എഴുതുന്നത്‌. ലേഖകന്‍ ക്ഷമിക്കണം).


മാധ്യമം വാരികയുടെ കവര്‍ പേജില്‍ ഫേസ്ബുക്ക് വരുന്നത് ഇതാദ്യമല്ല. വര്‍ഷത്തില്‍ രണ്ടു തവണ വീതം ഇപ്പോള്‍ വരുന്നുണ്ട്. വിജു വി നായരുടെ ഒരു ഫേസ്ബുക്ക് അവലോകനമായിരുന്നു ഇതിനു തൊട്ടു മുമ്പ് വന്നത്. കിടിലന്‍ ലേഖനങ്ങള്‍ എഴുതുന്ന മാധ്യമം നായരുടെ ആ ലേഖനം ഫേസ്ബുക്ക് കണ്ടിട്ട് പോലുമില്ലാത്ത ഒരാളുടെ കുറിപ്പായിട്ടാണ് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്. ഒരു വഴിക്ക് പോവുകയല്ലേ, കിടന്നോട്ടെ സക്കര്‍ബഗിനിട്ടൊരു പൂശ് എന്ന ലൈനിലുള്ള ഒരു അഭ്യാസം. മലയാള വാരികകളില്‍ ഇപ്പോള്‍ മുന്‍നിരയിലുള്ള മാധ്യമത്തില്‍ നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കുന്നത് ഇത്തരം ലേഖനങ്ങളാണോ?

പാശ്ചാത്യ നാടുകളില്‍ പ്രിന്റ്‌ എഡിഷനുകള്‍ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും ഇ എഡിഷനുകളിലേക്ക് കടന്നിരിക്കുന്നു. പ്രിന്റിലെ  റവന്യൂവിനെക്കാള്‍ കൂടുതലാണ് ഇന്ന് ഇ-വഴി വരുന്ന റവന്യൂ. ഫേസ്ബൂക്ക്, ട്വിട്ടര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെയാണ് അവര്‍ തങ്ങളുടെ ഇ എഡിഷനുകളുടെ ഏറ്റവും വലിയ പ്രചാരണ വേദികളാക്കി ഉപയോഗിക്കുന്നത്. ലോകം മാറുകയാണ്. ഇന്നത്തെ വാര്‍ത്തകള്‍ അറിയാന്‍ നാളെ രാവിലെ പത്രം വരുന്നതും കാത്തിരിക്കേണ്ട കാലമൊക്കെ കഴിഞ്ഞു പോയി. വാര്‍ത്തകള്‍ നടക്കുമ്പോള്‍ തന്നെ വിരല്‍തുമ്പിലെ സ്ക്രീനില്‍ അവ ലൈവായി അറിയുകയും കാണുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വാര്‍ത്തകളുടെ വിശകലനങ്ങള്‍ വായിക്കുവാന്‍ മാത്രമാണ് ഇന്ന് പത്രം ഉപകരിക്കുന്നത്‌. പുതിയ തലമുറക്കാകട്ടെ അവ വായിക്കാനുള്ള ക്ഷമയും സമയവും ഇല്ല.  നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പത്രങ്ങളുടെ പ്രിന്റ്‌ എഡിഷനുകള്‍ വിദേശങ്ങളില്‍ ചക്രശ്വാസം വലിക്കുന്നതും പൂട്ടിപ്പോകുന്നതും അതുകൊണ്ടാണ്. താമസിയാതെ അത്തരം മാറ്റങ്ങള്‍ നമ്മുടെ നാട്ടിലുമെത്തും. മാസത്തില്‍ ഓരോ ലേഖനം എഴുതി സോഷ്യല്‍ മീഡിയയെ കൊച്ചാക്കിയത് കൊണ്ട് ആ മാറ്റങ്ങള്‍ വരാതിരിക്കില്ല. ഇ-മീഡിയ വളര്‍ന്നാല്‍ കഞ്ഞികുടി മുട്ടുമോ എന്ന ഭയമാണ് ഇത്തരം ലേഖനങ്ങള്‍ക്ക് പിറകിലെങ്കില്‍ ഒരൊന്നൊന്നര സഹതാപം പാര്‍സലായി തരാമെന്നു മാത്രം!. മനോരമയോടു ഒന്നേ പറയാനുള്ളൂ. ഫേസ്ബുക്ക് പൂട്ടുന്നതിനെക്കുറിച്ചോര്‍ത്ത് വല്ലാതെ വിഷമിക്കേണ്ട. ങ്ങള് പൂട്ടാതെ നോക്കിയാല്‍ മതി. 

ഞാന്‍ ഫേസ്ബുക്കിന്റെ വാക്താവല്ല. സക്കര്‍ബര്‍ഗ് എന്റെ അമ്മായിയുടെ മോനുമല്ല. എന്നാലും ഒരു കാര്യം പറയട്ടെ, മലയാളത്തിലെ പ്രിന്റ്‌ മീഡിയക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ അത്ര മാത്രം ബോറല്ല ഫേസ്ബുക്ക്. സാധാരണക്കാരന്‍ അവന്റെ കണ്ണും മനസ്സും തുറന്നു പരസ്പരം ഇടപഴകുകയും  ആശകളും ആകുലതകളും പ്രതികരണങ്ങളും പങ്കു വെക്കുക്കയും ചെയ്യുന്ന ഒരു സൈബര്‍ വേദിയാണത്. അതില്‍ ചപ്പും ചവറും കാണും. മുത്തും പവിഴവുമുണ്ടാകും. ചിലയിടത്ത്  പഞ്ചാരയടിയും ഒലിപ്പീരും കണ്ടേക്കാം. മറ്റു ചിലയിടത്ത് ഗൗരരവമായ ചര്‍ച്ചകളും സംവാദങ്ങളും കാണും. നമ്മള്‍ എവിടെപ്പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മള്‍ എന്ത് കാണുന്നു എന്നത്. മനോരമക്കാരനും മാധ്യമക്കാരനും എവിടെയൊക്കെയാണ് കറങ്ങിയത് എന്നറിയില്ല. മറ്റൊന്ന് കൂടി പറയട്ടെ, ലോകത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളും ട്രെന്റുകളും ആദ്യം പ്രതിഫലിക്കുന്ന ഒരു വേദി കൂടിയാണ് ഫേസ്ബുക്ക്. പ്രിന്റ്‌ മീഡിയയിലെ എത്ര വലിയ പുലികള്‍ക്കും ഫേസ്ബുക്കിലെ സാമൂഹ്യ ചലനങ്ങളെ സൂക്ഷമായി നിരീക്ഷിക്കുന്നത് നല്ലതാണ്. ഓരോ വിഷയത്തോടുമുള്ള പൊതുജനത്തിന്റെ പള്‍സ് അവിടെ നിന്നറിയാന്‍ പറ്റും. അതല്ല സോഷ്യല്‍ മീഡിയ എന്ന് കേള്‍ക്കുമ്പോഴേക്ക് ചൊറിച്ചിലാണ് വരുന്നതെങ്കില്‍ പെട്ടെന്ന് ഒരു മൃഗഡോക്ടറെക്കണ്ട് മരുന്ന് വാങ്ങിക്കണം.

Related Posts
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ? 
ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം  
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.