ആര് ജയിക്കും? പണിക്കര്‍ സ്പീക്കിംഗ്.

Posted on 14 April 20  വോട്ടെല്ലാം പെട്ടിയില്‍ വീണു. ഇനി ഒരു മാസം ചന്ദനത്തിരികള്‍ വിലസും. എല്‍ ഡി എഫിനും യു ഡി എഫിനും പ്രാര്‍ഥിക്കാന്‍ വേണ്ടത്ര കാരണങ്ങള്‍ ഉണ്ട്.  ശുംഭന്മാരായ വോട്ടര്‍മാര്‍ ആരുടെ പിടലിക്കിട്ടാണ് കുത്തിയത് എന്ന് ആര്‍ക്കറിയാം?. (വോട്ടു കഴിഞ്ഞു, ഇനി അവറ്റകളെ എന്തും വിളിക്കാം.. വോട്ടറാണത്രേ , വോട്ടര്‍ .) പുറമേക്ക് എല്ലാവര്‍ക്കും ശുഭ പ്രതീക്ഷ ഉണ്ടെങ്കിലും ഓരോത്തന്റെയും നെഞ്ചിടിപ്പ് അവനും അവന്റെ ഭാര്യക്കും മാത്രമേ അറിയൂ. ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നവന്‍ ഹോട്ടലിലെ ടേബിളില്‍ താളം പിടിക്കുന്ന പോലെ വല്ലതും ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ ഈ ഒരു മാസം പോയിക്കിട്ടാന്‍ വല്ലാത്ത പാടാണ്. അത് കൊണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത്. എനിക്ക് കിട്ടിയ പ്രത്യേക ഡാറ്റകള്‍ അനലൈസ് ചെയ്തതില്‍ നിന്നും റിസള്‍ട്ട് എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരേകദേശ ചിത്രം ഞാന്‍ ഗണിച്ചു വെച്ചിട്ടുണ്ട്.


യു ഡി എഫ് - 78 (ഇത് മതിയോ അതോ കൂട്ടണോ ?)
കോണ്‍ഗ്രസ്‌ - 43 ( കിട്ടുവായിരിക്കും അല്ലേ)
മുസ്ലിംലീഗ് - 19 (കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ)
കേരള കോണ്‍ഗ്രസ്‌ - 11 (തത്ക്കാലം ഇത് മതി)
മറ്റു ഈര്‍ക്കിളികള്‍ എല്ലാം കൂടി - 5 

എല്‍ ഡി എഫ് - 62 ( ചിരിക്കരുത്.. എന്റെയൊരു കണക്കാണ് )
സി പി എം - 41 (വി എസ് അകത്തുണ്ട്)
സി പി ഐ - 15 (പാവങ്ങളാണ്.. ജീവിച്ചു പൊയ്ക്കോട്ടെ )
മറ്റു ഈര്‍ക്കിളികള്‍ എല്ലാം കൂടി - 6 

ഈ ഡാറ്റയൊക്കെ എവിടുന്നു ഒപ്പിച്ചുവെന്നും ഏത് അടുപ്പിലിട്ടാണ് അനലൈസ് ചെയ്തതെന്നും ചോദിക്കരുത്. പ്രമുഖ ജ്യോത്സ്യനായ ഉണ്ണികൃഷ്ണപണിക്കരും ഞാനും ഒരേ നാട്ടുകാരാണ്. വള്ളിക്കുന്നുള്ള എന്റെ വീട്ടില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് ഒരു മോര്‍ണിംഗ് വാക്കിന്റെ ദൂരമേയുള്ളൂ. ചാനലുകാരും പത്രങ്ങളും ഏത് അടുപ്പിലിട്ടാണോ ഇതൊക്കെ വേവിക്കുന്നത്‌ അതുപോലുള്ള ഒരടുപ്പ് തന്നെയാണ് എനിക്കും എല്ലാ പണിക്കര്‍മാര്‍ക്കും ഉള്ളത്. അത് വെച്ചു ഒരു കാച്ചു കാച്ചുകയാണ്. കിട്ടിയാല്‍ കിട്ടി. പോയാല്‍ പോയി.

ഞാന്‍ എന്റെ അടുപ്പിലെ പ്രവചനം നടത്തി. കമന്റ്സ് കോളത്തില്‍ നിങ്ങളുടെ പ്രവചനം നിങ്ങള്‍ക്കും നടത്താം. റിസള്‍ട്ട് വന്ന ശേഷം ആരുടേതാണോ കൂടുതല്‍ യോജിച്ചു വരുന്നത് അവനെ/അവളെ താരമായി പ്രഖ്യാപിക്കും. അത് ഒരു ബ്ലോഗര്‍ ആണെങ്കില്‍ അയാളുടെ/അവളുടെ ബ്ലോഗ്‌ ഒരു മുടിഞ്ഞ ഹിറ്റാക്കാനുള്ള എല്ലാ പണിയും ഞാന്‍ ചെയ്യും. ആരും മനസ്സിലുള്ള ആഗ്രഹം എഴുതിപ്പിടിപ്പിക്കരുത്. ശരിക്കും അനലൈസ് ചെയ്ത് ഗണിച്ചു പറയണം. ഞാന്‍ എഴുതിയ അതേ ഫോര്‍മാറ്റില്‍ തന്നെ എഴുതിയാല്‍ മാര്‍ക്കിടാന്‍ എളുപ്പമാണ്. അപ്പോള്‍ തുടങ്ങിക്കോളൂ.. എല്ലാവര്‍ക്കും ദീര്‍ഘ സുമംഗലീ ഭവ. അതായത് അടുത്ത അഞ്ചു വര്‍ഷം പടച്ചോന്‍ കാക്കട്ടെ എന്ന്.

മ്യാവൂ : മെയ്‌ പതിമൂന്നിന്  ഉഗാണ്ട വരെ പോകേണ്ട ഒരത്യാവശ്യമുണ്ട്. അന്ന് എന്നെ കണ്ടില്ലെങ്കില്‍ വിഷമിക്കരുത്.

Update: 10 May 2011

ഇതെന്തോന്ന് സര്‍വേ ആണെടേയ്?

ഭരണം യു ഡി എഫ് കൊണ്ട് പോകുമെന്ന് ഏഷ്യാനെറ്റ് (പക്ഷെ മുഖ്യമന്ത്രി അച്ചുമാമന്‍ തന്നെയായിരിക്കുമെന്നും സര്‍വേ!!! ), എല്‍ ഡി എഫ് കൊണ്ട് പോകുമെന്ന് മനോരമ അച്ചായന്‍ (പക്ഷെ ന്യൂനപക്ഷ - സവര്‍ണ - ആദിവാസി വോട്ടുകള്‍ പ്രകാരം  യു ഡി എഫ് തന്നെ വരും ! ). ഇതെന്തോന്ന് സര്‍വേ ആണെടേയ്? ആകെ മൊത്തം കണ്‍ഫ്യൂഷന്‍. നാട്ടാരെ കുരങ്ങു കളിപ്പിക്കാനായിട്ടു ഓരോരോ പരിപാടി. ആര് ജയിച്ചാലും പറഞ്ഞു നില്‍ക്കാന്‍ എന്തേലും വേണം എന്ന മിനിമം അജണ്ടയില്‍ സ്റ്റുഡിയോ റൂമില്‍ ചൊറിഞ്ഞു കുത്തിയിരുന്നു സര്‍വേ എന്ന പേരില്‍ എഴുന്നള്ളിക്കുന്ന ഉണ്ടയില്ലാ വെടികള്‍ ..

വോട്ടു ചെയ്തത് യു ഡി എഫിന് എന്ന് പറഞ്ഞ ശേഷം മുഖ്യമന്ത്രിയായി വി എസ് വരണമെന്ന് ആഗ്രഹമുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ അവന്റെ ചെകിടത്തിട്ടു രണ്ടു പൊട്ടിച്ചിട്ട് ബാക്കി സര്‍വേ നടത്തിയാല്‍ മതി എന്ന അഭിപ്രായക്കാരനാണ് ഞാന്‍.  ഇതിലും ഭേദം ഞാന്‍ നടത്തിയ പ്രവചനം തന്നെയാണ്. അതുകൊണ്ട് അതൊന്നു കൂടെ പോസ്റ്റുന്നു.

മ്യാവൂ : എല്ലാവരും യു ഡി എഫിന് കിട്ടുമെന്ന് പറയുമ്പോള്‍ എല്‍ ഡി എഫിന് കിട്ടുമെന്നാണ് മനോരമ പറയുന്നത്. ബ്രിട്ടാസ് മനോരമയിലെക്കാണോ പോയത്?

വേണേല്‍ ഇവിടെയും ഞെക്കിക്കോ.. (Election Specials) 
ജമാഅത്ത് സര്‍ക്കസ് പ്രദര്‍ശനം തുടരുന്നു (1030 comments - Comments Box Closed)
ഏത് ലതിക? എന്ത് കോടതി?
ബ്ലോഗര്‍ നിയമസഭയിലേക്ക്
ഷാജഹാനേ, ഇത് കണ്ണൂരാ..
അരിയാണ് താരം!!!
സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.. ഹി.. ഹി..
നാടകം വി എസ്, അദ്ധ്യായം രണ്ട്
കിഴവന്മാരേ വഴി മാറൂ (കിഴവികളോടും കൂടിയാണ്)
കോണി കണ്ടാല്‍ കയ്യ് ബെറക്കുമോ?
മുരളിയേട്ടന് ഒരു തുറന്ന കത്ത്