വള്ളിക്കുന്നില്‍ നിന്നൊരു ലിറ്റില്‍ മാസ്റ്റര്‍

എന്റെ ഗ്രാമത്തിലെ ഏഴു വയസ്സുകാരനായ ഒരു കൊച്ചുപയ്യന്‍ ലോക ശ്രദ്ധ പിടിച്ചടക്കുകയാണ്. ഞാനായിട്ട് വല്ലതും എഴുതിയാല്‍ വിശ്വസിക്കാന്‍ ഇച്ചിരി വിഷമം ചിലര്‍ക്കെങ്കിലും ഉണ്ടാവും.  അതുകൊണ്ട് എന്റെ വക കൂട്ടലും കുറയ്ക്കലും ഒന്നും ഇല്ലാതെ ഇന്നലെ മംഗളം പത്രത്തില്‍ എ. ജയേഷ്‌ കുമാര്‍ എഴുതിയ സ്റ്റോറി ഞാന്‍ അപ്പടി കട്ട്‌ & പേസ്റ്റ് ചെയ്യുന്നു.
"സച്ചിനെ മറികടക്കാന്‍ 'ലിറ്റില്‍' മാസ്‌റ്റര്‍ '
ഇവന്‍ ലോകക്രിക്കറ്റിലെ സകല ബാറ്റിംഗ്‌ റെക്കോഡുകളും തകര്‍ക്കും, ഉറപ്പ്‌' - മുന്‍ വെസ്‌റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ റിച്ചി റിച്ചാഡ്‌സണ്‍ ഇങ്ങനെ പറഞ്ഞതു സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ഉദ്ദേശിച്ചാണെന്നു ധരിച്ചാല്‍ തെറ്റി.

ഇന്ന്‌ ഒട്ടു മിക്ക ബാറ്റിംഗ്‌ റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള സച്ചിനില്‍ നിന്ന്‌ ആ റെക്കോഡുകള്‍ മാറ്റിയെഴുതാന്‍ കഴിവുള്ളവന്‍ എന്നു റിച്ചി വിശേഷിപ്പിച്ചത്‌ ആരെ എന്നല്ലേ? കോഴിക്കോടിന്റെ അതിര്‍ത്തിഗ്രാമമായ മലപ്പുറം വള്ളിക്കുന്ന്‌ ആനയറങ്ങാടി സ്വദേശിയായ ഏഴു വയസുകാരനെ കുറിച്ചാണു റിച്ചി പറഞ്ഞത്‌. പേര്‌ കൃഷ്‌ണനാരായണ്‍. സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമറായ ആത്രപുളിക്കല്‍ രാജേഷ്‌കുമാറിന്റെയും വിദ്യാഭ്യാസവകുപ്പില്‍ ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാരിയായ ജിജിയുടെയും മകന്‍. ലോകപ്രശസ്‌ത ക്രിക്കറ്റ്‌ ഉപകരണ നിര്‍മാതാക്കളായ ഇംഗ്ലീഷ്‌ കമ്പനി മംഗൂസിനെക്കുറിച്ചു കേട്ടിട്ടില്ലേ. ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്‌ഡനിലുടെ ക്രിക്കറ്റ്‌ ബാറ്റിനു പുതിയ മാനം രചിച്ച മംഗൂസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകക്രിക്കറ്റിലെ 14 പ്രഫഷണല്‍സിനെ കുറിച്ചറിയാന്‍ അവരുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചാല്‍ മതി . ഓസീസിന്റെ കരുത്തായ ആന്‍ഡ്രൂ സൈമണ്ട്‌സ്, മാത്യു ഹെയ്‌ഡന്‍, സ്‌റ്റ്യുവര്‍ട്ട്‌ ലോ, ഇംഗ്ലണ്ട്‌ പേസര്‍ ജയിംസ്‌ ആന്‍ഡേഴ്‌സന്‍, മാര്‍ക്കസ്‌ ട്രെസ്‌കോത്തിക്‌, ശ്രീലങ്കയുടെ പുത്തന്‍ സ്‌പിന്‍വിസ്‌മയം സുരാജ്‌ രണ്‍ദീവ്‌, ചമര കപുഗേദര, വെസ്‌റ്റിന്ത്യന്‍ വെടിക്കെട്ടുകാരന്‍ ഡ്വെയ്‌ന്‍ സ്‌മിത്ത്‌ തുടങ്ങിയവര്‍ക്കൊപ്പം മംഗൂസുമായി സ്‌പോണ്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ട ഏക ഇന്ത്യക്കാരനാണ്‌ കൃഷ്‌ണനാരായണ്‍ എന്ന ഈ രണ്ടാം ക്ലാസുകാരന്‍ എന്നു കൂടി അറിയണം ഇവന്റെ ക്ലാസ്‌ എന്തെന്നറിയാന്‍.

