ഗസ്സയുടെ നിലവിളി

ശബാബ് വാരികക്ക്   വേണ്ടി (ജൂണ്‍ പതിനൊന്ന്) എഴുതിയ കവര്‍ സ്റ്റോറി ബ്ലോഗിലെ 'സീരിയസ് വായനക്കാര്‍ക്ക്' (സീരിയല്‍ വായനക്കാരല്ല!!) ഇവിടെ കട്ട്‌ & പേസ്റ്റ് ചെയ്യുന്നു.
 മെയ്‌ മുപ്പത്തൊന്നിന്‌ മെഡിറ്ററേനിയന്‍ കടലില്‍ ചിന്തിയ ചോര - Aid Flottilla - ഭൂമിയില്‍ ജീവിക്കാനുള്ള പതിനഞ്ച്‌ ലക്ഷം മനുഷ്യരുടെ അവകാശനിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ്‌. ഗാസ ഒരു തുറന്ന ജയിലാണ്‌. ആകാശത്തിന്‌ മറയിടാത്തത്‌ കാരണം ശ്വസിക്കാന്‍ അവിടെ ഓക്‌സിജന്‍ ലഭിക്കും. അത്‌ ഫ്രീയാണ്‌. ബാക്കി എന്ത്‌ ലഭിക്കണമെങ്കിലും ഇസ്‌റാഈല്‍ കനിയണം. വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന്‌ തുടങ്ങി
മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ എന്തെല്ലാം ആവശ്യമായിട്ടുണ്ടോ അതെല്ലാം കൊണ്ടുവരേണ്ടത്‌ ഇസ്‌റാഈല്‍ സേന കാവല്‍ നില്‌ക്കുന്ന ചെക്ക്‌പോസ്റ്റുകളിലൂടെയാണ്‌. വര്‍ഷങ്ങളായി ആ ചെക്ക്‌പോസ്റ്റുകള്‍ ഉപരോധത്തിന്റെ ഇരുമ്പ്‌ മറ കൊണ്ട്‌ അടച്ചുപൂട്ടിയിരിക്കയാണ്‌. ഫലസ്‌തീന്‍ വിമോചനത്തിനു വേണ്ടി തീവ്രസമര മുറ കൈക്കൊള്ളുന്ന ഹമാസിന്‌ വോട്ട്‌ ചെയ്‌തു എന്നതാണ്‌ ഗാസയിലെ പതിനഞ്ച്‌ ലക്ഷം ജനങ്ങള്‍ ചെയ്‌ത തെറ്റ്‌.

ആശുപത്രികളില്‍ മരുന്നില്ല, പലചരക്കു കടകളില്‍ അരിയോ ഗോതമ്പോ ബാര്‍ളിയോ ഇല്ല. ഈജിപ്‌തില്‍ നിന്നും തുരങ്കങ്ങള്‍ വഴി കടത്തിക്കൊണ്ട്‌ വരുന്ന വസ്‌തുക്കള്‍ക്ക്‌ തൊട്ടാല്‍ പൊള്ളുന്ന വില കൊടുക്കണം. ജീവന്‍ നിലനിര്‍ത്തുക എന്നത്‌ ഗാസയില്‍ ജനിച്ച ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം വലിയ പോരാട്ടമാണ്‌. ഒരു പനി വന്നാല്‍ പോലും മരണത്തിന്റെ വാതില്‍ പടിയിലാണ്‌ അവന്‍ കിടക്കുന്നത്‌. കാരണം ഗാസയില്‍ ശരിയായ ചികിത്സ ലഭിക്കാതായിട്ട്‌ വര്‍ഷങ്ങളായി. ആന്റി ബയോട്ടിക്‌ മരുന്നുകള്‍ പോലും ഉപരോധത്തിന്റെ പിടിയിലാണ്‌. ഇവിടെ ഇങ്ങനെ ഒരു മനുഷ്യസമൂഹം കഴിഞ്ഞുകൂടുന്നുണ്ട്‌ എന്നത്‌ ലോകത്തിന്റെ വിവരാവകാശ രജിസ്റ്ററില്‍ നിന്ന്‌ എന്നേ നീക്കം ചെയ്യപ്പെട്ടതാണ്‌. 

