ഒസാമയില്‍ നിന്ന് പഠിക്കേണ്ടത്

ഒസാമ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടു. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ മരണം വഹിക്കുന്ന ചരിത്രപരമായ പങ്ക് വരും നാളുകളില്‍ വിലയിരുത്തപ്പെടും. കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഒരു രാഷ്ട്രത്തലവനോ താരമോ സെലിബ്രിറ്റിയോ അല്ലെങ്കിലും ഒസാമയുടെ മരണത്തിന് സമീപകാല ചരിത്രം കണ്ടിട്ടില്ലാത്ത വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്. ഒസാമ കൊല്ലപ്പെട്ടതായി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തിനിടക്ക് നിരവധി വ്യാജ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആ മരണം സ്ഥിരീകരിച്ചത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ മൃതശരീരം അമേരിക്കന്‍ മിലിട്ടറി കൈവശപ്പെടുത്തിക്കഴിഞ്ഞു എന്ന പ്രസിഡണ്ട്‌ ഒബാമയുടെ വാക്കുകളാണ് ഈ മരണത്തെ സ്ഥിരീകരിക്കുന്നത്.


സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഒരു മുഖം ബിന്‍ലാദിനും അല്‍ഖായിദക്കും അവകാശപ്പെടാമെങ്കിലും മനുഷ്യത്വ രഹിതമായ കൂട്ടക്കുരുതികളാണ് ആ തീവ്രവാദ സംഘത്തെ ലോകത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. നിരപരാധിയായ ഒരു മനുഷ്യനെ അകാരണമായി കൊല്ലുന്നവന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊന്നവനു സമാനനാനെന്ന വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനങ്ങളെ കാറ്റില്‍ പറത്തിയാണ്‌ വിശുദ്ധ മതത്തിന്റെ പേരില്‍ അദ്ദേഹവും സംഘവും പോര്‍വിളികള്‍ നടത്തിയത്. ഇസ്ലാമിന്റെ സമാധാന പ്രതിച്ഛായയെ ലോക ജനതയ്ക്ക് മുന്നില്‍ ഏറ്റവും മോശമായി ചിത്രീകരിച്ചതില്‍ ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും മതങ്ങളുടെ മറവില്‍ വളരുന്ന ഇത്തരം ചിന്താധാരകള്‍ക്കെതിരെ പൊരുതുന്നത്.

സാമ്രാജ്യത്വ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യാറുണ്ട്. ഒസാമ ബിന്‍ലാദിനും അത്തരമൊരു സാമ്രാജ്യത്വ അജണ്ടയുടെ ബാക്കിപത്രമാണ്. സോവിയറ്റ് യൂണിയന്റെ അഫ്ഘാന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം വളര്‍ത്തിക്കൊണ്ടു വന്ന ശാക്തിക ഗ്രൂപ്പുകളില്‍ സംഘം ചേര്‍ന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നും അല്‍ഖായിദ എന്ന ഒരു വലിയ തീവ്രവാദ ഗ്രൂപ്പിന്റെ തലപ്പത്തേക്കുള്ള ഒസാമയുടെ പ്രയാണം പാഠമാവേണ്ടത് ഒസാമയെ കൊന്നു എന്ന് ലോകത്തോട്‌ അല്പം മുമ്പ് പ്രഖ്യാപിച്ച മിലിട്ടറി ശക്തികള്‍ക്ക് തന്നെയാണ്.


ഒബാമയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഒരു തുരുപ്പു ചീട്ടാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഇതൊരു ആഘോഷമാക്കേണ്ടത് ഡെമോക്രാറ്റുകള്‍ക്ക് ഒരനിവാര്യതയാവാം. പ്രത്യാശയുടെ കിരണങ്ങള്‍ ഉയര്‍ത്തി അധികാരത്തില്‍ വന്നെങ്കിലും ദിനേന ഇടിഞ്ഞു കൊണ്ടിരിക്കുന്ന തന്റെ ഇമേജിനെ അല്പമെങ്കിലും സംരക്ഷിച്ചു നിറുത്തവാന്‍ ഈ മരണം ഒബാമയെ സഹായിച്ചു എന്നും വരാം. അഫ്ഘാന്‍ മലനിരകളില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ അമേരിക്കന്‍ സേനക്കും സഖ്യശക്തികള്‍ക്കും ഒരവസരവും ഇത് വഴി ലഭിച്ചേക്കാം. പക്ഷെ പോയ കാലത്തിന്റെ തെറ്റായ സമീപനങ്ങളുടെ മൂര്‍ത്തമായ ഒരു അടയാളപ്പെടുത്തല്‍ ആയി ഒസാമ അവശേഷിക്കും എന്നത് തീര്‍ച്ചയാണ്.

തീവ്രവാദം ഒരു പ്രശ്നത്തെയും പരിഹരിക്കില്ല എന്നും അത് പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ എന്നുമാണ് ഒസാമയുടെ ദാരുണമായ ഈ അന്ത്യം അത്തരം ചിന്താധാരകളെ പിന്തുണക്കുന്നവരെ പഠിപ്പിക്കേണ്ടത്. താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അപകടകരമായ ചിന്താധാരകള്‍ക്ക് വളമൊഴിച്ചു കൊടുക്കുന്ന വന്‍ ശക്തികള്‍ അത് വഴി തങ്ങളുടെ തന്നെ സ്വസ്ഥതയും സമാധാനവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും തിരിച്ചറിയണം. പാഠങ്ങള്‍ പഠിക്കാനും തെറ്റുകള്‍ തിരുത്താനും ചരിത്രം നല്‍കിയ ഒരു അടയാളമാണ് ഒസാമ. ഈ മരണം ഒരു ആഘോഷമല്ല ഒരു തിരിച്ചറിവാണ് ലോകത്തിനു സമ്മാനിക്കേണ്ടത്.