തീര്‍ന്നില്ല, ഇന്ത്യന്‍ ലെഗ്‌സ്പിന്നറും എന്‍.സി.എ. ചെയര്‍മാനുമായ അനില്‍ കുംബ്ലെ ഫേസ്‌ബുക്കില്‍ കൃഷ്‌ണയുടെ ബാറ്റിംഗ്‌ വീഡിയോ കണ്ടു പറഞ്ഞ വാക്കുകള്‍: 'കൃഷ്‌ണയുടെ ബാറ്റിംഗ്‌ അതിശയകരംതന്നെ. ഞാന്‍ എന്തു സഹായമാണു ചെയ്യേണ്ടത്‌?. തീര്‍ച്ചയായും കൃഷ്‌ണയെ എനിക്കു കാണണം. ഐ.പി.എല്‍. സീസണ്‍-4 ഒന്നു തീര്‍ന്നോട്ടെ, കൃഷ്‌ണയെ ഞാന്‍ കാണാനെത്തും.''

 കൊച്ചു പയ്യന്റെ പ്രകടനം കാണൂ.. (യുടൂബില്‍ ഏറെ ഹിറ്റുകള്‍ ലഭിച്ച വീഡിയോ)




ബോളിന്റെ ഗതിയും വേഗവും വളരെ പെട്ടെന്നു തന്നെ തിരിച്ചറിയുന്നതിലും അനുയോജ്യമായ ഷോട്ട്‌ തെരഞ്ഞെടുക്കുന്നതിലും കാട്ടുന്ന മിടുക്കാണു ചെറുപ്രായത്തിലേ കൃഷ്‌ണയെ വ്യത്യസ്‌തനാക്കുന്നത്‌. കോപ്പി ബുക്ക്‌ ശൈലിയില്‍ ബാറ്റ്‌ വീശുന്ന കൃഷ്‌ണയുടെ ഇഷ്‌ടതാരം സച്ചിന്‍ ആണെങ്കിലും പലപ്പോഴും പയ്യന്‍സ്‌ വെസ്‌റ്റിന്ത്യന്‍ ഇതിഹാസം ബ്രയാന്‍ ലാറയെ ഓര്‍മിപ്പിക്കുന്നു. ടിവിയിലും വീഡിയോകളിലും രാജ്യാന്തര താരങ്ങളുടെ കളി കണ്ട്‌, അവരുടെ കളി തന്റേതുമായി താരതമ്യം ചെയ്‌ത് ഈ ഏഴുവയസുകാരന്‍ പാളിച്ചകള്‍ തിരുത്തുന്നു എന്നത്‌ അത്ഭുതകരം തന്നെ.

ബംഗളുരു നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയുടെ വാര്‍ഷിക ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ടതാണു കൃഷ്‌ണയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമെന്ന്‌ അച്‌ഛന്‍ രാജേഷ്‌ വിലയിരുത്തുന്നു. അണ്ടര്‍-12 വിഭാഗത്തിനുള്ള ഈ ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു കൃഷ്‌ണ. ആറു വയസു മാത്രമായിരുന്നു അപ്പോള്‍ പ്രായം. എന്നാല്‍ ലോകകപ്പും ഐ.പി.എല്ലും ഒരുമിച്ചു വന്നതോടെ രാജ്യത്തെ എല്ലാ ക്രിക്കറ്റ്‌ കോച്ചുമാരും പങ്കെടുക്കുമായിരുന്ന ഈ ക്യാമ്പ്‌ മാറ്റിവയ്‌ക്കുകയായിരുന്നു. അതുപോലെ കഴിഞ്ഞ ഒക്‌ടോബര്‍ 17നു കൊച്ചിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴയില്‍ ഒലിച്ചുപോയില്ലായിരുന്നെങ്കില്‍ കൃഷ്‌ണനാരായണിനെ ഇന്നു ക്രിക്കറ്റ്‌ ലോകം തിരിച്ചറിഞ്ഞേനെ. അന്നു കൊച്ചി ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ മൈതാനമധ്യത്തില്‍ കളി തുടങ്ങും മുമ്പോ ഇടവേളയിലോ കൃഷ്‌ണയുടെ ബാറ്റിംഗ്‌ പ്രകടനം ഒരുക്കാനായിരുന്നു കെ.സി.എയുടെ പദ്ധതി. കൃഷ്‌ണ കുടുംബസമേതം അന്ന്‌ കൊച്ചിയില്‍ പ്രത്യേക ക്ഷണിതാവായി എത്തിയെങ്കിലും മഴയില്‍ കളി മുടങ്ങിയതോടെ പദ്ധതി പാളി.

