ചത്തവനെ പരുന്തിനിട്ടു കൊടുക്കണമോ ?

ഇന്ത്യന്‍ പൌരന്മാര്‍ക്കെല്ലാം ഒരു കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുമോദിച്ചു കൊണ്ട് ഞാന്‍ ഇട്ട പോസ്റ്റിനോട് (ഗെറ്റ് റെഡി ഫോര്‍ യു ഐ ഡി) ഒരു വായനക്കാരന്‍ ഇങ്ങനെ പ്രതികരിച്ചു.

"കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനു് മുമ്പു് പ്രബുദ്ധരായ ഇന്ത്യന്‍ പൌരന്‍ അന്വേഷിക്കേണ്ട ചില കാര്യങ്ങള്‍:
Card ഉണ്ടാക്കുന്ന companyയും അതിന്റെ software ഉണ്ടാക്കുന്ന companyയും ഈ നിയമം ഉണ്ടാകുന്നതില്‍ എന്തെങ്കിലും "സഹായം" ചെയ്തിട്ടുണ്ടോ? ഇനി എന്തുകുന്തം ഇന്ത്യയില്‍ വന്നാലും പദ്ധതി നടപ്പാക്കുന്നവന്‍ കാശുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ID Card ഇല്ലാത്തതുകൊണ്ടു് പല കാര്യങ്ങളും നടക്കുന്നില്ല. ഗ്രാമങ്ങളില്‍ കുടിവെള്ളം, വൃദ്ധജനങ്ങള്‍ക്കുള്ള pension, വികലാങ്ങള്‍ക്കുള്ള pension, ദരിദ്രര്‍ക്കുള്ള വിദ്ധ്യാഭ്യാസ ചിലവിനുള്ള കാശു് എല്ലാം വളരെ പെട്ടന്നു തന്നെ ഈ Card എടുത്തു് വീശിയാല്‍ കിട്ടുമായിരിക്കും. എങ്ങനെ പാവപ്പെട്ടവന്റെ കണ്ണില്‍ പൊടിയിടാം എന്നുള്ളതിനെ കുറിച്ചു് ചിന്തിക്കാന്‍ ഒരു department തന്നെ delhiയില്‍ ഉണ്ടെന്നാണു് തോന്നുന്നതു്."

മാന്യമായ പ്രതികരണമാണ്. അഭിപ്രായം തുറന്നു പറഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നതോടൊപ്പം പ്രതികരണത്തോടുള്ള എന്റെ വിയോജിപ്പ് പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.

നമ്മള്‍ കേരളീയരില്‍ പലര്‍ക്കുമുള്ള ഒരു രോഗമുണ്ട്‌. കാണുന്നതിലെല്ലാം ദോഷം കണ്ടെത്താന്‍ ശ്രമിക്കുക. മുമ്പ് രാജീവ്‌ ഗാന്ധി സാം പിട്രോദയെ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നു സീ ഡോട്ട് (Center for Development of Telematics (C-DOT) സ്ഥാപിച്ചപ്പോള്‍ പലരും പറഞ്ഞു. ഇയാള്‍ക്ക് വട്ടാണ്. ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ നമുക്കെന്തിന് മൊബൈല്‍ ഫോണ്‍!!. അത് ലക്ഷപ്രഭുക്കളുടെ ഉപകരണമാണ്!!. എന്തൊരു പുകിലായിരുന്നു അന്ന്. ഇന്നോ ?. സമൂഹത്തിലെ ഭൂരിഭാഗം ജനങളും പ്രത്യക്ഷമായോ പരോക്ഷമായോ മൊബൈല്‍ ടെക്നോളജിയുടെ ഗുണഭോക്താക്കളാണ്. കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇതായിരുന്നില്ലേ അവസ്ഥ. ബാങ്കുകളില്‍ കയറി കമ്പ്യൂട്ടര്‍ തച്ചു പൊളിച്ച വിപ്ലവ വീരന്മാര്‍ ഇന്ന് ലാപ്ടോപ് തൂക്കി നടക്കുന്ന മന്ത്രിമാരാണ്.

ഒരു ഐ ഡി കാര്‍ഡ്‌ വീശിയാല്‍ കുടിവെള്ളവും റേഷനരിയും മൂര്‍ദ്ധാവില്‍ വന്നു വീഴുമോ എന്ന് ചോദിക്കുന്നത് മാറുന്ന ലോകത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൊണ്ടാണ്. അല്ലെങ്കില്‍ ഇന്ത്യക്കാരന് പൌരത്വം തെളിയിക്കാന്‍ കീറിപ്പറഞ്ഞ ഒരു റേഷന്‍ കാര്‍ഡ് തന്നെ മതി എന്ന പുച്ച്ചമാണ്. നാടിനെയും നാട്ടാരെയും കാളവണ്ടി യുഗത്തില്‍ കെട്ടിയിട്ടാല്‍ മാത്രമേ കുടിവെള്ളം, റേഷനരി തുടങ്ങിയ ജീവല്‍ പ്രശങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് പറയുന്നത് വിവരക്കേട് കൊണ്ടല്ല, നാട് നന്നാവരുത് എന്ന വാശി കൊണ്ടാണ്. ഐ ഡി കാര്‍ഡ് ഉണ്ടാക്കുന്ന കമ്പനിക്കാരന്‍ കശുണ്ടാക്കില്ലേ എന്നാണു മറ്റൊരു ചോദ്യം. ശവക്കുഴി വെട്ടുന്നവന് കൂലി കൊടുക്കേണ്ടേ എന്ന് കരുതി ചത്തവനെ പരുന്തിനിട്ടു കൊടുക്കാറുണ്ടോ ആരെങ്കിലും?..