ആ വട്ടന്‍ ആരാണ് ?

ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ്‌ വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക്  അല്പം വട്ട് കാണും. ഇത് കേരളത്തിലെ മാത്രം കണക്കാണോ അതല്ല മൊത്തം വേള്‍ഡും ഇങ്ങനെയാണോ എന്നൊന്നും ചോദിക്കരുത്. നാലിലൊരാള്‍ക്ക് വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട് എന്ന് അര്‍ത്ഥമാക്കണ്ട. എന്തെങ്കിലുമൊക്കെ മാനസിക വൈകല്യങ്ങള്‍ കാണും എന്നേ പറയാവൂ. ടീവിയില്‍ ഒരു ഡോക്റ്റര്‍ പറഞ്ഞു കേട്ട ഓര്‍മ വെച്ചാണ് ഞാന്‍ ഈ ലോക വിവരം നിങ്ങള്‍ക്ക് കൈ മാറുന്നത്. ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ വിജ്ഞാനം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണം എന്നാണല്ലോ.

ഈ നാലിലൊരാളെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല. കുതിരവട്ടത്ത്‌ എത്താന്‍ മാത്രം പ്രശ്നങ്ങള്‍ കാണിക്കുന്ന അപൂര്‍വം പേരെ മാത്രമേ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയൂ. ബാക്കിയുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന അടയാളങ്ങള്‍ കുറവായിരിക്കും. ഏറെ നാള്‍ ഗവേഷണം നടത്തി ഞാന്‍ കണ്ടു പിടിച്ച ഒരു ചെറിയ ഐഡിയയുള്ളത് ഇതാണ്. നിങ്ങളുടെ ഏറ്റവും അടുത്ത മൂന്നു സുഹൃത്തുക്കളെ മനസ്സില്‍ കാണുക. അവര്‍ മൂന്നു പേരും ഓ കെ ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഒട്ടും സംശയിക്കേണ്ട. നമ്മള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന നാലാമന്‍ നിങ്ങള്‍ തന്നെയാണ്. ഉടനെ ഒരു മനശ്ശാസ്ത്ര വിദഗ്ദനെ കണ്ടു മരുന്ന് തുടങ്ങുക. ഇത്തരം കാര്യങ്ങളൊന്നും ഒട്ടും വെച്ച് താമസിപ്പിക്കരുത്.

നാലിലൊരാള്‍ വട്ടന്‍ എന്ന തിയറി അനുസരിച്ച് നാല് മന്ത്രിമാരില്‍ ഒരാള്‍ക്ക്‌ അല്പം വട്ട് കാണും. കേരളത്തില്‍ പതിനാറു മന്ത്രിമാര്‍ ഉണ്ട് എന്ന് സങ്കല്പിച്ചാല്‍ അതില്‍ നാല് പേരെ വളരെ ശ്രദ്ധിക്കണം. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഓരോ മന്ത്രിമാരുടെയും മുഖം മിന്നി മറയുന്നുണ്ടാവും. അവരില്‍ നാല് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തെടുക്കാനുള്ള ഒരു താല്പര്യം നിങ്ങള്‍ക്കുണ്ടാവുന്നതും സ്വാഭാവികം. ഒരാളെ പെട്ടെന്ന് പിടി കിട്ടിയിട്ടുണ്ടാവുമെങ്കിലും ബാക്കി മൂന്നു പേര്‍ ആരാണെന്ന് അല്പം കണ്‍ഫ്യൂഷന്‍ മിക്കവര്‍ക്കും ഉണ്ടാകാന്‍ ഇടയുണ്ട്. അല്പം കുരുട്ടു ബുദ്ധി എനിക്കുള്ളത് കൊണ്ട് വണ്‍ പ്ലസ്‌ ത്രീ നാല് പേരെ ഞാന്‍ ഓള്‍റെഡി സെലക്ട്‌ ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷെ വിഷയം വളരെ സെന്‍സിറ്റീവായയത് കൊണ്ട് ആരൊക്കെയാണ് അതെന്ന് ഇപ്പോള്‍ പറയുന്നില്ല. നിങ്ങളും പറയണ്ട. അടുത്ത വോട്ട് വരുമ്പോള്‍ സംഗതി മറക്കാതിരുന്നാല്‍ മതി.ഈ തിയറി മന്ത്രിമാര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും ബാധകമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ ഇത് പ്രാവര്‍ത്തികമാക്കി നോക്കാവുന്നതാണ്. തല്ലു കൊള്ളാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് മാത്രം. 

