കലാം വീണ്ടും വരുമോ?

പ്രതിഭ പാട്ടീലിന്റെ പേര് ഇന്ത്യന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഗൂഗിളില്‍ മുടിഞ്ഞ ഹിറ്റായിരുന്നു. ഇതേതു പ്രതിഭ? ഗൂഗിള്‍ അമ്മച്ചിയുടെ പിടലക്കിട്ടു കൊട്ടി സകലരും സെര്‍ച്ചി. അപകടം മണത്ത വിക്കിപീഡിയക്കാര്‍ ഒരു ഫോട്ടോ ഒപ്പിച്ചെടുത്തു പെട്ടെന്നൊരു പേജ് തട്ടിക്കൂട്ടി സെര്‍ച്ചന്മാരുടെ പ്രശ്നം പരിഹരിച്ചു. അങ്ങിനെ പ്രതിഭ പാട്ടീല്‍ ഇന്ത്യന്‍ പ്രസിഡണ്ടായി.  കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും കോണ്‍ഗ്രസ്സും ഇടതു പക്ഷവും ഒരുമിച്ചാലോചിച്ച് ഏതെങ്കിലും ഒരു സമവായ 'പ്രതിഭ'യെ  കണ്ടെത്തുമെങ്കില്‍ ഒരുപകാരം ചെയ്യണം. പ്രഖ്യാപിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പെങ്കിലും രഹസ്യമായി ഗൂഗിള്‍ അമ്മച്ചിയെയും വിക്കി അമ്മാവനെയും വിവരം അറിയിക്കണം. ഒരു പേജ് ഉണ്ടാക്കിയെടുക്കാനുള്ള സാവകാശം കൊടുക്കാതെ പേര് പ്രഖ്യാപിക്കുന്നത് കൊലച്ചതിയാണ്.

ഇന്ത്യന്‍ പ്രസിഡന്റ്‌ പദത്തിലിരിക്കുന്നത് ആരായാലും അവരെ നമ്മള്‍ ബഹുമാനിച്ചേ തീരൂ..ശ്രീമതി പ്രതിഭ പാട്ടീലിനോടും ഇന്ത്യക്കാര്‍ക്ക് ബഹുമാനമുണ്ട്. വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കാതെ അഞ്ചു കൊല്ലം അവര്‍ രാഷ്ട്രപതി ഭവനില്‍ കഴിച്ചു കൂട്ടിയിട്ടുണ്ട്. ഇരുപത്തി രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു നമ്മുടെ സ്റ്റാറ്റസ് കാത്തിട്ടുണ്ട്. (120 കോടി ജനങ്ങളുള്ള രാജ്യത്ത് 205 കോടി ടൂറിനു ചിലവാക്കി എന്നത് വലിയ ആനക്കാര്യമൊന്നുമല്ല, ആള്‍ക്കൊന്നിനു രണ്ടു രൂപ പോലും വന്നില്ല). അവരെക്കൊണ്ട് കഴിയുന്ന രൂപത്തില്‍ ചടങ്ങുകളിലൊക്കെ വീഴാതെ പിടിച്ചു നിന്നിട്ടുണ്ട്. ഒപ്പിടാന്‍ പറയുന്നിടത്തൊക്കെ ഒപ്പിട്ടു കൊടുത്തിട്ടുമുണ്ട്. ചുരുക്കത്തില്‍ ഒരു പ്രസിഡന്റ്‌ ചെയ്യേണ്ട പണികളൊക്കെ ഭംഗിയായി അവര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് താങ്കു താങ്കു പ്രതിഭാജി എന്ന് ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ പറഞ്ഞു പോകുന്നത്. അഞ്ചു വര്‍ഷം കഴിയാരായ സ്ഥിതിക്ക് രാഷ്ട്രപതി ഭവന് സമീപം അവര്‍ക്കും ഭര്‍ത്താവിനും പെയിന്റടിച്ച നല്ലൊരു ക്വാട്ടേര്‍സ് കൂടി ഉണ്ടാക്കി കൊടുത്താല്‍ കോണ്‍ഗ്രസ്സുകാരുടെ പ്രധാന ഉത്തരവാദിത്വം തീര്‍ന്നു.

