കണ്ടലേ സുന്ദരീ ഒന്നൊരുങ്ങി വാ

ഷാക്കിറയുടെ സാമിനാമിനാ ഹിറ്റായതിനെക്കാള്‍ വേഗതയിലാണ് വളപട്ടണത്തെ കണ്ടല്‍ ചെടികള്‍ ഹിറ്റായിരിക്കുന്നത്. മുടിഞ്ഞ ഭാഗ്യമാണ് കണ്ടല്‍ ചെടികള്‍ക്ക് വന്നിരിക്കുന്നത്. സഖാക്കളും കോണ്‍സ്സുകാരും ലീഗുകാരും എന്ന് വേണ്ട ബി ജെ പി പോലും കണ്ടലിന് വേണ്ടി കണ്ഠം ഇടറുന്നു. വി പി സിങ്ങിന്‍റെ മണ്ഡല്‍ കാലത്ത് പോലും ഇല്ലാത്ത ഐക്യമാണ് ഈ കണ്ടല്‍ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കൊക്കെയും പെട്ടെന്ന് എന്ത് പറ്റി എന്ന് പാവം കണ്ടലുകള്‍ അത്ഭുതപ്പെടുന്നുണ്ടാവും.

കണ്ടല്‍ ചെടികളോടും അവയുടെ അരികു പറ്റി ജീവിക്കുന്ന കുറുമാടന്‍ ഞണ്ടുകളോടും എനിക്ക് പറയാനുള്ളത് ഇതാണ്. പേടിക്കേണ്ട മക്കളേ, നിങ്ങളുടെ നല്ല കാലം തെളിഞ്ഞു എന്ന് മാത്രം കരുതിയാല്‍ മതി.ജ്ഞാനപ്പാനയിലെ ആ രണ്ടു വരികളുടെ അര്‍ത്ഥം ഓര്‍ത്ത്‌ ആനന്ദാശ്രു പൊഴിക്കാനുള്ള സമയത്ത് പേടിച്ചു നില്‍ക്കല്ലേ മക്കളേ..   

ഒരു കോണ്‍സ്സുകാരന്‍ എന്നോട് പറഞ്ഞത് കണ്ടല്‍ ചെടികളെ ജീവന് തുല്യം സ്നേഹിക്കണമെന്ന് ഗാന്ധിജി ഒസ്സ്യത്ത് ചെയ്തിട്ടുണ്ട് എന്നാണ്. ഉപ്പു സത്യാഗ്രഹത്തിന് പോകുന്നതിന്റെ കൃത്യം ഒന്നേകാല്‍ മണിക്കൂര്‍ മുമ്പാണത്രേ ഗാന്ധിജി അത് പറഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സോണിയ ഗാന്ധിയും കെ മുരളീധരനും കഴിഞ്ഞാല്‍ ഗാന്ധിജിയോട് ഏറ്റവും സ്നേഹമുള്ളയാള്‍ കെ സുധാകരനാണ്. ഗാന്ധിജിയുടെ വാക്കുകള്‍ക്കു വേണ്ടി അദ്ദേഹം എന്തും ചെയ്യും. കണ്ടല്‍ ചെടികളോട് കണ്ണൂരിലെ സഖാക്കള്‍ കാണിക്കുന്ന കൊടും ക്രൂരത കണ്ടിട്ട് പുള്ളി പലപ്പോഴും ഒറ്റക്കിരുന്നു കരയാറുണ്ട്. ഒന്നു രണ്ടു തവണ ബോധം കെടുകയും ചെയ്തു.

 Varthamanam Daily 26.07.2010

വര്‍ഗ സമരത്തില്‍ കണ്ടല്‍ ചെടികളുടെ പങ്ക് എന്ന ഒരു പ്രത്യേക അദ്ധ്യായം തന്നെ കാറല്‍ മാര്‍ക്സ്‌ എഴുതിയിട്ടുള്ളതിനാല്‍ സഖാക്കള്‍ക്കും അവയെ കയ്യൊഴിയാന്‍ ആവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്ടല്‍ ചെടികള്‍ക്കിടയില്‍ നിന്ന് ചില പ്രത്യേക ഞണ്ടുകള്‍ പുറത്ത് വരുമെന്ന് മാര്‍ക്സ്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ട പോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവറ്റകള്‍ അണ്ടിയില്‍ കയറിപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതോടെ പാര്‍ട്ടിയുടെ ജൈവവൈവിധ്യം സ്വാഹയാകുമെന്നും  ഏംഗല്‍സും പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പല സഖാക്കള്‍ക്കും ഏതാണ്ട് ഒരു കണ്ടല്‍ ലുക്കുള്ളത് (കണ്ണട വെക്കുമ്പോള്‍ പ്രത്യേകിച്ചും) ഈ പ്രത്യയ ശാസ്ത്ര പാശ്ചാത്തലം ഉള്ളത് കൊണ്ടാണ്.


ചുരുക്കത്തില്‍ കണ്ടല്‍ ചെടികള്‍ക്കും ഞണ്ടുകള്‍ക്കും വേണ്ടി പൊരുതി മരിക്കാന്‍ സഖാക്കളും കോണ്‍സ്സുകാരും തയ്യാറാകുന്നതില്‍ അവരെ കേരള ജനത പ്രത്യേകം അഭിനന്ദിക്കണം. ആത്മാര്‍ത്ഥത കൊണ്ട് ചെയ്യുന്ന ഇത്തരം കലാ പരിപാടികളെ നാം ഒരിക്കലും പരിഹസിച്ചു കൂടാ. എന്റെ ഗ്രാമമായ വള്ളിക്കുന്നിലും കുറെ കണ്ടല്‍ ചെടികള്‍ ഉണ്ട്. കടലുണ്ടിപ്പുഴയുടെ ഓരത്തുള്ള ആ കണ്ടല്‍ കാടുകള്‍ ദേശാടനക്കിളികളുടെ ഇഷ്ടതാവളങ്ങള്‍ ആണ്. വളപട്ടണത്തെ കണ്ടല്‍ ചെടികളെ സ്നേഹിച്ചു മടുക്കുമ്പോള്‍ സഖാക്കളും കോണ്‍സ്സുകാരും വള്ളിക്കുന്നിലേക്ക് വരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചെടികള്‍ക്കിടയില്‍ ചെറിയ ഗ്യാപ്പുണ്ടാക്കിയാല്‍ കോണ്‍ഫറന്‍സ് ഹാള്‍‍, സ്റ്റാര്‍ ഹോട്ടല്‍, പാര്‍ട്ടി ഓഫീസ്, സംഭാവന ടിക്കറ്റ് കൗണ്ടര്‍ എന്നിവ ഇവിടെയും ഉണ്ടാക്കാന്‍ പറ്റും. എത്ര മോശമായാലും ഒരു സീസണില്‍ നാലോ അഞ്ചോ കോടി ഒപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പ്ലീസ്, അവിടെ സ്നേഹിച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട് വരണേ. കണ്ടലേ സുന്ദരീ ഒന്നൊരുങ്ങി വാ... നാളെയാണ് താലി മംഗലം..