Old is (പുഴുവരിക്കുന്ന) Gold‌ !!

വൈകി വായിക്കാനിടയായ ഒരു വാര്‍ത്തയുടെ ഷോക്കിലാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്‌. ഈമെയില്‍ വഴി കിട്ടിയ ഒരു പത്ര വാര്‍ത്താ കട്ടിംഗ്.  രോഗം ബാധിച്ച് കിടപ്പിലായ ഒരു റിട്ടയേര്‍ഡ്‌ വനിത കോളേജ് പ്രൊഫസറെ പുഴുവരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയതായിരുന്നു ഡിസംബര്‍ ഏഴിന്റെ ആ വാര്‍ത്ത. ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ ഉദ്യോഗവുമുള്ള ഏക മകള്‍ നൊന്ത് പ്രസവിച്ച അമ്മയെ വീട്ടിനുള്ളില്‍ തനിച്ചാക്കി ജീവിതം ആസ്വദിക്കാന്‍ പോയത്രേ..!!. ദിവസവും രണ്ടു ടീസ്പൂണ്‍ കഞ്ഞി വെള്ളം മാത്രം കൊടുക്കാന്‍ ആരെയോ ഏര്‍പ്പാട്‌ ചെയ്തിരുന്നുതായും പറയപ്പെടുന്നു. പരിതാപകരമായ അവസ്ഥയില്‍ ഒരു മനുഷ്യജീവന്‍ കിടക്കുന്നത് കണ്ട് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരുങ്ങിയവരെ ഈ ഹൈ-സൊസൈറ്റി ലേഡി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.


പുഴുവരിച്ചു തുടങ്ങുന്ന വാര്‍ത്ത കേട്ടറിഞ്ഞ് എത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയും ജനമൈത്രി പോലീസും  അറുപത്തൊന്ന് വയസുള്ള ഈ അര്‍ബുദ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് അവരുടെ ശ്വാസം ഇനിയും നിലച്ചിട്ടില്ല. ഭാഗ്യം. പത്രവാര്‍ത്ത വിശ്വസിക്കാമെങ്കില്‍ അമ്മയെ പുഴുവരിക്കാന്‍ വിട്ട ആ പുന്നാര മകള്‍ ഒരു ടി വി അവതാരകയാണ്.  അവര്‍ അവതരിപ്പിച്ചിരുന്ന ടി വി പരിപാടിയുടെ പേരാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്!!!‌. ഓള്‍ഡെല്ലാം ഗോള്‍ഡാണെന്ന് ടീവിയില്‍ പറയാന്‍ കൊള്ളാം. പക്ഷേ 'ഓള്‍ഡ്‌ ഈസ്‌ പുഴു' എന്നാണ് ജീവിതത്തില്‍ പറയേണ്ടത്. എങ്കിലേ  ജീവിതവും ടീവിയും തമ്മിലുള്ള കോമ്പിനേഷന്‍ ശരിയാവൂ. ആലുവയില്‍ നിന്നുള്ള ഈ പത്രവാര്‍ത്തക്ക് തൊട്ടുതാഴെ മറ്റൊരു വാര്‍ത്തയും കണ്ടു. കളമശ്ശേരിയില്‍ നിന്ന്. വൃദ്ധ മാതാവ് വീടിനുള്ളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അവരെ വീടിനു പുറത്തെ ഷെഡ്ഡിലേക്ക് മാറ്റിയ വാര്‍ത്ത. മഴയും വെയിലുമേറ്റ് ഉടുതുണിയില്ലാതെ ഉറുമ്പരിച്ചു തുടങ്ങിയ അവരെ പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു!!.

സത്യത്തില്‍  എന്താണ് നമുക്കൊക്കെ സംഭവിക്കുന്നത്. പെറ്റ തള്ളയെ പുഴുവരിക്കാന്‍ വിടാന്‍ മാത്രം ഈ ജീവിതം എന്ത് കാട്ടിയാണ് നമ്മെ പ്രലോഭിപ്പിക്കുന്നത്?. അമ്മയും അച്ഛനുമൊക്കെ പ്രിയോരിറ്റി ലിസ്റ്റിലെ അവസാന പേജില്‍ പോലും ഇടം പിടിക്കുന്നില്ലെങ്കില്‍ ജീവിതം നമ്മെ എന്താണ് പഠിപ്പിച്ചത്.? വിദ്യാഭ്യാസം, നല്ല ജോലി, ഉയര്‍ന്ന ശമ്പളം, സൊസൈറ്റിയില്‍ അംഗീകാരം.. ഇവയൊക്കെ ആ മാറിടത്തില്‍ നിന്നും ഞൊട്ടിനുണഞ്ഞ  മുലപ്പാലിന്റെ കണികകളെ നമ്മുടെ സിരകളില്‍ നിന്നും തൂത്തെറിയാന്‍ മാത്രം ശക്തമാണോ?.ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. പക്ഷേ ഒന്ന് മാത്രം പറയാം. നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മുടെ തന്നെ മനസ്സാക്ഷിയെ കൊന്നു തുടങ്ങിയിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ കൂടെക്കൂടെ കേള്‍ക്കുന്നത് വഴി നാം പിശാചിനോട് രാജിയാവാന്‍ പഠിച്ചു വരികയാണ്.


