ബെര്‍ളിയുടെ പുസ്തകം : ഒരു റിവ്യൂ

അസൂയ മൂത്ത് എഴുതുന്ന ഒരു പോസ്റ്റാണിത്. എന്റെ സുഹൃത്തും ആജന്മ ശത്രുവായ ബെര്‍ളി തോമസ്‌ ഒരു പുസ്തകം പുറത്തിറക്കിയിരിക്കുന്നു. ഇതിലെന്ത് അസൂയപ്പെടാന്‍ എന്ന് ചോദിക്കും?. ഉണ്ട്. ബ്ലോഗിലെ തന്റെ സൃഷ്ടികളാണ് ബെര്‍ളി പുസ്തകമാക്കിയിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നതോ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും!!. ഞാനടക്കമുള്ള ബ്ലോഗിലെ പന്തീരായിരം മലയാളി ബ്ലോഗ്ഗര്‍മാരില്‍  (പന്തീരായിരം എന്നത് ഒരു കൃത്യമായ കണക്കല്ല. ഒന്നോ രണ്ടോ അങ്ങോട്ടോ ഇങ്ങോട്ടോ നില്‍ക്കാന്‍ സാധ്യതയുണ്ട് !!) ഒരുമാതിരിപ്പെട്ട ആര്‍ക്കും ഇതില്‍ അസൂയ ഉണ്ടാവുക സ്വാഭാവികം. കാരണം അവതാരിക എഴുതിയ മമ്മൂട്ടിക്കോ എഴുതാന്‍ അവസരം കിട്ടാതിരുന്ന മോഹന്‍ലാലിനോ പോലും ബ്ലോഗ്‌ പുസ്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു പേരും മത്സരിച്ചു ബ്ലോഗു എഴുതുന്നുണ്ടെങ്കിലും!!!
എന്റെ അറിവനുസരിച്ച് 'വിശാലമനസ്ക'ന്റെ കൊടകര പുരാണമാണ് മലയാള ബൂലോകത്ത് നിന്ന് ഇതിനു മുമ്പ് പുസ്തകമായിട്ടുള്ളത്. വേറെ വല്ലതും ഇറങ്ങിയിട്ടുണ്ടെങ്കില്‍ ആരേലും പറയണം. എന്റെ അറിവിലില്ല എന്നേ പറഞ്ഞുള്ളൂ.


ബെര്‍ളിയുടെ പുസ്തകം വാങ്ങിക്കാനോ വായിക്കാനോ എനിക്ക് ഉദ്ദേശമില്ല. കാരണം അതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏതാണ്ട് എല്ലാ ഉരുപ്പടികളും അതിയാന്റെ ബ്ലോഗിലൂടെ ഞാന്‍ വായിച്ചതാണ്. പിന്നെയുള്ളത് മമ്മൂട്ടിയുടെ ഒരുഅവതാരികയാണ്. അവതാരികയില്‍ മമ്മൂട്ടി എഴുതുന്നതായി ബെര്‍ളി പറയുന്നത് ഞാന്‍ വായിച്ചു. “നവീനകാലത്തിന്റെ എഴുത്തുപുരയായ ബ്ളോഗ് സാമ്രാജ്യത്തിലെ രാജകുമാരനാണ് ബെര്‍ളി തോമസ്. മലയാളം ബ്ളോഗുകളിലെ മുന്‍നിരക്കാരനായ ബെര്‍ളി തോമസിന്റെ രചനകള്‍ക്കായി മോണിറ്ററിനു മുന്നില്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ വലിയൊരു കൂട്ടത്തിനു മുന്നിലേക്ക് അവ പിറന്നുവീഴുന്നു. ബ്ളോഗിങ്ങിന്റെ ലോകം വിചിത്രമാണ്. ഓരോ പോസ്റ്റിനും ആത്മാര്‍ഥതയുടെ പൂക്കളും അതിനിശിതമായ കല്ലേറും തീര്‍ച്ച. ബെര്‍ളിത്തരങ്ങളിലൂടെ കടന്നുപോയവര്‍ക്കാറിയാം മിത്രങ്ങളാലും ശത്രുക്കളാലും സജീവമായ ലോകത്തെ. വായനക്കാരനെ വീണ്ടും വീണ്ടും ബെര്‍ളിത്തരങ്ങളിലേക്കു നയിക്കുന്നതിന്റെ കാരണവും ഇതാകാം” ഇത് മമ്മൂട്ടി എഴുതിയതാണോ അതോ ബെര്‍ളി എഴുതിക്കൊടുത്തിടത്ത് മമ്മൂട്ടി കയ്യൊപ്പിട്ടതാണോ എന്നെനിക്കു സംശയമുണ്ട്‌ . "ഈ രചനകള്‍ക്ക് ഒരേസമയം, മണ്ണിന്റെയും നിലം തൊടാതെ പറക്കുന്ന സ്വപ്‌നങ്ങളുടെയും കരുത്തുണ്ട്. തൊട്ടാല്‍ ഒട്ടിപ്പിടിക്കുന്ന നാട്ടുവര്‍ത്തമാനങ്ങളുടെ ചാരുതയുണ്ട്. അതു തന്നെയാണ് ഊര്‍ജസ്രോതസും" എന്നൊക്കെ മമ്മൂട്ടി എഴുതുമോ.. ഇത്ര സുന്ദരമായി മലയാളം എഴുതാന്‍ അറിയുമെങ്കില്‍ ആരെങ്കിലും പോയി സിനിമാക്കാരനാവുമോ?..എം ടീ യെ പ്പോലെ വീട്ടിലെ ചാരുകസേരയിലിരുന്നു നാല് തിരക്കഥ എഴുതി കാശുണ്ടാക്കില്ലേ.. 

