എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ആരൊക്കെ?

ഹൈബി ഈഡന്‍ കാണാന്‍ കൊള്ളാവുന്ന ഒരു വിദ്യാര്‍ത്ഥി നേതാവാണ്. കാണാന്‍ കൊള്ളാവുന്ന പലര്‍ക്കും ‘വെവരം’ കുറയാറാണ് പതിവ്. പക്ഷെ ഹൈബി ഈഡനെ കാണാനും കൊള്ളാം. തലയില്‍ അല്പം വെവരവും ഉണ്ട്. ഇന്നലെ ഹൈബി ഒരു വെടിക്കെട്ട്‌ പ്രസ്താവനയാണ് നടത്തിയത്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ദയവ് ചെയ്ത് പുതിയ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്ന് ഹൈബി പറഞ്ഞപ്പോള്‍ സുരേഷ്ഗോപി സ്ലോ മോഷനില്‍ വരുമ്പോള്‍ അടിക്കുന്ന പോലെ നീട്ടി ഒരു വിസില്‍ അടിക്കാനാണ് എനിക്ക് തോന്നിയത്. കോഴിയെ പിടിക്കുന്ന കുറുക്കനെ ഒറ്റയടിക്ക് തച്ചു കൊന്ന എന്റെ കൂട്ടുകാരന്‍ അദിര്‍മാനെ നോക്കി പണ്ട് അവന്റെ വല്യുപ്പ പറഞ്ഞ വാചകം എനിക്കോര്‍മയുണ്ട്. “ഇജ്ജാണെടാ ഹമുക്കെ ആണ്‍കുട്ടി” ഹൈബിയുടെ പ്രസ്താവന കേട്ടപ്പോള്‍ ഞാനും അറിയാതെ പറഞ്ഞു പോയി. “ഇജ്ജാണെടാ ഹമുക്കെ ആണ്‍കുട്ടി”

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ കടകളില്‍ കണ്ടാല്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ കട സീല്‍ ചെയ്യും. അതുപോലെ ഒരു സംവിധാനം നമ്മുടെ പാര്‍ട്ടികളില്‍ ഇല്ല. കേരളത്തിലെ കോണ്ഗ്രസ്സില്‍ തീരെയില്ല. ചാകുന്നെങ്കില്‍ മന്ത്രിക്കസേരയില്‍ ഇരുന്നു ചാകണം എന്നതാണ് ഇവിടത്തെ ഒരു കോണ്ഗ്രസ്സ് ചിന്താരീതി. വാര്‍ഡു മെമ്പര്‍ മുതല്‍ കെ പി സി സി പ്രസിഡന്റ്‌ വരെ ഈ ആഗ്രഹം ഉള്ളവരാണ്. (പ്രസിഡന്റ്‌ സ്ഥാനം വലിച്ചെറിഞ്ഞു മന്ത്രിയാകാന്‍ പോയ പുള്ളി ഇപ്പോള്‍ എവിടെയാണാവോ?) പുതുതലമുറയുടെ ഊര്‍ജവും ആവേശവുമെല്ലാം കടല്‍ കിഴ്വന്മാരായ ചിലര്‍ തച്ചു കെടുത്തുന്നു എന്നത് കോണ്‍ണ്ഗ്രസ്സിലെ തുണിയുടുക്കാത്ത യാഥാര്‍ത്ഥ്യം ആണ്. വായ്ത്തല വളഞ്ഞ അവരെ വലിച്ചു താഴെയിടാന്‍ കഴിയാത്ത യുവകേസരികള്‍ കാലനില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു. അനന്തമായി ഈ കാത്തിരിപ്പുകള്‍ നീളുന്നതിനിടയിലാണ് ഒന്ന് വഴിമാറിത്തരൂ, പ്ലീസ് എന്ന് ഹൈബി പറഞ്ഞിരിക്കുന്നത്.

ഇത്തരമൊരു വെടി നേരവും കാലവും നോക്കാതെ പൊട്ടിക്കാന്‍ മാത്രം പൊട്ടനാണ് ഹൈബി എന്ന് ഞാന്‍ കരുതുന്നില്ല.  രാഹുല്‍ ഗാന്ധിയുടെ മൊബൈലില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന കേരളത്തിലെ ഏക നമ്പര്‍ ഹൈബിയുടെതാണ്. (ഇതൊക്കെ താനെങ്ങനെ അറിഞ്ഞു എന്ന് എന്നോട് ചോദിക്കരുത്. അതൊക്കെ ഒരു ട്രേഡ്‌ സീക്രട്ടാണ്. പുറത്തു പറയില്ല). കഴിഞ്ഞ തവണ കേരളത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ രാഹുല്‍ വിളിച്ചത് ഹൈബിയെ മാത്രമാണ്. കെ പി സീ സി പ്രസിഡന്റ്‌ പോലും വിവരം അറിഞ്ഞില്ല എന്ന് പത്രങ്ങള്‍ വരെ എഴുതി. ഒന്നും കാണാതെ നമ്പൂതിരി കുളത്തില്‍ ചാടില്ല എന്ന് പറഞ്ഞ പോലെ ഹൈബി ഇത് ഒന്നും കാണാതെ പറഞ്ഞതല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. രാഹുല്‍ ഗാന്ധി പറയിപ്പിച്ചതാകാനാണ് കൂടുതല്‍ സാധ്യത.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്ന് കൂടെ ഹൈബി ചെയ്യേണ്ടതുണ്ട്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ ആരൊക്കെയെന്നുകൂടി പറയണം. സോണിയാജിയുടെ ഇടത്തെ കസേരയില്‍ നിന്ന് തുടങ്ങി ചെന്നിത്തലജിയുടെ വലത്തെ കസേരയില്‍ അവസാനിക്കുന്ന ഒരു ലിസ്റ്റ് പെട്ടെന്നുണ്ടാക്കണം. ദല്‍ഹിയില്‍ നിന്ന് ചേര്‍ത്തല, പുതുപ്പള്ളി, വയലാര്‍ വഴി ഗുരുവായൂരിലേക്ക് ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ എത്തുന്നതിനു മുമ്പ് തന്നെ കാലാവധി കഴിഞ്ഞ ഉരുപ്പടികള്‍ എടുത്തു മാറ്റുന്നതാണ് ബുദ്ധി. പടച്ചോനെ, ഹൈബിയെ കാത്തോളണമേ..