കേരള രഞ്‌ജി, അണ്ടര്‍-22 ടീമുകള്‍ക്കൊപ്പം പരിശീലനം നടത്താന്‍ മിക്കപ്പോഴും കൃഷ്‌ണയ്‌ക്ക് അവസരം ലഭിക്കാറുണ്ട്‌. പെരിന്തല്‍മണ്ണ, പാലക്കാട്‌ ഗ്രൗണ്ടുകളില്‍ കേരള രഞ്‌ജി ടീമിന്റെയോ അണ്ടര്‍-22 ടീമിന്റെയോ ക്യാമ്പ്‌ നടക്കുമ്പോള്‍ കേരള കോച്ച്‌ കൂടിയായിരുന്ന ബിജു ജോര്‍ജിന്റെ ശിഷ്യന്‌ സ്‌പെഷല്‍ ക്ഷണമുണ്ടാകും. കേരള താരങ്ങളായ റൈഫി വിന്‍സെന്റ്‌ ഗോമസിനും ശ്രീകുമാരന്‍ നായര്‍ക്കും രോഹന്‍പ്രേമിനും മറ്റുമൊപ്പമാണു കക്ഷിയുടെ ബാറ്റിംഗ്‌ പ്രാക്‌ടീസ്‌. അണ്ടര്‍ 22 വിഭാഗത്തിലും സച്ചിന്‍ ബേബി ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കള്‍.


തികഞ്ഞ കൃഷ്‌ണഭക്‌തരാണു രാജേഷും ഭാര്യ ജിജിയും. രാജേഷിന്റെ അച്‌ഛന്റെ പേരാണു നാരായണന്‍. ഈ രണ്ടു പേരും ചേര്‍ത്താണു തങ്ങളുടെ മൂത്ത മകനു കൃഷ്‌ണനാരായണ്‍ എന്നു പേരു നല്‍കിയത്‌.

കൃഷ്‌ണയ്‌ക്ക് ഒരു വര്‍ഷവും എട്ടു മാസവും പ്രായമുള്ളപ്പോഴാണു പിതാവ്‌ രാജേഷ്‌ അവന്റെ കുഞ്ഞുകൈകളില്‍ ആദ്യമായി ക്രിക്കറ്റ്‌ ബാറ്റ്‌ വച്ചുകൊടുത്തത്‌. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നിന്നു വാങ്ങിയ ആ പ്ലാസ്‌റ്റിക്‌ ബാറ്റില്‍ നിന്നായിരുന്നു തുടക്കം. ടിവിയില്‍ സച്ചിന്റെയും ദ്രാവിന്റെയും ലക്ഷ്‌മണിന്റെയും മറ്റും കളി കണ്ടു കൊച്ചു കൃഷ്‌ണ വീട്ടിലെ സ്വീകരണമുറിയില്‍ അവരെ അനുകരിച്ച്‌ പ്ലാസ്‌റ്റിക്‌ പന്തു തട്ടിത്തുടങ്ങിയപ്പോള്‍ മുഖം കറുപ്പിച്ചു വീട്ടുകാര്‍ ആരും വന്നില്ല. ഷോകേസും ടിവിയും ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും കൃഷ്‌ണയുടെ ഉശിരന്‍ ഷോട്ടുകളില്‍ വിറങ്ങലിച്ചെങ്കിലും പ്ലാസ്‌റ്റിക്‌ ബോളായതിനാല്‍ കഷ്‌ടനഷ്‌ടങ്ങളൊന്നുമുണ്ടായില്ല.