അമ്മയെ തിരിച്ചയറിയാന്‍ കഴിയാത്തിടത്ത് നിന്നാണ് മനുഷ്യന്‍ മൃഗമായിത്തുടങ്ങുന്നത്. ഒരാളിലെ മൃഗം ജനിക്കുന്നതിന്റെ സ്സ്റ്റാര്‍ട്ടിംഗ്  പോയിന്റ് അവിടെയാണ്. അമ്മ പുഴുവരിച്ചു തുടങ്ങുമ്പോഴാണ് ആ മൃഗം ഫിനിഷിംഗ് പോയിന്റില്‍ എത്തുക. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഗള്‍ഫിലും യൂ എസ്സിലും യൂറോപ്പിലും പോയി മഹാന്മാരായ മക്കള്‍ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ കളിക്കുമ്പോള്‍ (അതായത് ഓള്‍ഡ്‌ ആവുമ്പോഴേക്ക് ഗോള്‍ഡ്‌ പിടിക്കുക എന്ന അര്‍ത്ഥത്തില്‍ ) ഇവിടെ കേരളത്തിന്റെ ഒരു കോണില്‍ ഒറ്റപ്പെട്ട മുറികളില്‍ രണ്ടു ടീസ്പൂണ്‍ കഞ്ഞിവെള്ളത്തിന്റെ പിന്‍ബലത്തില്‍ എത്ര അമ്മമാര്‍, അമ്മൂമ്മമാര് പുഴുവരിക്കുന്നത് കാത്ത് കഴിഞ്ഞു കൂടുന്നുണ്ടാവും?. എണ്ണമറ്റ സര്‍വേകള്‍ നാട്ടില്‍ നടക്കുന്നുണ്ട്. പുഴുവരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മമാരുടെ കണക്കെടുക്കാന്‍ ഏതെങ്കിലും ഒരു  മനുഷ്യാവകാശസംഘടന തയ്യാറായെങ്കില്‍ നമുക്ക് നമ്മുടെ ചിത്രം വരച്ചു തുടങ്ങാമായിരുന്നു.

ചാരുകസേരയില്‍ മോണ കാട്ടി ചിരിക്കുന്ന മുത്തശ്ശനും ആ ഒട്ടിയ കവിളില്‍ ഉമ്മ വെച്ച് ചുറ്റും ഓടിക്കളിക്കുന്ന കുട്ടികളും നമ്മുടെ സംസ്കാരത്തില്‍ നിന്നും പടിയിറങ്ങിപ്പോയ തിയ്യതി ഏതാണ്?. അത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളുടെ പെട്ടികള്‍ സംരക്ഷിച്ച് നിര്‍ത്തുവാന്‍ പുരാവസ്തുവകുപ്പിന് വകുപ്പുണ്ടോ? ഏതു പ്രോട്ടീനിന്റെ കുറവാണ് ഈ രോഗം പടര്‍ത്തുന്നത്?. വിദ്യാഭ്യാസത്തിന്റെ  കുറവാണോ? അല്ല, ഒട്ടുമല്ല, കഥയിലെ നായികക്കും നമുക്കും ബിരുദമുണ്ട്. ബിരുദാനന്തര ബിരുദമുണ്ട്. മനുഷ്യരോട് ഇടപഴകിയ പരിചയമുണ്ട്. പക്ഷേ പെറ്റ തള്ളയെ തിരിച്ചറിയാന്‍ പറ്റുന്നില്ല!!.  'ഏട്ടന്‍ അമേരിക്കയില്‍, ഞാന്‍ അന്റാര്‍ട്ടിക്കയില്‍, അമ്മ ഇനിയും മരിച്ചിട്ടില്ല' എന്ന് പറയുമ്പോള്‍ അയാളുടെ ഹൃദയത്തില്‍ മദിച്ചു പുളയുന്ന പുഴുവിന് എത്ര കിലോ തൂക്കം കാണും?..

ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളോടുമായി  ആ റിട്ടയേര്‍ഡ്‌ അധ്യാപിക പറയുന്നതായി എനിക്കിപ്പോള്‍ കേള്‍ക്കാം.. "മക്കളേ, പുഴുവരിച്ചു തുടങ്ങുമ്പോള്‍ നാട്ടുകാരെ വിളിച്ചു കൂട്ടാന്‍ ഒരു മെഗഫോണും സ്വയം ഉരുട്ടി മുറ്റത്തെത്താന്‍ ഒരു വീല്‍ ചെയറും ഇപ്പോഴേ കരുതി വെക്കുക. എന്നെക്കാള്‍ ദുരിതപൂര്‍ണമായ ഒരു നാളെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് മറക്കരുത്."

Related Posts
തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും.