മനോരമ ചതിച്ചില്ല. താരം പ്രീജ തന്നെ

പ്രീജയുടെ ബൂത്ത് എജന്റ്റ് എന്ന നിലക്കുള്ള എന്റെ കടമ ഞാന്‍ നിര്‍വഹിക്കുകയാണ്‌. ഒ എന്‍ വി, അരുന്ധതി റോയ്, കെ എം മാണി എന്നിവരെ പിന്തള്ളി പ്രീജ ശ്രീധരനെ ന്യൂസ്‌ മേക്കര്‍ 2010 ആയി വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി. മനോരമ വാര്‍ത്ത പുറത്തു വിട്ട നിമിഷം  മുതല്‍ പലരും എന്നെ വിളിച്ചു കണ്ഗ്രാറ്റ്സ്  പറയുന്നു!!. പ്രീജക്ക് പോലും ഒരുപക്ഷെ ഇത്രയും കണ്ഗ്രാറ്റ്സ് കിട്ടിക്കാണില്ല!!.(പ്രീജേ.. ഇങ്ങനെയൊരു ബൂത്ത് എജന്റ്റ് ഉണ്ടായിരുന്ന കാര്യം അവാര്‍ഡ് വാങ്ങുമ്പോള്‍ ഓര്മ വേണം.. ട്ടോ..)



പ്രീജക്ക് നാല് വോട്ടു കൂടുതല്‍ നേടിക്കൊടുക്കുന്നതില്‍ പ്രീജ ശ്രീധരന് ഒരു വോട്ട് എന്ന പോസ്റ്റും അതിനെ തുടര്‍ന്ന്  വന്ന ഇമെയില്‍ കാമ്പയിനുകളും കാരണമായിട്ടുണ്ട്. (എതിര്‍പ്പുള്ളവര്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ കൈ പൊക്കണം). പോസ്റ്റ് വായിച്ച ആവേശത്തില്‍ പത്തും പതിനഞ്ചും വോട്ട് ഒറ്റയടിക്ക് ചെയ്തവര്‍ വരെ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്!!!. ഇന്ത്യക്കകത്തെ വോട്ടുകളില്‍ കെ എം മാണി പല ഘട്ടത്തിലും മുന്നിട്ടു നിന്നപ്പോള്‍ ഓണ്‍ലൈന്‍ വോട്ടുകള്‍, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവയാണ്‌ പ്രീജയെ മുന്നിലെത്തിച്ചത് എന്ന് മനോരമ പറയുകയുണ്ടായി. വള്ളിക്കുന്ന് പരിസരത്തു നിന്നാണ് കൂടുതല്‍ വോട്ടുകള്‍ വന്നത് എന്നതിന്റെ ഒരു സൂചനയായി ഈ വിശകലനത്തെ നമുക്ക് കണ്ടു കൂടെ..? എച്ചൂസ് മി, ഞാനൊരു എട്ടുകാലി മമ്മൂഞ്ഞ് ആവുകയാണ് എന്ന് കരുതരുത്. പരമശുദ്ധന്‍ ആയതു കൊണ്ട് ഉള്ളത് ഉള്ളത് പോലെ പറയുന്നു എന്ന് മാത്രം. മനസ്സിനുള്ളില്‍ ഒന്ന് വെച്ച് പുറത്തു മറ്റൊന്ന് പറയുന്ന പരിപാടി എനിക്കില്ല . ക്ഷമിക്കണം.. ചെറുപ്പം മുതലേ അത്രയ്ക്ക് ശുദ്ധന്‍ ആയിപ്പോയി..


പ്രീജ ശ്രീധരന് ഒരു വോട്ട്‌ എന്ന പോസ്റ്റ്‌ സ്വന്തം പേരിലാക്കി പലരും പല ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ചെയ്തത് മോഷണം ആണെങ്കിലും അവരോടൊക്കെ നന്ദിയുണ്ട്.. നന്ദി.. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്.. (ലോട്ടറിയടിച്ച ഇന്നസെന്റ്‌ ശൈലിയില്‍ വായിക്കണം കെട്ടോ) ഗൂഗിള്‍ അമ്മാവന്‍ പോലും ഈ പോസ്റ്റിനു വേണ്ടത്ര പിന്തുണ നല്‍കി. പ്രീജ ശ്രീധരന്‍ എന്ന് മലയാളത്തില്‍ ഗൂഗ്ലിയാല്‍ വള്ളിക്കുന്ന് പോസ്റ്റാണ് അമ്മാവന്‍ ആദ്യമായി കാണിച്ചിരുന്നത്!!!.. പ്രീജയെക്കാള്‍ പ്രശസ്തി നമ്മുടെ പോസ്റ്റിനു കിട്ടി എന്ന് ... ഹെനിക്കു വയ്യ!!!.. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡു കിട്ടിയിട്ടും എന്നെ അഭിനന്ദിക്കാന്‍ മടിച്ചു നിന്നവര്‍ ഇനിയെങ്കിലും അഭിനന്ദിക്കാന്‍ തയ്യാറാകണം എന്നാണു വിനീതമായ ഭാഷയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കുവാന്‍ ഉള്ളത്. നന്ദി.. നമസ്കാരം..

Related Posts
പ്രീജ ശ്രീധരന് ഒരു വോട്ട്