യു ട്യൂബിലേക്ക്‌
വീട്ടിലെ സ്വീകരണമുറിയില്‍ കൃഷ്‌ണയുടെ കവര്‍ഡ്രൈവും ഓണ്‍ഡ്രൈവും സ്‌ട്രെയ്‌റ്റ് ഡ്രൈവും തലങ്ങും വിലങ്ങും പറക്കുന്നത്‌ ഒരു കൗതുകത്തിനാണു രാജേഷും സഹോദരീപുത്രന്‍ ജിതിനും ചേര്‍ന്ന്‌ വീഡിയോ കാമറയില്‍ പകര്‍ത്തിയത്‌. മൂന്നര വയസുകാരന്റെ പ്രകടനം അസാമാന്യമാണെന്നും അത്‌ സ്വതന്ത്ര ബ്രോഡ്‌കാസ്‌റ്റിംഗ്‌ നെറ്റ്‌വര്‍ക്കായ യൂ ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നിര്‍ബന്ധിച്ചതു ജിതിനാണ്‌. അല്‍പം ആശങ്കയോടെയാണെങ്കിലും രാജേഷ്‌ സമ്മതം മൂളി.

സത്യത്തില്‍ അതായിരുന്നു കൃഷ്‌ണയുടെ ക്രിക്കറ്റ്‌ ജീവിതത്തിന്റെ ടേണിംഗ്‌ പോയിന്റ്‌. യൂ ട്യൂബിലെ ആദ്യ വീഡിയോയ്‌ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ രണ്ടാമത്തെ വീഡിയോ എത്തി. കൃഷ്‌ണയ്‌ക്ക് മൂന്നു വര്‍ഷവും പത്തു മാസവും പ്രായമായപ്പോള്‍. യൂ ട്യൂബില്‍ ഈ വീഡിയോ കണ്ട കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ മെമ്പര്‍ രജിത്ത്‌ രാജേന്ദ്രന്‍ കൃഷ്‌ണയ്‌ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു.

രജിത്ത്‌ ആണ്‌ കേരളത്തില്‍നിന്നുള്ള നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി ലെവല്‍ സി കോച്ച്‌ ആയ ബിജു ജോര്‍ജിനെ പരിചയപ്പെടുത്തിയത്‌. കഴിഞ്ഞ ദുലീപ്‌ ടോഫി ക്രിക്കറ്റില്‍ ദക്ഷിണ മേഖലാ ടീമിന്റെ കോച്ച്‌ കൂടിയായ ബിജു ജോര്‍ജിന്റെ ശിക്ഷണത്തിലാണ്‌ കൃഷ്‌ണ ഇപ്പോള്‍. തീര്‍ത്തും വ്യത്യസ്‌തമായ രീതിയാണു ബിജു കൃഷ്‌ണയുടെ കാര്യത്തില്‍ അവലംബിക്കുന്നത്‌. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യു, വൈസ്‌ പ്രസിഡന്റ്‌ ഹരിദാസ്‌, ജയറാം, രംഗനാഥന്‍, എസ്‌. രമേഷ്‌ തുടങ്ങിയവരും പ്രോത്സാഹനവുമായി കൃഷ്‌ണയ്‌ക്കൊപ്പമുണ്ട്‌.

നാലര വയസില്‍ ഇരട്ട സ്‌പോണ്‍സര്‍ഷിപ്പ്‌
സോഫ്‌റ്റ് പ്ലാസ്‌റ്റിക്‌ ബോളില്‍ കളി തുടങ്ങിയ കൃഷ്‌ണ പിന്നീട്‌ പരീശീലനം കനം കൂടിയ പ്ലാസ്‌റ്റിക്‌ ബോളിലേക്കു മാറ്റി. തുടര്‍ന്ന്‌ സോഫ്‌റ്റ് ടെന്നീസ്‌ ബോളിലേക്കും ഹാര്‍ഡ്‌ ടെന്നിസ്‌ ബോളിലേക്കും കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ക്രിക്കറ്റ്‌ ബോളിലേക്കും പരിശീലനം മാറ്റുകയായിരുന്നു. കോച്ച്‌ ബിജു ജോര്‍ജിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു എല്ലാം. അഞ്ചു വയസുവരെ വീട്ടിലെ സ്വീകരണമുറി തന്നെയായിരുന്നു കൃഷ്‌ണയുടെ ക്രിക്കറ്റ്‌ പിച്ച്‌. പിന്നീട്‌ മുറ്റത്തൊരുക്കിയ നെറ്റ്‌സിലേക്കു പരിശീലനം മാറ്റി.

