വിവാഹ പ്രായം അറുപതാക്കണം !!

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയഞ്ചും ആണ്‍കുട്ടികളുടെത് ഇരുപത്തെട്ടും ആക്കണമെന്നാണ് നമ്മുടെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ്  ഡി ശ്രീദേവി അഭിപ്രായപ്പെട്ടിരിക്കുന്നത്!. അഭിപ്രായം ഏതു പോലീസുകാരനും പറയാം. ആരും അതിനെ ചോദ്യം ചെയ്യില്ല. പക്ഷെ ശ്രീദേവിയമ്മച്ചി പറഞ്ഞിരിക്കുന്നത് വെറുമൊരു അഭിപ്രായമല്ല. കേന്ദ്ര വനിതാ കമ്മീഷന് കേരളത്തിന്റെ വകയായി ഇങ്ങനെയൊരു ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് അമ്മച്ചി പറഞ്ഞിരിക്കുന്നത്. അവിടെയാണ് ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍ എന്ന് എനിക്ക് പറയാന്‍ തോന്നുന്നത്.

വിവാഹ മോചനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രായ പരിധി കൂട്ടുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്നാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കണ്ടെത്തിയിരിക്കുന്നത്. കൊളംബസ് അമേരിക്ക കണ്ടു പിടിച്ച ശേഷം ഇത്ര വലിയ ഒരു കണ്ടുപിടുത്തം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടാവുമോ എന്ന് സംശയമാണ്. കേരളത്തിന്റെ പേരില്‍ ഇതുപോലൊരു അഭിപ്രായം കാച്ചാന്‍ അമ്മച്ചിക്ക് ആരാണ് അധികാരം കൊടുത്തത് എന്നും അറിയില്ല.പ്രായ പരിധി ഇരുപത്തെട്ടു ആക്കിയാലും പുരുഷന്മാര്‍ വിവാഹ മോചനം നടത്തില്ലേ അമ്മച്ചീ എന്ന് ചോദിച്ചാല്‍ നടത്തും എന്ന് തന്നെയാണ് ഉത്തരം ലഭിക്കുക. അമ്മച്ചി വെച്ച ഈ പ്രായ പരിധികളൊക്കെ കടന്നിരിക്കാന്‍ ഇടയുള്ള (എന്റെ കാഴ്ചയിലാണേ!. ഡേറ്റ് ഓഫ് ബെര്‍ത്ത്‌ ചോദിക്കരുത്) നിശാല്‍ ചന്ദ്രയും കാവ്യാ മാധവനും ഹണിമൂണ്‍ കഴിയും മുമ്പേയാണ് വിവാഹ മോചനം നടത്തിയിരിക്കുന്നത്!!. ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. അപ്പോള്‍ പിന്നെ വിവാഹ മോചനം ശരിക്കും ഇല്ലാതാക്കണമെങ്കില്‍ വിവാഹ പ്രായം ചുരുങ്ങിയത് അറുപതെങ്കിലും ആക്കേണ്ടി വരും. എഴുപതോ എണ്‍പതോ ആക്കിയാല്‍ വിശേഷമായി. ഒരൊറ്റ വിവാഹ മോചനവും ഉണ്ടാവില്ല. വിവാഹ മോചനം ഇല്ലാത്ത സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ അമ്മച്ചിക്ക് രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങുകയും ചെയ്യാം. വാട്ടേന്‍ ഐഡിയാ സര്‍ജീ..

അതുമല്ലെങ്കില്‍ അമ്മച്ചീ, വേറെയൊരു ഐഡിയയും എന്റെ തലയില്‍ വരുന്നുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും പോലെയാക്കിയാലോ നമ്മുടെ പരിപാടി? അതായത് കല്യാണം കഴിക്കാതെ ലിവിംഗ് ടുഗദെര്‍ എന്ന പരിപാടി. കുട്ടികള്‍ അഞ്ചോ പത്തോ ആയാലും നോ കല്യാണം. ലിവിംഗ് ടുഗദെര്‍ കണ്ടിന്യൂസ്. മൂന്നു പെറ്റിട്ടും ബ്രാഡ്‌ പിറ്റിന്റെ ഗേള്‍ഫ്രന്റായി തുടരുന്ന അഞ്ജലീന ജൂലിയെപ്പോലെ കേരളത്തിലെ ആണ്‍ പിള്ളാര്‍ക്കും കുറെ ഗേള്‍ ഫ്രണ്ടുമാര്‍ ഉണ്ടായാല്‍ അഭിമാന ലബ്ധിക്ക് മറ്റെന്തു വേണം? നമ്മുടെ 'പ്രച്നം' വിവാഹ മോചനം നിയന്ത്രിക്കുകയാണല്ലോ. വിവാഹം തന്നെയില്ലെങ്കില്‍ പിന്നെ എന്തോന്ന് മോചനം?. അമ്മച്ചിക്കും വനിതാ കമ്മീഷനും അവാര്‍ഡ്‌ ഉറപ്പ്. വാട്ടേന്‍ ഐഡിയാ സര്‍ജീ..

നിലവിലെ നിയമ പ്രകാരം പതിനെട്ടു വയസ്സ് തികഞ്ഞ പെണ്‍കുട്ടികള്‍ക്കും ഇരുപത്തൊന്നു വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും വിവാഹിതരാവാം. ജീവിതം യൌവ്വന തീക്ഷണവും  മനസ്സ് പ്രേമ സുരഭിലവും ആവുന്ന (അങ്ങിനെ തന്നെയല്ലേ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത്) ഒരു കാലത്ത് വിവാഹം കഴിക്കാന്‍ അനുവാദം കിട്ടാതെ നമ്മുടെ യുവാക്കളും യുവതികളും വണ്‍ നൈറ്റ്  വണ്‍ അഫയര്‍ എന്ന മട്ടില്‍ നടക്കണമെന്നാവും അമ്മച്ചിയുടെ ശിപാര്‍ശ.. ഗൊള്ളാം ഗെട്ടോ . യുവത്വം ദൈവത്തിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹത്തെ നായിയ്ക്കും നരിക്കുമല്ലാതെ ആക്കിയിട്ട് അമ്മച്ചിക്ക് നഷ്ടപ്പെടാനൊന്നുമില്ല.  തന്റെ നല്ല കാലമൊക്കെ ഏതായാലും കഴിഞ്ഞു, എന്നാല്‍ ഇനി ബാക്കിയുള്ളവരുടെതൊക്കെ കുളമാക്കിക്കളയാം എന്നൊരു ചിന്ത അമ്മച്ചിക്കുണ്ടോ എന്ന് അറിയില്ല.
  

പണ്ടത്തെ രീതിയില്‍ ആയിരുന്നെങ്കില്‍ ഇരുപത്തെട്ട് വയസ്സ് ആകുമ്പോഴേക്ക് പന പോലത്തെ  മക്കളുണ്ടാകും. എന്നാല്‍ ഇന്ന് ഇരുപത്തെട്ട് ആകുമ്പോള്‍ കെട്ടുന്നതിനെ പറ്റി ആലോചിച്ചാല്‍ മതിയെന്നാണ് ജസ്റ്റിസമ്മ പറയുന്നത്. ഇത് കുറച്ചു കടന്നു പോയി. ക്രിക്കറ്റില്‍ ഒറ്റയടിക്ക് ബൌണ്ടറിയും സിക്സറുമൊക്കെ അടിച്ചെടുക്കുന്ന പോലെ സാമൂഹിക പ്രശ്നങ്ങളില്‍ അല്പം ശക്തിയില്‍ പന്തടിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ കൊച്ചിയിലെ കോര്‍ട്ടില്‍ നിന്ന് പന്ത് കൊയിലാണ്ടിയിലേക്ക് അടിക്കരുത്. അത് അല്പം ഓവറായിപ്പോകും. ജസ്റ്റിസമ്മ അതാണ്‌ ചെയ്തിരിക്കുന്നത്. ഇത്രയും എഴുതിയതില്‍ നിന്ന് ഞാന്‍ ശൈശവ വിവാഹത്തെ ന്യായീകരിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്.  അത്തരം പ്രവണതകളെ ഒട്ടും ന്യായീകരിക്കുന്നില്ല. മാത്രമല്ല ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൊണ്ടുവന്ന നിലവിലെ നിയമങ്ങളെ തീര്‍ത്തും ആദരിക്കുകയും ചെയ്യുന്നു.  
മുപ്പത്‌ വയസ്സിനു മുമ്പ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ് സ്ത്രീയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വൈകിയ വിവാഹങ്ങളില്‍ ഇത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നും കേട്ടിട്ടുണ്ട്. അമ്മച്ചിയുടെ കൊളംബസ് തിയറി നടപ്പിലായാല്‍ ഓരോ പഞ്ചായത്ത് വാര്‍ഡിലും ഓരോ ഫെര്‍ട്ടിലിറ്റി ക്ലിനിക്കു വേണ്ടി വരും. പതിനെട്ടു വയസ്സ് ആകുന്നതിനു മുമ്പ് തന്നെ കംട്രോള് വിടുന്ന ഒരു തലമുറയാണ് നമുക്ക് മുന്നിലുള്ളത്. അവരോട് ഇരുപത്തെട്ട് വയസ്സ് വരെ കാത്തിരിക്കണമെന്ന് പറയുന്നതിനര്‍ത്ഥം കുത്തഴിഞ്ഞ ലൈംഗികതയുടെ ഓപണ്‍ മാര്‍ക്കറ്റ്‌ തുറക്കണം എന്ന് തന്നെയാണ്. “ഇരുപത്തെട്ട് വയസ്സ് വരെ ലൈംഗികത പാടില്ല എന്നല്ല ഞങ്ങള്‍ പറയുന്നത്, വിവാഹം പാടില്ല എന്നാണു” എന്ന് കഴിഞ്ഞ ദിവസത്തെ ടി വി ചര്‍ച്ചയില്‍ മറ്റൊരു അമ്മച്ചി പറയുന്നത് കേട്ടു. എന്താണ് ഇപ്പറഞ്ഞതിന് അര്‍ഥം?. ഇരുപത്തെട്ട് വയസ്സ് വരെ ആരുമായും എന്തും ആയിക്കൊള്ളു, പക്ഷെ കല്യാണം മാത്രം വേണ്ട എന്നല്ലേ. നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നു എന്നതിന്റെ ഒരു ചൂണ്ടു പലകയാണിത്. കുടുംബ വ്യവസ്ഥയും സദാചാര ബോധവുമുള്ള മുഴുവന്‍ പേരെയും പേടിപ്പെടുത്തെണ്ട ഒരു സാമൂഹികാവസ്ഥയുടെ വിഷച്ചെടിയാണ് അറിഞ്ഞോ അറിയാതെയോ ജസ്റ്റിസ്‌ ശ്രീദേവി ഇവിടെ നട്ടു വളര്‍ത്താന്‍ ശ്രമിക്കുന്നത്. 

മ്യാവൂ: ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ മുന്നറിയിപ്പ് തരാന്‍ കേരളത്തില്‍ ഞാനൊരാള്‍ മാത്രമേ  ഉള്ളുവല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. ഈ ബ്ലോഗില്ലായിരുന്നുവെങ്കില്‍ എന്തായിരുന്നെനേ അവസ്ഥ?. പടച്ചവന്‍ കാത്തു.