എന്റെ വിഷയം പ്രതിഭാ പാട്ടീലല്ല. എ പി ജെ അബ്ദുല്‍ കലാമാണ്. അദ്ദേഹത്തെ വീണ്ടും പ്രസിഡണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യന്‍ യുവസമൂഹത്തില്‍ പൊതുവെയും സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ചും കലാം വീണ്ടും തരംഗമാവുകയാണ്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ് കലാമിന്റെ പേര് തുടക്കത്തില്‍ മുന്നോട്ടു വെച്ചത്.  ബി ജെ പി യും മമതയും ജയലളിതയും കലാമിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. കോണ്ഗ്രസ്സും ഇടതു പക്ഷവും മാത്രമാണ് ഇടഞ്ഞു നില്‍ക്കുന്നത്.  കലാം വീണ്ടും വന്നാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. സമീപ കാല ഇന്ത്യന്‍ പ്രസിഡന്റുമാരില്‍ കലാമിനോളം ജനകീയത നേടിയ മറ്റൊരു പ്രസിഡന്റ്‌ ഉണ്ടായിട്ടില്ല. People's President എന്നാണു അദ്ദേഹം അറിയപ്പെട്ടത്. ഈ എണ്‍പതുകാരനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് യുവാക്കളും കൊച്ചുകുട്ടികളുമാണ്. ഇത്തരമൊരു പിന്തുണ നേടുന്നതില്‍ എന്താണ് കലാം ചെയ്ത മാജിക്?.

കുട്ടികളിലും യുവാക്കളിലും അദ്ദേഹം അര്‍പ്പിച്ച പ്രതീക്ഷയും അവരിലേക്ക്‌ പകര്‍ന്ന ഊര്‍ജ്ജവുമാണ് കലാമിന്റെ ഏറ്റവും വലിയ സംഭാവനയെന്നു ഞാന്‍ കരുതുന്നു. ലോകം ആദരിക്കുന്ന ശാസ്ത്രകാരന്‍, ഇന്ത്യയുടെ മിസൈല്‍ സാങ്കേതികതയുടെ പിതാവ്, വേറിട്ട ചിന്തകളുടെയും ആശയങ്ങളുടെയും വക്താവ് തുടങ്ങി എന്തൊക്കെ വിശേഷങ്ങള്‍ അദ്ദേഹത്തിനു ഉണ്ടെങ്കിലും വരും തലമുറയ്ക്ക് പ്രതീക്ഷയുടെ കരുത്ത് പകര്‍ന്നു എന്നത് തന്നെയാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. ഹാമിദ് അന്‍സാരി, പ്രണബ് മുഖര്‍ജി, ഗോപാല്‍ ഗാന്ധി. സാം പിത്രോഡ, മീര കുമാര്‍ , ജസ്വന്ത്  സിംഗ്, ഫാറൂഖ് അബ്ദുള്ള, എ കെ ആന്റണി , മുലായം സിംഗ് തുടങ്ങി ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളേക്കാള്‍ ജനകീയത കലാം നേടുന്നത് അത് കൊണ്ട് തന്നെയാണ്.