കൃഷ്‌ണയ്‌ക്കു പാകമായ ബാറ്റും പാഡുകളും ഗ്ലൗസുമൊന്നും മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടില്ലെന്നതു തുടക്കത്തില്‍ ഒരു പ്രശ്‌നം തന്നെയായിരുന്നു. അച്‌ഛന്‍ തുന്നിയുണ്ടാക്കിയ പാഡായിരുന്നു കൃഷ്‌ണ ആദ്യകാലത്ത്‌ ഉപയോഗിച്ചത്‌.

ആയിടയ്‌ക്കാണു യൂ ട്യൂബിലെ വീഡിയോ കണ്ട്‌ അയര്‍ലണ്ടിലെ ലക്കാ സ്‌പോര്‍ട്‌സിന്റെ പ്രതിനിധി ജയിംസ്‌ രാജേഷിനെ ഫോണില്‍ ബന്ധപ്പെട്ടത്‌. ലക്കയുടെ ഇന്ത്യന്‍ പങ്കാളികളായ മീററ്റ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാന്‍ഫോര്‍ഡുമായി ബന്ധപ്പെടാന്‍ ജെയിംസ്‌ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെയാണ്‌ സ്‌റ്റാന്‍ഫോര്‍ഡിന്‌ (എസ്‌.എഫ്‌) കൃഷ്‌ണയുടെ അളവുകള്‍ ചേര്‍ത്ത്‌ ഇ-മെയില്‍ അയച്ചത്‌. എന്നാല്‍ ആ അളവിലുള്ള ഉപകരണങ്ങള്‍ തങ്ങള്‍ നിര്‍മിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ക്ഷമാപണത്തോടെ സ്‌റ്റാന്‍ഫോര്‍ഡില്‍ നിന്നു മറുപടി കിട്ടിയപ്പോള്‍ പക്ഷെ, രാജേഷ്‌ നിരാശനായില്ല. സ്‌റ്റാന്‍ഫോര്‍ഡിനു നന്ദി പറഞ്ഞു തിരിച്ചയച്ച മെയിലിനൊപ്പം കൃഷ്‌ണയുടെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോയുടെ ലിങ്കും അയച്ചുകൊടുത്തു. ഉടന്‍ വന്നു മറുപടി. കൃഷ്‌ണയുടെ ബാറ്റിംഗ്‌ പ്രകടനം കണ്ട സ്‌റ്റാന്‍ഫോര്‍ഡിലെ അനില്‍ സരീന്‍ രാജേഷിനോടു പലതവണ ക്ഷമ ചോദിച്ചു. ഈ പ്രായത്തിലുള്ളവര്‍ക്കു വേണ്ട ക്രിക്കറ്റ്‌ ഉപകരണങ്ങള്‍ നിര്‍മിക്കുന്നില്ലെങ്കിലും കൃഷ്‌ണയ്‌ക്കു മാത്രമായി തന്റെ മേല്‍നോട്ടത്തില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുമെന്ന്‌ അദ്ദേഹം അറിയിക്കുകയായിരുന്നു. കൃഷ്‌ണയുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ ഏറ്റെടുത്ത സ്‌റ്റാന്‍ഫോര്‍ഡ്‌ മാസം തോറും പുതിയ കിറ്റ്‌ അയച്ചുകൊടുക്കുന്നുമുണ്ട്‌. മറ്റൊരു സ്‌പോണ്‍സര്‍മാരായ മംഗൂസും ഫുള്‍കിറ്റ്‌ അയച്ചുകൊടുക്കുണ്ട്‌. ഉപാധികളൊന്നുമില്ലാതെയാണ്‌ സ്‌റ്റാന്‍ഫോഡിന്റെയും മംഗൂസിന്റെയും സ്‌പോണ്‍സര്‍ഷിപ്പ്‌".(End)

മ്യാവൂ: വള്ളിക്കുന്നുകാര്‍ ചില്ലറക്കാരല്ല. അവരോടു കളിക്കുന്നത് സൂക്ഷിച്ചു വേണം. (ഇത് മംഗളത്തില്‍ ഇല്ല കെട്ടോ. )

Related Posts
ദേശാടനപക്ഷികളുടെ ഇഷ്ടഗ്രാമം.