ഷാരൂഖാരാ മോന്‍

അമേരിക്കക്കാര്‍ ഒന്നടങ്കം പൊട്ടന്‍മാരാണ് എന്ന് പറയുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. ഭൂരിപക്ഷം പേരും പൊട്ടന്‍മാരാണ് എന്നാണെങ്കില്‍, ഓക്കേ, അതിലൊരു ന്യായമുണ്ട്. ഒന്നോ രണ്ടോ വെവരമുള്ളവരും അവിടെ കാണാതിരിക്കില്ല. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പൊട്ടന്മാര്‍ ഉള്ളത് വിമാനത്താവളങ്ങളിലെ സുരക്ഷ വകുപ്പിലാണെന്നാണ് ഷാരൂഖ്‌ ഖാന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. ന്യൂ ജെര്സി നെവാര്‍ക്ക് എയര്‍പോര്‍ട്ടിലെ മാനഭംഗവും പീഡിപ്പിക്കലും കഴിഞ്ഞു ഇന്നലെ വൈകിട്ടാണ് കിംഗ്‌ ഖാന്‍ മുംബൈയില്‍ എത്തിയത്. പേരിലെ ഖാന്‍ ആണ് വില്ലനായത് എന്നാണു പുള്ളി പത്രക്കാരോട് പറഞ്ഞത്.

അമേരിക്കക്കാരന്റെ കമ്പ്യൂട്ടര്‍ ആളുകളുടെ പേര് നോക്കിയാണ് സുരക്ഷ പരിശോധന നടത്തുന്നതും ക്ലിയറന്‍സ് കൊടുക്കുന്നതും. ജോണി, ടോണി, മുരുകന്‍, കാര്‍ത്യായനി, പുളിമൂട്ടില്‍ ഔസേപ്പ്, കുഞ്ഞാലി, വീരപ്പന്‍, ‍ ബിന്‍ ലാദിന്‍ .. അങ്ങനെയുള്ള ഏത് പേര് വന്നാലും കമ്പ്യൂട്ടര്‍ ഇളിച്ചോണ്ടിരിക്കും. എന്ന് വെച്ചാല്‍ ഗ്രീന്‍ ചാനലിലൂടെ പോകാമെന്ന്. ഷാരൂഖ്‌ ഖാന്‍, ആമിര്‍ ഖാന്‍, സൈഫ്‌ അലി ഖാന്‍, ഫര്‍ദീന്‍ ഖാന്‍, ജിയ ഖാന്‍ , ഫിറോസ്‌ ഖാന്‍ ഇതില്‍ ഏത് ഖാന്‍ ആയാലും കമ്പ്യൂട്ടര്‍ ഏറു കൊണ്ട പട്ടിയെ പോലെ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും. (സല്‍മാന്‍ ഖാന്‍ ഒഴികെ. അയാള്‍ നായകനാണേലും വില്ലന്റെ കയ്യിലിരുപ്പാ.. അത് കൊണ്ട് ഗ്രീന്‍ ചാനല്‍. ) കമ്പ്യൂട്ടര്‍ കുരച്ചാല്‍ പിന്നെ ഒരടി മുന്നോട്ട് വെക്കാന്‍ സമ്മതിക്കില്ല. ബനിയന്‍, സോക്സ്‌, അണ്ടര്‍ വെയര്‍, എന്ന് വേണ്ട ഓവര്‍കോട്ട് വരെ അഴിപ്പിക്കും... പേരില്‍ ഖാന്‍ ഇല്ലെങ്കില്‍ അവന്റെ കയ്യില്‍ ആറ്റം ബോംബുണ്ടയാലും കുഴപ്പമില്ല. സെപ്ടംബര്‍ 11ന് ന്യൂയോര്‍ക്കില്‍ എത്തിയ സകലരെയും ഇതേ പോലെ പരിശോധിച്ചതാണ്. പക്ഷെ പേരില്‍ ഖാന്‍ ഇല്ലാത്തത് കൊണ്ട് വെറുതെ വിട്ടു.

ഖാന്‍ പോലെ അപകടകാരികളാണ് അബ്ദുല്‍ എന്ന് തുടങ്ങുന്ന പേരുകളും. അവന്റെ കയ്യിലും ബോംബ് കാണും. നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം കുടുങ്ങിയത് ഇതുപോലൊരു കമ്പ്യൂട്ടറിന്റെ മുന്നിലാണ്‌. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തത് നന്നായി. അങ്ങേരെങ്ങാനും അമേരിക്കയില്‍ എത്തിയിരുന്നെങ്കില്‍ സായിപ്പിന്റെ സകല കമ്പ്യൂട്ടറും ഒറ്റയടിക്ക് ഷട്ട് ഡൌണ്‍ ആയേനെ. അമേരിക്കക്കാര്‍ ഒന്നടങ്കം പൊട്ടന്‍മാരാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ഈ കമ്പ്യൂട്ടറൊക്കെ ഇങ്ങനെ ശരിയാക്കി വെക്കാന്‍ ചില്ലറ സാമര്‍ത്ഥ്യം പോരല്ലോ.. അമ്പമ്പോ.. എന്തൊരു കിഡ്നി.

ഇനി മര്യാദക്ക് ജീവിച്ചു പോകണമെങ്കില്‍ ഷാരൂഖ്‌ ഖാന്‍ രണ്ടാലൊന്ന് തീരുമാനിക്കണം. മേലാല്‍ അമേരിക്കയില്‍ പോകാതിരിക്കുക, അല്ലേല്‍ പേര് മാറ്റുക. ഷാരൂഖ്‌ ഷെട്ടി, ഷാരൂഖ്‌ കപൂര്‍, ഷാരൂഖ്‌ കപാഡിയ, ഷാരൂഖ്‌ ദേവഗണ്‍, ഷാരൂഖ്‌ കെ നായര്‍,
ഷാരൂഖ്‌ തോട്ടുങ്കല്‍ .. ഇതില്‍ ഏത് തിരഞ്ഞെടുത്താലും കുഴപ്പമില്ല. അങ്ങനെയാണ് എന്റെ ചിന്ത പോയത്. പക്ഷെ പുള്ളി നേരെ തല തിരിച്ചാണ് കാര്യങ്ങള്‍ കാണുന്നത്. പേര് മാറ്റുന്നില്ലെന്ന് മാത്രമല്ല , അതൊന്നു കൂടി സിമന്റിട്ട്‌ ഉറപ്പിക്കാന്‍ പോവുകയുമാണത്രേ. അടുത്ത പടത്തിന് പേരിട്ടു കഴിഞ്ഞു My name is Khan !!!.. ഷൂട്ടിംഗ് അങ്ങ് അമേരിക്കയിലും..!!! ഷാരൂഖാരാ മോന്‍ ?..