നാല് ബ്ലോഗര്‍മാരെയെടുത്താല്‍ അതിലൊരു ബ്ലോഗര്‍ നേരത്തെ പറഞ്ഞ വകുപ്പില്‍ പെടും. നിങ്ങള്‍ക്കറിയുന്ന നാല് ബ്ലോഗ്ഗര്‍മാരെ മനസ്സില്‍ വിചാരിക്കുക. അതല്ലെങ്കില്‍ വേണ്ട. ഞാന്‍ എനിക്കറിയാവുന്ന നാല് പേരെ പറയാം. ഒന്ന് നമ്മുടെ ഇടിവെട്ട് ആശാന്‍ തന്നെ. ബെര്‍ളി , രണ്ട് വിശാല മനസ്കന്‍ (ഫുള്ളി ഫണ്ടത്തെ പോലെ ഇപ്പോള്‍ സജീവമല്ല. എന്നാലും ഫഴയ ഫുലിയാണ്) മൂന്നാമനായി നമ്മുടെ പോങ്ങുമ്മൂടന്‍ , ഈ മൂന്നു പേരുകള്‍ കിട്ടിയപ്പോള്‍ തന്നെ നിങ്ങള്‍ ആളെ പിടിച്ചു കഴിഞ്ഞു എന്നെനിക്കറിയാം. നാലാമനായി എന്റെ പേരും ചേര്‍ത്തോളൂ. ഇപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ ആയി, അല്ലെ.. ഈ ഫ്യൂഷന്‍ ആണ് ഈ തിയറിയുടെ ഏറ്റവും വലിയ പ്രശ്നം. അയാളാണോ ഇയാളാണോ എന്ന കണ്‍ഫ്യൂഷന്‍  
‍. 

ഞാന്‍ ഈ ലോകവിവരം നിങ്ങളുമായി പങ്കു വെക്കുന്നത് ഇങ്ങനെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ വേണ്ടിയില്ല. ഒരു സദുപദേശം നല്‍കാനാണ്.   എന്റെ ബ്ലോഗ്‌ വായിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കും എന്തെങ്കിലും ഉപകാരം വേണമല്ലോ. നാലിലൊരാള്‍ക്ക് അല്പം ലൂസ് കാണാമെന്ന തിയറി അറിഞ്ഞത് മുതല്‍ ആരുമായി ഇടപഴകുമ്പോഴും ഞാന്‍ അല്പം ശ്രദ്ധിക്കും. നിങ്ങളും അക്കാര്യം ശ്രദ്ധിക്കണം. നമ്മളായിട്ട് പ്രശ്നം ഉണ്ടാക്കരുത്. ആരെയും അനാവശ്യമായി പ്രകോപിപ്പിക്കരുത്. കാരണമില്ലാതെ ആരെങ്കിലും ഇങ്ങോട്ട്‌ പ്രകോപിക്കുന്നുവെങ്കില്‍ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി തടിയെടുക്കുന്നതാണ് നല്ലത്. സിമ്പിള്‍ ആയി പറഞ്ഞാല്‍ അയാള്‍ നാലിലൊരാള്‍ ആയിരിക്കുമെന്ന് കരുതി നമ്മള് ഊരുക എന്ന് തന്നെ. പ്രോബ്ലം സോള്‍വ്‌ഡ്‌.  

ഈ ഒരു തിയറി എല്ലാവരും പ്രാവര്‍ത്തികമാക്കിയാല്‍ ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാവും. അങ്ങാടികളില്‍ തല്ല് നടക്കില്ല. വീട്ടില്‍ കശപിശ ഉണ്ടാവില്ല. ഭാര്യയും ഭര്‍ത്താവും ലോഹ്യത്തില്‍ ആവും. ഏതാണ്ടെല്ലാ രാജ്യങ്ങളുടെ കയ്യിലും ആറ്റം ബോംബുള്ള കാലമായതിനാല്‍ രാഷ്ട്ര നായകന്മാര്‍ പരസ്പരം വെല്ലുവിളിക്കില്ല.. മേല്‍പറഞ്ഞ നാലിലൊരാളാണ് മറുപക്ഷത്തെങ്കില്‍ സംഗതി കുഴഞ്ഞില്ലേ. ചുരുക്കത്തില്‍ എല്ലാവരുമായും ശ്രദ്ധിച്ചും കണ്ടും ഇടപഴകുക. കുതിരവട്ടത്തെ സെല്ലുകള്‍ക്കു മുന്നിലൂടെ നടക്കുമ്പോള്‍ കാണിക്കുന്ന ശ്രദ്ധയില്‍ ഒരംശം പുറത്തും ഉണ്ടാവണം എന്ന് ചുരുക്കം. ഒരു വലിയ ലോക തത്വം നിങ്ങള്‍ക്ക്‌ എല്ലാവര്ക്കും പകര്‍ന്ന് നല്‍കിയ ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. ഞാന്‍ നടത്തുന്ന ഇത്തരം പൊതു താത്പര്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത്.