ലോകത്തിന്റെ പല കോണുകളിലുമുള്ള മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത ഏതാനും ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാസയിലെ ജനങ്ങളെ ഓര്‍ക്കാന്‍ തയ്യാറായതാണ്‌ മെയ്‌ അവസാന വാരത്തിലെ സംഭവവികാസങ്ങളുടെ തുടക്കം. തുര്‍ക്കിയില്‍ ഒത്തുകൂടിയ അവര്‍ ആ പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടി തങ്ങളാല്‍ കഴിയുന്നത്‌ ശേഖരിച്ചു. ഭക്ഷണ വസ്‌തുക്കള്‍, മരുന്നുകള്‍, വസ്‌ത്രം, സ്‌കൂള്‍ പുസ്‌തകങ്ങള്‍, വീല്‍ ചെയറുകള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ തുടങ്ങി തീവ്രപരിശ്രമത്തിലൂടെ പതിനായിരം ടണ്‍ വസ്‌തുവകകള്‍ അവര്‍ ശേഖരിച്ചെടുത്തു. ആറു ചെറിയ കപ്പലുകളിലായി സൈപ്രസില്‍ നിന്നും ഗാസ ലക്ഷ്യംവെച്ച്‌ നീങ്ങി. പിന്നെ സംഭവിച്ചതൊക്കെ നാം വാര്‍ത്തയില്‍ വായിച്ചതാണ്‌.


ദുരിതാശ്വാസ വസ്‌തുക്കളുമായി പുറപ്പെട്ട ഒരു സംഘത്തെ വെടിവെച്ചിടുന്നത്‌ ആധുനിക മനുഷ്യചരിത്രം കണ്ട ഏറ്റവും കൊടിയ ക്രൂരതകളില്‍ ഒന്നാണ്‌. നിരായുധരായ എഴുനൂറ്‌ മനുഷ്യാവകാശ പ്രവര്‍ത്തകരെ കടലില്‍ തടയുക എന്നത്‌ ഇസ്‌റാഈലിനെ സംബന്ധിച്ചിടത്തോളം രക്തച്ചൊരിച്ചില്‍ ഇല്ലാതെ ചെയ്യാവുന്ന ഒന്നായിരുന്നു. ആ കപ്പല്‍ വ്യൂഹത്തെ തടഞ്ഞേ തീരൂ എന്നാണെങ്കില്‍ അതിന്‌ അവരുടെ കോസ്റ്റ്‌ഗാര്‍ഡിന്റെ ഏതാനും ബോട്ടുകള്‍ മതിയാവുമായിരുന്നു. ഹെലികോപ്‌റ്ററില്‍ നിന്നും യന്ത്രത്തോക്കേന്തിയ കമാന്റോകള്‍ പറന്നിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഗാസ തീരത്ത്‌ നിന്ന്‌ അറുപത്തഞ്ചു കിലോമീറ്റര്‍ അകലെ വെച്ച്‌ ആക്രമിക്കപ്പെട്ട മാവി മര്‍മര എന്ന കപ്പലില്‍ നിരവധി പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അല്‍ജസീറ റിപ്പോര്‍ട്ടര്‍ ജമാല്‍ അല്‍ശയ്യാല്‍ പറഞ്ഞത്‌ യാതൊരു പ്രകോപനവും ഇല്ലാതെ ഇസ്‌റാഈല്‍ സേന നിറയൊഴിക്കുകയായിരുന്നു എന്നാണ്‌. കപ്പലില്‍ നിന്നും സമാധാനത്തിന്റെ ശുഭ്രപതാക ഉയര്‍ത്തിയിട്ടും അവര്‍ വെടിവെപ്പ്‌ തുടര്‍ന്നു. 

കപ്പലില്‍ ഉണ്ടായിരുന്നവര്‍ ഇസ്‌റാഈല്‍ സേനയെ കത്തിയും മാരകായുധങ്ങളുമായി ആക്രമിച്ചപ്പോഴാണ്‌ സേന വെടിയുതിര്‍ത്തത്‌ എന്നാണ്‌ ഇസ്‌റാഈല്‍ ചമക്കുന്ന ഭാഷ്യം. ഇത്തരമൊരു മാരകാക്രമണം നേരിട്ട ആ സേനയുടെ ഒരു ഭടന്‍ പോലും കൊല്ലപ്പെട്ടില്ല! പക്ഷെ, മാരകാക്രമണം നടത്തിയ പത്തു പേര്‍ നിര്‍ദയം കൊല്ലപ്പെട്ടു! എത്ര `ബുദ്ധിപരമായ' വിശദീകരണം. കാലാകാലങ്ങളായി ഓരോ ആക്രമണ പരമ്പരകള്‍ക്കും ഒടുവില്‍ ഇസ്‌റാഈല്‍ ഇത്തരം വിശദീകരണങ്ങള്‍ നല്‌കാറുണ്ട്‌. അമേരിക്കയിലും യൂറോപ്പിലുമുള്ള അവരുടെ യജമാനന്മാര്‍ക്ക്‌ ഫയല്‍ ക്ലോസ്‌ ചെയ്യുവാന്‍ ഇത്തരം കണ്ടുപിടുത്തങ്ങള്‍ അത്യാവശ്യമാണ്‌.
 

