റോഡുണ്ടോ സഖാവേ, ഒരു യോഗം നടത്താന്‍ ?

നടുറോട്ടില്‍ യോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ പാടില്ല എന്ന് ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയും പറഞ്ഞിരിക്കുന്നു!!!. വിധി വന്ന നിമിഷം മുതല്‍ ചില രാഷ്ട്രീയ ശുംഭന്മാര്‍ (കാര്യവിവരം ഉള്ളവര്‍ എന്ന അര്‍ത്ഥത്തിലാണ് ശുംഭന്മാര്‍ എന്ന് ഞാന്‍ പ്രയോഗിച്ചിട്ടുള്ളത്) 'ഞങ്ങടെ യോഗം കലക്കാന്‍ നീയാരെടാ' എന്ന് കോടതിയെ നോക്കി രോഷം കൊള്ളുന്നതാണ് ടീ വി ചര്‍ച്ചകളില്‍ കാണാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൌലിക അവകാശങ്ങളെ കോടതികള്‍ നിഷേധിക്കുന്നു എന്നാണ് അവരുടെ വാദം. റോഡുകള്‍ വാഹനങ്ങള്‍ക്ക് പോകാനുള്ളതാണ്, അവ പ്രകടനവും പൊതുയോഗവും നടത്താനുള്ളതല്ല എന്ന സിമ്പിള്‍ ലോജിക്കാണ്  കോടതിക്കുള്ളത്. ഏതു ശുംഭനും (പൊട്ടന്‍ എന്ന അര്‍ത്ഥത്തില്‍ ) മനസ്സിലാവുന്ന ന്യായമാണ് കോടതിയുടെത് എന്ന് പറയാതെ വയ്യ.


 

ജനജീവിതം തടസ്സപ്പെടുത്തുന്ന പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയ ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത് എന്നോര്‍ക്കുമ്പോള്‍ നമ്മുടെ പൊതുബോധത്തിന്റെ ദയനീയാവസ്ഥ നമുക്ക് തന്നെ ബോധ്യപ്പെടും.ഭരിക്കുന്നത്‌ സഖാക്കളായത് കൊണ്ട് പറയുകയല്ല. കോണ്‍ഗ്രസ്‌ ആയിരുന്നെങ്കിലും അപ്പീല്‍ പോകും. കാരണം കേരളത്തിലെ പൊതുജനത്തിനു ചാണകത്തിലെ പുഴുവിന്റെ വില മാത്രമേ ഈ രണ്ടു വിഭാഗവും നല്‍കുന്നുള്ളൂ.. കോടതിയും മനുഷ്യാവകാശവും ഭരനഘടനയുമെല്ലാം പാര്‍ട്ടിക്കാര്‍ക്ക് മാത്രമുള്ളതാണ്. പൊതുജനമെന്ന കഴുതയ്ക്ക് അത്തരം മനുഷ്യാവകാശങ്ങള്‍ ഒന്നും വേണ്ടതില്ല. അവനെ ഏതു സമയവും വഴി തടയാം. ഏതു ദിവസവും ബന്ദ്‌ നടത്താം. പൊതുജനത്തെ വഴി തടഞ്ഞേ അടങ്ങൂ എന്ന സര്‍ക്കാരിന്റെ അപ്പീലിന് ഇതലപ്പുറം ഒരു അര്‍ഥം നമുക്ക് വായിച്ചെടുക്കാനും കഴിയില്ല. 

പൊതുകാര്യ പ്രസക്തമായ വിഷയങ്ങളില്‍ പ്രതിഷേധം അറിയിക്കാന്‍ ജനത്തെ വളക്കാത്ത ഒറ്റവരി പ്രകടനങ്ങളോ യോഗങ്ങളോ നടത്തുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. പക്ഷെ റോഡിലോടുന്ന  വാഹനങ്ങളെ മുഴുവന്‍ തടഞ്ഞു വെച്ചു പൊതുജനത്തിന് പുല്ലു വില നല്‍കാത്ത സമരാഭാസങ്ങളെ തടയിടാന്‍ കോടതി തീരുമാനിച്ചെങ്കില്‍ ആ കോടതിക്ക് ഈ നാട്ടിലെ സാധാരണക്കാരന്റെ മാനസിക പിന്തുണയുണ്ട്. തിരഞ്ഞെടുപ്പില്‍ പതിനാറു വോട്ടു തികച്ചു കിട്ടാത്ത എമ്പോക്കി പാര്‍ട്ടികള്‍ക്കും പ്രകടനം നടത്താന്‍ മുപ്പത്താറുപേരെ  കിട്ടുന്ന നാടാണ് നമ്മുടേത്‌. (വൈകുന്നേരത്തെ പട്ടക്ക്‌ കാശ് കിട്ടുമെങ്കില്‍ ചെകുത്താന്‍ വന്നു വിളിച്ചാലും പ്രകടനത്തിന് പോകാന്‍ നമ്മള്‍ റെഡി!!) ഈ മുപ്പത്തിയാറ് പേരും മുല്ലപ്പെരിയാര്‍ ഡാമിന്റെ അണക്കെട്ട്  പോലെ റോഡിനു കുറുകെ നിരന്നു നിന്ന് തൊണ്ട കീറിയാല്‍ 'അഫിഫ്രായ സ്വാതന്ത്ര്യം' പൂര്‍ണമായി!!!. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അഫിഫ്രായ സ്വാതന്ത്ര്യം എന്താണ് രാഷ്ട്രീയക്കാരാ ?.. പ്രതിഷേധം, സങ്കടം, രോഷം , വയറിളക്കം എന്നിങ്ങനെ എന്തുണ്ടായാലും കൊടിയും പിടിച്ചു നടുറോട്ടിലേക്ക് ഓടുന്നതാണോ അഫിഫ്രായ സ്വാതന്ത്ര്യം?.അവിചാരിത സമരം കാരണം നടുറോഡില്‍, പൊരിവെയിലില്‍ തളര്‍ന്നു വീണ വൃദ്ധന്മാര്‍ക്കു മനുഷ്യാവകാശ നിയമങ്ങള്‍ ഉള്ളതായി നിങ്ങള്‍ വായിച്ച ഭരണഘടനയില്‍ ഉണ്ടോ?  ഇന്ക്വിലാബിന്റെ വിളികള്‍ക്കിടയില്‍ നടുറോട്ടില്‍ കിടന്നു പ്രസവിക്കേണ്ടി വന്ന സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ബാധകമാണോ സഖാവേ? വാഹനം തടസ്സപ്പെട്ടു വഴിയില്‍ കിടന്നു മരിച്ചവന് നമ്മുടെ ഭരണഘടന വല്ല അവകാശവും നല്‍കുന്നുണ്ടോ കോണ്‍ഗ്രസ്സേ?...


