ജയരാജനെന്താ കൊമ്പുണ്ടോ?

സി പി എം തീപ്പന്തമാകാന്‍ പോവുകയാണത്രെ! ജയരാജനെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നാണ് ഭീഷണി. അടിപിടി സിനിമകളില്‍ വടിവാളുമായി ചന്തയില്‍ ഇറങ്ങി വെല്ലുവിളിക്കുന്ന തെരുവ് ഗുണ്ടകളുടെ ഭാഷയിലും  ശൈലിയിലുമാണ് സഖാവ് ടി പി വധം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരെ സി പി എം നേതാക്കള്‍ വിരട്ടുന്നത്. ഞങ്ങളുടെ നേതാക്കളെ തൊട്ടാല്‍ പാര്‍ട്ടി ഒരു തീപ്പന്തമായി ആളിക്കത്തും എന്ന സഖാവ് പിണറായിയുടെ പ്രസ്താവന കേട്ടപ്പോള്‍ കീരിക്കാടന്‍ ജോസിനെയാണ് എനിക്കോര്‍മ വന്നത്. വളരെ സിമ്പിള്‍ ആയ ഒരു സ്ട്രാറ്റജിയാണ് കീരിക്കാടന്‍മാര്‍ക്കുള്ളത്‌. കയ്യില്‍ കോപ്പുണ്ടായാലും ഇല്ലെങ്കിലും ആളുകളെ പേടിപ്പിച്ചു നിറുത്തുക. ആര്‍ക്കും കാണാന്‍ പാകത്തില്‍ ഒരു കത്തി അരയില്‍ തിരുകി ചന്തയില്‍ ഇറങ്ങി വെറുതെ ഒന്ന് മീശ പിരിച്ചാല്‍ തന്നെ ഒരുമാതിരിപ്പെട്ട ആളുകളൊക്കെ അതില്‍ വീഴും. അയാളുടെ അരയില്‍ ഉള്ളതിന്റെ രണ്ടിരട്ടി വലിപ്പമുള്ള കത്തി ചന്തയിലെ കടകളില്‍ തൂങ്ങിക്കിടപ്പുണ്ടാകും. പക്ഷേ ആ മീശ പിരിക്കല്‍ ഉണ്ടാക്കിയ ഭയം കാരണം ഒരാളും കീരിക്കാടനുമായി ഏറ്റുമുട്ടാന്‍ തയ്യാറാകില്ല.

സഖാവ് പിണറായി വിജയന്‍ ഇപ്പോള്‍ പോലീസിനു നേരെ പ്രയോഗിക്കുന്നത് ഈ കീരിക്കാടന്‍ തന്ത്രം    തന്നെയാണ്. മീശ പിരിച്ചു പോലീസിനെ വിറപ്പിച്ചു നിറുത്തുക. കൊലപാതകം അന്വേഷിക്കുന്ന പോലീസുകാര്‍ക്ക് കൃത്യമായ ഒരു ലക്ഷമണ രേഖ വരച്ചു കൊടുക്കുകയാണ് സഖാവ്. ആരെയൊക്കെ അറസ്റ്റ് ചെയ്യാം ആരെയൊക്കെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന്. അന്വേഷണമൊക്കെ നടത്തിക്കോളൂ പക്ഷേ പാര്‍ട്ടി നേതാക്കളെ തൊട്ടുകളിച്ചാല്‍ വിവരം അറിയും എന്ന മുന്നറിയിപ്പ്. കണ്ണൂരില്‍ മൂന്ന് ജയരാജന്‍മാരുണ്ട്. അതില്‍ ഒരു ജയരാജനിലേക്കും അന്വേഷണം നീളാന്‍ പാടില്ല. സംശയമുണ്ടെങ്കില്‍ പോലും അവരെ വിളിച്ചു വരുത്താനോ ചോദ്യം ചെയ്യാനോ പാടില്ല. സിനിമ കാണുന്നവര്‍ക്കൊക്കെ അറിയാം, കീരിക്കാടനെപ്പോലെ അത്യാവശ്യം നിലവാരമുള്ള വില്ലന്മാര്‍ ഒരു സംഘട്ടന രംഗത്തും ആദ്യമേ ചാടി വീഴില്ല എന്ന്. തുടക്കത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അസിസ്റ്റന്ടുമാരെ അയക്കുകയാണ് പതിവ്. ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് അറസ്റ്റ് ചെയ്ത കൂത്തുപറമ്പ് ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ സമ്മര്‍ദ്ധ തന്ത്രം ചെലുത്തി മോചിപ്പിക്കാന്‍ എം വി ജയരാജനെ എല്പിക്കുകയാണ് സഖാവ് പിണറായി ചെയ്തത്. പരല്‍ മീനുകള്‍ക്കപ്പുറം  വമ്പന്‍ സ്രാവുകള്‍ക്ക് ഈ കൊലപാതകത്തിലുള്ള പങ്ക് വെളിപ്പെടുന്നവിധം നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയും എന്ന് പോലീസ് സംശയിക്കുന്ന  ഒരാളാണ് പാര്‍ട്ടി ഓഫീസിലെ സെക്രട്ടറി.അയാളെയാണ് പേനാക്കത്തി കാട്ടി അസിസ്റ്റന്റ്‌ പോയി മോചിപ്പിച്ചു കൊണ്ട് വന്നത്.