മുപ്പതു രാഷ്‌ട്രങ്ങളിലെ പൗരന്മാരുമായാണ്‌ കപ്പല്‍ വ്യൂഹം തുര്‍ക്കിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. യുറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റ്‌ മെമ്പര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, സ്‌ത്രീകള്‍, കുട്ടികള്‍ തുടങ്ങി എഴുനൂറ്‌ പേര്‍ അടങ്ങുന്ന സംഘത്തില്‍ മുന്‍ അമേരിക്കന്‍ അംബാസഡര്‍ എഡ്വേര്‍ഡ്‌ പെക്കും ഉള്‍പ്പെട്ടിരുന്നു. ``കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ഫലസ്‌തീന്‌ വേണ്ടി ഞാന്‍ സംസാരിക്കുന്നുണ്ട്‌. പക്ഷെ, വാചകമടിക്കപ്പുറം ക്രിയാത്മകമായി വല്ലതും ചെയ്യണമെന്ന ആഗ്രഹമാണ്‌ ഈ സന്നദ്ധ സംഘത്തില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചത്‌. അന്താരാഷ്‌ട്ര ജലപരിധിയില്‍ വെച്ചാണ്‌ യാതൊരു പ്രകോപനവും ഇല്ലാതെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്‌. ഇത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആ പ്രത്യാഘാതങ്ങള്‍ ഇസ്‌റാഈല്‍ മാത്രമായിരിക്കില്ല അനുഭവിക്കുക. അമേരിക്കക്കും ഫലസ്‌തീനും എല്ലാം ഇത്‌ ദുരന്തങ്ങള്‍ സമ്മാനിച്ചേക്കും'' -എഡ്വേര്‍ഡ്‌ പെക്കിന്റെ ഈ വാക്കുകള്‍ ഒരു നിഷ്‌പക്ഷ വിലയിരുത്തലിന്‌ സഹായകമാണ്‌. ``ഗാസയെ ഉപരോധിക്കുന്നതിനു പകരം ഇസ്‌റാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോകരാഷ്‌ട്രങ്ങള്‍ മുന്നോട്ടുവരണം. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ ലോക രാഷ്‌ട്രങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ആയുധമാണ്‌ ഉപരോധം'' -കപ്പലില്‍ ഉണ്ടായിരുന്ന സ്വീഡിഷ്‌ നോവലിസ്റ്റ്‌ ഹെന്നിംഗ്‌ മാന്‌കെല്‍ ആവശ്യപ്പെട്ടത്‌ ഇപ്രകാരമാണ്‌.
 

തുര്‍ക്കിയില്‍ നിന്നുള്ള ഈ കപ്പല്‍ വ്യൂഹത്തെ ഇസ്‌റാഈല്‍ സേന സ്വീകരിച്ച്‌ ആശീര്‍വദിക്കും എന്ന്‌ പ്രതീക്ഷിക്കാന്‍ മാത്രം വിഡ്‌ഢികള്‍ ആയിരുന്നില്ല അതില്‍ കയറിയിരുന്നത്‌. അറസ്റ്റ്‌ വരിക്കാന്‍ സന്നദ്ധരായി തന്നെയാണ്‌ അവര്‍ പുറപ്പെട്ടത്‌. ഇസ്‌റാഈല്‍ സേന ചെയ്യുമെന്ന്‌ ലോകം പ്രതീക്ഷിച്ചതും അതാണ്‌. കപ്പല്‍ വ്യൂഹത്തെ അത്‌ പുറപ്പെട്ടേടത്തേക്ക്‌ തന്നെ തിരിച്ചു വിടുക, അല്ലെങ്കില്‍ അവയെ ഇസ്‌റാഈല്‍ തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോവുക, അതുമല്ലെങ്കില്‍ കപ്പലില്‍ ഉള്ളവരെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കുക. ഇവയില്‍ ഏതെങ്കിലും ഒന്ന്‌ സമാധാനപരമായിത്തന്നെ അവര്‍ക്ക്‌ ചെയ്യാമായിരുന്നു. പക്ഷേ, കപ്പലില്‍ ഉള്ളവരെ വെടിവെച്ച്‌ വീഴ്‌ത്തുവാന്‍ കമാന്റോകളെ അയയ്‌ക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. ഈ ഭൂമുഖത്ത്‌ ഇസ്‌റാഈല്‍ ഒഴികെ മറ്റൊരു രാജ്യവും ഇത്തരമൊരു കൊടുംക്രൂരത ഒരു അന്താരാഷ്‌ട്ര സന്നദ്ധ സംഘത്തോട്‌ ചെയ്യുമെന്ന്‌ തോന്നുന്നില്ല.
 

