ഇ അഹമ്മദിന്റെ വള്ളിക്കുന്ന് മാജിക്

ഈ പോസ്റ്റ്‌ ഞാന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് സാഹിബിന് ഡെഡിക്കേറ്റ് ചെയ്യുകയാണ്. എന്റെ സ്വന്തം പേരിലല്ല. വള്ളിക്കുന്ന് എന്ന കൊച്ചു ഗ്രാമത്തിലെ ഓരോ  മണ്തരിയുടെയും പേരില്‍. ഇന്നലെ ഞങ്ങളുടെ ഗ്രാമത്തിനു ഒരു ഉത്സവമായിരുന്നു. രണ്ടു ബെഞ്ചുകളും വാതില്‍ പൊളിഞ്ഞ ഒരു കക്കൂസും ടിക്കറ്റ് കൊടുക്കാന്‍ ഒരു ക്ലാര്‍ക്കും മാത്രമുള്ള തീപ്പെട്ടിക്കൂടുപോലുള്ള  ഒരു റെയില്‍വേ സ്റ്റേഷനായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ അത് ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തെക്കാള്‍ മനോഹരമായിരിക്കുന്നു!!. (അല്പം ഓവറായിപ്പോയെങ്കില്‍ ക്ഷമിക്കുക. ആവേശം കൊണ്ട് എഴുതിപ്പോയതാണ് )


വള്ളിക്കുന്ന് പ്രദേശം ഇതുവരെ കണ്ടിട്ടില്ലാത്തെ രാജകീയമായ ഒരു വരവേല്‍പാണ് കേന്ദ്ര മന്ത്രിക്കു ഇന്നലെ ഞങ്ങള്‍ നല്‍കിയത്. (പരിപാടി കാണാന്‍ പോകുന്ന തിരക്കില്‍ ക്യാമറ എടുക്കാന്‍ മറന്നു. എന്റെ മൊബൈലില്‍ പകര്‍ത്തിയ ഏതാനും പിക്ച്ചറുകള്‍ ആണ് ഇവിടെ. നല്ല പിക്ച്ചറുകള്‍ കിട്ടിയാല്‍ പിന്നീട് ഇടാം).


 ഇ അഹമ്മദ് സാഹിബ് റെയില്‍വേ മന്ത്രിയായ ശേഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോ വള്ളിക്കുന്നുകാരന്റെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു. വള്ളിക്കുന്ന്  റെയില്‍വേ സ്റ്റേഷനില്‍ കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സെന്റര്‍ ഉദ്ഘാടനവും ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ് അദ്ദേഹം ഇന്നലെ എത്തിയത്.



ഞങ്ങളുണ്ടോ കുറക്കുന്നു. ശിങ്കാരി മേളം, കരിമരുന്ന്, തോരണങ്ങള്‍, താലപ്പൊലി, സ്കൌട്ട്, പോലീസ്, ബോംബ്‌ സ്ക്വാഡു തുടങ്ങി ഒരു അടിച്ചു പൊളി സ്വീകരണം തന്നെ ഉണ്ടാക്കി. സ്വീകരണം കണ്ട് അഹമ്മദ് സാഹിബ് തന്നെ അന്തം വിട്ടുപോയി. എങ്ങനെ സ്വീകരിക്കാതിരിക്കും?.. ചില്ലറക്കാര്യമാണോ അഹമ്മദ് സാഹിബ് ചെയ്തിരിക്കുന്നത്. ആറ് എക്സ്പ്രസ്സ് ട്രെയിനുകളാണ് ഇപ്പോള്‍ വള്ളിക്കുന്ന് നിര്‍ത്തുന്നത്!!!. മാത്രമല്ല ഒരു കിടു കിടിലന്‍ അഡീഷനല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കി. നിലവിലുണ്ടായിരുന്നതിന്റെ വീതിയും നീളവും കൂട്ടി. ഇപ്പോഴിതാ കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഫൂട്ട് ഓവര്‍ബ്രിഡ്ജും. അഹമ്മദ് സാഹിബ് മന്ത്രിയായ ഉടനെ അദ്ദേഹത്തെ അനുമോദിച്ചു കൊണ്ടും വള്ളിക്കുന്നുകാരുടെ കാര്യം ശ്രദ്ധിക്കണേ എന്ന് പറഞ്ഞു കൊണ്ടും ഈ ബ്ലോഗില്‍  ഞാനൊരു പോസ്റ്റ്‌ ഇട്ടിരുന്നു. ആ പോസ്റ്റിന്റെ കമന്റ് കോളത്തില്‍ പരിഹാസം ചൊരിഞ്ഞവര്‍ വായിക്കാന്‍ കൂടിയാണ്  ഇത് എഴുതുന്നത്‌.



