ഫിദയുടെ ഓര്‍മയ്ക്ക്

ഫിദ മരിച്ചിട്ട് ഇന്നേയ്ക്ക് ഒരാഴ്ച തികയുന്നു. ആ കൊച്ചു മിടുക്കിയെ ഞാന്‍ കണ്ടിട്ടേയില്ല. അങ്ങനെയൊരു കുട്ടി സൗദി അറേബ്യയിലെ ദമാം ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്ന വിവരവും അറിയില്ല. പക്ഷെ, ആ കുഞ്ഞിന്റെ മരണ വാര്‍ത്ത മറ്റാരെയുമെന്ന പോലെ എന്നെയും വല്ലാതെ ഉലച്ചു കളഞ്ഞു. ഇനിയൊരു കുഞ്ഞിനും ആ ഗതി വരരുതേ എന്ന പ്രാര്‍ത്ഥനയുണ്ട്. കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് കൊണ്ട് പോകുന്ന ഏതെങ്കിലും ഒരു ഡ്രൈവര്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്ന് ഈ കുറിപ്പ്  വായിച്ചെങ്കില്‍ എന്ന് കരുതിയാണ് ഇത് കുറിക്കുന്നത്. ഒരു റോഡപകടത്തില്‍ അല്ല ഫിദ മരിച്ചത്. പക്ഷെ ആ കൊച്ചു മിടുക്കിയുടെ ജീവന്‍ പിടഞ്ഞ് പിടഞ്ഞ് ഇല്ലാതായത് ഒരു ഡ്രൈവറുടെ തികഞ്ഞ അശ്രദ്ധയുടെ ഫലമായിട്ടാണ്.

പതിവ് പോലെ സ്കൂളിലേക്ക് പോയതാണ് ഫിദ. ചുവപ്പും വെളുപ്പും യൂണിഫോം അണിയിച്ചു കവിളില്‍ പഞ്ചാരയുമ്മ നല്‍കി ഉമ്മ സജ്ന കൊച്ചു മകളെ പറഞ്ഞയക്കുമ്പോള്‍ അതവളുടെ അവസാന യാത്രയായി മാറുമെന്ന് ഓര്‍ത്തിരുന്നില്ല.  രാവിലെ ഏഴു മണിക്ക് സ്വകാര്യ വാനിന്റെ ഡ്രൈവര്‍ വീട്ടു പടിക്കലെത്തി അവളെയും ചേച്ചി സല്‍വയെയും ഒരുമിച്ചാണ് വാനില്‍ കയറ്റിയത്. പതിനഞ്ചു സീറ്റുള്ള വാനില്‍ മറ്റു കുട്ടികളെയും കയറ്റി മലയാളിയായ ഡ്രൈവര്‍ നൗഷാദ്‌ പതിവ് പോലെ ആദ്യം ഗേള്‍സ് സ്കൂളില്‍ എത്തി. മുതിര്‍ന്ന കുട്ടികളെ അവിടെയിറക്കി. ചേച്ചി സല്‍വ അവിടെയാണ് ഇറങ്ങിയത്. അല്പം അകലെയുള്ള ബോയ്സ് സ്കൂള്‍ വിഭാഗത്തിലാണ് ഫിദ പഠിക്കുന്ന യു കെ ജി വിഭാഗം. ബോയ്സ് സ്കൂളില്‍ എത്തി കുട്ടികളെ ഇറക്കിയ ശേഷം സ്കൂള്‍  പരിസരത്ത് വണ്ടി പാര്‍ക്ക് ചെയ്തു മറ്റൊരു വാഹനത്തില്‍ ഡ്രൈവര്‍ മടങ്ങി പോയി. ദുരന്തം ആരംഭിച്ചത് അവിടെയാണ്. ഫിദ വണ്ടിയില്‍ നിന്ന് ഇറങ്ങിയിരുന്നില്ല!!. പിന്‍ സീറ്റില്‍ ഇരുന്ന അവള്‍ ഒരു വേള മയങ്ങിപ്പോയിരിക്കണം. (വൈകിക്കിടക്കുന്ന പതിവാണ് ഗള്‍ഫ്‌ മേഖലയിലെ മിക്ക കുട്ടികള്‍ക്കും ഉള്ളത്. ഉറക്കച്ചവടോടെയാണ് അവരില്‍ പലരും സ്കൂളില്‍ എത്തുന്നത്)