കലാം തനിക്കു ചുറ്റുമുള്ളവരിലേക്ക് എങ്ങിനെ ഊര്‍ജ്ജം പകരുന്നു എന്നതിന്റെ ഒരു ചെറിയ ഉദാഹരണമാണ് തമിള്‍നാട് സ്വദേശി കതിരേസന്‍പത്താം ക്ലാസ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് പഠനം നിര്‍ത്തിയ അയാളുടെ ജീവിതം മാറിമറിയുന്നത് കലാമിന്റെ ഡ്രൈവര്‍ ആകുന്നതോട് കൂടിയാണ്. പത്താം ക്ലാസ് പാസ്സാകാത്ത കതിരേസന്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും എടുത്ത്  കോളേജ് അധ്യാപകനായി രൂപപരിണാമം വന്ന കഥ കലാം പകര്‍ന്ന ഊര്‍ജ്ജത്തിന്റെ കൂടി കഥയാണ്. ഹൈദരാബാദിലെ ഡിഫന്‍സ് റിസേര്ച്ച്  ലബോറട്ടറിയില്‍ നാല് കൊല്ലം കലാമിന്റെ ഡ്രൈവര്‍ ആയിരുന്നു കതിരേസന്‍. നിര്‍ത്തിയ പഠനം തുടരുവാന്‍ കലാം അയാളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പകല്‍ ജോലിയും രാത്രി പഠനവും. കതിരേസന്‍ ആദ്യം പത്താം ക്ലാസ് എഴുതിയെടുത്തു. പിന്നീട് പ്രീഡിഗ്രീ, ബി എ, എം എ , എം എഡ് , അവസാനം പി എച്ച് ഡി. അന്നത്തെ കലാമിന്റെ ഡ്രൈവര്‍ ഇന്ന് സേലത്തെ സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ ചരിത്രാദ്ധ്യാപകനാണ്.


രണ്ടു സ്യൂട്ട് കേസുകളുമായി രാഷ്ട്രപതി ഭവനിലേക്ക് കയറിയ കലാം അതുമായി തന്നെയാണ് തിരിച്ചിറങ്ങിയതും. അപൂര്‍വമായി തന്നെ സന്ദര്‍ശിച്ച കുടുംബക്കാരുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചിലവിലേക്ക്‌ രണ്ടര ലക്ഷം രൂപ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് നല്‍കി മാതൃക കാണിക്കാനും അദ്ദേഹം തയ്യാറായി. ഭാവി ഇന്ത്യ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും പ്രായോഗിക നിര്‍ദേശങ്ങളും ഉള്‍കൊള്ളുന്നതാണ് അദ്ദേഹത്തിന്‍റെ Vision 2020 Missions. ജാതിമത ചിന്തകള്‍ക്കതീതമായി കലാമിനെ ഒരിന്ത്യന്‍ പ്രതീകവും അഭിമാനവുമായി കാണാന്‍ ഏവര്‍ക്കും കഴിയുന്നത് ആ വ്യക്തി പ്രഭാവത്തിന്റെ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. അബ്ദുല്‍ കലാമിനെ ഇന്ത്യന്‍ പ്രസിഡന്റ്‌ പദത്തിലേക്ക് 2002 ല്‍ ആദ്യമായി നിര്‍ദേശിച്ചത് ബി ജെ പി യാണ്. രണ്ടാം തവണയും അബ്ദുല്‍ കലാമിന് പിന്തുണയുമായി ബി ജെ പി യുണ്ട്. ഇത്തരമൊരു പിന്തുണക്ക് പിന്നില്‍ എന്തൊക്കെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഉണ്ടെന്നു വാദിച്ചാലും ഇന്ത്യന്‍ മതേതരത്വ സങ്കല്പത്തിന് ബി ജെ പി യുടെ ഏറ്റവും തിളക്കമാര്‍ന്ന സംഭാവനയായി ഇതിനെ ചരിത്രം വിലയിരുത്തിയേക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഡോ. രാജേന്ദ്ര പ്രസാദിന് മാത്രമേ രണ്ടു തവണ പ്രസിഡന്റ്‌ പദത്തില്‍ ഇരിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുള്ളൂ. ആ ഭാഗ്യം ലഭിച്ച്  ഡോ. കലാം വീണ്ടും രാഷ്ട്രപതി ഭവനില്‍ എത്തുന്ന ദിനം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന്‌ ചെറുപ്പക്കാരോടൊപ്പം ഞാനും പങ്കു ചേരുന്നു.

സ്വപ്നമെന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല, അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാണ് - ഡോ. എ പി ജെ അബ്ദുല്‍ കലാം.

Related Posts
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി