മിസ്റ്റർ ഒബാമ, ക്യൂ പ്ലീസ്

ഇന്ത്യയില്‍ നിന്ന് പോകുന്ന സകല നേതാക്കളുടെയും മന്ത്രിമാരുടെയും ട്രൌസര്‍ അഴിച്ചു പരിശോധിക്കുന്നത് അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ പതിവാണ്. തിരിച്ചടിക്കാന്‍ നല്ല ഒന്നാന്തരം അവസരമാണ് ഇന്ത്യക്കാര്‍ക്ക് വന്നിരിക്കുന്നത്. ഒബാമ നാളെ ഇവിടെയെത്തും. അവിടെ ഇന്ത്യക്കാരെ പരിശോധിക്കുന്ന പോലെ ഇവിടെ നമുക്ക്‌ അവന്മാരെയും പരിശോധിച്ചു കൂടെ?. ഈ സുരക്ഷ..സുരക്ഷ എന്നൊക്കെ പറയുന്നത് നമ്മള്‍ക്ക് മാത്രം പുളിക്കുന്ന ഒന്നല്ലല്ലോ. അമേരിക്കയിലെക്കാള്‍ പൊട്ടിത്തെറികളും ഭീകര ആക്രമണങ്ങളും ഇന്ത്യയില്‍ ആണ് നടക്കുന്നത്. മാത്രമല്ല മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പോലും ഒരു അമേരിക്കക്കാരനാണ്. അവര്‍ നമ്മുടെ ട്രൌസര്‍ അഴിക്കുമെങ്കില്‍ നമ്മള്‍ അവരുടെ അരഞ്ഞാള്‍ ചരട് വരെ അഴിക്കണം. അതല്ലേ അതിന്റെ ഒരു ശരി?.

അമേരിക്കക്കാരന്റെ ക്ഷണം സ്വീകരിച്ചു ഇന്ത്യയില്‍ നിന്ന് പോയ ആളുകള്‍ക്കാണ് അവിടത്തെ എയര്‍പോര്‍ട്ടുകളില്‍ ‘പീഡനങ്ങള്‍’ ഏറ്റു വാങ്ങേണ്ടി വന്നത്. അവസാനമായി പീഡിപ്പിക്കപ്പെട്ടത് നമ്മുടെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലാണ്. വിമാനത്താവളങ്ങളുടെ ചുമതലയുള്ള പ്രഫുല്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ നല്ല ഒരു സുവര്‍ണാവസരം ഇനി കിട്ടാനില്ല. ചിക്കാഗോ എയര്‍പോര്‍ട്ടിലെ ‘ലോക്കപ്പി’ലാണ് പുള്ളിയെ മണിക്കൂറുകളോളം തടഞ്ഞു വെച്ചത്. അത് കേട്ടയുടനെ നമ്മള്‍ ഇന്ത്യന്‍ പാരലമെന്റില്‍ ബഹളം വെച്ചു. പത്രങ്ങളില്‍ സായിപ്പിനെ തെറി വിളിച്ച് ലേഖനമെഴുതി. മാവിലായിയില്‍ പ്രകടനം നടത്തി. പാലായില്‍ പോസ്റ്റര്‍ ഒട്ടിച്ചു. ഇതൊക്കെ കണ്ടിട്ട് ‘പോടാ പുല്ലേ’ എന്ന് സായിപ്പും പറഞ്ഞു. “ഇതൊക്കെ ഞങ്ങടെ നിയമമാ, നിങ്ങടെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി ഞങ്ങടെ നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ല” എന്നാണ്‌ അവിടത്തെ മന്ത്രി പ്രതികരിച്ചത്. നമുക്കുമുണ്ടല്ലോ ഇവിടെ ചില കൂതറ  നിയമങ്ങള്‍. ആ നിയമം വെച്ച് ചില സെക്യൂരിറ്റി കളികള്‍ നമുക്കും കളിച്ചു കൂടെ?. ഞാന്‍ ആവശ്യപ്പെടുന്നതില്‍ തെറ്റുണ്ടെങ്കില്‍ പറയണം.   

 എയര്‍ ഫോഴ്സ് വണ്‍

നമ്മുടെ നേതാക്കളുടെ ട്രൌസര്‍ അഴിപ്പിച്ച പോലെ ഒബാമയുടെ ട്രൌസറും അഴിപ്പിക്കണം എന്ന് ഞാന്‍ പറയുന്നില്ല. അത് ചെയ്യാന്‍ ചങ്കൂറ്റമുള്ള ആണ്‍കുട്ടികളൊന്നും ഡല്‍ഹിയിലും മുംബൈയിലും കാണാന്‍ സാധ്യത കുറവാണ്. പക്ഷേ ചില ചെറിയ നമ്പറുകളൊക്കെ അവര്‍ക്ക് ചെയ്യാന്‍ പറ്റും. പ്രസിഡന്റിനെ കുറച്ച് നേരം എമിഗ്രേഷന്റെ ക്യൂവില്‍ നിര്‍ത്തുക. നിര്‍ത്തിയ ശേഷം ഓഫീസര്‍ ചായ കുടിക്കാന്‍ പോവുക (മൂത്രമൊഴിക്കാനായാലും മതി) തിരിച്ചു വന്ന ശേഷം പാസ്സ്പോര്‍ട്ട് വാങ്ങി തല കുത്തനെ പിടിച്ച് തിരിച്ചും മറിച്ചും കളിക്കുക. പാസ്പോര്‍ട്ടിലെ ഫോട്ടോ നോക്കി ‘ലവന്‍ തന്നെയല്ലേ ലിവന്‍’ എന്ന ലൈനില്‍ ഇടംകണ്ണിട്ട് അടിമുടിയൊന്ന് നോക്കുക. ഷൂവും ബെല്‍റ്റും അഴിപ്പിച്ച് സ്കാന്നിംഗ് ബെല്‍റ്റില്‍ ഇടുക. കഴിഞ്ഞ പതിനാറു നൂറ്റാണ്ടിനിടയില്‍ ഇതേ പേരുള്ള ആരെങ്കിലും എവിടേലും വല്ല കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ടോ എന്ന് കമ്പ്യൂട്ടറിനോട് ചോദിക്കുക. പേരിന്‍റെ വംശ പരമ്പര നോക്കുക . (ഒബാമയുടെ പേരില്‍ ഒരു ഹുസൈന്‍ ഉണ്ട് എന്നത് മറക്കരുത്!!!)  കുഴപ്പമുണ്ടേലും ഇല്ലെങ്കിലും ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ ക്യൂവില്‍ നിര്‍ത്തണം. പുറത്തിറങ്ങാന്‍ നേരം ഒരു ഹെഡ് കോണ്‍സ്റ്റബിളിനെക്കൊണ്ട് മെറ്റല്‍ ഡിറ്റക്റ്ററിന്റെ വടിയെടുത്ത് മേലാകെ ഉഴിയുക.. മതി. ഇത്രയും മതി. ഇതെങ്കിലും നമ്മള്‍ ചെയ്തേ പറ്റൂ. അല്ലേല്‍ ഇന്ത്യക്കാര്‍ ചെറ്റകളാണെന്ന് അമേരിക്കക്കാര്‍ ഇനിയും പറയും. അവര്‍ ചെയ്യുന്നപോലെ അല്പം ‘സെക്യൂരിറ്റി’ നമ്മളും കളിച്ചാല്‍ ഇന്ത്യക്കാരെപ്പറ്റിയുള്ള മതിപ്പ് കൂടുകയേ ഉള്ളൂ. അത് കട്ടായം. അങ്ങനെ ചെയ്‌താല്‍ മന്മോഹന്‍ജിക്ക് ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ ടര്‍ബന്‍ അഴിച്ചു കാണിച്ചു കൊടുക്കേണ്ടി വരില്ല. അടുത്ത തവണ പോകുമ്പോള്‍ പ്രഫുല്‍ പട്ടേലിന് ട്രൌസര്‍ അഴിക്കേണ്ടിയും വരില്ല. ചെയ്യേണ്ടാതൊക്കെ ചെയ്യേണ്ട സമയത്ത് ചെയ്യണം. അത് ചെയ്യാത്തത് കൊണ്ടുള്ള കുഴപ്പമാണ് നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

എന്തൊക്ക പറഞ്ഞാലും എനിക്ക് പ്രതീക്ഷ ഒട്ടുമില്ല. കേട്ടിടത്തോളം ഇവിടെയും കാര്യങ്ങള്‍ സായിപ്പ് തന്നെയാണ് നിയന്ത്രിക്കുന്നത്‌. പതിനാറു വിമാനങ്ങളും നിരവധി യുദ്ധക്കപ്പലുകളുമായാണ് പുള്ളി വരുന്നത്. ഒബാമയുടെ മുംബൈ താജ്‌ ഹോട്ടലിലെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത് പറമ്പിന്റെ ആധാരം മുതല്‍ റേഷന്‍ കാര്‍ഡ്‌ വരെ കൊണ്ട് വരണമെന്നാണ്. മന്മോഹന്‍ജി വാഷിങ്ങ്ടനില്‍ ചെന്നിട്ട് ഒബാമയോട് ഇങ്ങനെ പറഞ്ഞാലുള്ള സ്ഥിതിയൊന്നാലോചിച്ച് നോക്കൂ.. തല കറക്കം വരുന്നില്ലേ.. നമ്മള്‍ നന്നാവുമോ? എവടെ..?  Story update : യു എസ്സേ, ഇന്ത്യ പിണങ്ങും കെട്ടോ 

Related Posts