വരിവരിയായി ജയിലിലേക്ക് !

സഖാക്കള്‍ വരിവരിയായി ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആദ്യം ബ്രാഞ്ച് സെക്രട്ടറി, പിന്നെ ഏരിയ സെക്രട്ടറി, അത് കഴിഞ്ഞു ജില്ല സെക്രട്ടറി, ഇപ്പോഴിതാ എം എല്‍ എ യും.. ജയിലിലേക്കുള്ള പോക്ക് പോലും പ്രോട്ടോകോള്‍ തെറ്റിക്കാതെയാണ്. ഒരു കേഡര്‍ പാര്‍ട്ടി ആയാലുള്ള ഗുണം ഇതാണ്. എല്ലാവരും അവരുടെ സ്ഥാനമാനങ്ങള്‍ നോക്കി പരസ്പരം ബഹുമാനിച്ചു കാര്യങ്ങള്‍ നീക്കും. പ്രോട്ടോകോളിന്റെ ചിട്ടയനുസരിച്ചു ചെറുകിടക്കാര്‍ ആദ്യം പോയി പിന്നാലെ വരുന്ന വന്‍ കിടക്കാര്‍ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തും. പാര്‍ട്ടി പ്രോട്ടോകോള്‍ അനുസരിച്ച് പി ജയരാജന്‍ അല്പം മുകളില്‍ ആണെങ്കിലും സര്‍ക്കാര്‍ പ്രോട്ടോകോള്‍ അനുസരിച്ച് എം എല്‍ എ ആയ ടി വി രാജേഷാണ് ഒരു കട്ടക്ക് മുന്നില്‍ നില്‍ക്കുക. അതുകൂടി കണക്കിലെടുത്ത് കൊണ്ടാണ് സഖാക്കളുടെ പോക്ക് എന്നര്‍ത്ഥം. ഇനി പോളിറ്റ് ബ്യൂറോയിലെ ഏതെങ്കിലും ഒരാളെക്കൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു കഴിഞ്ഞാല്‍ ഒരു അവൈലബിള്‍ മീറ്റിംഗ് സെല്ലിനുള്ളില്‍ കൂടാന്‍ പറ്റും.

ഫസല്‍ വധം, ഷുകൂര്‍ വധം, ടി പി വധം, പിന്നെ മണിയാശാന്‍ എണ്ണിപ്പറഞ്ഞ വണ്‍ ടൂ ത്രീ ഫോര്‍ വധങ്ങള്‍ .. എണ്ണിപ്പറയാന്‍ ഇനിയും ബാക്കിയുള്ള പരശ്ശതം വധങ്ങള്‍. സി പി എമ്മിന്റെ സമീപകാല ചരിത്രത്തില്‍ കൊലപാതകങ്ങളുടെ പട്ടികയാണ് രക്തസാക്ഷികളുടെ പട്ടികയെക്കാള്‍ നീളം കൂടിക്കൊണ്ടിരിക്കുന്നത്. സി പി എം അതിന്റെ പൂര്‍വകാല ചരിത്രത്തില്‍ നടപ്പിലാക്കിയ വധങ്ങളില്‍ ബിനാമി പ്രതികള്‍ അല്ലാതെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുന്ന പതിവുണ്ടായിരുന്നില്ല. ടി പി വധം ഉയര്‍ത്തിയ അസാധാരണമായ മാധ്യമ ഇടപെടലുകളും ജനകീയ പ്രതിഷേധ തരംഗങ്ങളും അതിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നീക്കങ്ങളുമാണ് ചരിത്രത്തില്‍ ആദ്യമായി  പോളിറ്റ് ബ്യൂറോയേക്കാള്‍ വലിപ്പമുള്ള മറ്റൊരു ബ്യൂറോ ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഉണ്ടെന്ന് സഖാക്കള്‍ക്ക് പഠിക്കാന്‍ അവസരം സൃഷ്ടിച്ചത്. ഇത് സി പി എമ്മിന് മാത്രമല്ല, കൊലപാതക രാഷ്ട്രീയത്തിന്റെ നാള്‍വഴികളിലൂടെ കടന്നു വന്ന മുഴുവന്‍ രാഷ്ട്രീയ പിശാചുക്കള്‍ക്കുമുള്ള പാഠമാണ്.