വികസനത്തിന്റെ വാതിലുകള്‍ അധികമൊന്നും എത്തിനോക്കിയിട്ടില്ലാത്ത, യാത്രക്ക് മുഖ്യമായും തീവണ്ടികളെ ആശ്രയിച്ചു കഴിയുന്ന ഒരു കൊച്ചു ഗ്രാമമാണ് എന്റേത്. അതുകൊണ്ട് തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഈ മാറ്റങ്ങളില്‍ ഇവിടത്തെ ഓരോ മണ്തരിയും ആവേശം കൊള്ളുന്നുണ്ട്. പ്രിയ അഹമ്മദ് സാഹിബ്, വള്ളിക്കുന്ന് മനോഹരമായ ഒരു ഗ്രാമമാണെന്നും ഇവിടത്തെ നാട്ടുകാരെല്ലാം സുന്ദരന്മാരും സുന്ദരികളും ആണെന്നും നിങ്ങള്‍ ഇന്നലെ പറഞ്ഞ ആ ഡയലോഗ് ഞങ്ങള്‍ ഒരിക്കലും മറക്കില്ല.  (ഇതേ വാക്കുകള്‍ നിങ്ങള്‍ എല്ലാ പഞ്ചായത്തിലും പോയി പറയാറുണ്ടാവില്ല എന്ന് തന്നെയാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്!!.)




വികസനത്തില്‍ രാഷ്ട്രീയം നോക്കുന്ന പരിപാടി പണ്ടേ വള്ളിക്കുന്നുകാര്‍ക്ക് ഇല്ല. ഇലക്ഷന്‍ കാലത്ത് ഇ അഹമ്മദിന് എതിരെ മുദ്രാവാക്യം വിളിച്ചു തൊണ്ട പൊട്ടി കിടപ്പിലായ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരന്‍ തന്നെയാണ് ഇന്നലെ "ഇ അഹമ്മദ് കീ ജേ" എന്ന് തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ചത്. (ഇന്നലെയും അവന്‍ കിടപ്പിലായിട്ടുണ്ടാവണം.!!!.) അതാണ്‌ അഹമ്മദ് സാഹിബ് വള്ളിക്കുന്നില്‍ ചെയ്ത മാജിക് .. ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പ്രിയപ്പെട്ട അഹമ്മദ് സാഹിബ്, ഇനിയും ഞങ്ങള്‍ക്ക് ചില സ്വപ്‌നങ്ങള്‍ ഉണ്ട്  നിങ്ങളുടെ ലോക്സഭാ മണ്ഡലത്തിലെ ഷൊര്‍ണൂര്‍ മംഗലാപുരം റൂട്ടിലുള്ള ഏക റെയില്‍വേ സ്റ്റേഷനാണ് വള്ളിക്കുന്ന്. ഒരു ലെവല്‍ ക്രോസ് കൂടി ഞങ്ങള്‍ക്ക് വേണം. അത് കൂടി തരില്ലേ.. തരണേ.. പ്ലീസ്..

update : 4 Feb 2011
Malayala Manorama 4 Feb 2011