
വള്ളിക്കുന്നുകാര്‍ വീര ശൂര പരാക്രമികളല്ല, എന്നാല്‍ പച്ചപ്പാവങ്ങളുമല്ല. മുമ്പ് സര്‍ക്കാര്‍ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തലാക്കിയപ്പോള്‍ വള്ളിക്കുന്നുകാര്‍ റയിലിന് നടുവില്‍ കുത്തിയിരുന്നു സമരം നടത്തി. നാടായ നാടൊക്കെ ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം കാരണം കുറെ നാളത്തേക്ക് പാലക്കാട് ഡിവിഷനില്‍ വണ്ടികളൊന്നും ഓടിയില്ല. ഗതികെട്ട റെയില്‍വേ പാസഞ്ചര്‍ വണ്ടികള്‍ വീണ്ടും ഓട്ടിതുടങ്ങി. ഇതു പതിറ്റാണ്ട്കള്‍ക്ക് മുമ്പത്തെ കഥ.
റെയില്‍വേക്ക് ആ പഴയ പക വള്ളിക്കുന്നിനോട് ഇപ്പോഴും ഉണ്ടോ എന്നറിയില്ല. സമീപത്തുള്ള തീവണ്ടി സ്റ്റേഷനുകളെല്ലാം ഏറെ പുരോഗമിച്ചിട്ടും വള്ളിക്കുന്ന് മാത്രം പഴയ പടി. അവിടെ വണ്ടിയിറങ്ങുന്ന ആര്‍കും വഴി പിഴക്കില്ല, കാരണം വള്ളിക്കുന്നിന് പതിറ്റാണ്ട്കളായി ഒരേ മുഖമാണ്.