സൗദി അറേബ്യയിലെ ചുട്ടു പൊള്ളുന്ന ചൂടില്‍ വഴിയോരത്തു കിടന്ന ആ വാനിനകത്ത് ഫിദ അവളുടെ അവസാന മണിക്കൂറുകള്‍ ഉരുകിത്തീര്‍ന്നു !!. അന്ന് രേഖപ്പെടുത്തപ്പെട്ട നാല്പത്തിയേഴു ഡിഗ്രി ചൂടില്‍ വാഹനത്തിനകത്ത് വെന്തുരുകുന്ന ആ കൊച്ചു കുഞ്ഞ് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. കറുത്ത ഷേഡുകളുള്ള വിന്‍ഡോ ഗ്ലാസ്‌ ആയതിനാല്‍ പുറത്തു നിന്ന് അകത്തേക്ക് ആര്‍ക്കും കാണാനും കഴിയുമായിരുന്നില്ല. ഉച്ചക്ക് കുട്ടികളെ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ നൗഷാദ്‌ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കാണുന്നത്. വായില്‍ നിന്ന് നുരയും പതയും വന്നു നീല നിറമായി നിലത്ത് കിടക്കുന്ന കുഞ്ഞ്!!. ആ കാഴ്ച അയാളുടെ സമനില തെറ്റിച്ചു. തൊട്ടടുത്ത വാനിലെ ഡ്രൈവര്‍ സതീഷ്‌ ചന്ദ്രനോട് വിവരം പറഞ്ഞ് അയാള്‍ എങ്ങോട്ടോ ഓടിപ്പോയി. സതീഷാണ് സ്കൂളില്‍ വിവരം പറഞ്ഞതും കുട്ടിയെ എടുത്ത്  ഫസ്റ്റ് എയിഡ്‌ റൂമിലേക്ക്‌ കുതിച്ചതും. ഉടനെ തന്നെ ഫിദയെ ആശുപത്രിയിലും എത്തിച്ചു.  പക്ഷെ മരണം അതിനെപ്പോഴോ മുമ്പ് അവളെ കീഴടക്കിയിരുന്നു.

(ഫിദയുമൊന്നിച്ച്  ഒരു ഗ്രൂപ്പ്‌ ഫോട്ടോ : വലതു ഭാഗത്ത് രണ്ടാമതായി നില്‍ക്കുന്നത് ചേച്ചി സല്‍വ. ഫോട്ടോയില്‍ കാണുന്ന അഞ്ചു പേരും ഒന്നിച്ചാണ് സ്കൂളിലേക്ക് പോയത്. മുതിര്‍ന്ന നാല് പേരും ഗേള്‍സ്‌ സ്കൂളില്‍ ഇറങ്ങി)

ഫിദയുടെ പേരിനു നേരെ ക്ലാസ്സ്‌ ടീച്ചര്‍ ആബ്സന്റ്റ്‌ മാര്‍ക്ക്‌ ചെയ്യുമ്പോള്‍ വാഹനത്തിനുള്ളിലിരുന്നു ആ കുഞ്ഞു നിലവിലക്കുകയായിരുന്നിരിക്കണം. രക്ഷപ്പെടാനായി അഞ്ചു വയസ്സ് പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനു ചെയ്യാന്‍ കഴിയുന്നതൊക്കെ അവള്‍ ചെയ്തിരിക്കുമെന്നത് ഉറപ്പാണ്.  പക്ഷെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ ജീവന്‍ ഒടുങ്ങും വരെ ആ പിഞ്ചു പൈതല്‍ സഹിച്ചിരിക്കാന്‍ ഇടയുള്ള ദുരന്ത മുഹൂര്‍ത്തങ്ങളെ ഓര്‍മയില്‍ നിന്ന് പറിച്ചെറിയാന്‍ എനിക്കാവുന്നില്ല. ഒരു ചെറുപ്പക്കാരന്‍ ചെയ്ത പൊറുക്കാന്‍ പറ്റാത്ത  അശ്രദ്ധക്ക് അവളോട്‌  എങ്ങിനെ മാപ്പ് പറയും നാം?. പിതാവ് മഞ്ചേരി സ്വദേശി മുഹമ്മദ്‌ ഹാരിസിനും മാതാവ് സജ്നക്കും ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് എന്നാണു മോചനം ലഭിക്കുക?.

