ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗര്‍ ?

ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരത്തിന്റെ ഈ വര്‍ഷത്തെ ലിസ്റ്റ് കണ്ടു ഞാന്‍ ബോധം കെട്ടു വീണില്ല എന്നേ ഉള്ളൂ.. എന്റെ ഭാര്യ നല്‍കിയ രണ്ട് ഗ്ലാസ് തണുത്ത വെള്ളം കുടിച്ച ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്‌. ബോധം പോകാന്‍ മാത്രം ആ ലിസ്റ്റില്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. തത്ക്കാലം അതിനൊരു മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല. ആ ലിസ്റ്റ് ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് തണുത്ത വെള്ളം കുടിക്കേണ്ടി വരുന്നു എന്ന് മാത്രം പറയട്ടെ.

കഴിഞ്ഞ വര്‍ഷം മുതലാണ്‌ 'ബൂലോകം' പോര്‍ട്ടല്‍ ഇങ്ങനെയൊരു അവാര്‍ഡ് പരിപാടി തുടങ്ങിയത്. കഷ്ടകാലത്തിന് ആദ്യത്തെ അവാര്‍ഡ് എനിക്ക് കിട്ടുകയും ചെയ്തു. പതിനായിരത്തിയൊന്ന് ഉറുപ്പികയും ഒരു കിടിലന്‍ ഫലകവും തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ പോയി ഞാന്‍ വാങ്ങിക്കുകയും ചെയ്തു. പ്രസ്‌ ക്ലബ്ബില്‍ എത്തുന്നത് വരെ എനിക്ക് ബൂലോകം പോര്‍ട്ടലിന്റെ ആളുകളെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. ഇമെയിലും പത്രവാര്‍ത്തയും വിശ്വസിച്ചു ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പറക്കുകയാണ് ഞാന്‍. വല്ല തട്ടിപ്പ് പരിപാടിക്കാരും ആണെങ്കില്‍ നാണം കെട്ടത് തന്നെ. ഒരു കൂട്ടിനു വേണ്ടി നാട്ടില്‍ നിന്നും ജേഷ്ഠനോട് തിരുവനന്തപുരത്തു വരാന്‍ പറഞ്ഞു. അനിയന്‍ അവാര്‍ഡ് വാങ്ങിക്കുകയല്ലേ, മോശമാക്കേണ്ട എന്ന് കരുതി ഒന്ന് രണ്ടു സുഹൃത്തുക്കളെയും കൂട്ടിയാണ് ജേഷ്ഠന്‍ എത്തിയത്. പ്രസ്‌ ക്ലബ്ബില്‍ എത്തി ചട്ടവട്ടങ്ങള്‍ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് സമാധാനമായത്. വര്‍ണാഭമായ വേദി.. ചുറുചുറുക്കുള്ള പ്രവര്‍ത്തകന്മാര്‍  .. മാന്യമായ സ്വീകരണം. കവി ഡി വിനയചന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങി സാംസ്കാരിക സിനിമാ രംഗത്തെ പല പ്രമുഖരും ചടങ്ങിനു എത്തിയിട്ടുണ്ട്. ലവന്മാര്‍ മോശക്കാരല്ല എന്ന് അതോടെ മനസ്സിലായി. ജ്വല്ലറി ഉദ്ഘാടനത്തിനു ഷാരൂഖ് എത്തിയ പോലെ എല്ലാവരുടെ കണ്ണും എന്നിലാണ് :)). ചുരുക്കിപ്പറഞ്ഞാല്‍ പ്രൌഢമായ ചടങ്ങില്‍ കവി വിനയചന്ദ്രനില്‍ നിന്ന്  ഞാന്‍ അവാര്‍ഡ് വാങ്ങി. ഒരു മഹാ പ്രസംഗവും നടത്തി.


എന്നാലും ഒരു സങ്കടം ഇപ്പോഴും ബാക്കിയുണ്ട്. പതിനായിരത്തി ഒന്ന് രൂപയുടെ അവാര്‍ഡ് വാങ്ങിക്കാന്‍ ഇരുപത്തി അയ്യായിരം രൂപയുടെ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കേണ്ടി വന്നു. ഒരു പതിനയ്യായിരം കൂടി ഒപ്പിച്ചു തരണമെന്ന്  ബൂലോകം പോര്‍ട്ടലിന്റെ ജീവാത്മാവും പരമാത്മാവുമായ ലണ്ടനിലെ ഡോക്ടറോട് ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം ഇത് വരെ അത് തന്നിട്ടില്ല!!. അതുകൊണ്ട് ഈ വര്‍ഷം ഞാന്‍ ആദ്യമേ പറഞ്ഞു. എന്റെ പേര് ലിസ്റ്റില്‍ കൊടുക്കേണ്ട. ഇനി ഒരു ഇരുപത്തയ്യായിരം കൂടെ ചിലവാക്കാന്‍ ഞാനില്ല. മാത്രമല്ല കിട്ടിയ അവാര്‍ഡിന്റെ തലക്കനം ഇത് വരെ ഒഴിഞ്ഞു പോയിട്ടുമില്ല. ഈ വര്‍ഷത്തെ അവാര്‍ഡ് കൂടി കിട്ടിയാല്‍ തലക്കനം കൊണ്ട് എന്റെ കാറ്റ് പോകും!. പേര് ഒഴിവാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കുറെ മസില് പിടിച്ചു. ഞാന്‍ വിടാതെയായപ്പോള്‍ അവസാനം ഓക്കേ പറഞ്ഞു. പക്ഷേ  മത്സരത്തിനു ഇത് പോലൊരു ഫൈനല്‍ ലിസ്റ്റ് ബൂലോകം ടീം ഉണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയതല്ല!!. (എടീ ലൈലേ, ഒരു ഗ്ലാസ് കൂടി തണുത്ത വെള്ളം കൊണ്ടുവാ..ആ ലിസ്റ്റ് ഒന്ന് കൂടെ നോക്കട്ടെ. )