സംഭവം നടന്ന ഉടനെ പല രാഷ്‌ട്ര നേതാക്കളും ഞെട്ടല്‍ അറിയിച്ചു. അന്വേഷണം വേണമെന്ന്‌ ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. അറബ്‌ ലീഗ്‌ യോഗം ചേരാന്‍ തീരുമാനിച്ചു. പത്രങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതി. ഇസ്‌റാഈല്‍ നടത്തുന്ന ഓരോ ആക്രമണ പരമ്പരകള്‍ക്കും പിറകെ ഇതൊക്കെ പതിവുള്ളതാണ്‌. ഒരു കടമ നിര്‍വഹിക്കുന്ന പോലെ എല്ലാവരും അത്‌ കൃത്യമായി ചെയ്യുന്നു എന്ന്‌ മാത്രം. ഒന്നോ രണ്ടോ ആഴ്‌ച കൊണ്ട്‌ ഈ പൊട്ടലും ചീറ്റലും നിലയ്‌ക്കുമെന്ന്‌ എല്ലാവരെക്കാളും നന്നായി അറിയുന്നത്‌ ഇസ്‌റാഈലിന്‌ തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഇവക്കൊന്നും പുല്ലുവില കല്‌പിക്കാന്‍ അവര്‍ ഒരുക്കമല്ല.

അല്‌പമെങ്കിലും ക്രിയാത്മകമായി പ്രതികരിച്ചത്‌ ഈജിപ്‌ത്‌ മാത്രമാണ്‌. അവര്‍ അടച്ചിട്ടിരുന്ന റാഫ ചെക്ക്‌ പോസ്റ്റ്‌ തുറന്നുകൊടുത്തു. ഇസ്‌റാഈലിന്റെ അതിര്‍ത്തികള്‍ മാറ്റിനിര്‍ത്തിയാല്‍ ഗാസന്‍ ജനതയ്‌ക്ക്‌ പുറം ലോകത്തേക്കുള്ള ഏക കവാടമാണ്‌ റാഫ ക്രോസിംഗ്‌. ഗാസയില്‍ ഹമാസ്‌ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന്‌ മൂന്ന്‌ വര്‍ഷമായി ഇത്‌ അടച്ചിട്ടിരിക്കുകയായിരുന്നു. ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും സമ്മര്‍ദത്തിനു വഴങ്ങിയാണ്‌ അത്‌ ചെയ്‌തിരുന്നത്‌. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യവസ്‌തുക്കള്‍ പോലും ഈജിപ്‌തില്‍ നിന്ന്‌ ഭൂമിക്കടിയിലൂടെ തുരങ്കങ്ങള്‍ ഉണ്ടാക്കി ഒളിച്ചുകടത്തേണ്ട ഗതികേടിലായിരുന്നു ഫലസ്‌തീന്‍ ജനത. ഇത്തരം തുരങ്കങ്ങള്‍ക്കുള്ളിലേക്ക്‌ രാസവാതകങ്ങള്‍ കടത്തിവിട്ടാണ്‌ ഇസ്‌റാഈല്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരുന്നത്‌. തുരങ്കങ്ങള്‍ കുഴിക്കാതിരിക്കുന്നതിനു വേണ്ടി അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ ഇരുമ്പ്‌ ഭിത്തികള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഈജിപ്‌ത്‌. ഈ നീക്കങ്ങള്‍ക്കിടയിലാണ്‌ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായതും റാഫ അതിര്‍ത്തി ഈജിപ്‌ത്‌ തുറന്നു കൊടുത്തതും. ഇത്‌ എത്ര കാലം തുറന്നിരിക്കുമെന്ന്‌ പറയുക വയ്യെങ്കിലും ഇസ്‌റാഈലിന്റെ ചെയ്‌തികള്‍ക്കുള്ള മറുപടി എന്ന നിലയില്‍ അതിന്‌ ഏറെ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ട്‌.
 

മൂന്ന്‌ വര്‍ഷമായി തുടരുന്ന ഗാസ ഉപരോധം ലോക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധങ്ങളില്‍ ഒന്നാണ്‌ എന്ന്‌ ഈ ആക്രമണത്തിനു പിറ്റേ ദിവസം നോബല്‍ സമ്മാന ജേതാക്കളില്‍ ചിലര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറയുന്നുണ്ട്‌. സൗത്ത്‌ ആഫ്രിക്കന്‍ ഇതിഹാസം നെല്‍സന്‍ മണ്ടേല, ആര്‍ച്ച്‌ ബിഷപ്പ്‌ ഡെസ്‌മണ്ട്‌ ടുട്ടു, മുന്‍ യു എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, മുന്‍ ഫിന്നിഷ്‌ പ്രസിഡന്റ്‌ മാര്‍ട്ടി അഹ്‌തിസാരി, ബര്‍മീസ്‌ സമര നായിക ഓങ്ങ്‌ സാന്‍ സ്യൂകി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടര്‍ എന്നിവരാണ്‌ ഈ പ്രസ്‌താവനയില്‍ ഒപ്പുവെച്ചത്‌. കഴിഞ്ഞ വര്‍ഷം സമാധാന സമ്മാനം വാങ്ങിയ  ദ നൊബേല്‍ ഒബാമ യുടെ ഒപ്പ്‌ ഈ പ്രസ്‌താവനയില്‍ കണ്ടില്ല. ഗാസ ഉപരോധം ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധങ്ങളില്‍ ഒന്നാണ്‌ എന്ന്‌ പറയാന്‍ അദ്ദേഹത്തിന്‌ വൈറ്റ്‌ ഹൗസിന്റെ പടിയിറങ്ങുന്നത്‌ വരെ കാത്തിരിക്കേണ്ടി വരും. ഓസ്ലോ അടക്കമുള്ള നിരവധി അന്താരാഷ്‌ട്ര ഉടമ്പടികളില്‍ സ്വതന്ത്ര കയറ്റുമതി ഇറക്കുമതി അവകാശമുള്ള ഗാസ തുറമുഖത്ത്‌ ജീവന്‍രക്ഷാ മരുന്നുകള്‍ പോലും ഇറക്കാന്‍ അനുവദിക്കാത്ത ധിക്കാരത്തെ നാം എന്ത്‌ പേരിട്ടാണ്‌ വിളിക്കേണ്ടത്‌?
 

ഇസ്‌റാഈലിന്റെ ഈ കൊടുംക്രൂരത അരങ്ങേറിയതിന്റെ പിറ്റേ ദിവസം പുറത്തിറങ്ങിയ ഗാര്‍ഡിയന്‍ പത്രം അതിന്റെ എഡിറ്റോറിയലില്‍ പറഞ്ഞപോലെ കുറ്റകരമായ അനാസ്ഥയാണ്‌ ലോകരാഷ്‌ട്രങ്ങള്‍ ഗാസയിലെ ജനതയോട്‌ ചെയ്യുന്നത്‌. സോമാലിയയിലെ കടല്‍ കൊള്ളക്കാരായിരുന്നു ഇതുപോലൊരു കൃത്യം ചെയ്‌തിരുന്നതെങ്കില്‍ നാറ്റോയുടെ യുദ്ധക്കപ്പലുകള്‍ ഇതിനകം തന്നെ സോമാലിയന്‍ തീരത്തേക്ക്‌ നീങ്ങിയിട്ടുണ്ടാവുമായിരുന്നു എന്നും ഗാര്‍ഡിയന്‍ പറയുന്നു. പക്ഷേ ഇസ്‌റാഈലിന്‌ നേരെ ചെറുവിരല്‍ അനക്കാന്‍ ഭൂമുഖത്ത്‌ ആരുമില്ല എന്നിടത്താണ്‌ ഫലസ്‌ത്വീന്‍ ജനതയുടെ ദുരവസ്ഥ അനന്തമായി നീളുന്നത്‌.
 

