മനോരമയോ അതോ ഏഷ്യാനെറ്റോ മുന്നില്‍ ?

ഒരു പാവം നായരായ രമേശ്‌ ചെന്നിത്തലയെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. വി എസ്സിനെ സാക്ഷിയാക്കി കുഞ്ഞാലിക്കുട്ടിയും പി സി ജോര്‍ജിനെ സാക്ഷിയാക്കി മാണിസാറും പ്രതിജ്ഞ ചൊല്ലി. യു ഡി എഫിനെ നയിക്കുന്ന ഈ മൂന്ന് പേര്‍ക്കും എന്റെ ആശംസകള്‍ . ഇന്നത്തെ വിഷയം ഇതൊന്നുമല്ല. നല്ലൊരു കാര്യത്തിന് പുറപ്പെടുന്നതല്ലേ ഒരു ആശംസ കിടന്നോട്ടെ എന്ന് കരുതി കൊടുത്തതാണ്. തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ പുറത്തു വന്ന ദിവസം കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത് മനോരമ ന്യൂസ്‌ ആണോ അതോ ഏഷ്യാനെറ്റ് ആണോ എന്നതാണ് നമുക്കറിയേണ്ടത്. ഏഷ്യാനെറ്റ്‌ പറയുന്നു അവരുടെ ചാനലാണ്‌ കൂടുതല്‍ പേര്‍ കണ്ടതെന്ന്. മനോരമ പറയുന്നു അവരുടെതാണെന്ന്. രണ്ടു കൂട്ടരും കണക്കുകളും തെളിവുകളും ഗ്രാഫുകളും കാണിച്ചു കൊണ്ടാണ് ഇന്നലെ കസര്‍ത്ത് നടത്തിയത്.

ഇതിലേതു വിശ്വസിക്കണം. രണ്ടു കൂട്ടരും നമുക്ക് വേണ്ടപ്പെട്ടവരാണ്. ഒറിജിനല്‍ മര്‍ഡോക്ക് ഒരു ഭാഗത്ത്. കോട്ടയം മര്‍ഡോക്ക് മറുഭാഗത്ത്. 'നേരോടെ നിര്‍ഭയം നിരന്തരം' എല്ലാം തുറന്നു പറയുന്ന ഏഷ്യാനെറ്റിനെ   ഒട്ടും സംശയിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്യുന്നത് മഹാപാപമാണ്. 'മലയാളത്തിന്റെ സുപ്രഭാതത്തെ' അത്രയും പറ്റില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് ഒരൊറ്റ കളവും പറഞ്ഞിട്ടില്ലാത്തവര്‍ ഇന്നലെ പെട്ടെന്ന് അങ്ങനെ ചെയ്യുമെന്ന് കരുതുക വയ്യ. പിന്നെ നമ്മളെന്തു ചെയ്യും?  Television Audience Measurement (TAM) കണക്കുകള്‍ പ്രകാരം മനോരമ കണ്ടതിന്റെ ഇരട്ടിയധികം പേര്‍ വെള്ളിയാഴ്ച രാവിലെ ഏഴര മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഏഷ്യാനെറ്റ്‌  കണ്ടുവെന്നാണ് ഇന്നലെ രാത്രി അവര്‍ കാണിച്ച പ്രധാന വാര്‍ത്ത. എന്നാല്‍ ഇതേ വെള്ളിയാഴ്ച ഇതേ സമയം ഏഷ്യാനെറ്റിനെക്കാള്‍ ഏഴു ശതമാനം കൂടുതല്‍ പ്രേക്ഷകര്‍ മനോരമ കണ്ടുവെന്നാണ് കോട്ടയം കുഞ്ഞച്ചന്‍  പറയുന്നത്!!!. 

ഏഷ്യാനെറ്റ് ഗ്രാഫ് വരച്ചു കാണിച്ച റേറ്റിംഗ് ഇങ്ങനെയാണ്.
Asianet  -132.11  - Manorama News  84.11Indiavision 35.85 


തുടക്കത്തില്‍ മനോരമ ഗ്രാഫ് കാണിച്ചിരുന്നില്ല. സംഗതി ഡയലോഗില്‍ ഒതുക്കി. അവര്‍ പറഞ്ഞതു നാല്പത്തിനാല് ശതമാനം പ്രേക്ഷകര്‍ മനോരമ കണ്ടു. അങ്ങനെ മനോരമ ഒന്നാം സ്ഥാനത്തെത്തി എന്നാണ്.  മുന്‍വിധിയില്ലാതെ ഈ രണ്ടു റിപ്പോര്‍ട്ടുകളും കണ്ട എനിക്ക് മനോരമ അച്ചായന്റെ കാര്യത്തില്‍ ഇച്ചിരി സംശയം വന്നു.  ഇരുപത്തഞ്ചു വയസ്സിനു മുകളിലുള്ള പ്രേക്ഷകര്‍ , താഴെയുള്ള പ്രേക്ഷകര്‍ എന്നൊക്കെപ്പറഞ്ഞ് മൊത്തം കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചില കണക്കുകളാണ് അവര്‍ നല്‍കിയത്. TAM റേറ്റിങ്ങില്‍ Age ഗ്രൂപ്പ് തിരിച്ചു കണക്കു ഉണ്ടെങ്കിലും 'ആകെ മൊത്തം ടോട്ടല്‍ ' എന്നൊരു കണക്കും ഉണ്ട്. അത് പറയാതെ  ഇന്നലെ പ്രസവിച്ച പ്രേക്ഷകര്‍ , ഗര്‍ഭ പാത്രത്തിലുള്ള പ്രേക്ഷകര്‍ , ഭ്രൂണാവസ്ഥയിലുള്ള പ്രേക്ഷകര്‍ എന്നിങ്ങനെയൊക്കെ കണക്കുപറഞ്ഞു ആളെ കളിപ്പിക്കേണ്ട ആവശ്യമുണ്ടോ?. കേരളത്തിലെ ഏതോ ഒരു മൂലയില്‍  രേഖപ്പെടുത്തിയ റേറ്റിംഗ് കാണിച്ചു ജനങ്ങളെ പറ്റിക്കുകയാണ് മനോരമ ചെയ്തതെന്ന് ഏഷ്യാനെറ്റ് ആരോപിക്കുന്നു. അതവര്‍ വാര്‍ത്തയില്‍ തുറന്നു പറഞ്ഞെങ്കിലും മനോരമ കൌണ്ടര്‍ ചെയ്തില്ല.  