പത്തു പേരുടെ ഒരു ലിസ്റ്റാണ് ബൂലോകം പോര്‍ട്ടല്‍ വോട്ടിങ്ങിനായി പുറത്തിട്ടിട്ടുള്ളത്. അതില്‍ നിന്ന് ഒരാളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. അയാളെ ഈ വര്‍ഷത്തെ രാജാവായി പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ ലിസ്റ്റിനെ ബ്ലോഗര്‍ നൗഷാദ്  അകമ്പാടം മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്. അത് ഇവിടെ ചേര്‍ക്കുന്നു. 
 


ദോഷം പറയരുതല്ലോ , ഈ സ്ഥാനത്തിനു നൂറു ശതമാനം അര്‍ഹരായ നാലഞ്ചു പേര്‍ ഈ ലിസ്റ്റില്‍ ഉണ്ട്. പ്രതിഭയും കഴിവും തെളിയിച്ചവര്‍ . മുമ്പും അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ളവര്‍ .. സമകാലിക പ്രശ്നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയവര്‍ ..പഠനാര്‍ഹമായ പോസ്റ്റുകള്‍ എഴുതുന്നവര്‍ ..  പലരും എന്റെ സുഹൃത്തുക്കളുമാണ്. ലതുകൊണ്ട് തന്നെ ഇതില്‍ ആര്‍ക്കെങ്കിലും വേണ്ടി ഒരു വോട്ടു ക്യാന്‍വാസിംഗ് ഞാന്‍ നടത്തുന്നത് ശരിയല്ല. ബൂലോകം നടത്തുന്നത് ഒരു കോമാളി സര്‍ക്കസ് അല്ലാത്തതിനാല്‍ ബാക്കിയുള്ള ആളുകളുടെ കാര്യത്തില്‍ ഞാന്‍ കമാന്ന് ഒരഭിപ്രായം പറയുന്നുമില്ല. അവരുടെ കാര്യം പടച്ചോനും ഡോക്ടര്‍ക്കും മാത്രമേ അറിയൂ. ഒരു കാര്യം ഉറപ്പ്. ഈ ലിസ്റ്റില്‍ വരേണ്ടിയിരുന്ന പലരും ഇതില്‍ കടന്നു കൂടിയിട്ടില്ല. പതിന്മടങ്ങ്‌ പ്രതിഭയുള്ള പലരും പുറത്തുണ്ട് താനും.  

ലിസ്റ്റില്‍ കടന്നു കൂടിയ ചിലര്‍ (എല്ലാവരുമല്ല) വോട്ടിനു വേണ്ടി മുടിഞ്ഞ ക്യാന്‍വാസിംഗ് ആണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം എന്റെ പേര് ലിസ്റ്റിലുള്ള വിവരം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ചോദിച്ചവരില്‍ പലരോടും അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. സൗഹൃദം ഉപയോഗപ്പെടുത്തി വോട്ടു വാങ്ങി അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ നല്ലത് 100 റിയാല്‍ കൊടുത്ത് ഒരു ഫലകം വാങ്ങി വീട്ടില്‍ വെക്കുന്നതാണ്. ഏതായാലും വോട്ടു ചെയ്യുന്നവര്‍ ഈ പത്തു പേരുടെയും ബ്ലോഗുകള്‍ സന്ദര്‍ശിച്ചു അര്‍ഹതപ്പെട്ടവര്‍ക്ക്‌ മാത്രം വോട്ടു ചെയ്യുക. ഈ ലിങ്കിലൂടെ പോയാല്‍ വോട്ടു ചെയ്യാം. ഫെബ്രുവരി പതിനാറു വരെ സമയമുണ്ട്. 

എന്റെ വോട്ടു ഞാന്‍ ചെയ്തിട്ടുണ്ട്. അതാര്‍ക്കാണെന്ന് തത്ക്കാലം പറയുന്നില്ല. പക്ഷെ ഒന്ന് മാത്രം പറയാം. കൂട്ട ക്യാന്‍വാസിംഗ് നടത്തി ഒട്ടും അര്‍ഹതയില്ലാത്ത ആര്‍ക്കെങ്കിലുമാണ് ഈ അവാര്‍ഡ് പോകുന്നതെങ്കില്‍ എന്റെ അവാര്‍ഡ് ഞാന്‍ തിരിച്ചു കൊടുക്കും. ഇരുപത്തയ്യായിരത്തിന്റെ കൂടെ ഒരു പതിനായിരവും അങ്ങ് പോകട്ടെ!!  Latest Edition ഇതാണ് സൂപ്പര്‍ ബ്ലോഗര്‍ !!!