കുറെ കാലമായി ബെര്‍ളി മമ്മൂട്ടിയെ മണിയടിച്ചു കൊണ്ടിരുന്നതിന്റെ ഗുട്ടന്‍സും ഇപ്പോഴാണ് പിടി കിട്ടിയത്. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ പല പ്രാവശ്യം ബെര്‍ളിയെ താക്കീത് ചെയ്തിട്ടും പുള്ളി ഈ മണിയടി നിര്‍ത്തിയിരുന്നില്ല. ലാലേട്ടന്റെ ഫാന്‍സുകാര്‍ ഈ പുസ്തകത്തിന്റെ ഒരു കോപ്പിയെങ്ങാനും പരസ്യമായി കത്തിച്ചു കിട്ടിയാല്‍ ബെര്‍ളി രക്ഷപ്പെട്ടു. ബ്ലോഗു പോലെ തന്നെ പുസ്തകവും ഹിറ്റോഡിറ്റാവും !!.ബെര്‍ളിയുടെ ഈ പാത പിന്തുടര്‍ന്ന് മറ്റുള്ള ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകള്‍ പുസ്തകം ആക്കാന്‍ തുടങ്ങിയാല്‍ മലയാള ഭാഷയും രക്ഷപ്പെടും. പുസ്തകം മരിക്കുന്നു, വായന മരിക്കുന്നു എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായല്ലോ.. ആ നിലവിളിക്കൊരു അറുതി വരും. ഡോ എം കെ മുനീറിന്റെ ഒലിവ് പബ്ലികേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. മുനീറിന് ഇത് നല്ലകാലം അല്ല എന്ന് എല്ലാവര്ക്കും അറിയാം. ആ.. എന്തോ ആകട്ട്‌...


ഇതൊക്കെ ഞാനെഴുതുന്നത് അസൂയ മൂത്ത് കണ്ണ് കാണാഞ്ഞിട്ടാണെന്ന് നിങ്ങള്‍ പറയാതെ തന്നെ എനിക്കറിയാം. പക്ഷെ മറ്റൊരു ഉദ്ദേശവും കൂടെ എനിക്കുണ്ട്. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ അതിന്റെ റിവ്യൂ എഴുതുന്ന ആളാണ്‌ ബെര്‍ളി. പോസ്റ്റര്‍ മാത്രം കണ്ടു പുള്ളി നിരവധി റിവ്യൂ എഴുതിയിട്ടുണ്ട്. അതുപോലൊരു പരീക്ഷണം ബെര്‍ളിക്കിട്ടു തന്നെ താങ്ങാന്‍ പറ്റുമോ എന്ന് നോക്കുകയാണ് എന്റെ ഉദ്ദേശം.  ബെര്‍ളിയുടെ പുസ്തകം വായിക്കാതെ തന്നെ എത്ര പേര്‍ക്ക് ആ പുസ്തകത്തെ കുറിച്ച് കമന്റിടാന്‍ പറ്റും എന്ന്  നോക്കാനും എനിക്ക് താല്പര്യം ഉണ്ട്. 

ഉള്ളത് പറയണമല്ലോ, കവര്‍ കലക്കിയിട്ടുണ്ട്. ചുവന്ന തലമുടിയുള്ള ഒരു കുട്ടിക്കുരങ്ങിന്റെ ചിത്രവും അതിനു താഴെ ബെര്‍ളീ എന്ന് തല തിരിച്ചും എഴുതിയിരിക്കുന്നു!!!. മാത്രമല്ല, കളിമണ്ണ് പോലുള്ള എന്തോ ഒന്ന് ബെര്‍ളിയുടെ തലയിലേക്ക് ഒലിച്ചിറങ്ങുന്നതായും  കാണുന്നു. ഇതിനൊക്കെ വല്ല അര്‍ത്ഥവുമുണ്ടോ ബെര്‍ളീ, അതോ മോഡേണ്‍ ആര്ട്ട് പോലെ ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് അങ്ങ് വ്യാഖ്യാനിച്ചു വിട്ടാല്‍ മതിയോ?

Earlier Posts on Berly Thomas
ബെര്‍ളിച്ചായന് സ്നേഹത്തോടെ
ബെര്‍ളിയുടെ ബ്ലോഗില്‍ കള്ളന്‍ കയറി