ഈ വാര്‍ത്തയറിഞ്ഞ് ഞെട്ടാത്തവരില്ല. “ദുരന്ത വാര്‍ത്തയറിഞ്ഞ ശേഷം സ്കൂളില്‍ നിന്നെത്തിയ നാല് വയസ്സുള്ള എന്റെ പിഞ്ചു മോളെ ഞാന്‍ മാറോട്  ചേര്‍ത്തു പൊട്ടിക്കരഞ്ഞു. എനിക്കവളുടെ പിടി വിടാനായില്ല. ഫിദ മോളുടെ അവസാന നിമിഷങ്ങള്‍ എന്റെ കണ്ണിലൂടെ  മിന്നി മറയുകയായിരുന്നു” സമീറ സാജിദ്‌ എന്ന ഒരു മാതാവ് പറഞ്ഞത് ഇപ്രകാരമാണ്. “ഈ ദുരന്തത്തിന്‍റെ ആഴം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ഞങ്ങളെല്ലാം ജോലി ചെയ്യുന്ന മതിലിനു തൊട്ടപ്പുറത്ത് ഒരു കുഞ്ഞ് ഇങ്ങനെ മരിക്കാനിട വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവുന്നില്ല” ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍  ഇ കെ മുഹമ്മദ്‌ ഷാഫി പറയുന്നു. 

സമാനമായ ഒരു സംഭവം കഴിഞ്ഞ മാസം ഖത്തറില്‍ ഉണ്ടായിരുന്നു. നാല് വയസ്സുള്ള ഒരു കുഞ്ഞാണ് അവിടെ മരിച്ചത്. പക്ഷെ ആ ദുരന്തത്തിന് ശേഷവും ആരും പാഠങ്ങള്‍ പഠിച്ചില്ല!!. ഇതുപോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മറ്റാരുമല്ല, പിഞ്ചു പൈതങ്ങളെ സ്കൂളുകളില്‍ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ തന്നെയാണ്. ഗള്‍ഫ്‌ മേഖലയിലെ ഏറ്റവും വലിയ വിദ്യാലയമാണ് പതിനാറായിരം കുട്ടികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്കൂള്‍. അവിടെ മൂവായിരം കുട്ടികള്‍ക്ക് മാത്രമാണ് സൗദി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ ഉള്ള സ്കൂള്‍ ബസ്സില്‍ യാത്രാ സൗകര്യം ഉള്ളത്. ബാക്കി വരുന്ന ബഹുഭൂരിപക്ഷം കുട്ടികളും ആശ്രയിക്കുന്നത് സ്വകാര്യ വാഹങ്ങളെയാണ്.

ഫിദയുടെ ദാരുണമായ അന്ത്യം ഡ്രൈവര്‍മാരുടെ മാത്രമല്ല രക്ഷിതാക്കളുടെയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ എ സി പോലും പ്രവര്‍ത്തിക്കാത്ത വാഹനങ്ങളില്‍ ആണ് പലപ്പോഴും കുട്ടികള്‍ മണിക്കൂറുകളോളം ഇരുന്നു സ്കൂളില്‍ എത്താറുള്ളത്. രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഉറങ്ങാന്‍ കിടക്കുന്ന കുട്ടികള്‍ അതിരാവിലെ എഴുന്നേറ്റാണ് സ്കൂളില്‍ പോവുന്നത്. ഉറക്കച്ചവടോടെ റോഡ്‌ മുറിച്ചു കടക്കുന്നത്, വാഹനത്തില്‍ കയറുന്നത്, ഇറങ്ങുന്നത് എല്ലാമെല്ലാം അപകടങ്ങളുടെ നൂല്‍പാലങ്ങളിലൂടെയാണ് എന്ന് ഓര്‍ക്കണം!!  വേണ്ടത്ര മുന്‍കരുതലുകള്‍ രക്ഷിതാക്കള്‍ എടുത്തേ തീരൂ. ലോകത്ത് പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍ ഒരു ദിവസം മരിക്കുന്നുണ്ട്. പക്ഷെ ഇത് പോലുള്ള ഒരു മരണം ഒരു കുഞ്ഞിനും ഇനി ഉണ്ടായിക്കൂട. ഫിദയുടെ ഓര്മക്ക് മുന്നില്‍ ഈ ബ്ലോഗിലൂടെയാണെങ്കിലും ഒരു പിടി കണ്ണീര്‍ പൂക്കള്‍ ഞാന്‍ അര്‍പ്പിക്കുന്നു.  അവളുടെ മാതാപിതാക്കള്‍ക്ക് ദൈവം മനക്കരുത്ത് നല്കട്ടെ എന്ന പ്രാര്‍ഥനയും.