എന്റെ സംശയം കൂടാന്‍ വേറെയും കാരണമുണ്ട്. റിസള്‍ട്ട് വന്ന ദിവസം ഞാന്‍ ചാനലുകളെല്ലാം മാറി മാറി കണ്ടതാണ്. ഏറ്റവും മോശം പ്രകടനം മനോരമ ന്യൂസിന്റെതായിരുന്നു എന്ന് പറയാതെ വയ്യ. (എന്റെ അഫിപ്രായമാണ് കെട്ടോ. കത്തിയൂരരുത്) രാവിലെ കട്ടന്‍ ചായ പോലും കുടിക്കാതെ വന്നവരെപ്പോലെ പ്രധാന രണ്ടു അവതാരകരും കടമ നിര്‍വഹിക്കാന്‍ എന്തൊക്കെയോ വിളിച്ചു പറയുന്ന പോലെ തോന്നി. ഒട്ടും പുതുമ പുലര്‍ത്താത്ത അവതരണവും. ഏഷ്യാനെറ്റ് നന്നായി തന്നെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യാവിഷന്‍ ഇവരെക്കാളൊക്കെ ഭംഗിയായി ചെയ്തു. അവതരണത്തില്‍ അവര്‍ പുതിയ ചില പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. മുനീറിന്റെ ചാനല്‍ ആണെങ്കിലും നന്നായാല്‍ നന്നായി എന്ന് തന്നെ പറയണമല്ലോ. അവരുടെ റേറ്റിംഗൊക്കെ എന്തായോ ആവോ? ആ പാവങ്ങള്‍ ഒരു അവകാശവാദവും ഉയര്‍ത്തിയതായി കണ്ടില്ല!!

ഏഷ്യാനെറ്റില്‍ മറ്റൊരു തമാശയും കണ്ടു. നമ്മുടെ ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക ഇലക്ഷന്‍ അവലോകനത്തിന് എത്തി.  കോഴിക്കള്ളന്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന പോലെ വിനുവിനോടൊപ്പം സ്ക്രീനിന്റെ ഒരു മൂലയില്‍ വളരെ പമ്മിയാണ് പുള്ളി ഇരുന്നിരുന്നത്. വല്ലാതെ ക്യാമറയിലേക്ക് നോക്കുക പോലും ചെയ്യാതെ ചമ്മല്‍ ഉള്ളിലൊതുക്കിയുള്ള ആ ഇരുത്തം കണ്ടു സത്യത്തില്‍ എനിക്ക് സങ്കടം വന്നു. കൈരളിയില്‍ എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്‌?   ഉണ്ടിരിക്കുമ്പോള്‍ വരുന്ന ഓരോരോ ഉള്‍വിളികള്‍ നോക്കണേ.. തിരഞ്ഞെടുപ്പ് കാലത്ത് ഒരു കലക്കാ കലക്കും എന്ന് കരുതിയ നമ്മുടെ റിപ്പോര്‍ട്ടര്‍ ആശാനെ കാണാനേ കിട്ടിയില്ല. എറണാകുളത്തും കളമശ്ശേരിയിലും മാത്രമേ അത് കിട്ടുന്നുള്ളൂ എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. MPEG 4 ആണത്രേ!. ഏതായാലും ഗള്‍ഫില്‍ ആര്‍ക്കും കിട്ടുന്നില്ല. റിപ്പോര്‍ട്ടര്‍ വരുന്നേ എന്ന് വിളിച്ചു കൂവി ബ്ലോഗിട്ട ഞാന്‍ തന്നെ വേണം ഇത് പറയാന്‍.. ല്ലേ?

മ്യാവൂ:  ഇലക്ഷന്‍ പിറ്റേന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച ബ്ലോഗ്‌ വള്ളിക്കുന്ന്.കോം ആണെന്ന്  BAM (Blog Audience Measurement) പുറത്തു വിടാത്ത രേഖകള്‍ കാണിക്കുന്നതായി വിക്കിലീക്സ്. 

Related Posts
ഏഷ്യാനെറ്റും മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ് ദേശായിയും.
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക
ഷാജഹാനേ, ഇത് കണ്ണൂരാ..
ബ്രിട്ടാസേ നീയും!!! (A John Brittas Drama)