ടാറിട്ട റോഡില്‍ പ്രകടനവും പൊതുയോഗവും നടത്തിയാല്‍ മാത്രമേ അഫിഫ്രായ സ്വാതന്ത്ര്യം ആവൂ എന്ന് നിര്‍ബന്ധമുള്ള രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത് ഒരു 'തെക്ക് വടക്ക് സമരപാത' നിര്‍മിക്കുകയാണ്. സര്‍ക്കാര്‍ റോഡുകള്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. സമരം നടത്താന്‍ റോഡു വേണമെങ്കില്‍ അത് രാഷ്ട്രീയക്കാര്‍  സ്വന്തം ചിലവില്‍ വേറെയുണ്ടാക്കണം. തെക്ക് വടക്ക് സമരപാതയുടെ കാസര്‍ക്കോട് മുതല്‍ കോഴിക്കോട് വരെ സഖാക്കള്‍ നിര്മിക്കട്ടെ. കോഴിക്കോട്ടു മുതല്‍ മലപ്പുറം വരെ ലീഗുകാരും. ‍അവിടുന്നങ്ങോട്ട് തിരോന്തരം വരെ കോണ്‍ഗ്രസ്സുകാര്‍. ഇടയ്ക്കു എവിടെയെങ്കിലും അഞ്ചോ പത്തോ കിലോമീറ്റര്‍ ബീ ജെ പിക്കും ഗൌരിയമ്മക്കും നല്‍കണം.  എന്നിട്ട് ആ റോഡില്‍ എന്ത് പണ്ടാരവും നടത്തി അവര്‍ ജീവിച്ചു പോകട്ടെ. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും റോഡു തടഞ്ഞു അഫിഫ്രായ സ്വാതന്ത്ര്യം കാത്തു രക്ഷിക്കാം. . ബിരിയാണി കഴിച്ചു നിരാഹാരം കിടക്കാം, മറ്റു രാഷ്ട്രീയക്കാരുടെ തന്തക്കു വിളിക്കാം, കോണകം ഊരി കൊടിയുണ്ടാക്കി സമരം നടത്താം. അങ്ങിനെ എന്തും ചെയ്യാം. പക്ഷെ പൊതുജനത്തിന്റെ മെക്കട്ട് കയറാന്‍ മാത്രം വരരുത്.. അവര്‍ സര്‍ക്കാര്‍ റോഡിലൂടെ സുഖമായി യാത്ര ചെയ്യട്ടെ.

വാഹന തടസ്സം സൃഷ്ടിക്കുന്ന പ്രകടനങ്ങള്‍ മാത്രമല്ല, നബിദിന റാലിയും ശ്രീകൃഷ്ണ ഘോഷയാത്രയും വരെ നിരോധിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കോടിക്കണക്കിനു മനുഷ്യര്‍ എന്നും സ്മരിക്കുന്ന ശ്രീകൃഷ്ണനും മുഹമ്മദ്‌ നബിക്കും നിലനില്കാന്‍ വര്‍ഷത്തിലൊരു പ്രകടനം നടത്തേണ്ട ആവശ്യമില്ല. രാഷ്ട്രീയമോ മതമോ ഒരു സാധാരണ പൌരന്റെ പൊതുജീവിതത്തെ തടസ്സപ്പെടുത്താനുള്ള ഒരു  ഉപകരണം ആയി മാറിക്കൂടാ.

രാഷ്ട്രീയക്കാരന്റെ ചട്ടമ്പിത്തരങ്ങള്‍ക്ക് വല്ലപ്പോഴുമെങ്കിലും ഇത്തരം പ്രഹരങ്ങള്‍ നല്‍കാന്‍ കോടതി ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ട്.. ഹൈക്കോടതീ കീ ജയ്‌ .. സുപ്രിം കോടതീ കീ ജയ്‌.