സി പി എം അതിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ഒറ്റപ്പെട്ട ഒരു സംഭവം ഉണ്ടായിട്ടില്ല. സഖാവ് ടി പി ചന്ദ്രശേഖരന്റെ കൊല പാര്‍ട്ടി തീരുമാനം ആയിരുന്നു എന്നത് ഇന്ന് പകല്‍പോലെ വ്യക്തമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളൊക്കെ സൂചിപ്പിക്കുന്നത് അതാണ്‌. പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ ഒരു സഖാവിനെ അമ്പത്തി രണ്ടു വെട്ടുകള്‍ വെട്ടി ക്രൂരമായി കൊന്ന ശേഷം കൊലയാളികളെ സംരക്ഷിച്ചു നിറുത്തുവാന്‍ ഒരു പാര്‍ട്ടി ശ്രമിക്കുന്നുവെങ്കില്‍ ആ സമീപനം എത്രമാത്രം ജനവിരുദ്ധമാണ്? കോണ്ഗ്രസ്സുകാര്‍ പത്തുകൊല്ലം എല്ലുമുറിയെ പണിയെടുത്താല്‍ കിട്ടാത്ത സി പി എം വിരുദ്ധ തരംഗമാണ് കഴിഞ്ഞ പത്തു ദിവസം കൊണ്ട് സി പി എം നേതാക്കള്‍ സ്വയം ഉണ്ടാക്കിയിരിക്കുന്നത്. പൊതുജനത്തിന്റെ മനസ്സ് വായിക്കാന്‍ കഴിയാത്ത ഈ മുരടന്‍ നേതൃത്വം പതിനായിരങ്ങള്‍ വിയര്‍പ്പും ജീവനും നല്‍കി വളര്‍ത്തിയെടുത്ത ഒരു വലിയ പ്രസ്ഥാനത്തെ കുരുതി കൊടുക്കുകയാണ്. ജനങ്ങളുടെ പള്‍സ് നോക്കി പ്രതികരിക്കുന്നതില്‍ മഹാവിരുതനായ സഖാവ് വി എസ് ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേ തീരൂ എന്ന അദ്ദേഹത്തിന്റെ പുതിയ നിലപാട് ഇത്തരമൊരു പാശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. ക്വട്ടേഷന്‍ സംഘത്തിനു വേണ്ടി തീപ്പന്തമായി ആളിക്കത്താന്‍ എന്നെക്കിട്ടില്ല എന്ന് തന്നെയാണ് വി എസ് പറഞ്ഞിരിക്കുന്നത്.    