ക്യൂ പ്ലീസ്

വാഹനം തടഞ്ഞു നിര്‍ത്തി പ്രതിഷേധം പ്രകടിപ്പിച്ചതിന് ഒരു ചെറുപ്പകാരനെ അതിഭീകരമായി കൊല ചെയ്യുവാന്‍ കൂട്ട് നിന്നു എന്ന അത്യന്തം ഗുരുതരമായ ഒരു കുറ്റമാണ് നമ്മുടെ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന നിയമസഭക്കകത്ത് ഇരിക്കുന്ന ഈ എം എല്‍ എ ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. നൈമിഷികമായ ഏതെങ്കിലും പ്രകോപനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളേക്കാള്‍ പതിന്മടങ്ങ്‌ അപകടകരമാണ് ആസൂത്രിതമായ ഇത്തരം കൊലപാതകങ്ങള്‍.  അത്തരം ഭീകര പദ്ധതികളെക്കുറിച്ച് വിവരം ലഭിക്കുമ്പോള്‍ നിയമസഭക്കകത്തിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്വം മറന്നു കൊണ്ട് കൊലപാതകത്തിന് നിശ്ശബ്ദമായി കൂട്ട് നില്‍ക്കുക എന്ന കുറ്റം ഒന്നോ രണ്ടോ ആഴ്ച ജയിലില്‍ കിടന്നത് കൊണ്ട് മാത്രം തീരുന്നതല്ല, തീരേണ്ടതല്ല.

ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്ന് ഒരു കേരള ബന്ദും വ്യാപകമായ അക്രമങ്ങളും നടന്നു. രാജേഷ് നേരിട്ട് പോയി കീഴടങ്ങിയത് കൊണ്ട് മറ്റൊരു ബന്ദില്‍ നിന്ന് കേരള ജനത രക്ഷപ്പെട്ടു. കത്തിച്ചാമ്പലാവേണ്ടിയിരുന്ന എണ്ണമറ്റ സര്‍ക്കാര്‍ വാഹങ്ങള്‍ക്ക് അല്പം കൂടെ ആയുസ്സ് നീട്ടിക്കിട്ടി. അടിച്ചു പൊളിക്കപ്പെടേണ്ടിയിരുന്ന കോണ്ഗ്രസ് ലീഗ് ആപ്പീസുകള്‍ക്കും ഇടക്കാലാശ്വാസം ലഭിച്ചു. ആശുപത്രികളില്‍ എത്തിക്കേണ്ട അത്യാസന്ന നിലയിലുള്ള രോഗികള്‍, ഒഴിച്ച് കൂടാനാവാത്ത യാത്രകള്‍ നടത്തുന്നവര്‍, വിവാഹാഘോഷങ്ങളും ചടങ്ങുകളും നിശ്ചയിച്ചവര്‍ തുടങ്ങി ലക്ഷക്കണക്കിന്‌ മനുഷ്യര്‍ക്ക് രക്ഷപ്പെടലിന്റെ ദീര്‍ഘ നിശ്വാസം ലഭിച്ചു. അക്രമം നടത്തി പോലീസിന്റെ തല്ലു വാങ്ങുന്നതില്‍ നിന്ന് ഡിഫിക്കുട്ടികളും രക്ഷപ്പെട്ടു. ഇതിനൊക്കെപ്പുറമേ രാജേഷിന്റെ കരച്ചില്‍ കാണുന്നതില്‍ നിന്ന് കേരള ജനതയും രക്ഷപ്പെട്ടു. കീഴടങ്ങാനുള്ള സാവകാശം കൊടുക്കാതെ ഒരു ബലപ്രയോഗത്തിലൂടെ പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ വീണ്ടുമൊരു കരച്ചില്‍ കാണേണ്ട ഗതികേട് ഉണ്ടാകുമായിരുന്നു!! സിനിമയിലെ അവസാന സീനില്‍ നായകന്‍ നായികയുമായി സ്ലോമോഷനില്‍ ഓടുമ്പോള്‍ ശുഭം എന്ന് എഴുതിക്കാണിക്കുന്ന പോലെ ഈ കീഴടങ്ങല്‍ എല്ലാം ശുഭമായി അവസാനിപ്പിച്ചിരിക്കുന്നു. ഇനി ജയിലും ഉണ്ടയുമായി രാജേഷങ്ങ് പൊരുത്തപ്പെട്ടാല്‍ മാത്രം മതി!!

