കക്കൂസിലിരുന്ന് പാടാന്‍ റോയല്‍റ്റി കൊടുക്കണോ?.

കക്കൂസിലിരുന്ന് ഉറക്കെ പാട്ട് പാടുന്ന ഒരു അയല്‍വാസി എനിക്കുണ്ട്. ഒരുമാതിരി പാട്ടുകളൊക്കെ ഞാന്‍ ബൈഹാര്‍ട്ട് ചെയ്തിട്ടുള്ളത് പുള്ളിയുടെ സംഗീതക്കച്ചേരിയില്‍ നിന്നാണ്. രാവിലെ കൃത്യം ആറേ മുക്കാലിനും ഏഴുമണിക്കും ഇടയിലാണ് ഗാനമാരുതന്‍ അടിച്ചുവീശാറുള്ളത്. ഒരു പാട്ട് ഏകദേശം ഒരാഴ്ച ഓടും. ഒരാഴ്ചയിലധികം ഓടിയാല്‍ സംഗതി ഹിറ്റാണെന്ന് മനസ്സിലാക്കിക്കോളണം. ‘ആദിയുഷസ്സന്ധ്യ’ മൂന്നാഴ്ചയോടി. ചില പാട്ടുകള്‍ നാലാം വാരത്തിലേക്കും കടക്കും. പിന്നെയും നീളുകയാണെങ്കില്‍ എന്റെ ഭാര്യ എന്നെയൊന്നു തോണ്ടും. ഉടനെ ഞാന്‍ വിളിച്ചു പറയും. ‘ഏട്ടാ കാസറ്റൊന്നു മാറ്റിയിട്’. പിറ്റേന്ന് പുതിയ പാട്ടെത്തും..

ഇന്നലെ പത്രം വായിച്ചത് മുതല്‍ പുള്ളിയുടെ പാട്ടിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇനി മുതല്‍ പാട്ട് പാടുന്നവരൊക്കെ അതെഴുതിയ ആള്‍ക്കും സംഗീതം കൊടുത്തയാള്‍ക്കും കപ്പം കൊടുക്കണമെന്നാണ് കേന്ദ്രന്‍ പറയുന്നത്. നിയമം ഉടന്‍ പാസാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രന്‍.

ചാനലുകാരോടും കേസറ്റ് കച്ചവടക്കാരോടും കാശ് വാങ്ങുന്നത് മനസ്സിലാക്കാം. അവരുടെ കയ്യില്‍ ഇഷ്ടം പോലെ കാശ് കാണും. പക്ഷെ വയറ്റുപ്പിഴപ്പിനു കച്ചേരി നടത്തി ജീവിക്കുന്ന പാവങ്ങളും കപ്പം കൊടുക്കണമെന്ന് പറയുന്നത് ഒരു കടന്ന കയ്യല്ലേ..  പണ്ട് ബാബുരാജും ദേവരാജന്‍ മാഷും സംഗീതം കൊടുത്തിരുന്ന കാലത്താണ് ഈ നിയമം വന്നിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. കലാകാരന്മാര്‍ പട്ടിണി കിടന്നിരുന്ന കാലം. ഇന്ന് സ്ഥിതി മാറി. സിനിമയും സംഗീതവും കോടികളുടെ വിളനിലമാണ്. ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന കവികളും സംഗീത സംവിധായകരും ഒട്ടും ശ്രുതി തെറ്റാതെ ഈ നിയമത്തിനു കോറസ്സ് പാടി. പാര്‍ലിമെന്റില്‍ എം പി മാരുടെ ശമ്പള വര്‍ധനവിന്റെ ബില്ല് വരുമ്പോള്‍ കാണുന്നത് പോലുള്ള ഒരു ഐക്യം ഇവര്‍ക്കിടയില്‍കണ്ടു. വയറ്റത്തടിച്ചു പാടി ഗാനമേള നടത്തുന്ന ഒരാളെയും അഭിപ്രായം പറയാന്‍ ചാനലുകള്‍ വിളിച്ചു കണ്ടില്ല.

നമ്മുടെ അയല്‍വാസി പാര്‍ട്ടി കക്കൂസിലിരുന്നാണ് പാടുന്നതെങ്കിലും നിയമ വശങ്ങള്‍ നോക്കി വരുമ്പോള്‍ അതും ഒരു കച്ചേരിയുടെ വകുപ്പില്‍പെടുത്താവുന്ന കേസായി വന്നേക്കും. കൃത്യമായ സമയവും സംവിധാനവും ഉണ്ട്. ഇടയ്ക്കു മ്യൂസിക്കും ഉണ്ടാവും. പിന്നെ നാട്ടുകാരൊക്കെ കേള്‍ക്കുന്നുമുണ്ട്. സ്റ്റേജില്‍ അല്ല എന്ന ഒറ്റ വ്യത്യാസമേയുള്ളൂ.. നിയമം വരുന്നതൊന്നും പുള്ളി അറിഞ്ഞിട്ടില്ല. ഇന്ന് കാലത്തും കച്ചേരി പൊടി പൊടിച്ചു.
 
കേന്ദ്രസർക്കാരിനോട് ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ട്രെയിനിലും തെരുവിലും പാടുന്നവരുടെ കയ്യീന്നും എന്തേലും വാങ്ങിച്ച്  പാട്ടെഴുതിയവന് കൊടുക്കണം. കാരണം അവന്‍ പട്ടിണിയിലാണ്. ഒരു പാട്ടെഴുതിയാല്‍ ഇപ്പോഴത്തെ നിലവാരമനുസരിച്ച് പതിനയ്യായിരമോ ഇരുപതിനായിരമോ മാത്രമേ കിട്ടൂ. മാസത്തില്‍ നാലഞ്ചു പാട്ടെഴുതിയാല്‍ കിട്ടുന്നത് വെറും അന്‍പതിനായിരം ഉലുവയാണ്. ഏറിയാല്‍ ഒരു ലക്ഷം. ഇത് കൊണ്ടൊക്കെ എങ്ങനെ ജീവിച്ചു പോകാനാ. . ഒരു നല്ല കാറിനു കൊടുക്കണം രൂപ പത്ത് ലക്ഷം. !!!.

ഇനി റോട്ടിലൂടെ മൂളിപ്പാട്ട് പാടി നടക്കുന്നവരൊക്കെ സൂക്ഷിച്ചോണം. "റോയല്‍റ്റി കൊടുത്ത കടലാസുണ്ടോടാ കയ്യില്‍.. നടക്കടാ സ്റ്റേഷനിലോട്ട് .. ?".. പോലീസിന്റെ പിടി ഏത് നിമിഷവും  പിരടിക്ക് വീഴാനുള്ള സാധ്യതയുണ്ട്. ജാഗ്രതൈ..

Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു