നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?

എം വി രാഘവന്‍ പോയിട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൂട്ടിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ മകന്‍ നികേഷ്‌ പോയാല്‍ ഇന്ത്യാവിഷനും പൂട്ടില്ല എന്ന് ഒറ്റ ശ്വാസത്തില്‍ പറയുന്നവര്‍ ഉണ്ടാവും. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് അവസാനം ചാടേണ്ടയാളാണ് കപ്പിത്താന്‍. അയാള്‍ ആദ്യം ചാടിയാല്‍ ബാക്കിയുള്ളവരുടെ കാര്യം വെള്ളത്തിലാവും. എം വി നികേഷ്‌ കുമാര്‍ ഇന്ത്യാവിഷനില്‍ നിന്ന് രാജി വെച്ചു പുതിയ ചാനലിന്‍റെ പരിപാടിയുമായി മുന്നോട്ടു പോവുകയാണ്. പുതിയ വാര്‍ത്താ ചാനല്‍, ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്, ആനിമേഷന്‍ സ്കൂള്‍ തുടങ്ങി വലിയ സ്വപ്നങ്ങളുമായാണ് പുള്ളി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  അദ്ദേഹത്തിനു വേണ്ടി പണം മുടക്കാന്‍ വന്‍ കിട മുതലാളിമാര്‍ തയ്യാറായതായും വാര്‍ത്തയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും അല്ലെങ്കിലും  ഇന്ത്യാവിഷനില്‍ കുറെ ദിവസമായി നികേഷിനെ കാണാനില്ല!!. അദ്ദേഹം ചാടിയിരിക്കുന്നു എന്നത് ഉറപ്പാണ്!.

അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞ പോലെ ഇന്ത്യാവിഷനെക്കാള്‍ വലിയ പ്രതിഷ്ഠയായി നികേഷ്‌  വളര്‍ന്നു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിനെ കൈവിട്ടപ്പോഴും  നികേഷിനെയും  റജീനയെയും കൈ വിടാതിരുന്ന ഡോക്ടര്‍ മുനീര്‍ സാഹിബാണ് ഇനി ശരിക്കും വെള്ളം കുടിക്കാന്‍ പോകുന്നത്. നികേഷിനെ സംബന്ധിച്ചിടത്തോളം പുതിയ ഒരു വാര്‍ത്താ ചാനല്‍ ഉണ്ടാക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനു വേണ്ട കൈ മെയ്‌ വഴക്കങ്ങള്‍ ഈ ചെറുപ്പക്കാരന്‍ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഒരു വാര്‍ത്ത കിട്ടിയാല്‍ അത് കൊണ്ട് എങ്ങിനെ ഒരു ദിവസം കഴിച്ചു കൂട്ടാമെന്ന് നന്നായി അറിയാവുന്ന ആളാണ്‌ നികേഷ്‌. ടോം വടക്കന്‍ ഡല്‍ഹിയിലും വി ഡി സതീശന്‍ തിരുവനന്തപുരത്തും ഉള്ളിടത്തോളം കാലം ന്യൂസ്‌ നൈറ്റിന് ഒരു മുടക്കവും വരില്ല. അവര്‍ക്ക് വയറ്റീന്ന് പോക്കോ മറ്റോ ഉണ്ടാവുന്ന ദിവസം സ്റ്റെപ്പിനിയായി പന്ന്യന്‍ രവീന്ദ്രനോ ആര്യാടനോ കോഴിക്കോടും കാണും. ആരെയും കിട്ടിയില്ലെങ്കില്‍ മാധ്യമത്തില്‍ വിളിച്ചാല്‍ ഒ അബ്ദുറഹിമാനും വരും. ഞാന്‍ പറഞ്ഞു വരുന്നതിന്റെ ലൈന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. നികേഷിനു ഒരു വാര്‍ത്താ ചാനല്‍ വിജയിപ്പിച്ചെടുക്കാനുള്ള മിടുക്കുണ്ട്. ഇന്ത്യാവിഷന്റെ കാര്യത്തില്‍ മാത്രമാണ് എനിക്കല്പം ആശങ്കയുള്ളത്.

വി എസ് പ്രസംഗം നോക്കി വായിക്കുന്ന പോലെ ഒരു മാതിരി ച്യൂയിംഗം അഭ്യാസമാണ് വാര്‍ത്താ വായന എന്ന ധാരണക്ക് മാറ്റം വരുത്തിയത് നികേഷാണ്. മുന്നിലെത്തുന്നവരെ മുഴുവന്‍ കടിച്ചു കീറി കുടലെടുക്കുന്ന ഒരു കടുവയായിരിക്കണം വാര്‍ത്താ വായനക്കാരന്‍ എന്ന് മലയാളിയെ പഠിപ്പിച്ചതില്‍ നികേഷിന് വലിയ പങ്കുണ്ട്. അത്തരമൊരു ശൗര്യമാണ് വന്‍കിട ചാനലുകളില്‍ നിന്ന് ശ്രോതാക്കളെ ഇന്ത്യാവിഷനിലേക്ക് എത്തിച്ചത്. രാത്രി ഒമ്പത് മണിക്ക് എത്തുന്ന കടുവകളില്‍ ഏത് കടുവക്കാണ്  ശൗര്യം കൂടുതല്‍ എന്ന് നോക്കിയാണ് ഇന്ന് ശ്രോതാക്കള്‍ ന്യൂസ്‌ അവറിന്റെ ചാനല്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരമൊരു കടുവാ മാനിയ സൃഷ്ടിച്ചതിന്റെ പേറ്റന്റ് നികേഷിന് കൂടി അവകാശപ്പെട്ടതാണ്. ബ്രേക്കിംഗ് ന്യൂസുകളുടെ ചാനലായി ഇന്ത്യാവിഷനെ മാറ്റിയെടുത്തതിലും ഈ ചെറുപ്പക്കാരന് വലിയ പങ്കുണ്ട്.

ഇനി നികേഷ്‌ പുതിയൊരു ചാനല്‍ തുടങ്ങി പൊട്ടിയാലും കുഴപ്പമില്ല. അതിനു കാശ് മുടക്കുന്ന ലീല ഗ്രൂപ്പോ അറ്റ്ലസോ ലുലുവോ ആരുമാകട്ടെ അവര്‍ക്കൊക്കെ മൂക്കില്‍ വലിക്കാനുള്ള പൊടിയുടെ കാശേ പോകൂ. ഇന്ത്യാവിഷന്റെ കാര്യം അതല്ല. പതിനായിരക്കണക്കിന് ആളുകളുടെ ഷെയര്‍ അതിലുണ്ട്. എനിക്ക് ഷെയര്‍ ഇല്ലെങ്കിലും എന്റെ സുഹൃത്തുക്കളില്‍ പലരും അതില്‍ കാശ് മുടക്കിയവരാണ്. ആയിരത്തി ഇരുനൂറ് റിയാല്‍ ശമ്പളമുള്ള കുഞ്ഞസ്സന്‍ കുട്ടിയും അതില്‍ ഉള്‍പെടും. ഞാന്‍ ഷെയര്‍ കൂടിയ സംഗതികളൊക്കെ ഏറിയാല്‍ ആറു മാസത്തിനുള്ളില്‍ പൂട്ടാറാണ് പതിവ്. അതുകൊണ്ട് തന്നെ എന്റെ സുഹൃത്തുക്കള്‍ ഷെയര്‍ എടുത്തപ്പോള്‍ അവരുടെ ഭാവിയോര്‍ത്താണ് ഞാന്‍ വിട്ടു നിന്നത്. കൊല്ലം എട്ടു കഴിഞ്ഞെങ്കിലും നാളിതു വരെ ഒരു നയാപൈസ അവര്‍ക്കാര്‍ക്കും തിരിച്ചു കിട്ടിയിട്ടില്ല. ആ പാവങ്ങളുടെ വിയര്‍പ്പിന്റെ വിലയറിയാവുന്നത് കൊണ്ടാണ് ഇന്ത്യാവിഷനില്‍ എന്ത് നടക്കുമ്പോഴും ഞാനിത്ര ശുഷ്കാന്തി കാണിക്കുന്നത്.

 വര്‍ത്തമാനം - 19 July 2010

ഇന്ത്യാവിഷന്‍ കൊണ്ട് നന്നായത് നികേഷ്‌ മാത്രമാണ്. മുനീര്‍ സാഹിബിനെ സംബന്ധിച്ചിടത്തോളം പ്രഷറിന്റെ ഗുളികയുടെ ഡോസ് കൂട്ടാന്‍ മാത്രമേ ഈ ചാനല്‍ ഉപകരിച്ചിരിക്കൂ എന്നാണു എന്റെ വിശ്വാസം. ചീഫ്  എക്സിക്യൂട്ടീവ് സ്ഥാനം രാജി വെച്ചു പോകുമ്പോള്‍ നികേഷ്‌ ആരെയൊക്കെ കൂടെ കൊണ്ട് പോകും എന്നറിയില്ല. നന്നായി വാര്‍ത്ത വായിച്ചിരുന്ന ഒരുത്തിയെ താലി കെട്ടി നേരത്തെ തന്നെ പൊക്കിയിട്ടുണ്ട്‌. ഇനിയാരെയൊക്കെ പൊക്കും എന്ന് കണ്ടറിയണം. ആരു പോയാലും ഇന്ത്യാവിഷന്‍ പൊളിയാതെ നോക്കേണ്ടത് കാശൊക്കെ പിരിച്ചെടുത്ത മുനീര്‍ സാഹിബിന്‍റെ ഉത്തരവാദിത്വമാണ്. ചാനലുകളുടെ പ്രളയ കാലമാണ് ഇനി കേരളത്തില്‍ വരാന്‍ പോകുന്നത്. കേരള കൌമുദിയുടെ ചാനല്‍ വരുന്നു. മാതൃഭൂമിയുടെത് റിലീസിന് തയ്യാറായിക്കഴിഞ്ഞു. സുന്നികളുടെ ചാനലിന്റെ പണി തകൃതിയായി നടക്കുന്നു. ജമാഅത്തുകാരുടെ ചാനലിന് വേണ്ടി സോളിക്കുട്ടികളുടെ ഫ്രീഡം പരേഡ്‌ തുടങ്ങിക്കഴിഞ്ഞു. എന്തിനധികം തെക്ക് വടക്ക് നടക്കുന്ന മുരളി വരെ ചാനല്‍ തുടങ്ങുകയാണ്. പുറത്തിറങ്ങിയാല്‍ ചാനലില്‍ തട്ടി വീഴുന്ന കാലമാണ് വരാന്‍ പോകുന്നത് എന്ന് ചുരുക്കം. എല്ലാവരെയും വിജയിപ്പിച്ചു കൊടുക്കണമെങ്കില്‍ ഒരു വീട്ടില്‍ ചുരുങ്ങിയത് നാല് ടീവിയെങ്കിലും വേണ്ടി വരും. ആരു പൊളിഞ്ഞാലും കുഞ്ഞസ്സന്‍ കുട്ടിയുടെ ഷെയറുള്ള ഇന്ത്യാവിഷന്‍ പൊളിയരുതേ എന്നാണു എന്റെ പ്രാര്‍ത്ഥന.

കൂട്ടി വായിക്കാന്‍ ചിലത്
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു 
ഇന്ത്യാവിഷന്‍ ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു. 
ഇന്ത്യാവിഷന്‍: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
ഇന്ത്യാവിഷന്‍: വില്ലന്‍ നായകനായി മാറി !