ഫലസ്‌ത്വീന്‍ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടം കൂടുതല്‍ ആശങ്കാജനകമായ തലത്തിലേക്ക്‌ നീങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണ്‌ മെഡിറ്ററേനിയന്‍ കടലിലെ കൂട്ടക്കൊല നല്‍കുന്നത്‌. മാറ്റത്തിന്റെ കാറ്റുമായെത്തിയ ഒരു പ്രസിഡന്റ്‌ വൈറ്റ്‌ഹൗസിലെ തിരിയുന്ന കസേരയില്‍ ഇരുന്നു കാറ്റുകൊള്ളുന്നുണ്ട്‌. അദ്ദേഹം പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നവര്‍ ഇതിനകം തന്നെ ആ പ്രതീക്ഷകളുടെ അര്‍ഥശൂന്യത തിരിച്ചറിഞ്ഞിട്ടുണ്ട്‌. ബരാക്‌ ഒബാമ വൈറ്റ്‌ ഹൗസില്‍ കയറിയതിന്‌ ശേഷം ഫലസ്‌ത്വീനില്‍ കാര്യമായ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ്‌ എന്നതില്‍ കവിഞ്ഞു പ്രായോഗിക രംഗത്ത്‌ അദ്ദേഹത്തില്‍ നിന്ന്‌ കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടക്ക്‌ എന്ത്‌ ലഭിച്ചു എന്ന്‌ ചോദിച്ചാല്‍ മനോഹരമായ ചില പ്രസംഗങ്ങള്‍ എന്നേ നമുക്ക്‌ ഉത്തരം പറയാന്‍ പറ്റൂ. ഗാസയില്‍ ഉപരോധം തുടരുന്നു. കിഴക്കന്‍ ജറൂസലമില്‍ കുടിയേറ്റ കെട്ടിടങ്ങള്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ജറൂസലമില്‍ പണിയുന്ന ഓരോ കുടിയേറ്റ കെട്ടിടവും ഫലസ്‌ത്വീനിന്റെ സ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ക്ക്‌ നേരെയുള്ള പ്രത്യക്ഷ ഭീഷണിയാണ്‌. ഗാസയുടെ ഉപരോധം നീക്കുകയും ജറൂസലമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്യുക എന്ന ഒരു മിനിമം അജണ്ടയെങ്കിലും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രയേറെ വഷളാവുകയില്ലായിരുന്നു.

ഫലസ്‌ത്വീന്‍ ജനതക്ക്‌ സ്വന്തമായി ഒരു മണ്ണ്‌ വാങ്ങിക്കൊടുക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ മുന്നില്‍ അഭ്യര്‍ഥനകള്‍ നടത്തി കാലം കഴിച്ചു കൂട്ടുവാനാണ്‌ അറബ്‌ ലീഗിന്റെ വിധി. ലോകത്തിന്റെ ചലനം നിയന്ത്രിക്കുന്ന പെട്രോള്‍ പോലൊരു തുരുപ്പ്‌ ശീട്ട്‌ കൈയിലുണ്ടായിട്ടും അതിനെ ഒരു സമ്മര്‍ദ ശക്തിയായി മാറ്റുവാന്‍ നാളിതുവരെ അവര്‍ക്ക്‌ കഴിയാതെ പോയി. ഇസ്‌റാഈല്‍ എന്ന ഒരു രാജ്യത്തിന്റെ സമ്മര്‍ദ ശക്തിക്ക്‌ മുന്നില്‍ അറബ്‌ ലോകത്തിന്റെ മുഴുവന്‍ സമ്മര്‍ദ ശക്തിയും നിഷ്‌പ്രഭമാകുന്ന ദുരന്തമാണ്‌ പതിറ്റാണ്ടുകളായി നാം കാണുന്നത്‌. ഇതിന്‌ ഒരു മാറ്റം വരാത്തിടത്തോളം കാലം അന്താരാഷ്‌ട്ര ഉടമ്പടികളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ അധിനിവേശം തുടരുന്ന ക്രൂരകൃത്യങ്ങള്‍ക്ക്‌ മുന്നില്‍ കാഴ്‌ചക്കാരായി നോക്കിനില്‌ക്കാന്‍ മാത്രമേ അറബ്‌ ലോകത്തിനു കഴിയൂ.