എയര്‍പോര്‍ട്ടുകളില്‍ നേക്കഡ് സ്കാനിംഗ് !!

എയര്‍ പോര്ട്ടുകളില്‍ പുതിയ സ്കാനിംഗ്‌ മെഷിന്‍ വരുന്നു. ഫുള്‍ ബോഡി നേക്കഡ് സ്കാനിംഗ്‌... എന്ന് വെച്ചാല്‍ സെക്യൂരിറ്റിക്കാരന്‍/കാരി നമ്മെ ഉടുതുണിയില്ലാതെ കാണും. സുരക്ഷ ക്രമീകരണങ്ങള്‍ ടൈറ്റ് ആക്കുന്നതിന്റെ ഭാഗമായാണത്രെ നാണം മറക്കാനുള്ള മൌലികാവകാശം അല്പം ലൂസാക്കുന്നത്. പുതിയ സ്കാനിംഗ്‌ മെഷീനിന്റെ ട്രയല്‍ റണ്‍ ഇംഗ്ലണ്ടില്‍ തുടങ്ങിക്കഴിഞ്ഞു !!!

എത്ര മുന്തിയ കോട്ടും പാന്റും ധരിച്ചു എയര്‍ പോര്‍ട്ടില്‍ ചെന്നാലും ശരി പുതിയ സ്കാനിംഗ് മെഷീനിന്റെ മുന്നില്‍ നിന്ന് കഴിഞ്ഞാല്‍ സംഗതി ധിം തരികിട തോം . കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നമ്മുടെ ശരീരാവയവങ്ങളെല്ലാം - എന്ന് വെച്ചാല്‍ എല്ലാം !! - ക്ലീന്‍ ക്ലീനായി തെളിഞ്ഞു വരും. സാരി, ബ്ലൌസ്, പര്‍ദ്ദ, ചുരിദാര്‍ എന്നിങ്ങനെ എന്ത് തന്നെ ധരിച്ചു വന്നാലും സ്ത്രീ രത്നങളുടെ സ്ഥിതിയും ഇത് തന്നെ. സംശയമുള്ളവര്‍ക്ക് ബി ബി സി യുടെ ഈ റിപ്പോര്‍ട്ട്‌ നോക്കാം.

സുരക്ഷയുടെ പേര് പറഞ്ഞു എന്ത് തോന്ന്യാസവും കാണിക്കാനുള്ള അധികൃതരുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. തകര്‍പ്പന്‍ ന്യായങ്ങളുമായി അധികൃതരും രംഗത്തെത്തിയിരിക്കുന്നു. "പുതിയ സ്കാനിംഗ്‌ മെഷീന്‍ വരുന്നതോടെ സെക്യൂരിറ്റി പരിശോധന വളരെ എളുപ്പമാവും. പാന്റും ബെല്ടും ഷൂവും അഴിക്കേണ്ടി വരില്ല, വന്ന വേഷത്തില്‍ അങ്ങ് നിന്ന് കൊടുത്താല്‍ മതി. ശരീരത്തിനകത്തോ പുറത്തോ എന്ത് തന്നെ ഒളിപ്പിച്ചു വെച്ചാലും ഞൊടിയിടകൊണ്ട് പിടിക്കാം. കമ്പ്യൂട്ടറില്‍ എടുക്കുന്ന നഗ്ന ചിത്രങ്ങള്‍ ഒരു പോലീസുകാരനും ആസ്വദിക്കില്ല!!. അത് എവിടെയും സേവ് ചെയ്തു വെക്കില്ല !!! കംപ്ലീട്ടു ഡിലീറ്റ് ചെയ്തിട്ടേ അയാള്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കൂ. " (പിന്നെ, ഫ്ലാഷ് മെമ്മറിയില്‍ കോപ്പി ചെയ്യുന്നത് , അതയാളുടെ ഇഷ്ടത്തിന് വിടും.!!)

എന്തൊക്കെ ന്യായം പറഞ്ഞാലും ഇതില്‍ ബ്രീച്ച് ഓഫ് പ്രൈവസി എന്ന് സായിപ്പ് പറയുന്ന ആ സംഗതിയുടെ ലംഘനമില്ലേ. വിമാനത്തില്‍ കയറണമെങ്കില്‍ വല്ലവന്റെയും കമ്പ്യൂട്ടറില്‍ നൂല്‍ബന്ധമില്ലാതെ പ്രത്യക്ഷപ്പെടണം എന്ന് പറയുന്നതിനോട് എത്ര പേര്‍ക്ക് യോജിക്കാന്‍ കഴിയും ?