ഫോര്‍വേഡികളുടെ ശ്രദ്ധക്ക്, സഖാവിനെ തൊടരുത്

മൊയ്തുവിനെ സൈബര്‍ പോലീസ് അറസ്റ്റ്‌ ചെയ്തപ്പോള്‍ ആരും പ്രതിഷേധിച്ചില്ല!!. അതൊരു വാര്‍ത്തയായിപ്പോയുമില്ല!!. മൊയ്തു ഒരു പാവം ഇമെയില്‍ ഉടമയാണ് എന്നതാണ് കാരണം. ഇമെയില്‍ ഉടമകള്‍ക്ക് സംഘടനയില്ല. ഞാന്‍ മൊയ്തുവിനെ ന്യായീകരിക്കുന്നില്ല. അതിന്റെ ആവശ്യവും എനിക്കില്ല. കാരണം ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് എന്ന് ഞാന്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. സഖാവ് പിണറായി വിജയന്‍റെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും.

സഖാവിന്റെ കാര്യത്തില്‍ ഇമെയിലിനോടല്ല ഒരു ഫീമെയിലിനോട് പോലും  തമാശ പറയരുത്. സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രസിദ്ധമായ 'റാഡിക്കല്‍ വിശദീകരണം' സഖാവ് പിണറായിയുടെ വിശദീകരണവുമായി താരതമ്യപ്പെടുത്തി തനിക്ക് വന്ന ഒരു ഇമെയില്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തതാണ് മൊയ്തു ചെയ്ത തെറ്റ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖാക്കള്‍ തോറ്റിട്ടില്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെക്കാള്‍ അവര്‍ക്ക് ഇത്തവണ വോട്ടു കിട്ടിയിട്ടുണ്ട് താനും. അതൊക്കെ ശരിക്ക് അറിയാവുന്ന മൊയ്തു എന്തിനാണ് ശങ്കരാടിയുടെ റാഡിക്കല്‍ വിശദീകരണം ഇമെയില്‍ വഴി ഫോര്‍വേഡ് ചെയ്തത് എന്ന് എനിക്കറിയില്ല.
പിണറായി സഖാവിന്റെ പരാതിയെത്തുടര്‍ന്ന് ഡി ജി പി യുടെ നിര്‍ദ്ദേശപ്രകാരം കുറ്റിപ്പുറത്തെ വീട്ടില്‍ നിന്നാണ് മൊയ്തുവിനെ സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്തത്. മാസിഡോണിയയില്‍ നിന്ന് ഏതോ ഒരു അളിയന്‍ അയച്ച മെയിലാണ് മൊയ്തു ഫോര്‍വേഡിയത് എന്നാണു അറിയാന്‍ കഴിഞ്ഞത്. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേരെ മുമ്പ് പോലീസ്‌ പൊക്കിയതാണ്. എന്നിട്ടും മൊയ്തു പഠിച്ചില്ല. 'പഠിക്കാത്ത മൊയ്തു പിടിക്കുമ്പോള്‍ അറിയും' എന്ന് ഇപ്പോള്‍ മനസ്സിലായി.ഇനിയും പഠിക്കാത്ത ഏതെങ്കിലും മൊയ്തുമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌.
മൊയ്തുവിനെ പൊക്കിയ സ്ഥിതിക്ക് സന്ദേശം സിനിമ പിടിച്ച സത്യന്‍ അന്തിക്കാടും കഥ എഴുതിയ ശ്രീനിവാസനും എത്രയും പെട്ടെന്ന് മുങ്ങുന്നതാണ് നല്ലത്. മനോരമ, മാതൃഭൂമി തുടങ്ങിയ സിണ്ടിക്കെറ്റ് പത്രങ്ങളില്‍ വിജയന്‍ സഖാവിന്റെ കാര്‍ട്ടൂണ്‍ വരച്ചവരോടും എനിക്ക് നല്‍കാനുള്ള ഉപദേശം മറ്റൊന്നല്ല. ഒരു ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിസയെടുത്തു ദുഫായിയിലേക്ക് മുങ്ങുക. സൈബര്‍ പോലീസിന്റെ തല്ലു കൊള്ളുന്നതിനേക്കാള്‍ നല്ലത് ദുഫായിലെ വെയിലു കൊള്ളുന്നതാണ്.

ഇമെയില്‍ ഉള്ള എല്ലാവരോടുമായി ഞാന്‍ വീണ്ടും പറയുന്നു. സഖാവ് പിണറായിയെക്കുറിച്ച് ഇമെയിലില്‍ എന്ത് വന്നാലും ഉടനെ ഡിലിറ്റ്  ചെയ്യുക. ഫോര്‍വേഡ് ബട്ടണ്‍ അറിയാതെ ഞെക്കിപ്പോകരുത്. സഖാവിനെക്കുറിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ പറയുന്ന വിശദീകരണമോ ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളോ അല്ലാതെ മറ്റൊന്നും ഇമെയിലിലൂടെ പ്രചരിപ്പിക്കരുത്. അദ്ദേഹം നമ്മുടെ നാടിന്റെ അഭിമാനമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത സഫ്ദര്‍ ഹാഷ്മിക്ക് വേണ്ടി തെരുവ്‌ നാടകം കളിച്ച വിപ്ലവ പാര്‍ട്ടിയുടെ നായകനാണ്. അദ്ദേഹത്തെക്കുറിച്ച് തമാശ പറയരുത്. ഇമെയില്‍ അയക്കരുത്. ഇനി ഇമെയില്‍ അയച്ചേ തീരൂ എന്നുണ്ടെങ്കില്‍ നമുക്ക് വീ എസ് ഉണ്ടല്ലോ. അദ്ദേഹമാകുമ്പോള്‍ ആര്‍ക്കും ഇമെയില്‍ അയക്കാം. മിമിക്രി കളിക്കാം. ഒരു സൈബര്‍ പോലീസിലും പരാതി എത്തില്ല. ആരെയും അറസ്റ്റ് ചെയ്യുകയുമില്ല. ലാല്‍ സലാം.