ഏത് ലതിക? എന്ത് കോടതി?

ബിന്ദു പണിക്കര്‍ ഒറ്റ രാത്രി കൊണ്ട് നയന്‍താര ആയത് പോലെയാണ് ലതിക സുഭാഷ് പെട്ടെന്ന് സൂപ്പര്‍ താരമായത്. ഇന്നലെ മാധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞു നിന്നത് ലതികയായിരുന്നു. ബ്ലോഗറായ അവര്‍ക്ക് പിന്തുണ തേടി ഏതാനും ദിവസം മുമ്പ് ഞാന്‍ പോസ്റ്റിടുമ്പോള്‍ അവര്‍ ഇത്ര വലിയ താരമായിരുന്നില്ല. സുനാമി വന്ന സ്പീഡിലാണ് പ്രശസ്തി അവരെത്തേടിയെത്തിയത്‌. ഇതിനാണ് 'യോഗം യോഗം' എന്ന് പറയുന്നത്. ഇക്കണക്കിനു പോയാല്‍ 'പിണങ്ങാറായി' നില്‍ക്കുന്ന കുറച്ചു സഖാക്കളും കൂടി മനസ്സ് വെച്ചാല്‍ ലതിക ചേച്ചി ജയിച്ചു വരാനുള്ള സാധ്യതയുണ്ട്.


ലതിക സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും’, എന്നാണ് വി എസ് പാലക്കാട് പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പറഞ്ഞത്.  'ഇടക്കൊരു തല്ല് കുരിക്കള്‍ക്കും കിട്ടണം' എന്നാരോ പറഞ്ഞ പോലെ ഇടയ്ക്കു വി എസ്സും ഒന്ന് കോടതി കയറുന്നത് നല്ലതാണ് എന്നാണ് എനിക്ക് പറയാനുള്ളത്. വി എസ് എന്നല്ല വാക്കിനും നാക്കിനും ലൈസന്‍സില്ലാത്ത ആര്‍ക്കും ഇടക്കൊരു തല്ല് കിട്ടണം. 'അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു' എന്ന് പറഞ്ഞ പോലെ സിന്ധു ജോയിക്കെതിരെ 'ഒരുത്തി' പ്രയോഗം നടത്തി മസില്‍ പിടിച്ച ശേഷമാണ് വി എസ് ലതികക്കെതിരെ തിരിഞ്ഞത്. ലതിക സുഭാഷിനെക്കുറിച്ച് ഒരു അപവാദ പ്രചരണം മുമ്പുണ്ടായിരുന്നു എന്നത് വി എസ്സിന്റെ വാക്കിനോട് കൂട്ടി വായിക്കുമ്പോഴാണ് ആ പ്രയോഗത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുകയത്രെ!
 
മകളുടെ പ്രായമുള്ള തന്നെക്കുറിച്ച് വി എസ് പറഞ്ഞതെന്താണെന്ന് വ്യക്തമാകണമെന്നാണ് ലതികാ സുഭാഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ കോടതിയെയും  ഇലക്ഷന്‍ കമ്മീഷനെയും സമീപിച്ചു കഴിഞ്ഞു. പരാതി കോടതി നേരിട്ട് പരിശോധിക്കാന്‍  പോവുകയാണ്. 'തന്റെ അച്ഛനേക്കാള്‍ 12 വയസ്സുകൂടുതലുള്ള വ്യക്തിയാണ് വി എസ്. അദ്ദേഹത്തെ പോലൊരാളില്‍ നിന്ന് ഇത്തരം നിലയും വിലയുംകെട്ട പരാമര്‍ശം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും' അവര്‍ പറഞ്ഞിട്ടുണ്ട്.

കുറച്ചു കാലമായി വി എസ്സിന്റെ ആരാധകനായി തുടരുന്ന അഴീക്കോട് മാഷ്‌ പ്രതികരിച്ചത് ഇങ്ങനെയാണ്. "പത്രലേഖകര്‍ക്ക്‌ മുന്നില്‍ പ്രയോഗിച്ച ഭാഷയില്‍ ദുസ്സൂചനയാണ് പ്രതിഫലിക്കുന്നത്. സ്വഭാവഹത്യയുളവാക്കുന്ന വ്യംഗ്യഭാഷ നാക്കുപിഴയാണെന്ന് പറഞ്ഞ് തള്ളിക്കളയാനികില്ല. മുതിര്‍ന്ന ആളായ അദ്ദേഹം തന്റെ ഭാഷയിലെ തെറ്റിന് ഖേദം രേഖപ്പെടുത്തുന്നതിലൂടെ മാതൃകയാകുകയാണ് ചെയ്യുക. പ്രസംഗത്തിനിടെ ആവേശത്തില്‍ എന്തെങ്കിലും വിളിച്ചു പറയുന്നത് പോലെ അതിനെ കാണാനാകില്ല" (പറയുന്നത് അഴീക്കോടാണ്.. വിഷയം പ്രസംഗമാണ്!!!!.)

സിന്ധു ജോയിക്ക് ഒരു സുപ്രഭാതത്തില്‍ ഏതോ 'ഒരുത്തി' ആയി മാറാമെങ്കില്‍ നാട് ഭരിക്കുന്ന വി എസ്സിന് ഏതോ 'ഒരുത്ത'നായി മാറാനും അധിക സമയം വേണ്ടതില്ല. ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനോ ഒരു പാര്‍ട്ടിയുടെ അദ്ധ്യക്ഷനോ ആയി എന്നത് കൊണ്ട് മാത്രം വായില്‍ വരുന്നതെല്ലാം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് ആരും കരുതരുത്. ഇത് മുഖ്യമന്ത്രിക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിനും അണികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ പാര്‍ട്ടി നേതാക്കന്മാര്‍ക്കും ബാധകമാണ്. ഏതാനും മൈക്കുകളും കുറച്ചു ക്യാമറകളും മുന്നില്‍ കാണുമ്പോള്‍ സ്വബോധം നഷ്ടപ്പെടുന്ന വികാര ജീവികളായി നേതാക്കള്‍ മാറരുത്. അത് ഏത് കോത്താഴത്തെ പാര്‍ട്ടിയുടെ തലവനായാലും ശരി.  

വി എസ്സിന്റെ ശരീര ഭാഷയും പറഞ്ഞ ശൈലിയും നോക്കുമ്പോള്‍ ഇതൊരു ദ്വയാര്‍ത്ഥ പ്രയോഗം ആണെന്ന കാര്യത്തില്‍ സംശയമില്ല എന്നാണ്  യു ഡി എഫിന്റെ പക്ഷം. ആരോപണം എന്തായാലും ഒരു ഉദാഹരണമെന്ന നിലക്ക് വി എസിന്റെ ഡയലോഗില്‍ നമുക്ക് പി ശശിയെ വെച്ചു കാച്ചി നോക്കാം "പി ശശി ഒരു തരത്തില്‍ പ്രശസ്തനാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും പി ശശിക്ക് പകരം കുഞ്ഞാലിക്കുട്ടിയെ വെച്ചു ഒരുദാഹരണം കാച്ചിക്കൂടെ  എന്ന് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെയും വാക്യത്തില്‍ പ്രയോഗിച്ചു നോക്കാം. വായിച്ചു കഴിയുമ്പോള്‍ കുഴപ്പം വല്ലതും തോന്നുന്നുണ്ടെങ്കില്‍ ഒരടി കുരിക്കള്‍ക്കും നല്ലതാണ് എന്നേ ഞാന്‍ പറയൂ.

മ്യാവൂ: (വി എസ്സിനോട് ) സാര്‍ , കേരളത്തിനു വേണ്ടത് ഒരു മുഖ്യമന്ത്രിയാണ്  ഒരു നവാബ് രാജേന്ദ്രനെയല്ല.
 
മ്യാവൂ: (ലതികയോട്) ഭരണം മാറിയാല്‍ ഈ ബ്ലോഗൊക്കെ എഴുതിയ എന്നെ ഏതോ 'ഒരുത്ത'നായി കാണരുത്.. ഒരു അവാര്‍ഡെങ്കിലും ...

ബ്ലോഗര്‍ നിയമസഭയിലേക്ക്