സി പി എം നേതാക്കളുടെ വരിവരിയായുള്ള ജയില്‍ മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആ പാര്‍ട്ടിയുടെ 'അടുത്ത സുഹൃത്തുക്കളായ' പന്ന്യന്‍ സഖാവും സി പി ഐ അണികളുമായിരിക്കും. സി പി ഐ യെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കിടയില്‍ അവരുടെ ഇമേജ് കുത്തനെ ഉയരുന്ന നാളുകളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സി പി എമ്മിന്റെ അടുക്കളയില്‍ ബാക്കിയാവുന്ന കഞ്ഞിയും പുഴുക്കും കുടിച്ചു നാളുകള്‍ കഴിച്ചിരുന്ന വാലാട്ടി ഇമേജില്‍ നിന്നും കേരളീയ പൊതുസമൂഹത്തിന്റെ വികാരത്തോടൊപ്പം നിന്ന് തന്റെടത്തോടെ പ്രതികരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയിലേക്ക് ഉയര്‍ന്നു വരുവാന്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ അമ്പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയത്തിനെതിരെ തന്റെടത്തോടെ പ്രതികരിക്കാന്‍ അവര്‍ തയ്യാറായി. കൊലപാതകികളെ അറസ്റ്റ് ചെയ്തപ്പോള്‍ അതിനെതിരെ ഹര്‍ത്താല്‍ പ്രഹസനം നടത്താന്‍ കൂട്ടുനിന്നില്ല. മാത്രമല്ല സി പി എം തമ്പ്രാക്കന്‍മാരുടെ വായ്‌ത്താരികള്‍ക്ക് ചൂടപ്പം പോലെ പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്തു.

കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഇടതുപക്ഷ മനസ്സുകള്‍ക്ക് ചേക്കേറാന്‍ പറ്റിയ ഒരിടമാണ് സി പി ഐ എന്ന് തോന്നിപ്പിക്കുന്നിടത്തു അവര്‍ വിജയിച്ചു കഴിഞ്ഞു എന്ന് ചുരുക്കം. പാര്‍ട്ടി അന്ധത ബാധിക്കാതെ കാര്യങ്ങളെ വകതിരിവോടെ വിലയിരുത്തുന സി പി എം പ്രവര്‍ത്തകരില്‍ നിന്ന് പോലും ഒരു ചെറിയ അടിയൊഴുക്ക് തങ്ങളുടെ പക്ഷത്തേക്ക് ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഒരവസരമാണിതെന്ന് അതിന്റെ നേതൃത്വം ഒരു പക്ഷെ തിരിച്ചറിഞ്ഞിട്ടുമുണ്ടാവണം. സി പി എം അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒരു കാലത്തിലൂടെയാണ്‌ കടന്നു പോകുന്നത്. ആ പാര്‍ട്ടിക്കകത്ത് ഒരു വലിയ ശുദ്ധീകലശം  നടക്കേണ്ടിയിരിക്കുന്നു. അത് സി പി എമ്മിന്റെ മാത്രം ആവശ്യമല്ല, കേരളീയ പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്‌.  അധികാര ജീര്‍ണത ബാധിച്ച കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന് കേരളക്കരയില്‍ ഒരു മതേതര ബദല്‍ ഉയര്‍ത്തുവാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. അത് അവര്‍ക്ക് ഇനിയും കഴിയേണ്ടതുണ്ട്. പക്ഷേ ജനവിരുദ്ധ നിലപാടുകളിലും അക്രമ രാഷ്ട്രീയത്തിലും തുടര്‍ന്ന് കൊണ്ട് സി പി എം ആ ദൗത്യത്തില്‍ നിന്നു പിറകോട്ടു പോകുന്ന പക്ഷം കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞു മുന്നോട്ടു കുതിക്കുകാന്‍ സി പി ഐക്ക് കഴിയേണ്ടതുണ്ട്.

Related Posts
അങ്ങനെ ജയരാജനും സ്വാഹ..
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
കുഞ്ഞനന്താ ചതിക്കല്ലേ
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)
ബല്‍റാം 'vs' താരാദാസ്