എന്തിനാണ് സി പി എം ഗുണ്ടാ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്‌? ഉത്തരം കിട്ടാത്ത ചോദ്യമാണത്. സി പി എമ്മിനെപ്പോലൊരു ജനകീയ പ്രസ്ഥാനത്തിന് നിലനില്‍ക്കാന്‍ ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പിന്തുണ ആവശ്യമുണ്ടോ? ജയിലുകളില്‍ യൂനിറ്റുണ്ടാക്കിയാല്‍ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്‌ ചേരാനുള്ള മെമ്പര്‍മാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തന്നെ സി പി എമ്മിന് കിട്ടും. അത്രമാത്രം രാഷ്ട്രീയ കൊലയാളികളും തടവ്‌ പുള്ളികളുമാണ് പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ ജയിലുകളില്‍ കഴിയുന്നത്‌. ഇത്തരം തടവ്‌ പുള്ളികള്‍ ജയിലുകളിലെ വി ഐ പി കള്‍ ആണെന്നും അവരെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും മുന്‍ ജയില്‍ ഡി ജി പി യായിരുന്ന എം ജി എ രാമന്‍ പറയുകയുണ്ടായിട്ടുണ്ട്‌. ജീവനില്‍ പേടിയുള്ള ജയില്‍ വാര്‍ഡന്മാര്‍ ഇത്തരം തടവുപുള്ളികള്‍ ഉള്ള ഭാഗത്തേക്ക് തന്നെ പോകില്ല എന്നും  അവര്‍ എന്താവശ്യപ്പെട്ടാലും നിവൃത്തി കേടു കൊണ്ട് അത് സാധിപ്പിച്ചു കൊടുക്കാന്‍ തയ്യാറാകുന്ന ദുരവസ്ഥയുണ്ടെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി. നമ്മുടെ നിയമ സംവിധാനങ്ങളെപ്പോലും പാര്‍ട്ടി യന്ത്രങ്ങള്‍ എങ്ങിനെ കീഴടക്കിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് സെന്‍ട്രല്‍ ജയിലുകളില്‍ പോലുമുള്ള പാര്‍ട്ടി ആധിപത്യം.

മലയാളം ന്യൂസ്‌ 21 May 2012

ഗുണ്ടകളുടെ സഹായം ഇല്ലാതെ തന്നെ കേരള രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സി പി എം. ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്ന മഹാ നേതാക്കളും രക്തസാക്ഷികളും വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണത്. കേരളത്തിന്റെ മണ്ണില്‍ ഇനിയും വളരാന്‍ കഴിയും വിധം ഒരു ജനപക്ഷ ആശയാടിത്തറ അവര്‍ക്കുണ്ട്. സമീപനങ്ങളില്‍ ഒരു ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്ന ലക്ഷക്കണക്കിന്‌ ജനങ്ങള്‍ കേരളത്തിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അവരെയെല്ലാം ഒറ്റയടിക്ക് ഇടതു വിരുദ്ധരാക്കാനുള്ള ഭഗീരഥ യത്നത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറിയും ജയരാജന്‍മാരും ഇന്ന് ഏര്‍പ്പെട്ടിട്ടുള്ളത്. സഖാവ് ടി പി വധത്തില്‍ ഏതെങ്കിലും ഒരു ജയരാജന് പങ്കുണ്ടെങ്കില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പാര്‍ട്ടിയാണ് 'അറസ്റ്റ്' ചെയ്യേണ്ടത്. ജനപക്ഷത്തു നില്‍ക്കുന്ന ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനം അതാണ്‌. മറിച്ച് പോലീസിനെയും സര്‍ക്കാരിനെയും ഒരു കലാപത്തിന്റെ മുന്നറിയിപ്പ് നല്‍കി പേടിപ്പിച്ചു നിറുത്തുന്നത് ഏറ്റവും ചുരുങ്ങിയ വാക്കില്‍ പറഞ്ഞാല്‍ ഗുണ്ടായിസമാണ്.

മ്യാവൂ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാര്‍ ഉപയോഗിക്കുന്ന 'പ്രത്യേക' സ്ഥലം അഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. അവിടെ തൂക്കിയ സി പി എം നേതാക്കളുടെ ചിത്രങ്ങള്‍ മാറ്റുവാന്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി - വാര്‍ത്ത‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സി പി എം സംസ്ഥാന കമ്മറ്റി ഓഫീസ് എന്ന് പേര് മാറ്റേണ്ടി വരുമോ?) Latest update പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

Related Posts
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)